ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഞായറാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ ഒരു ജില്ലകളിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ബംഗ്ലാദേശിനും മുകളിലായി നിലനിന്നിരുന്ന ചക്രവാത ചുഴി വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍, വടക്കന്‍ ഒഡീഷ – പശ്ചിമ ബംഗാള്‍ തീരങ്ങള്‍ക്ക് മുകളിലായി ഒരു ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു . അടുത്ത 2 ദിവസത്തിനുള്ളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാനും, വടക്കന്‍ ഒഡീഷയ്ക്കും പശ്ചിമ ബംഗാളിലെ ഗംഗാ സമതലങ്ങള്‍ക്കും കുറുകെ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.

ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഈ മാസം 19 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ 4 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാന്‍ സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന വടക്കന്‍ അറബിക്കടല്‍, മധ്യ കിഴക്കന്‍ – തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, സോമാലിയ, ഒമാന്‍ തീരങ്ങള്‍, തെക്കന്‍ ശ്രീലങ്കന്‍ തീരം അതിനോട് ചേര്‍ന്ന തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത.

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 200 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 200 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവാണ് കേരളത്തിലെ ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 25 രൂപ കുറഞ്ഞ് 13.135 രൂപയ്ക്കാണ് വ്യാഴാഴ്ച വില്‍പ്പന പുരോഗമിക്കുന്നത്. പവന് 200 രൂപ താഴ്ന്ന് 1,05,080 രൂപയിലെത്തി. ഈമാസമാദ്യം 1,03,240 രൂപയായിരുന്നു പവന്‍ വില. ഇത് 1,07,800 രൂപ വരെ ഉയര്‍ന്നെങ്കിലും അന്താരാഷ്ട്ര വിപണിയിലെ ഇടിവ് സംസ്ഥാനത്തെ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10,790 രൂപയും പവന് 86,320 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയത്. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 8,410 രൂപയും പവന് 67,280 രൂപയുമാണ് നിരക്ക്. ഒന്‍പത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,425 രൂപയും പവന് 43,400 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്കും ഡയമണ്ട് ആഭരണങ്ങള്‍ക്കും പ്രധാനമായും 18 കാരറ്റ് സ്വര്‍ണമാണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ ഈ വിഭാഗത്തിലും ആവശ്യക്കാര്‍ വര്‍ധിച്ചേക്കാം.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 12 ഡോളര്‍ കുറഞ്ഞ് 4035 ഡോളറിലേക്ക് എത്തിയതാണ് കേരളത്തിലും വില താഴാന്‍ പ്രധാന കാരണമായത്. ജൂലൈ മാസത്തിന്റെ തുടക്കം മുതല്‍ തന്നെ സ്വര്‍ണവിലയില്‍ വലിയ ഏറ്റക്കുറച്ചിലുകളാണ് പ്രകടമായത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് സംബന്ധിച്ച തീരുമാനങ്ങള്‍, യുഎസ് ഡോളറിന്റെ അന്താരാഷ്ട്ര വിപണിയിലെ കരുത്ത്, ക്രൂഡോയില്‍ വിലയിലുണ്ടായ മാറ്റങ്ങള്‍ എന്നിവയാണ് ആഗോളതലത്തില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

തുടര്‍ച്ചയായ ദിവസങ്ങളില്‍ വില മാറിയ ശേഷമുണ്ടായ ഈ ഇടിവ് വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്ന സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. എന്നാല്‍ നിക്ഷേപകര്‍ക്ക് ആശങ്കയാകുന്ന വാര്‍ത്തയാണിത്. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്.

തിരുവോണം ബംപർ ഇന്ന് പ്രകാശനം ചെയ്യും; ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക, ടിക്കറ്റ് വില 500 രൂപ

തിരുവോണം ബംപർ ഇന്ന് പ്രകാശനം ചെയ്യും; ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക, ടിക്കറ്റ് വില 500 രൂപ

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഈ വർഷത്തെ തിരുവോണം ബംപർ ടിക്കറ്റ് ഇന്ന് പ്രകാശനം ചെയ്യും. ടിക്കറ്റ് മുഖ്യമന്ത്രി വിഡി സതീശൻ പുറത്തിറക്കും. 25 കോടിയിൽ നിന്ന് 30 കോടിയായാണ് ഇത്തവണ ഒന്നാം സമ്മാനം സർക്കാർ ഉയർത്തിയിരിക്കുന്നത്.

രാജ്യത്ത് ഇത്രയും ഉയർന്ന തുക ലോട്ടറി സമ്മാനമായി നൽകുന്നത് കേരളത്തിലാണ്. തിരുവോണം ബംപറിന്റെ സമ്മാനഘടനയിലും വലിയ മാറ്റങ്ങളുണ്ട്. ഒന്നാം സമ്മാനത്തിന് പുറമെ, രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും ലഭിക്കുമെന്നതാണ് ഇത്തവണത്തെ മറ്റൊരു വലിയ പ്രത്യേകത. 500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില.

അടുത്ത തിങ്കളാഴ്ച മുതലാണ് ടിക്കറ്റ് വിൽപ്പന ഔദ്യോഗികമായി ആരംഭിക്കുന്നത്. സെപ്റ്റംബർ 26-നാണ് നറുക്കെടുപ്പ് നടക്കുക. അംഗീകൃത ഏജന്റുമാരിൽ നിന്നോ വിൽപ്പനക്കാരിൽ നിന്നോ നേരിട്ട് അച്ചടിച്ച ടിക്കറ്റുകൾ മാത്രമേ വാങ്ങാവൂ എന്ന് ലോട്ടറി വകുപ്പ് നിർദേശിച്ചു. വ്യാജ ഓൺലൈൻ ലോട്ടറികൾക്കെതിരെ കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

എം.ടി സ്‌മൃതി വനത്തിൽ കഥാകാരനെത്തേടി കഥാപാത്രങ്ങളെത്തി

എം.ടി സ്‌മൃതി വനത്തിൽ കഥാകാരനെത്തേടി കഥാപാത്രങ്ങളെത്തി

മലയാളികളുടെ പ്രിയകഥാകാരൻ എം ടി വാസുദേവൻ നായരുടെ ജന്മദിനത്തിൽ കിഴുവിലം, ജി.വി.ആർ. എം യു .പി .എസ് വിദ്യാർഥികൾ സ്‌കൂൾ മുറ്റത്തെ എം.ടി സ്മൃതിവനത്തിൽ കഥാപാത്രങ്ങളായി വേഷമിട്ടു. ഒരു വർഷത്തിനുമുൻപ്
സ്കൂൾ ഗ്രൗണ്ടിൽ നിർമ്മിച്ച പാർക്കിൽ എം.ടിയുടെ പ്രമുഖ കഥാപാത്രങ്ങളെ ഓർമ്മമരങ്ങളായി നട്ടുവളർത്തിയാണ്
എം.ടി സ്മൃതിവനം തയ്യാറാക്കിയത്. ഇവിടെയാണ് കുട്ടികൾ പ്രിയകഥാകാരൻ്റെ കഥാപാത്രങ്ങളായി വേഷമിട്ട് പ്രധാന സംഭാഷണങ്ങൾ അവതരിപ്പിച്ചത്.

ജന്മദിനാചരണത്തിൻ്റെ ഭാഗമായി നടന്ന ചടങ്ങ് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ്‌ ശ്യം കൃഷ്ണ അധ്യക്ഷനായ ചടങ്ങിൽ പ്രഥമധ്യാപിക ശ്രീജ സ്വാഗതം പറഞ്ഞു. മൂന്നാം വാർഡ് മെമ്പർ രഞ്ജിത്ത്, എസ്. ആർ. ജി കൺവീനർ രഞ്ജുഷ എന്നിവർ ആശംസ അർപ്പിച്ച ചടങ്ങിൽ വിദ്യാരംഗം കൺവീനർ ശ്രീശേഖർ നന്ദി രേഖപെടുത്തി.

എ. സുദർശനൻ (72) അന്തരിച്ചു

എ. സുദർശനൻ (72) അന്തരിച്ചു

ആറ്റിങ്ങൽ: പാർവ്വതീ പുരം ഗ്രാമം ദീപാ ഭവനിൽ (പി.ആർ.എ:3 എ) എ. സുദർശനൻ (72) (എ.എസ് ബേക്കറി, പാലസ് റോഡ്) അന്തരിച്ചു.

ഭാര്യ: എൻ സുജാത.
മക്കൾ: എസ് ദീപ, എസ് ദിവ്യ (ഐ.റ്റി, ബാംഗ്ലൂർ).

മരണാനന്തര ചടങ്ങുകൾ ജൂലൈ 31 വെള്ളിയാഴ്ച രാവിലെ 11.30ന്.