വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയില്‍; നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയില്‍; നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

പത്തനംതിട്ട: വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയിലെത്തിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രിയുടെ ഓഫീസ്. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

ആര്‍എംഒ ഡോ.ദിവ്യ രാജനാണ് വളര്‍ത്തു നായയുമായി ആശുപത്രിയിലെത്തിയത്. ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നായയെ ആശുപത്രിക്ക് അകത്ത് പ്രവേശിപ്പിച്ച നടപടി ശരിയായി കാണുവാന്‍ കഴിയില്ല. രോഗികളും ആരോഗ്യപ്രവര്‍ത്തകരും തികഞ്ഞ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ഡോക്ടര്‍ വളര്‍ത്തു നായയുമായി എത്തിയത് മര്യാദ ലംഘനമാണെന്നാണ് പരാതിയില്‍ പറയുന്നത്.

ധാരാളം രോഗികളെത്തുന്ന, ശുചിത്വം വേണ്ട ആശുപത്രിയിലേയ്ക്ക് വളര്‍ത്തു നായയുമായി എത്തിയത് അനുചിതമാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. രോഗികള്‍ക്ക് മാത്രമല്ല, വളര്‍ത്ത് നായയ്ക്കും ഇത് നല്ലതെന്നും ഡോക്ടര്‍ എന്ന നിലയില്‍ പോലും വേണ്ട ശ്രദ്ധ കൈക്കൊണ്ടില്ലെന്നും വിമര്‍ശനമുണ്ടായി. അവധി ദിവസം നായയെ വെറ്റിനറി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍ ഓഫീസില്‍ എത്തിയതാണെന്നാണ് ഡോ. ദിവ്യ രാജന്‍ പ്രതികരിച്ചത്. ഗ്രൂമിങിനായി കൊണ്ടുപോയി മടങ്ങുമ്പോഴാണ് ആശുപത്രിയില്‍ കയറിയത്. വാഹനത്തില്‍ നായയെ ഇരുത്തി പോകാന്‍ കഴിയാത്തതു കൊണ്ടാണ് ഒപ്പം കൂട്ടിയതെന്നും ദിവ്യ രാജന്‍ പറഞ്ഞിരുന്നു.

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു

പാലക്കാട് : സംസ്ഥാനത്ത് വീണ്ടും നിപ. പാലക്കാട് നാട്ടുകല്‍ സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലം പോസിറ്റീവ് ആണ്. നൂറിലേറെ പേര്‍ ഹൈ റിസ്‌ക് സമ്പര്‍ക്കപ്പട്ടികയിലുണ്ട്. നാട്ടുകല്‍ കിഴക്കുംപുറം മേഖലയിലെ മൂന്നുകിലോമീറ്റര്‍ പരിധി കണ്ടെയ്ന്‍മെന്റ് സോണായി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

നിപ ബാധിച്ച നാട്ടുകല്‍ സ്വദേശിനിയായ 38 കാരി ഇപ്പോള്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 20 ദിവസം മുമ്പാണ് ഇവര്‍ക്ക് പനി ആരംഭിച്ചത്. ഇവര്‍ മൂന്നുസ്ഥലങ്ങളിലാണ് ചികിത്സ തേടിയത്. ആദ്യം വീടിന് സമീപത്തുള്ള പാലോട്, തുടര്‍ന്ന് കരിങ്കല്‍ അത്താണി, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലെ ക്ലിനിക്കുകളില്‍ ചികിത്സ തേടിയിരുന്നു.

രോഗശമനം ഉണ്ടാകാതിരുന്നതോടെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തുകയായിരുന്നു. ഇവിടെ വെച്ച് നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിപ കണ്ടെത്തിയത്. തുടര്‍ന്ന് സ്ഥിരീകരണത്തിനായി സാംപിള്‍ പൂനെ നാഷണല്‍ വൈറോളജി ലാബിലേക്ക് അയക്കുകയായിരുന്നു. ഇവിടെ നിന്നുള്ള പരിശോധനാ ഫലവും പോസിറ്റീവ് ആയിരിക്കുകയാണ്.

മക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമാണ് യുവതി താമസിച്ചിരുന്നത്. സമീപത്തു തന്നെയാണ് ബന്ധുവീടുകള്‍. അതുകൊണ്ട് തന്നെ ഹൈ റിസ്‌ക് പട്ടികയില്‍ നൂറിലേറെ പേര്‍ ഇടംപിടിച്ചിട്ടുണ്ട്. ഈ മേഖലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തച്ചനാട്ടുകരയിലെ 7,8,9,11 വാര്‍ഡുകള്‍, കരിപ്പുഴ പഞ്ചായത്തിലെ 17,18 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. 5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മൻ പ്രഖ്യാപിച്ചത്. ഈ തുക ഉമ്മൻ ചാണ്ടി ഫൗണ്ടേഷനാണ് നൽകുക. നേരത്തെ സർക്കാർ ബിന്ദുവിൻ്റെ സംസ്കാരത്തിനായി 50,000 രൂപ ധനസഹായം നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റേയും ധനസഹായ പ്രഖ്യാപനം. അപകടം നടന്നയുടൻ ചാണ്ടി ഉമ്മൻ സ്ഥലത്തെത്തിയിരുന്നു.

പെണ്‍കുട്ടികളോട് സംസാരിച്ചത് ഇഷ്ടമായില്ല; പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ മര്‍ദ്ദിച്ചു കൊന്നു

പെണ്‍കുട്ടികളോട് സംസാരിച്ചത് ഇഷ്ടമായില്ല; പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ മര്‍ദ്ദിച്ചു കൊന്നു

ചെന്നൈ: പെണ്‍കുട്ടികളോട് സംസാരിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഈറോഡില്‍ 12-ാം ക്ലാസ് വിദ്യാര്‍ഥിയായ 17കാരനെ അതേ സ്‌കൂളിലെ മറ്റ് രണ്ട് വിദ്യാര്‍ഥികള്‍ മര്‍ദിച്ച് കൊന്നു. ഈറോഡ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയാണ് മരിച്ചത്. ബയോളജി ഗ്രൂപ്പ് വിദ്യാര്‍ഥിയായ ആദിത്യയെ പന്ത്രണ്ടാം ക്ലാസില്‍ തന്നെ മറ്റു ഗ്രൂപ്പുകളില്‍ പഠിക്കുന്ന രണ്ടു വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു വിദ്യാര്‍ഥികളെ ഈറോഡ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവ ദിവസമായ ബുധനാഴ്ച അച്ഛനാണ് ആദിത്യയെ സ്‌കൂളില്‍ കൊണ്ടു ചെന്നുവിട്ടത്. ക്ലാസില്‍ കയറാതെ, രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം ആദിത്യ പുറത്തുപോയി. മറ്റ് ഗ്രൂപ്പുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുമായി വഴക്കുണ്ടായതായി ആദിത്യ ഒരാഴ്ച മുന്‍പ് പിതാവിനെ അറിയിച്ചിരുന്നു. അവരുടെ ക്ലാസിലെ പെണ്‍കുട്ടികളോട് സംസാരിക്കരുതെന്ന് പറഞ്ഞ് ആദിത്യയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

ബുധനാഴ്ച വൈകുന്നേരം 5.15 ഓടെ സ്‌കൂള്‍ പരിസരത്ത് നിന്ന് ഏകദേശം 200 മീറ്റര്‍ അകലെയാണ് സംഭവം. പെണ്‍കുട്ടികളോട് സംസാരിച്ചതിനെ ചൊല്ലി ആദിത്യയും മറ്റു വിദ്യാര്‍ഥികളും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് രണ്ട് പ്രതികളുടെ നേതൃത്വത്തിലുള്ള സംഘം ആദിത്യയെ ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ പിതാവിനെ വിവരമറിയിക്കുകയും മര്‍ദ്ദനത്തില്‍ അബോധാവസ്ഥയിലായ ആണ്‍കുട്ടിയെ ഉടന്‍ തന്നെ ഈറോഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ആദിത്യയുടെ അച്ഛന്‍ ശിവയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ആദിത്യയുടെ സുഹൃത്തുക്കളില്‍ നിന്നും മറ്റ് വിദ്യാര്‍ഥികളില്‍ നിന്നുമുള്ള മൊഴികളുടെ അടിസ്ഥാനത്തിലാണ് രണ്ട് വിദ്യാര്‍ഥികളെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. പിന്നീട് വ്യാഴാഴ്ച വൈകുന്നേരം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ ഇന്‍ഷുറന്‍സിന് അര്‍ഹതയില്ല: സുപ്രീംകോടതി

അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ ഇന്‍ഷുറന്‍സിന് അര്‍ഹതയില്ല: സുപ്രീംകോടതി

ഡല്‍ഹി: അലക്ഷ്യമായി വാഹനം ഓടിച്ച വ്യക്തി അപകടത്തില്‍ മരിച്ചാല്‍ നഷ്ടപരിഹാരത്തുക നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീം കോടതി. അമിത വേഗം, സ്റ്റണ്ട് പ്രകടനം, ഗതാഗത നിയമങ്ങള്‍ ലംഘിക്കല്‍ തുടങ്ങിയ ഡ്രൈവറുടെ സ്വന്തം തെറ്റ് കാരണം അപകടം സംഭവിച്ചാല്‍ മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കമ്പനിയെ നിര്‍ബന്ധിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, ആര്‍ മഹാദേവന്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

2014ല്‍ ഉണ്ടായ അപകടത്തില്‍ മരിച്ച കര്‍ണാടക സ്വദേശി എന്‍ എസ് രവീഷിന്റെ ഭാര്യ നല്‍കിയ അപ്പീല്‍ തള്ളിയാണ് വിധി. ബാഹ്യ ഇടപെടലില്ലാതെ ഡ്രൈവറുടെ തെറ്റ് മൂലം മാത്രമാണ് അപകടമെങ്കില്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലന്ന് ഉത്തരവില്‍ പറഞ്ഞു. സമാന ആവശ്യവുമായി മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണലിനെയും കര്‍ണാടക ഹൈക്കോടതിയേയും കുടുംബം സമീപിച്ചുവെങ്കിലും ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഹൈക്കോടതിയുടെ കണ്ടെത്തലിനോട് സുപ്രീംകോടതിയും യോജിച്ചു.

മല്ലസാന്ദ്ര ഗ്രാമത്തില്‍ നിന്ന് അര്‍സികെരെ നഗരത്തിലേയ്ക്ക് ഫിയറ്റ് കാര്‍ ഓടിച്ചുപോകവേയാണ് അപകടമുണ്ടായത്. അമിത വേഗമാണ് അപകടകാരണമെന്ന് എഫ്ഐആറില്‍ വ്യക്തമാണ്. രവീഷിന് പ്രതിമാസം മൂന്നുലക്ഷം രൂപ ശമ്പളമുണ്ടായിരുന്നുവെന്നും 80 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയോട് കുടുംബം ആവശ്യപ്പെട്ടു. എന്നാല്‍ കമ്പനി ഇത് അംഗീകരിച്ചിരുന്നില്ല. അമിതവേഗത്തില്‍ നിയന്ത്രണം വിട്ട് മറിയും മുമ്പ് രവീഷ് ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചുവെന്നും കോടതി പറഞ്ഞു. നഷ്ടപരിഹാരം ലഭിക്കണമെങ്കില്‍ ട്രാഫിക് നിയമലംഘനമുണ്ടായിട്ടില്ലെന്ന് തെളിയിക്കപ്പെടേണ്ടതുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.