കിഴുവിലം കൃഷിഭവൻ ഉദ്ഘാടനം ജൂലൈ 8ന്

കിഴുവിലം കൃഷിഭവൻ ഉദ്ഘാടനം ജൂലൈ 8ന്

കിഴുവിലം ഗ്രാമപഞ്ചായത്ത്, കിഴുവിലം കൃഷിഭവനു വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂലൈ 8 ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിക്കും. വി. ശശി എംഎൽഎ അധ്യക്ഷനാകും. അഡ്വക്കേറ്റ് അടൂർ പ്രകാശ് എം പി മുഖ്യാതിഥിയാകും.

കർഷകസഭയുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് എ ശൈലജ ബീഗം നിർവഹിക്കും. കർഷക തൊഴിലാളികളെ ആദരിക്കൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി സിയും നിർവഹിക്കും.

കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത ആർ, കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീകണ്ഠൻ നായർ, കൃഷി ഓഫീസർ മേരി കെ അലക്സ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ്, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ. എസ്, ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ സുനിൽ റ്റി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിനീത എസ് തുടങ്ങി മറ്റു പ്രമുഖരും പങ്കെടുക്കും.

‘ആ തിരിച്ചുവരവ്, അതാണ് യഥാര്‍ഥ പോരാളിയുടെ ചങ്കുറപ്പ്; ഇല്ല, വിട്ടു പോകില്ല കേരളത്തിന്റെ കാവലാള്‍’

‘ആ തിരിച്ചുവരവ്, അതാണ് യഥാര്‍ഥ പോരാളിയുടെ ചങ്കുറപ്പ്; ഇല്ല, വിട്ടു പോകില്ല കേരളത്തിന്റെ കാവലാള്‍’

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയിലെ പുരോഗതിയില്‍ പ്രതീക്ഷ പങ്കുവച്ച് സന്തത സഹചാരിയും മുന്‍ പഴ്‌സണല്‍ അസിസ്റ്റന്റുമായ എ സുരേഷ്. എസ് യു ടി ആശുപത്രിയുടെ താഴെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും ഇല്ല, വിട്ടുപോകില്ല കേരളത്തിന്റെ കാവലാളെന്നും സുരേഷ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

‘ഇപ്പോഴത്തെ ആശുപത്രി വാസത്തിന്റെ തുടക്കവും ശ്വാസം നിലച്ച വിഎസ് തിരിച്ചു വന്നതിന്റെ അസാധ്യ മനക്കരുത്തിന്റെയും പോരാട്ട വീര്യത്തിന്റെയും ഒരു അത്ഭുത കഥ തന്നെയാണ്. അര മണിക്കൂറിലേറെ സിപിആര്‍ കൊടുത്താണ് സഖാവ് തിരിച്ചെത്തിയത്. അതാണ് യഥാര്‍ഥ പോരാളിയുടെ ചങ്കുറപ്പ്’- കുറിപ്പില്‍ പറയുന്നു.

കുറിപ്പ്

ഇല്ല വിട്ടു പോകില്ല… കേരളത്തിന്റെ കാവലാൾ..

ഇന്നേക്ക് പന്ത്രണ്ടാം നാൾ ശ്വസന പ്രക്രിയ യന്ത്ര സഹായമില്ലാതെ തനിക്കാവും എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു

സ വി എസ്….

പരിശോധിച്ച ഡോക്ടർമാരെയൊക്കെയും അത്ഭുതപ്പെടുത്തിയ സഖാവ്..

പണ്ടൊരു യാത്രയിൽ എന്നോട് പറഞ്ഞത് തികട്ടി വരുന്നു..

ചത്തെന്നു കരുതി എന്നെ പൊലീസ് ചാക്കിൽ കെട്ടി ഉപേക്ഷിക്കാൻ പോയ പോലീസ് മൃതശരീരം കുഴിച്ചിടാൻ സഹായത്തിനായി കൂടെ കൂട്ടിയ മോഷണ കേസ് പ്രതി കള്ളൻ കോലപ്പൻ പൊലീസ് ജീപ്പിലെ ചാക്കിൽ അനക്കം ശ്രദ്ധയിൽ പ്പെടുത്തിയതും കള്ളൻ കോലപ്പന്റെ ശാസനക്കു വഴങ്ങി പൊലീസ് അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചതും.

ഡോക്ടർമാർ പൊലീസ് ഇൻസ്‌പെക്ടറേ കണക്കിന് ശകാരിച്ചതും ഓക്കേ വി എസ് പറയുമ്പോൾ ആ കണ്ണുകളിൽ ഞാൻ കണ്ടത് ഒരു പോരാളിയുടെ പുനർ ജന്മ ത്തിന്റെ കനലാണ്..

ഇപ്പോഴത്തെ ആശുപത്രി വാസത്തിന്റെ തുടക്കവും ശ്വാസം നിലച്ച വി എസ് തിരിച്ചു വന്നതിന്റെ അസാധ്യ മനക്കരുത്തിന്റെയും പോരാട്ട വീര്യത്തിന്റെയും ഒരു അത്ഭുത കഥ തന്നെയാണ്..

അര മണിക്കൂറിലേറെ സി പി ആർ കൊടുത്താണ് സഖാവ് തിരിച്ചെത്തിയത്…

അതാണ് യഥാർത്ഥ പോരാളിയുടെ ചങ്കുറപ്പ്..

കാരിരുമ്പിന്റെ ചങ്ക്..

ഒറ്റ ചങ്ക്…

ഇപ്പോഴും എസ് യു ടി ആശുപത്രിയുടെ താഴെ പ്രതീക്ഷിയോടെ കാത്തിരിക്കുന്നു..

സഖാവിന്റെ തിരിച്ചു വരവിനായി..

അദ്ദേഹം ഇവിടെ ഉണ്ടെന്ന തോന്നൽ മതി എന്നെ പോലെ പതിനായിരങ്ങൾക്ക് ധൈര്യം പകരാൻ..

മണ്ണിനും മനുഷ്യനും കാവലായി…

അദ്ദേഹം ഇവിടെ ഉണ്ടാവണം..

ആശുപത്രിയിൽ എത്തുന്ന ആളുകൾ പല തരമാണ് ചിലർ ബോധ്യപ്പെടുത്തുന്നു..

മറ്റു ചിലർ ആത്മാർത്ഥമായി വേദനിക്കുന്നു…

അങ്ങനെ പല വിധ മനുഷ്യരെ കാണുന്നു..

ഈ പന്ത്രാണ്ടം നാളിലും എനിക്ക് ഒരു ചിന്ത മാത്രം വർഷങ്ങൾ

വി എസ്സിനൊപ്പം ഒരേ മുറിയിൽ ഉറങ്ങിയത് പോലെ എനിക്ക് ഒരു രാത്രിയെങ്കിലും ഒന്നുറങ്ങണം…

അദ്ദേഹത്തിന്റെ കൂടെ…

അദ്ദേഹം ഇടയ്ക്കിടെ ഉണരുമ്പോൾ കൂടെ ഉണരാൻ..

അത് സാധ്യമാവും എന്ന പ്രതീക്ഷയോടെ

ടെക്സസില്‍ മിന്നല്‍ പ്രളയം; 13 മരണം, നിരവധി പേരെ കാണാതായി, രക്ഷാപ്രവര്‍ത്തനം

ടെക്സസില്‍ മിന്നല്‍ പ്രളയം; 13 മരണം, നിരവധി പേരെ കാണാതായി, രക്ഷാപ്രവര്‍ത്തനം

വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്സസില്‍ മിന്നല്‍ പ്രളയത്തില്‍ 13 മരണം. നിരവധി പേരെ കാണാതായിട്ടുണ്ട്. കാണാതായവരില്‍ ടെക്സസില്‍ സമ്മര്‍ ക്യാംപില്‍ പങ്കെടുത്ത 13 പെണ്‍കുട്ടികളുമുണ്ട്. കെര്‍ കൗണ്ടിയില്‍ രാത്രിയോടെ വെള്ളപ്പൊക്കമുണ്ടായത്. 25 സെന്റീമീറ്ററില്‍ അധികം മഴ പെയ്തതിനെ തുടര്‍ന്ന് ഗ്വാഡലൂപ്പെ നദിയില്‍ വൊള്ളം പൊങ്ങുകയായിരുന്നു. പ്രതികൂല സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ഗ്വാഡലൂപ്പെ നദിയില്‍ 45 മിനിറ്റിനുളളില്‍ ജലനിരപ്പ് 26 അടിയായി ഉയര്‍ന്നതോടെയാണ് പ്രളയത്തിലേക്ക് മാറിയത്. 14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും ഒന്‍പത് രക്ഷാസേന സംഘവും അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരുമാണ് സ്ഥലത്ത് തിരച്ചില്‍ നടത്തുന്നത്.

വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ടെക്സസ് ലെഫ്. ഗവര്‍ണര്‍ ഡാന്‍ പാട്രിക് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് കുറഞ്ഞത് 400 പേരെങ്കിലും സ്ഥലത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരച്ചിലിനായി ഒമ്പത് രക്ഷാസംഘം, 14 ഹെലികോപ്റ്ററുകള്‍, 12 ഡ്രോണുകള്‍ എന്നിവ ഉപയോഗിക്കുന്നുണ്ടെന്നും ചിലരെ മരങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തുന്നുണ്ടെന്നും ഡാന്‍ ചാട്രിക് പറഞ്ഞു. ഗ്വാഡലൂപ്പ് നദിയില്‍ വെളളപ്പൊക്കമുണ്ടാവുന്നത് സാധാരണ സംഭവമാണെങ്കിലും ഇത്രയും കുറഞ്ഞ സമയത്തിനുളളില്‍ ക്രമാതീതമായ നിലയില്‍ ജലനിരപ്പുയരുന്നത് ആദ്യമായാണ്.

ആറ്റിങ്ങൽ വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റുകളും എസ്പിസി യൂണിറ്റും സംയുക്തമായി പിരപ്പമൺകാട് പാടശേഖരത്തിൽ നെൽകൃഷി ആരംഭിച്ചു

ആറ്റിങ്ങൽ വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റുകളും എസ്പിസി യൂണിറ്റും സംയുക്തമായി പിരപ്പമൺകാട് പാടശേഖരത്തിൽ നെൽകൃഷി ആരംഭിച്ചു

ആറ്റിങ്ങൽ വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റുകളും എസ്പിസി യൂണിറ്റും സംയുക്തമായി പിരപ്പമൺകാട് പാടശേഖരത്തിൽ നെൽകൃഷി ആരംഭിച്ചു. നടീൽ ഉത്സവം ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക ഉദ്ഘാടനം ചെയ്തു.

പ്രോഗ്രാമിൽ പ്രിൻസിപ്പൽ ജവാദ്, എച്ച് എം അനിൽകുമാർ, പിടിഎ പ്രസിഡന്റ് സന്തോഷ്, പിടിഎ വൈസ് പ്രസിഡന്റ് ആശാദേവ്, പ്രോഗ്രാം ഓഫീസർമാരായ ജിമ്മി, ഡോക്ടർ ബിനു എസ് പി സി പ്രോഗ്രാം കോഡിനേറ്റർ ദിവ്യ, അധ്യാപകരായ ഡോക്ടർ മുഹമ്മദ് ഷജീർ, സിന്ധു, ജിഷ, വിപിൻകുമാർ, ഷീബ, ഷീജാകുമാരി എന്നിവരും പാടശേഖര സമിതി അംഗങ്ങളും പങ്കെടുത്തു.

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; അടുത്ത അഞ്ച് ദിവസം മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; അടുത്ത അഞ്ച് ദിവസം മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. മഹാരാഷ്ട തീരം മുതല്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്.

ജൂലൈ 4 മുതല്‍ 7 വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു ശക്തമാകാനും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.ശക്തമായ മഴ കണക്കിലെടുത്ത് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കേരള- കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും; നാളെ മുതല്‍ ചൊവ്വാഴ്ച വരെ കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.