by Midhun HP News | Jul 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ നാലു ദിവസം കനത്ത മഴയ്ക്ക് സാധ്യത. മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്ന് ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നു. തെക്കു പടിഞ്ഞാറൻ ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദ്ദവും സ്ഥിതിചെയ്യുന്നു. അടുത്ത രണ്ടു മൂന്നു ദിവസങ്ങളിൽ ഝാർഖണ്ഡ് , ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാൻ സാധ്യത. തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ ന്യൂന മർദ്ദ പാത്തിയും സ്ഥിതിചെയ്യുന്നു . ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നത്.
ഈ മാസം 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്. സംസ്ഥാനത്ത് നാളെ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ കർണാടക തീരത്ത് 11 വരെ മീൻപിടിത്തം വിലക്കിയിട്ടുണ്ട്.
കള്ളക്കടൽ ജാഗ്രത നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിൽ (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ഇന്ന് രാത്രി 11.30 വരെ 1.4 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.
by Midhun HP News | Jul 8, 2025 | Latest News, കേരളം
ആലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പില്‍ ആനി (55) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മകന്‍ ജോണ്‍സണ്‍ ജോയി ക്രൂരമായി അമ്മയെ മര്‍ദ്ദിക്കുകയായിരുന്നു. പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മര്‍ദ്ദനമേറ്റിരുന്നു.
കഴിഞ്ഞ ഞായറാഴ്ചായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ജോണ്‍സണ്‍ മാതാപിതാക്കളെ ക്രുരമായി മര്‍ദിച്ചു. ഇന്ന് രാവിലെയാണ് ചികിത്സയിലിരിക്കെ ആനി മരിച്ചത്. പിതാവിന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത ജോണ്‍സണ്‍ റിമാന്‍ഡിലാണ്.
പരിക്കേറ്റ ഇരുവരും സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് ആനിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജോണ്‍സണ്‍ മദ്യപിച്ചെത്തി സ്ഥിരം വഴക്കുണ്ടാക്കുന്ന ആളാണന്ന് സമീപവാസികള്‍ പറഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
by Midhun HP News | Jul 8, 2025 | Latest News, കേരളം
പത്തനംതിട്ട: കോന്നി പാറമട അപകടത്തില്‍ കാണാതായ തൊഴിലാളിക്കായി തിരച്ചില്‍ ഇന്നും തുടരും. അജയ് കുമാര്‍ റായ് (38) എന്ന ബിഹാര്‍ സ്വദേശിയെയാണ് കാണാതായത്. അപകടത്തില്‍ മരിച്ച മഹാദേവ് പ്രധാന്‍ (51) എന്ന ഒഡീഷ സ്വദേശിയുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു.
പാറമട വീണ്ടും ഇടിയുന്നത് വെല്ലുവിളി ആയതോടെയാണ് ഇന്നലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. തിരച്ചിലിനായി എന്‍ഡിആര്‍എഫ് സംഘവുമെത്തും. പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ രണ്ട് പേരാണ് ഹിറ്റാച്ചിക്കുള്ളില്‍ കുടുങ്ങിയത്. വഴിവെട്ടുന്നതിനിടെ പാറയിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളില്‍ പതിക്കുകയായിരുന്നു.
പാറമട അപകടം അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ അന്വേഷിക്കുമെന്ന് തൊഴില്‍ വകുപ്പ് അറിയിച്ചു. ക്വാറിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് നേരത്തെയും പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും അന്വേഷിക്കും. മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് ധനസഹായം നല്‍കും. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും തൊഴില്‍ വകുപ്പ് അറിയിച്ചിട്ടുണ്ട്.
by Midhun HP News | Jul 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തൊട്ടടുത്ത ദിവസങ്ങളില്‍ ബസ് സമരവും ദേശീയ പണിമുടക്കും വന്നതോടെ ഇന്നും നാളെയും കേരളത്തില്‍ ജനജീവിതം സ്തംഭിക്കും. ഇന്ന് (ചൊവ്വാഴ്ച) സ്വകാര്യ ബസ് പണിമുടക്കാണ്. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് കൂട്ടുന്നത് ഉള്‍പ്പെടെ ആറ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് പണിമുടക്ക്. സമരം ഒഴിവാക്കാന്‍ ഗതാഗത കമ്മീഷണര്‍ ബസുടമകളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. സംയുക്ത ട്രേഡ് യൂണിയന്റെ ദേശീയ പണിമുടക്ക് ബുധനാഴ്ചയാണ്. ബസുകള്‍ക്ക് പുറമെ ടാക്സികളും നാളെ ഓടില്ല.
വിദ്യാര്‍ഥികളുടെ യാത്ര നിരക്ക് കൂട്ടുക, അമിത പിഴ ഒഴിവാക്കുക തുടങ്ങി ആറ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ സുകളുടെ പണിമുടക്ക്. ഇത് പൂര്‍ണമായും അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നായിരുന്നു പാലക്കാട് ഗതാഗത കമ്മീഷണര്‍ നടത്തിയ ചര്‍ച്ചയില്‍ ബസുടമകള്‍ വ്യക്തമാക്കിയത്. പ്രൈവറ്റ് ബസുകളെ ഏറെയും ആശ്രയിക്കുന്ന മലബാര്‍ മേഖലയെ ആയിരിക്കും ബസ് സമരം രൂക്ഷമായി ബാധിക്കുക. കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലും മലയോരമേഖലകളിലും യാത്രാ ക്ലേശം സൃഷ്ടിക്കും.
ബുധനാഴ്ച നടക്കുന്ന സംയുക്ത ട്രേഡ് യൂണിയന്റെ ദേശീയ പണിമുടക്കിലും കെഎസ്ആര്‍ടിസി ബസുകളും പ്രൈവറ്റ് ബസുകളും ഓടില്ല. ടാക്സി സര്‍വീസുകളും നിലയ്ക്കാനാണ് സാധ്യത. ബാങ്കിങ്, ഇന്‍ഷുറന്‍സ് അടക്കം പൊതുമേഖല സ്ഥാപനങ്ങളെയും നാളത്തെ പണിമുടക്ക് ബാധിക്കും. അവധി പ്രഖ്യാപിക്കില്ലെങ്കിലും ഗതാഗതസൗകര്യം ഇല്ലാത്തതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാകും.
by Midhun HP News | Jul 7, 2025 | Latest News, ദേശീയ വാർത്ത
ബംഗളൂരു: ചിട്ടിക്കമ്പനിയുടെ പേരില്‍ നിക്ഷേപം സ്വീകരിച്ച് മുങ്ങിയെന്ന പരാതിയില്‍ ബംഗളൂരുവില്‍ ആലപ്പുഴ സ്വദേശികളായ ദമ്പതികള്‍ക്ക് എതിരെ കേസ്. രാമമൂര്‍ത്തിനഗര്‍ പ്രവര്‍ത്തിക്കുന്ന എ ആന്‍ഡ് എ ചിറ്റ് ഫണ്ട്‌സ് ഉടമ ടോമി എ വര്‍ഗീസ്, ഭാര്യ ഷൈനി ടോമി എന്നിവര്‍ക്ക് എതിരെയാണ് പരാതി. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് പണവും ലാഭവിഹിതവും നല്‍കിയില്ലെന്നാണ് പരാതി.
മുന്നൂറോളം നിക്ഷേപകരില്‍ നിന്നായി 40 കോടിയോളം രൂപയാണ് ചിട്ടിക്കമ്പനിയുടെ പേരില്‍ പിരിച്ചെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. 70 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയുമായി പി ടി സാവിയോ എന്നയാൾ പൊലീസിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. പിന്നാലെ 265 പേരും പരാതിയുമായെത്തി. തട്ടിപ്പിന് ഇരയായവരില്‍ ഒന്നരക്കോടി രൂപ വരെ നിക്ഷേപം നടത്തിയവരുണ്ടെന്നാണ് വിവരം.
25 വര്‍ഷമായി രാമമൂര്‍ത്തിനഗറില്‍ താമസിച്ചു വന്നിരുന്ന ടോമിയും കുടുംബവും അടുത്തിടെ ഇവിടം വിട്ടിരുന്നു. ബന്ധുവിനു സുഖമില്ലാത്തതിനാല്‍ നാട്ടിലേക്ക് പോകുന്നു എന്നറിയിച്ച് ബംഗളൂരുവിട്ട ഇവരെ കുറിച്ച് പിന്നീട് വിവരമില്ലാതിരുന്നതോടെയാണ് നിക്ഷേപകര്‍ പൊലീസിനെ സമീപിച്ചത്. ഫോണില്‍ ഉള്‍പ്പെടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് നിക്ഷേപകരുടെ ആക്ഷേപം. ഓഫീസിലുള്ള ജീവനക്കാര്‍ക്കും ഉടമകള്‍ എവിടെ എന്നതിനെ കുറിച്ചുള്ള സൂചനകളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
5 ലക്ഷം വരെയുള്ള ചിട്ടിയായിരുന്നു നേരത്തെ എ ആന്‍ഡ് എ ചിറ്റ് ഫണ്ട്‌സ് നടത്തിയിരുന്നത്. പതിയെ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്തു സ്ഥിര നിക്ഷേപം സ്വീകരിച്ചു തുടങ്ങുകയായിരുന്നു.
Recent Comments