by Midhun HP News | Jul 16, 2026 | Latest News, ദേശീയ വാർത്ത
കണ്ണൂർ: ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂർ നഗരത്തിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാർ നടത്തിവന്ന അനിശ്ചിതകാല സമരം സമ്പൂർണ്ണ വിജയത്തിൽ. ഒടുവിൽ കടുത്ത നിലപാടുകളിൽ നിന്ന് പിന്മാറി ആറാമത്തെ ആശുപത്രിയായ കണ്ണൂർ കൊയിലി ആശുപത്രി മാനേജ്മെന്റും ഒത്തുതീർപ്പ് കരാർ പത്രികയിൽ ഒപ്പിട്ടു. ഇതോടെ കഴിഞ്ഞ രണ്ട് മാസമായി ജില്ലയിലെ സ്വകാര്യ ആരോഗ്യ മേഖലയെ നിശ്ചലമാക്കി നഴ്‌സുമാർ നടത്തിവന്ന ഐതിഹാസിക സമരം ഔദ്യോഗികമായി അവസാനിപ്പിച്ചു. സമരം നടന്ന മറ്റ് അഞ്ച് പ്രമുഖ സ്വകാര്യ ആശുപത്രികൾ കഴിഞ്ഞ ദിവസം തന്നെ ജില്ലാ കളക്ടറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ കരാർ ഒപ്പിട്ടിരുന്നെങ്കിലും കൊയിലി മാനേജ്മെന്റ് മാത്രം വിട്ടുനിന്നത് വലിയ ജനരോഷത്തിന് കാരണമായിരുന്നു.
ഐഎൻഎയുടെ നേതൃത്വത്തിൽ പോരാട്ടം; രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ
ഇന്ത്യൻ നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് നഴ്‌സുമാർ തങ്ങളുടെ അവകാശങ്ങൾക്കായി തെരുവിൽ രാപ്പകൽ സമരം നയിച്ചത്. കഴിഞ്ഞ ദിവസം മറ്റ് അഞ്ച് ആശുപത്രികളിലെ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടും കൊയിലി ആശുപത്രിയിൽ മാത്രം സമരം തുടരേണ്ടി വന്നത് നഴ്‌സുമാരെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇന്ന് ഉച്ചയോടെ മെഡിക്കൽ സൂപ്രണ്ടിനെ മണിക്കൂറുകളോളം ഉപരോധിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു.
കൊയിലി മാനേജ്മെന്റ് ഒത്തുതീർപ്പിന് തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ടോടെ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ ആശുപത്രിയിലേക്ക് വൻ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെ കടുത്ത സമ്മർദ്ദത്തിലായ മാനേജ്മെന്റ് ഒടുവിൽ നഴ്‌സുമാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് കരാറിൽ ഒപ്പുവെക്കാൻ നിർബന്ധിതരാവുകയായിരുന്നു.
വേതന വർദ്ധനവ് നടപ്പിലാകും; നഴ്‌സുമാർക്ക് ആഹ്ളാദം
കരാർ ഒപ്പിട്ടതോടെ ധനലക്ഷ്മി, സ്പെഷ്യാലിറ്റി, കിംസ്റ്റ്, ഫാത്തിമ, ആശിർവാദ് എന്നീ ആശുപത്രികൾക്ക് പിന്നാലെ കൊയിലി ആശുപത്രിയിലെ നഴ്‌സുമാർക്കും പുതുക്കിയ ശമ്പള വർദ്ധനവിന് നിയമപരമായ അർഹതയുണ്ടാകും. രണ്ട് മാസത്തെ കഠിനമായ പോരാട്ടത്തിനൊടുവിൽ തങ്ങളുടെ ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കപ്പെട്ടതിൽ ആഹ്ളാദം പ്രകടിപ്പിച്ച് നഴ്‌സുമാരും ഐ.എൻ.എ ഭാരവാഹികളും സമരപ്പന്തലിൽ വിജയാഹ്ലാദം പ്രകടിപ്പിച്ചു. വരും ദിവസങ്ങളിൽ നഴ്‌സുമാർ ജോലിയിൽ തിരികെ പ്രവേശിക്കുമെന്നും ആശുപത്രികളുടെ പ്രവർത്തനം സാധാരണ നിലയിലാകുമെന്നും സംഘടന അറിയിച്ചു.

by Midhun HP News | Jul 16, 2026 | Latest News, കേരളം
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ എംഎല്‍എയുമായ കെ എസ് ശബരീനാഥനും തട്ടിപ്പ് ഫോണ്‍ സന്ദേശം ലഭിച്ചു. കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫീസില്‍ നിന്നെന്നു പറഞ്ഞായിരുന്നു കോള്‍ എത്തിയത്. ഹോട്ടലില്‍ മുറിയെടുക്കാന്‍ സാമ്പത്തിക സഹായം ചോദിച്ചായിരുന്നു കോള്‍ വന്നതെന്ന് ശബരീനാഥന്‍ വെളിപ്പെടുത്തി.

രാത്രി ലോകകപ്പ് ഫുട്ബോൾ മത്സരം കാണുന്നതിനിടെയാണ് വാട്‌സ് ആപ്പ് കോള്‍ വന്നത്. നിരന്തരം കോള്‍ വന്നതോടെയാണ് എടുത്തത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കുടുംബം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ടെന്നും, ഉദയസമുദ്ര ഹോട്ടലില്‍ മൂന്നോ നാലോ റൂം ബുക്ക് ചെയ്തു. അതില്‍ രണ്ടു റൂമേ ആയിട്ടുള്ളൂ. രണ്ടു റൂമിന് ഇപ്പോള്‍ പണം നല്‍കിയാലേ ലഭിക്കൂ എന്നും ഫോണ്‍കോളില്‍ പറഞ്ഞു.
നമ്പര്‍ നോക്കിയപ്പോള്‍ മല്ലികാര്‍ജുന്‍ സര്‍ പിഎ എന്നാണ് എഴുതിയിട്ടുള്ളത്. അതു തട്ടിപ്പാണെന്ന് മനസ്സിലായി. ഉദയസമുദ്ര ഹോട്ടലില്‍ വിളിച്ചു ചോദിച്ചപ്പോള്‍ അങ്ങനെയൊരു സംഭവം ഇല്ലെന്ന് പറഞ്ഞു. ബുക്ക് ചെയ്തത് കെസി വേണഉഗോപാല്‍ എംപിയുടെ ഓഫീസില്‍ നിന്നാണ്, എഐസിസിയുടെ ഓഫീസില്‍ നിന്നാണ് എന്നാണ് അവര്‍ പറഞ്ഞത്. തുടര്‍ന്ന് കെസി വേണുഗോപാലിന്റെ ഓഫീസിനെയും വിളിച്ചു ചോദിച്ചിരുന്നു.

by Midhun HP News | Jul 16, 2026 | Latest News, ജില്ലാ വാർത്ത, സിനിമ
സിനിമയ്ക്കപ്പുറമുള്ള സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ധ്യാൻ ശ്രീനിവാസനും അജു വർഗീസും. ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങളെല്ലാം എല്ലാവരും ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ ധ്യാനിനെക്കുറിച്ച് ഒരു വേദിയിൽ അജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. “ശ്രീനിവാസൻ സാറിന്റെ ഏറ്റവും മികച്ച തിരക്കഥ അത് ധ്യാൻ ശ്രീനിവാസൻ മാത്രമാണ്. അതിലൊന്നും എനിക്കിപ്പോൾ പറയാനില്ല.

അദ്ദേഹത്തിന്റെ അതേ നർമങ്ങളും ആക്ഷേപ ഹാസ്യവും ഒക്കെയായി ധ്യാൻ ആ പാരമ്പര്യം തുടരുന്നത് കാണുമ്പോൾ ഒരു സുഹൃത്ത് എന്ന നിലയിൽ എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ. ധ്യാനിന്റെ എനിക്കേറ്റവും ഇഷ്ടമുള്ള ഒരു കാര്യം, അദ്ദേഹമാണ് യഥാർഥ സോഷ്യലിസ്റ്റ്. സോഷ്യലിസ്റ്റ് മനോഭാവം ജീവിതത്തിൽ കൊണ്ടു നടക്കുന്ന ഞാൻ കണ്ടിട്ടുള്ള ഒരേ ഒരാൾ ധ്യാൻ ശ്രീനിവാസനാണ്.
അത് ഇനിയും തുടരാൻ അദ്ദേഹത്തിന് സാധിക്കട്ടെ. അമ്മ എന്ന സംഘടനയിലെ വിശേഷങ്ങൾ പറഞ്ഞതു കൊണ്ട് പറയുകയാണ്. എന്റെ അഭിപ്രായത്തിൽ ധ്യാൻ പറഞ്ഞ കാരണങ്ങൾ കൊണ്ട് തന്നെയാണ് അദ്ദേഹം അമ്മയുടെ തലപ്പത്ത് വന്നാൽ നന്നാകുമെന്ന് ഞങ്ങൾക്കൊക്കെ തോന്നിയത്. വേറൊന്നും കൊണ്ടല്ല, അതിൽ നടക്കുന്നതൊക്കെ വിളിച്ചു പറയും.
അപ്പോൾ നിങ്ങൾക്ക് വേറെ സാധ്യതകളൊന്നും വേണ്ട കാര്യങ്ങളറിയാൻ. അതുകൊണ്ടാണ് ഞാൻ പറഞ്ഞത്. പിന്നെ അത് നോക്കാൻ പുള്ളിക്ക് വലിയ താല്പര്യമൊന്നുമുണ്ടാകില്ല. അപ്പോൾ കൃത്യമായിട്ട് ഇടവേള ചേട്ടനെയൊക്കെ ഏല്പിച്ച് നമ്മൾ കാര്യങ്ങൾ നടത്തും. വീട്ടിലിരുന്ന് സംസാരിക്കുമ്പോൾ നമ്മളാണല്ലോ എല്ലാം.
അങ്ങനെ പറയുന്ന തമാശകളൊക്കെയാണ്. പിന്നെ ഒരു കാര്യം എനിക്ക് മനസിലായി, ഇനി തമിഴ്നാട്ടിലോട്ട് കേറാൻ പറ്റൂല. അതുകൊണ്ട് എന്റെ പൊന്ന് സിഎം വിജയ് സാർ, എൻ നൻപന്ക്ക് പൈത്ത്യം. അതുകൊണ്ട് എനിക്കൊന്നും ചെയ്യാൻ പറ്റില്ല. നിങ്ങളെന്നോട് ക്ഷമിക്കണം. നന്ദി”. – അജു വർഗീസ് പറഞ്ഞു. അജുവിന്റെ വാക്കുകൾ വേദിയിൽ വലിയ പൊട്ടിച്ചിരിക്കാണ് വഴിയൊരുക്കിയത്.

by Midhun HP News | Jul 16, 2026 | Latest News, കേരളം
തൃശ്ശൂര്‍: പാലിയേക്കര മേല്‍പ്പാലത്തിനടിയില്‍ എഴുപതുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. തലവണിക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന പണ്ടാരപ്പറമ്പില്‍ ചന്ദ്രനെ (70) കൊലപ്പെടുത്തിയ കേസില്‍ തമിഴ്നാട് ധര്‍മ്മപുരി സ്വദേശിയായ പ്രഭാകരനെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 14ന് രാവിലെയാണ് മേല്‍പ്പാലത്തിന്റെ തൂണില്‍ ചാരിയിരിക്കുന്ന നിലയില്‍ ചന്ദ്രന്റെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

വര്‍ഷങ്ങളായി കുടുംബവുമായി അകന്നു കഴിയുന്ന ചന്ദ്രന്‍ പാലിയേക്കര മേല്‍പ്പാലത്തിനടിയിലായിരുന്നു അന്തിയുറങ്ങിയിരുന്നത്. ആക്രി പെറുക്കി വിറ്റാണ് ഇയാള്‍ ജീവിതച്ചെലവിനുള്ള പണം കണ്ടെത്തിയിരുന്നത്. ഇതേ മേഖലയില്‍ ആക്രി കച്ചവടം നടത്തുന്ന പ്രതി പ്രഭാകരന്‍ കഴിഞ്ഞ ഒരാഴ്ചയായി ചന്ദ്രനൊപ്പമായിരുന്നു രാത്രി കഴിഞ്ഞിരുന്നത്. സംഭവദിവസം ആക്രി വിറ്റു കിട്ടിയ പണവുമായി ഇരുവരും പാലിയേക്കരയിലെ കള്ളുഷാപ്പിലെത്തി മദ്യപിക്കുകയും, തുടര്‍ന്ന് ബിവറേജസില്‍ നിന്ന് വീണ്ടും മദ്യം വാങ്ങി മേല്‍പ്പാലത്തിനടിയിലിരുന്ന് കുടിക്കുകയും ചെയ്തു.
മദ്യപാനത്തിനിടയില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും, ഇതിനിടെ ചന്ദ്രന്‍ പ്രഭാകരന്റെ അമ്മയെ അസഭ്യം പറയുകയും ചെയ്തു. ഇതിലുണ്ടായ കടുത്ത വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചന്ദ്രനെ കരിങ്കല്ലും കോണ്‍ക്രീറ്റ് കഷണങ്ങളും ഉപയോഗിച്ച് തലയ്ക്ക് എറിഞ്ഞും അടിച്ചും പ്രഭാകരന്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം കുട്ടനെല്ലൂര്‍ ഭാഗത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. തമിഴ്നാട്ടിലെ ധര്‍മ്മപുരിയില്‍ ഒരാളെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും, മറ്റൊരാളെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലും പ്രതിയാണ് പ്രഭാകരനെന്ന് പൊലീസ് വ്യക്തമാക്കി.

by Midhun HP News | Jul 16, 2026 | Latest News, കേരളം
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷ തിങ്കളാഴ്ച. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. കേസ് പരിഗണിച്ച കോടതി ശിക്ഷാവിധി 20 ലേക്ക് മാറ്റുകയായിരുന്നു. ജില്ലാ നിയമസഹായവേദി ഇന്ന് കോടതിയില്‍ മിറ്റിഗേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ശിക്ഷയില്‍ കോടതി ഇന്ന് വാദം കേട്ടു.

മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന പ്രതി ചെന്താമരയ്ക്ക് വധശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ വിധി പറയുന്പോള്‍ മിറ്റിഗേഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ചെന്താമരയുടെ വാദം അതേപടി പകര്‍ത്തിയ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ല. പ്രതിക്ക് അനുകൂലമായി റിപ്പോര്‍ട്ടില്‍ തെളിവ് ഇല്ലാത്ത പരാമര്‍ശങ്ങള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.
മലമ്പുഴ ജയിലില്‍ കഴിയുന്ന പ്രതി ചെന്താമരയെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹാജരാക്കിയത്. കഴിഞ്ഞദിവസം കോടതി പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി ഒന്നര വര്‍ഷമാകുമ്പോഴാണ് വിധി വരുന്നത്. 2025 ജനുവരി 27 നാണ് ചെന്താമര സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്.
2002 ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമസഹായവേദി കേസില്‍ ഇടപെടുകയും, ചെന്താമരയെ കഴിഞ്ഞ രണ്ടു ദിവസം കൗണ്‍സിലിങ്ങിന് വിധേയമാക്കുകയും ചെയ്തിരുന്നു. കൗണ്‍സിലിങ്ങിനോട് എങ്ങനെ പെരുമാറി, ഇയാളുടെ ശരീര ഭാഷ, മാനസിക നില തുടങ്ങിയ കാര്യങ്ങള്‍ നിയമസഹായ വേദി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലുണ്ടാകും. അതേസമയം പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം.
മാനസിക പ്രശ്‌നമുണ്ടെന്ന പ്രതി ഭാഗത്തിന്റെ വാദം പ്രോസിക്യൂഷന്‍ നിരാകരിച്ചു. പ്രതിക്ക് മാനസിക പ്രശ്നമില്ലെന്ന ജില്ല സൈക്കോളജിസ്റ്റ് റിപ്പോര്‍ട്ട് ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന്, തന്നെ തൂക്കി കൊല്ലാന്‍ വിധിച്ചോളൂ എന്നായിരുന്നു ചെന്താമയുടെ മറുപടി. അതേ സമയം മാനസാന്തരപ്പെടാന്‍ അവസരം നല്‍കണമെന്നാണ് പ്രതിഭാഗം വാദിച്ചത്.
ആറു വര്‍ഷം മുമ്പ് സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ചെന്താമര ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടത്തിയത്. ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Recent Comments