by Midhun HP News | Jul 16, 2026 | Latest News, കേരളം
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷ തിങ്കളാഴ്ച. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. കേസ് പരിഗണിച്ച കോടതി ശിക്ഷാവിധി 20 ലേക്ക് മാറ്റുകയായിരുന്നു. ജില്ലാ നിയമസഹായവേദി ഇന്ന് കോടതിയില്‍ മിറ്റിഗേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ശിക്ഷയില്‍ കോടതി ഇന്ന് വാദം കേട്ടു.

മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന പ്രതി ചെന്താമരയ്ക്ക് വധശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ വിധി പറയുന്പോള്‍ മിറ്റിഗേഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ചെന്താമരയുടെ വാദം അതേപടി പകര്‍ത്തിയ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ല. പ്രതിക്ക് അനുകൂലമായി റിപ്പോര്‍ട്ടില്‍ തെളിവ് ഇല്ലാത്ത പരാമര്‍ശങ്ങള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.
മലമ്പുഴ ജയിലില്‍ കഴിയുന്ന പ്രതി ചെന്താമരയെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹാജരാക്കിയത്. കഴിഞ്ഞദിവസം കോടതി പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി ഒന്നര വര്‍ഷമാകുമ്പോഴാണ് വിധി വരുന്നത്. 2025 ജനുവരി 27 നാണ് ചെന്താമര സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്.
2002 ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമസഹായവേദി കേസില്‍ ഇടപെടുകയും, ചെന്താമരയെ കഴിഞ്ഞ രണ്ടു ദിവസം കൗണ്‍സിലിങ്ങിന് വിധേയമാക്കുകയും ചെയ്തിരുന്നു. കൗണ്‍സിലിങ്ങിനോട് എങ്ങനെ പെരുമാറി, ഇയാളുടെ ശരീര ഭാഷ, മാനസിക നില തുടങ്ങിയ കാര്യങ്ങള്‍ നിയമസഹായ വേദി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലുണ്ടാകും. അതേസമയം പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം.
മാനസിക പ്രശ്‌നമുണ്ടെന്ന പ്രതി ഭാഗത്തിന്റെ വാദം പ്രോസിക്യൂഷന്‍ നിരാകരിച്ചു. പ്രതിക്ക് മാനസിക പ്രശ്നമില്ലെന്ന ജില്ല സൈക്കോളജിസ്റ്റ് റിപ്പോര്‍ട്ട് ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന്, തന്നെ തൂക്കി കൊല്ലാന്‍ വിധിച്ചോളൂ എന്നായിരുന്നു ചെന്താമയുടെ മറുപടി. അതേ സമയം മാനസാന്തരപ്പെടാന്‍ അവസരം നല്‍കണമെന്നാണ് പ്രതിഭാഗം വാദിച്ചത്.
ആറു വര്‍ഷം മുമ്പ് സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ചെന്താമര ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടത്തിയത്. ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

by Midhun HP News | Jul 16, 2026 | Latest News, കേരളം
ഇടുക്കി: പശ്ചിമഘട്ട മലനിരകൾ ഒരിയ്ക്കൽ കൂടി അപൂർവ്വമായ നീല വസന്തത്തിന് ഒരുങ്ങുന്നു. പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂവിടുന്ന ‘സ്ട്രോബിലാന്തസ് കുന്തിയാന’ ഇനത്തിൽപെട്ട നീലക്കുറിഞ്ഞിപ്പൂക്കളാണ് വരും മാസങ്ങളിൽ മൂന്നാറിനെ നീലക്കടലാക്കി മാറ്റുക. വരുന്ന സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളോടെയാണ് മൂന്നാർ മലനിരകളിൽ കുറിഞ്ഞി വസന്തം പൂർണ്ണരൂപത്തിലാവുക. ഇത്തവണ ഇരവികുളം ദേശീയോദ്യാനത്തിന് പുറത്തുള്ള അഞ്ച് സ്വാഭാവിക പുൽമേടുകളിലാണ് പ്രധാനമായും കുറിഞ്ഞിപ്പൂക്കൾ വിരുന്നെത്തുന്നത്. ചൊക്രമുടി, മീശപ്പുലിമല, എടലിമേട്, സെവൻമല, ഗുണ്ടമല എന്നീ അഞ്ച് പ്രധാന കേന്ദ്രങ്ങളിൽ ഇതിനോടകം തന്നെ കുറിഞ്ഞിച്ചെടികൾ പലതും ചെറിയ രീതിയിൽ പൂവിട്ട് തുടങ്ങിയിട്ടുണ്ട്.

കയ്യേറ്റം ഒഴിഞ്ഞ ചൊക്രമുടിയിൽ പുണ്യനിമിഷം; മുതുവാൻ വിഭാഗത്തിനും ആഹ്ളാദം
ഈ കുറിഞ്ഞി സീസണിൽ ഏറ്റവും കൂടുതൽ ശ്രദ്ധാകേന്ദ്രമാകുന്നത് അതീവ പരിസ്ഥിതിലോല പ്രദേശമായ ചൊക്രമുടി മലനിരകളാണ്. മുൻ വർഷങ്ങളിൽ റിസോർട്ട് മാഫിയകൾ വ്യാപകമായി കൈയേറി തച്ചുടച്ച 13 ഏക്കറിലധികം ഭൂമിയുടെ പട്ടയം റദ്ദാക്കി സർക്കാർ അത് പൂർണ്ണമായി തിരിച്ചുപിടിച്ചിരുന്നു. മനുഷ്യന്റെ നിയമവിരുദ്ധമായ കടന്നുകയറ്റങ്ങൾ ഒഴിഞ്ഞതോടെ പ്രകൃതി അതിന്റെ സ്വാഭാവികത വീണ്ടെടുത്തതിന്റെ അടയാളമാണ് ചൊക്രമുടിയിൽ ഇപ്പോൾ ദൃശ്യമാകുന്ന കുറിഞ്ഞി ചെടികൾ. ചൊക്രമുടിക്ക് ചുറ്റും ജീവിക്കുന്ന മുതുവാൻ ആദിവാസി വിഭാഗത്തിന് തങ്ങളുടെ പവിത്രമായ മലനിരകൾ പഴയ പ്രതാപം വീണ്ടെടുക്കുന്നതിന്റെ ഒരു പുണ്യനിമിഷം കൂടിയാണിത്.

by Midhun HP News | Jul 16, 2026 | Latest News, ദേശീയ വാർത്ത
ബംഗളൂരു: ബംഗളൂരുവില്‍ നിയമവിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്തി. കൊടിഹള്ളി സ്വദേശിയായ നാലാവര്‍ഷ നിയമ വിദ്യാര്‍ത്ഥിനി അമൃതയാണ് കൊല്ലപ്പെട്ടത്. പ്രതിയുടെ സഹോദരന്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. സഹോദരനുമായുള്ള ബന്ധത്തില്‍ നിന്നും പെണ്‍കുട്ടി പിന്മാറിയതാണ് കൊലപാതകത്തിന് കാരണം.
കൊല്ലപ്പെട്ട അമൃതയും പ്രതിയുടെ സഹോദരനുമായുള്ള ബന്ധം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. ഇരുവരുടേയും വിവാഹവും വീട്ടുകാര്‍ ഉറപ്പിച്ചിരുന്നു. ഇതിനിടെ വ്യക്തിപരമായ കാരണങ്ങളാല്‍ അമൃത ബന്ധത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതിന്റെ പകയിലാണ് യുവതി നടന്നു പോകുന്നതിനിടെ, പ്രതിയായ സൂര്യ കത്തി കൊണ്ട് ആക്രമിച്ചത്.
ചൊവ്വാഴ്ച പകലാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ നാട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും, പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ചികിത്സയിലിരിക്കെ യുവതി ഇന്ന് മരണപ്പെടുകയായിരുന്നു.

by Midhun HP News | Jul 16, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഞായറാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ ഒരു ജില്ലകളിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ബംഗ്ലാദേശിനും മുകളിലായി നിലനിന്നിരുന്ന ചക്രവാത ചുഴി വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍, വടക്കന്‍ ഒഡീഷ – പശ്ചിമ ബംഗാള്‍ തീരങ്ങള്‍ക്ക് മുകളിലായി ഒരു ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു . അടുത്ത 2 ദിവസത്തിനുള്ളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാനും, വടക്കന്‍ ഒഡീഷയ്ക്കും പശ്ചിമ ബംഗാളിലെ ഗംഗാ സമതലങ്ങള്‍ക്കും കുറുകെ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.
ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഈ മാസം 19 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ 4 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാന്‍ സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന വടക്കന്‍ അറബിക്കടല്‍, മധ്യ കിഴക്കന്‍ – തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, സോമാലിയ, ഒമാന്‍ തീരങ്ങള്‍, തെക്കന്‍ ശ്രീലങ്കന്‍ തീരം അതിനോട് ചേര്‍ന്ന തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത.

by Midhun HP News | Jul 16, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവാണ് കേരളത്തിലെ ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 25 രൂപ കുറഞ്ഞ് 13.135 രൂപയ്ക്കാണ് വ്യാഴാഴ്ച വില്‍പ്പന പുരോഗമിക്കുന്നത്. പവന് 200 രൂപ താഴ്ന്ന് 1,05,080 രൂപയിലെത്തി. ഈമാസമാദ്യം 1,03,240 രൂപയായിരുന്നു പവന്‍ വില. ഇത് 1,07,800 രൂപ വരെ ഉയര്‍ന്നെങ്കിലും അന്താരാഷ്ട്ര വിപണിയിലെ ഇടിവ് സംസ്ഥാനത്തെ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10,790 രൂപയും പവന് 86,320 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയത്. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 8,410 രൂപയും പവന് 67,280 രൂപയുമാണ് നിരക്ക്. ഒന്‍പത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,425 രൂപയും പവന് 43,400 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്കും ഡയമണ്ട് ആഭരണങ്ങള്‍ക്കും പ്രധാനമായും 18 കാരറ്റ് സ്വര്‍ണമാണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ ഈ വിഭാഗത്തിലും ആവശ്യക്കാര്‍ വര്‍ധിച്ചേക്കാം.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 12 ഡോളര്‍ കുറഞ്ഞ് 4035 ഡോളറിലേക്ക് എത്തിയതാണ് കേരളത്തിലും വില താഴാന്‍ പ്രധാന കാരണമായത്. ജൂലൈ മാസത്തിന്റെ തുടക്കം മുതല്‍ തന്നെ സ്വര്‍ണവിലയില്‍ വലിയ ഏറ്റക്കുറച്ചിലുകളാണ് പ്രകടമായത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് സംബന്ധിച്ച തീരുമാനങ്ങള്‍, യുഎസ് ഡോളറിന്റെ അന്താരാഷ്ട്ര വിപണിയിലെ കരുത്ത്, ക്രൂഡോയില്‍ വിലയിലുണ്ടായ മാറ്റങ്ങള്‍ എന്നിവയാണ് ആഗോളതലത്തില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
തുടര്‍ച്ചയായ ദിവസങ്ങളില്‍ വില മാറിയ ശേഷമുണ്ടായ ഈ ഇടിവ് വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്ന സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. എന്നാല്‍ നിക്ഷേപകര്‍ക്ക് ആശങ്കയാകുന്ന വാര്‍ത്തയാണിത്. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്.

Recent Comments