കൊച്ചിയുടെ നഗരക്കാഴ്ചകള്‍ കാണാം, ഇനി ഡബിള്‍ ഡെക്കര്‍ ബസില്‍; ഈ മാസം 13 മുതല്‍

കൊച്ചിയുടെ നഗരക്കാഴ്ചകള്‍ കാണാം, ഇനി ഡബിള്‍ ഡെക്കര്‍ ബസില്‍; ഈ മാസം 13 മുതല്‍

കൊച്ചി: തിരുവനന്തപുരം നഗരത്തില്‍ ഹിറ്റായ ‘നഗരക്കാഴ്ചകള്‍’ ഡബിള്‍ ഡക്കര്‍ ബസ് ഇനി കൊച്ചിയിലും. നഗരത്തിന്റെ മനോഹാരിതയും കൊച്ചിയുടെ കായല്‍കാറ്റും ആസ്വദിച്ച് യാത്ര ചെയ്യാനുള്ള ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് ഈ മാസം 13 മുതല്‍ ആരംഭിക്കും. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് പദ്ധതിക്ക് തുടക്കമാകുന്നത്.

വൈകിട്ട് ആറിന് ബോട്ട് ജെട്ടി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ചടങ്ങിലാണ് യാത്രയ്ക്ക് തുടക്കമാകുക. ഓപ്പണ്‍ ഡബിള്‍ ഡെക്കര്‍ ബസാണ് സര്‍വീസ് നടത്തുന്നത്. ബസിന്റെ ട്രെയല്‍ റണ്‍ നേരത്തെ നടത്തിയിരുന്നു.

മേല്‍ഭാഗം തുറന്ന ബസില്‍ ഇരുന്ന് കാഴ്ചകള്‍ കാണാന്‍ പറ്റുന്ന നഗരത്തിന്റെ റൂട്ടുകളാണ് പരിഗണിച്ചത്. ബോട്ട് ജെട്ടി സ്റ്റാന്‍ഡില്‍ തുടങ്ങുന്ന യാത്ര തേവര, കൊച്ചിന്‍ പോര്‍ട്ട് ട്രെസ്റ്റ് അവന്യൂ വഴി വോക്ക് വെയില്‍ എത്തി തിരിച്ച് മഹാരാജാസ് കോളജിന്റെ മുന്നിലൂടെ ഹൈക്കോടതി ജംങ്്ഷന്‍ ഗോശ്രീ പാലം വഴി കാളമുക്ക് ജംങ്ഷന്‍ വരെ സര്‍വീസ് നടത്തുന്ന രീതിയിലാണ് ആദ്യ റൂട്ട്.

യാത്രാ നിരക്ക് എത്രയാണെന്ന് തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. വൈകിട്ട് അഞ്ച് മുതല്‍ 8.30 വരെയാകും യാത്ര.

കുട്ടികളിലെ മയക്കുമരുന്നുപയോഗം: കേസുകള്‍ കൂടുതല്‍ എറണാകുളത്ത്, 10 വര്‍ഷത്തെ കണക്ക് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് സര്‍ക്കാര്‍

കുട്ടികളിലെ മയക്കുമരുന്നുപയോഗം: കേസുകള്‍ കൂടുതല്‍ എറണാകുളത്ത്, 10 വര്‍ഷത്തെ കണക്ക് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്ത് സ്‌കൂള്‍ കുട്ടികളും യുവാക്കളും ഉള്‍പ്പെട്ട മയക്കുമരുന്ന് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എറണാകുളം ജില്ലയിലാണെന്ന് ഹൈക്കോടതി. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന മയക്കുമരുന്ന് ദുരുപയോഗ ഭീഷണി തടയുന്നതിനുള്ള സംസ്ഥാനത്തിന്റെ നടപടികള്‍ ഫലപ്രദമല്ലെന്ന് ചീഫ് ജസ്റ്റിസ് നിതിന്‍ ജംദാര്‍, ജസിറ്റിസ് സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. കേരള സ്റ്റേറ്റ് ലീഗസ് സര്‍വീസസ് അതോറിറ്റി(കെല്‍സ)യും രണ്ട് കുട്ടികളുടെ അമ്മമാര്‍ സമര്‍പ്പിച്ച രണ്ട് ഹര്‍ജികളും പരിഗണിക്കുകയായിരുന്നു കോടതി.

പ്രശ്‌നം പരിഹരിക്കുന്നതിനുള്ള കര്‍മ പദ്ധതി തയ്യാറാക്കണമെന്നും കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. 2015 മുതല്‍ 2024 വരെ 18 വസയില്‍ താഴെയുള്ള കുട്ടികള്‍ ഉള്‍പ്പെട്ട ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് കേസുകള്‍ എറണാകുളം സിറ്റിയിലാണ് രേഖപ്പെടുത്തിയതെന്ന് ആഭ്യന്തര വകുപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ആകെ 53 കേസുകളാണ് നഗരത്തില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഡേറ്റയില്‍ നിന്നും പ്രാദേശിക പ്രവണതകള്‍, പ്രായത്തിനനുസരിച്ച് ഉണ്ടാകുന്ന ദൗര്‍ബല്യം തുടങ്ങി മയക്കുമരുന്നുപയോഗത്തിന്റെ കാരണങ്ങള്‍ എന്നിവ മനസിലാക്കാന്‍ കഴിയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതിനായി ഒരു കേന്ദ്രീകൃത പഠനം ആവശ്യമാണ്. അതിന് ശേഷം മാത്രമേ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ എന്നും കോടതി കൂട്ടിച്ചേര്‍ത്തു.

പ്രത്യേക പദ്ധതി രൂപീകരിക്കാന്‍ എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും നിര്‍ദേശം നല്‍കി. ഫൊറന്‍സിക് ലാബുകളില്‍ ആവശ്യത്തിന് സ്റ്റാഫുകള്‍ ഇല്ലാത്തത് മയക്കുമരുന്ന് കേസുകളുടെ നടത്തിപ്പിനെ ബാധിക്കുന്നു്ട്. ഫൊറന്‍സിക് റിപ്പോര്‍ട്ട് കിട്ടാത്തതിനാല്‍ കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്ന എത്ര കേസുകളുണ്ടെന്ന് അറിയിക്കാന്‍ ഹൈക്കോടതി രജിസ്ട്രിയോട് നിര്‍ദേശിച്ചു. സര്‍ക്കാരും വിശദീകരണം നല്‍കണം. പോക്‌സോ കേസുകളില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാത്തത് കേസുകളുടെ നടത്തിപ്പിനെ ബാധിക്കുന്നതായും കോടതി നിരീക്ഷിച്ചു.

ആറാം വയസിൽ കണ്ണൂരിലെ ബോംബേറിൽ കാൽ നഷ്ടമായ ഡോക്ടർ അസ്ന വിവാഹിതയായി

ആറാം വയസിൽ കണ്ണൂരിലെ ബോംബേറിൽ കാൽ നഷ്ടമായ ഡോക്ടർ അസ്ന വിവാഹിതയായി

കണ്ണൂർ: ആറാം വയസ്സിൽ കണ്ണൂരിലെ ബോംബേറിൽ കാൽ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാർജയിൽ എഞ്ചിനീയറുമായ നിഖിലാണ് വരൻ. ചെറുവാഞ്ചേരി പൂവത്തൂരിലെ തരശിപറമ്പത്ത് വീട്ടിൽ അസ്ന കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിൻ്റെ ഇരയാണ്. 2000 സെപ്തംബർ 27ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ രാഷ്ട്രീയ സംഘർഷത്തിനിടെ എറിഞ്ഞ ബോംബുകളിൽ ഒന്ന് വന്ന് പതിച്ചത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അസ്നക്ക് നേരെയായിരുന്നു. അന്നുണ്ടായ അപകടത്തിൽ അസ്നയുടെ മാതാവ് ശാന്തയ്ക്കും സഹോദരനും പരിക്കേറ്റിരുന്നു.അന്ന് അസ്നക്ക് ആറ് വയസ് മാത്രമാണ് പ്രായമുണ്ടായത്. ബോംബേറിൽ അസ്നയുടെ വലത് കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയ്ക്കിടെ മുട്ടിനു കീഴെ വെച്ച് കാൽ മുറിച്ചുമാറ്റുകയും ചെയ്തു. പിന്നീട് കൃത്രിമ കാലുമായി വിധിക്ക് മുന്നിൽ പകച്ച് നിൽക്കാതെ നിശ്ചയദാർഡ്യത്തോടെ അസ്ന വിജയത്തിൻ്റെ പടികൾ ഓരോന്നായി ചവിട്ടിക്കയറി. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും 2013ൽ എംബിബിഎസ് നേടി. ഇതിനിടെ സ്വന്തം പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രത്തിലും ഡോക്ടറായി സേവനം അനുഷ്ഠിച്ചു. നിലവിൽ വടകരയിലെ ക്ലിനിക്കിൽ ഡോക്ടറാണ്അസ്‌ന

‘എന്നാണ് അച്ഛന്‍ തിരികെ വരിക, ആ ദിവസത്തിനായി കാത്തിരിക്കും’; സ്വര്‍ഗത്തിലേയ്ക്കുള്ള കത്തിന് ആശ്വാസമായി മന്ത്രിയുടെ വാക്കുകള്‍

‘എന്നാണ് അച്ഛന്‍ തിരികെ വരിക, ആ ദിവസത്തിനായി കാത്തിരിക്കും’; സ്വര്‍ഗത്തിലേയ്ക്കുള്ള കത്തിന് ആശ്വാസമായി മന്ത്രിയുടെ വാക്കുകള്‍

തിരുവനന്തപുരം: മരിച്ചു പോയ അച്ഛന് ഒരു മകള്‍ എഴുതിയ കത്തിന് ആശ്വാസവാക്കുകളുമായി എത്തിയിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കത്ത് വായിച്ചു കണ്ണ് നിറഞ്ഞുവെന്നാണ് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കോഴിക്കോട് ബാലുശ്ശേരി പനങ്ങാട് എയുപി സ്‌കൂളിലെ വിദ്യാര്‍ഥി ശ്രീനന്ദ എഴുതിയ കത്തിന്റെ പകര്‍പ്പും പങ്കുവെച്ചിട്ടുണ്ട്.

വായനമാസാചരണത്തിന്റെ ഭാഗമായി പനങ്ങാട് നോര്‍ത്ത് എയുപി സ്‌കൂള്‍ വിദ്യാരംഗം കുട്ടികള്‍ക്കായി നടത്തിയ കത്തെഴുതാം സമ്മാനം നേടാം എന്ന പരിപാടിയുടെ വിജയിയെ കണ്ടെത്താനുള്ള തപാല്‍പ്പെട്ടി പൊട്ടിച്ചപ്പോഴാണ് കണ്ണ് നനയിച്ച വൈകാരികമായ ഒരു കത്ത് അധ്യാപകരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ആ കത്തിലെ വരികള്‍ ഇങ്ങനെയാണ്,

എന്റെ പ്രിയപ്പെട്ട അച്ഛന്, അച്ഛന് അവിടെ സുഖമാണെന്ന് വിശ്വസിക്കുന്നു. അച്ഛനെ മറക്കാന്‍ എനിക്ക് കഴിയുന്നില്ല. എന്നാണ് അച്ഛന്‍ തിരികെ വരിക? ആ ദിവസത്തിന് വേണ്ടി ഞാന്‍ കാത്തിരിക്കും. എപ്പോഴെങ്കിലും ഞാന്‍ എന്റെ അച്ഛനെ കാണും. ഞാന്‍ നന്നായി പഠിക്കുന്നുണ്ട്. പിന്നെ അമ്മ ഞങ്ങളെ നന്നായി നോക്കുന്നുണ്ട്, എന്ന് എഴുതിയാണ് ശ്രീനന്ദ കത്ത് അവസാനിപ്പിക്കുന്നത്.

2024 ഏപ്രില്‍ 10ന് ബൈക്കപകടത്തില്‍ വിട്ടുപോയ അച്ഛന്‍ വായിക്കാന്‍ വേണ്ടി എഴുതിയ കത്താണ് മന്ത്രിയുടെയും കണ്ണ് നിറച്ചത്. ഓരോ വരിയിലും അച്ഛനോടുള്ള സ്‌നേഹം പ്രകടമാകുന്ന കത്ത് വായിക്കുന്ന ആരുടേയും കണ്ണ് നനയിക്കും. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന പനങ്ങാട് നോര്‍ത്തിലെ നെരവത്ത് മീത്തല്‍ ബൈജുവിന്റെ മരണം കുടുംബത്തിന് മാത്രമല്ല നാടിനെയും ഏറെ സങ്കടത്തിലാഴ്ത്തിയ ദുരന്തമായിരുന്നു.

ശ്രീനന്ദയുടെ അമ്മ ബേക്കറി ജോലി ചെയ്താണ് ഇപ്പോള്‍ കുടുംബം പുലര്‍ത്തുന്നത്. നൂറോളം കുട്ടികള്‍ പങ്കെടുത്ത കത്തെഴുത്ത് മത്സരത്തില്‍ ഒരു മകള്‍ അച്ഛന് ഹൃദയത്തില്‍ നിന്നെഴുതിയ സ്വര്‍ഗത്തിലേയ്ക്ക് ഒരു കത്ത് ഒന്നാം സ്ഥാനത്തിന് അര്‍ഹമാവുകയും ചെയ്തു. വൈകാരിതയ്ക്ക് അപ്പുറം കത്തിന്റെ ഉള്ളടക്കവും ഭാഷയും ഏറെ ശക്തവും തീവ്രവുമാണെന്ന് സ്‌കൂളിലെ അധ്യാപകര്‍ പറയുന്നു.

മന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

പ്രിയപ്പെട്ട ശ്രീനന്ദയ്ക്ക് ഒരു കുറിപ്പ്,

മരിച്ചുപോയ അച്ഛന് ശ്രീമോളെഴുതിയ കത്ത് വായിച്ചപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു.

ഓര്‍മ്മകള്‍ക്ക് മരണമില്ലെന്നും പ്രിയപ്പെട്ടവര്‍ നമ്മെ വിട്ടുപോയാലും അവരുടെ സ്‌നേഹം എന്നും നമ്മളോടൊപ്പം ഉണ്ടാകുമെന്നും കത്ത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അച്ഛന്‍ ശ്രീമോളുടെ ഓര്‍മ്മകളില്‍ വഴികാട്ടിയായി കൂടെയുണ്ടാകും.

ശ്രീമോള്‍ക്കും കുടുംബത്തിനും എല്ലാ പിന്തുണയും നല്‍കാന്‍ എല്ലാവരുമുണ്ടാകും.

സ്‌നേഹത്തോടെ,

വി ശിവന്‍കുട്ടി

തത്സുകിയുടെ പ്രവചനം ‘ചീറ്റി’, ഒന്നും സംഭവിക്കാതെ ജപ്പാൻ; ടൂറിസത്തിനു തിരിച്ചടി

തത്സുകിയുടെ പ്രവചനം ‘ചീറ്റി’, ഒന്നും സംഭവിക്കാതെ ജപ്പാൻ; ടൂറിസത്തിനു തിരിച്ചടി

ഇന്ന് ജൂലൈ 5, ജാപ്പനീസ് ബാബാ വാന്‍ഗ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന റിയോ തത്സുകിയുടെ പ്രവചനത്തിൽ സൂചിപ്പിച്ച ദിവസമാണ് ഇന്ന്. ജപ്പാനിൽ ഇന്ന് പുലർച്ചെ 4.18ന് ഒരു മഹാദുരന്തം സംഭവിക്കും മഹാ ന​ഗരങ്ങൾ കടലിൽ വീഴും. പ്രവചനം വന്നതിന് പിന്നാലെ അഞ്ഞൂറിലധികം ചെറു ചലനങ്ങൾ തെക്കുപടിഞ്ഞാറൻ ടൊകാര ദ്വീപിനെ പിടിച്ചുലച്ചത് ജനങ്ങൾക്കിടയിൽ കൂടുതല്‍ ആശങ്ക പരത്തിയിരുന്നു. എന്നാൽ റിയോ തത്സുകിയുടെ പ്രവചന സമയം പിന്നിട്ടിട്ടും ജപ്പാനിൽ എവിടേയും വലിയ ദുരന്തങ്ങളൊന്നും അധികൃതർ റിപ്പോർട്ട് ചെയ്തിട്ടില്ല. ജനങ്ങൾ എല്ലായിടത്തും സുരക്ഷിതരാണെന്നും റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.

രണ്ടാഴ്ചയ്ക്കിടെ ജപ്പാനിൽ 1,000ൽപരം ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ഇതുമൂലം എവിടെയും സുനാമി മുന്നറിയിപ്പോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. അടിസ്ഥാനരഹിതമായ പ്രവചനങ്ങൾക്ക് വഴങ്ങരുതെന്ന് സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും, പ്രധാന ദ്വീപുകളുടെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ കൂടുതൽ ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പ് അധികൃതര്‍ നൽകിയിട്ടുള്ളതായ് ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏറ്റവും കൂടുതല്‍ ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത് ജൂണ്‍ 23 നാണ്. 183 ഭൂചലങ്ങളാണ് അന്നേദിവസം ദ്വീപില്‍ രേഖപ്പെടുത്തിയത്. ജൂണ്‍ 26- 27 ദിവസങ്ങളില്‍ ഈ ഭൂചലനങ്ങളുടെ എണ്ണം 15- 16 ആയി കുറയുകയും ചെയ്തു. പിന്നാലെ ജൂണ്‍ 29ന് 98 ഭൂചലനങ്ങളും ജൂണ്‍ 30 ന് 62 ഭൂചലനങ്ങളും രേഖപ്പെടുത്തുകയുണ്ടായി. വ്യാഴാഴ്ചയും തെക്കുപടിഞ്ഞാറൻ ജപ്പാനിൽ 5.5 തീവ്രതയുള്ള ഭൂചലനം ഉണ്ടായി. ടോകര ദ്വീപ് ആണ് പ്രകമ്പനത്തിന്റെ കേന്ദ്രം. ടോക്കിയോയിൽ നിന്ന് ഏകദേശം 1200 കിലോമീറ്റർ അകലെയാണിത്. തോഷിമ ഗ്രാമത്തില്‍ 6 തീവ്രതയുള്ള ഒരു ഭൂചലനം രേഖപ്പെടുത്തി. 1919 മുതലുള്ള കണക്ക് പരിശോധിച്ചപ്പോള്‍ ഇവിടെ ഇത്ര തീവ്രതയുള്ള ഭൂചലനം ആദ്യമാണെന്ന് ജപ്പാൻ കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.

ജപ്പാനിലെ നിലവിലെ ശാസ്ത്രീയ അറിവ് ഉപയോഗിച്ച്, ഭൂകമ്പത്തിന്റെ കൃത്യമായ സമയം, സ്ഥലം അല്ലെങ്കിൽ സ്കെയിൽ പ്രവചിക്കാൻ പ്രയാസമാണെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ ഭൂകമ്പ, സുനാമി നിരീക്ഷണ വിഭാഗം ഡയറക്ടർ ആയതക എബിറ്റ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിയോ തത്സുകിയുടെ പ്രവചനത്തിനെ ഭയന്ന് ഉറക്കം നഷ്ടപ്പെട്ട നിലയിലായിരുന്നു ടോക്കറ ദ്വീപുകളിലെ ജനങ്ങൾ. അതേസമയം പ്രവചന സമയം കഴിഞ്ഞിട്ടും ദുരന്തങ്ങൾ ഒന്നും റിപ്പോർട്ട് ചെയാത്തതിന്റെ ആശ്വാസത്തിലാണ് ജപ്പാനിലെ ജനങ്ങൾ. എന്നാൽ തത്സുകിയുടെ പ്രവചനത്തിന് പിന്നാലെ ധാരാളം വിനോദസഞ്ചാരികൾ ജപ്പാനിലേക്കുള്ള യാത്ര റദ്ദാക്കിയത് അവിടുത്തെ ടൂറിസത്തെ മോശമായ രീതില്‍ ബാച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഫ്യൂച്ചര്‍ ഐ സോ എന്ന കൃതിയിലൂടെയാണ് റിയൊ തത്സുകി ഇത്തരം പ്രവചനങ്ങള്‍ നടത്തുന്നത്. ജപ്പാനും ഫിലിപ്പീന്‍സിനും ഇടയില്‍ കടല്‍ തിളച്ചുമറിയും. ഇത് 2025 ജൂലൈ അഞ്ചിന് പുലര്‍ച്ചെ 4.18 സംഭവിക്കുമെന്നായിരുന്നു റിയോ തത്സുകിയുടെ പുസ്തകത്തിലുള്ള ഒരു പ്രവചനം. ഇതിനെ ചുറ്റിപ്പറ്റി സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകളാണ് നടന്നത് . തത്സുകിയുടെ പ്രവചനം പറയുന്നത് വലിയ ഭൂകമ്പത്തിന്റെ സൂചനയാകാമെന്ന് ചിലര്‍ വാദിച്ചു. കടല്‍ തിളച്ചുമറിയണമെങ്കില്‍ അതൊരു വലിയ ഭൂകമ്പവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സുനാമിയുടേയും സൂചനയാണെന്നുമുള്ള തരത്തിലും ആളുകള്‍ക്കിടയില്‍ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു.