മെഡിക്കല്‍ കോളജ് അപകടം: കലക്ടറുടെ അന്വേഷണം ഇന്നാരംഭിക്കും; ബിന്ദുവിന്റെ സംസ്‌കാരം ഇന്നു നടക്കും

മെഡിക്കല്‍ കോളജ് അപകടം: കലക്ടറുടെ അന്വേഷണം ഇന്നാരംഭിക്കും; ബിന്ദുവിന്റെ സംസ്‌കാരം ഇന്നു നടക്കും

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണം ഇന്ന് ആരംഭിക്കും. അപകടം നടന്ന സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന ആരോപണവും അന്വേഷിക്കും. എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മൃതദേഹം രാവിലെ തലയോലപ്പറമ്പിലെ വീട്ടിലെത്തിക്കും. പോസ്റ്റ് മോർട്ടം പൂർത്തിയാക്കിയ ശേഷം ബിന്ദുവിന്റെ മൃതദേഹം ഇന്നലെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രാവിലെ 11 മണിക്ക് ബിന്ദുവിന്റെ മൃതദേഹം സംസ്‌കരിക്കും. അതേസമയം അപകടത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം സമരം ശക്തമാക്കുകയാണ്. ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും, മകള്‍ക്ക് ജോലിയും നല്‍കണണെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ നടത്തും. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, മുസ്ലീംലീഗ്, അടക്കമുള്ള പ്രതിപക്ഷ സംഘടനകളാണ് പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.

പ്രതിഷേധ മാര്‍ച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. രാവിലെ ബിജെപിയുടെ നേതൃത്വത്തില്‍ വീണ ജോര്‍ജിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ആളൊഴിഞ്ഞ, അടച്ചിട്ട കെട്ടിടമാണ് തകര്‍ന്നതെന്ന് മന്ത്രി വീണാ ജോര്‍ജും വി എന്‍ വാസവനും അഭിപ്രായപ്പെട്ടിരുന്നു. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ഒരുക്കിയിരിക്കുന്നത്.

ചക്രവാതച്ചുഴി: ഇന്ന് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ; നാലിടത്ത് യെല്ലോ അലര്‍ട്ട്

ചക്രവാതച്ചുഴി: ഇന്ന് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ; നാലിടത്ത് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തെക്കന്‍ ഝാര്‍ഖണ്ഡിന് മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായി ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

പ്ലസ് വണ്‍: ചൊവ്വാഴ്ച വൈകീട്ട് നാലിനകം ഫീസടച്ച് പ്രവേശനം നേടണം, രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ബുധനാഴ്ച മുതല്‍

പ്ലസ് വണ്‍: ചൊവ്വാഴ്ച വൈകീട്ട് നാലിനകം ഫീസടച്ച് പ്രവേശനം നേടണം, രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റില്‍ ഇടംനേടിയവര്‍ ചൊവ്വാഴ്ച വൈകീട്ട് നാലിനകം ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. സപ്ലിമെന്ററി അലോട്ട്മെന്റില്‍ 35,947പേരാണ് ഇടംനേടിയത്. 53,789 അപേക്ഷകളാണ് അലോട്ട്മെന്റിനായി പരിഗണിച്ചത്. ഇതില്‍ 6,254 പേര്‍ മറ്റു ജില്ലകളില്‍കൂടി അപേക്ഷിച്ചവരാണ്. അലോട്ട്മെന്റ് ലഭിച്ച മുഴുവന്‍ വിദ്യാര്‍ഥികളും പ്രവേശനം നേടിയാലും 22,114 മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും.

അലോട്ട്‌മെന്റ് വിവരം https://hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു. 84 പേര്‍ക്ക് അലോട്ട്മെന്റ് ലഭിച്ചു. 334 സീറ്റ് ഒഴിഞ്ഞു കിടക്കുന്നുണ്ട്.

പ്രവേശനം ലഭിക്കാത്തവര്‍ക്ക് ഒമ്പതുമുതല്‍ 11വരെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റില്‍ അപേക്ഷിക്കാം. 16ന് ലിസ്റ്റ് പ്രസിദ്ധീകരിക്കും. തുടര്‍ന്ന് ഒഴിവുള്ള സീറ്റില്‍ സ്‌പോട്ട് അഡ്മിഷന് അവസരം നല്‍കും. ഇതുവരെ മെറിറ്റില്‍ 2,68,584 വിദ്യാര്‍ഥികള്‍ പ്രവേശനം നേടി. അണ്‍ എയ്ഡഡ് ഉള്‍പ്പെടെ ആകെ 3,48,906 പേരാണ് പ്ലസ് വണ്ണില്‍ പ്രവേശനം നേടിയത്.

ആദ്യശമ്പളം നല്‍കാനെത്തി; നവനീത് കണ്ടത് അമ്മയുടെ മൃതദേഹം, സങ്കടക്കടലായി മെഡിക്കല്‍ കോളജ്

ആദ്യശമ്പളം നല്‍കാനെത്തി; നവനീത് കണ്ടത് അമ്മയുടെ മൃതദേഹം, സങ്കടക്കടലായി മെഡിക്കല്‍ കോളജ്

കോട്ടയം: ആദ്യശമ്പളം അമ്മയ്ക്കു നല്‍കാന്‍ ആശുപത്രിയിലേക്ക് എത്തിയ മകനെ കാത്തിരുന്നത് അമ്മയുടെ ചലനമറ്റ ശരീരം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച ബിന്ദുവിന്റെ മകനായ നവനീതിനെ ആശ്വസിപ്പിക്കാന്‍ കണ്ടുനിന്നവര്‍ക്ക് വാക്കുകളില്ലായിരുന്നു. നവനീതിന്റെ കരച്ചില്‍ കണ്ടുനിന്നവരെയും ഈറനണിയിച്ചു.

നവനീതിന് കഴിഞ്ഞ മാസമാണ് എറണാകുളത്തു ജോലി ലഭിച്ചത്. ആദ്യശമ്പളം കഴിഞ്ഞ ദിവസം കിട്ടിയെങ്കിലും അമ്മയും സഹോദരിയും ആശുപത്രിയിലായതിനാല്‍ അത് അമ്മയെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇന്നലെ ആശുപത്രിയിലെത്തിയത്. അപകടത്തില്‍ മരിച്ചയാളെ ആദ്യം തിരിച്ചറിഞ്ഞതും നവനീതാണ്.

കുടുംബസ്വത്തായി ലഭിച്ച അഞ്ചു സെന്റ് സ്ഥലത്തു നിര്‍മാണം പൂര്‍ത്തിയാകാത്ത ചെറിയ വീട്ടിലാണ് ബിന്ദുവും ഭര്‍ത്താവ് വിശ്രുതനും മക്കളായ നവമിയും നവനീതും ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിയും താമസിക്കുന്നത്. മേസ്തിരിപ്പണിക്കാരനായ വിശ്രുതന്റെയും തലയോലപ്പറമ്പിലെ വസ്ത്രശാലയില്‍ ജോലി ചെയ്യുന്ന ബിന്ദുവിന്റെയും വരുമാനം കൊണ്ടാണു കുടുംബം കഴിഞ്ഞുപോന്നിരുന്നത്. ആന്ധ്രയില്‍ അപ്പോളോ നഴ്‌സിങ് കോളജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ് നവമി. ന്യൂറോ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളജില്‍ നവമി ചൊവ്വാഴ്ച ചികിത്സയ്ക്ക് എത്തിയത്.

വ്യാഴാഴ്ച രാവിലെ കുളിക്കുന്നതിനു വേണ്ടിയാണു തകര്‍ന്നു വീണ പതിനാലാം വാര്‍ഡിന്റെ മൂന്നാംനിലയിലേക്കു ബിന്ദു എത്തിയതെന്നാണു വിവരം. തകര്‍ന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍പ്പെട്ട ബിന്ദുവിനെ രണ്ടരമണിക്കൂറിനു ശേഷമാണു പുറത്തെടുത്തത്. അമ്മയെ കാണാനില്ലെന്നും ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും നവമി പറഞ്ഞതോടെയാണു ബിന്ദുവിനായി തിരച്ചില്‍ ആരംഭിച്ചത്. പുറത്തെടുത്തപ്പോള്‍ ബിന്ദുവിന് ബോധമില്ലായിരുന്നു. പിന്നാലെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

‘ഇനി ഒരാള്‍ക്കും ഈ ഗതി വരരുത്’; പൊട്ടിക്കരഞ്ഞ് ബിന്ദുവിന്റെ ഭര്‍ത്താവും മക്കളും

‘ഇനി ഒരാള്‍ക്കും ഈ ഗതി വരരുത്’; പൊട്ടിക്കരഞ്ഞ് ബിന്ദുവിന്റെ ഭര്‍ത്താവും മക്കളും

കോട്ടയം: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭത്തില്‍ വിങ്ങിപ്പൊട്ടി ഭര്‍ത്താവ് വിശ്രുതനും മക്കളും. ന്യൂറോസര്‍ജറിക്കു വേണ്ടിയാണ് മകള്‍ നവമിയുമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു വിശ്രുതനും ബിന്ദുവും എത്തിയത്. ചികിത്സ കഴിഞ്ഞു ഭേദമായ ശേഷം മകളുമായി മടങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ചൊവാഴ്ചയാണു ആശുപത്രിയില്‍ അഡ്മിറ്റായത്.

‘ആകെ തകര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ ഒന്നും പറയാനാകുന്നില്ല. വെന്തുരുകുകയാണ് ഞാന്‍’ വിശ്രുതന്‍ പറഞ്ഞു. സംഭവത്തില്‍ പരാതിയില്ലെന്നും ഇനി ഇങ്ങനെ ആര്‍ക്കും സംഭവിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അമ്മ പോകല്ലേയെന്നു പ്രാര്‍ഥിച്ചതാണെന്നു വിശ്രുതന്റെ മകനും എന്‍ജിനീയറുമായ നവനീത് പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു. ” ഞാന്‍ ആരെയൊക്കെ വിളിച്ച് പ്രാര്‍ഥിച്ചു. എന്റെ അമ്മ ആരെയും ദ്രോഹിച്ചിട്ടില്ല. ജീവിതത്തില്‍ ആരെയും ദ്രോഹിച്ചിട്ടില്ല. അമ്മയ്ക്കു പകരം എന്നെ എടുത്താല്‍ മതിയായിരുന്നു” പൊട്ടിക്കരഞ്ഞു കൊണ്ട് നവനീത് പറഞ്ഞു.

രാവിലെ കുളിക്കുന്നതിനു വേണ്ടിയാണു പതിനാലാം വാര്‍ഡിന്റെ മൂന്നാംനിലയിലേക്കു ബിന്ദു എത്തിയതെന്നാണു വിവരം. ഈ സമയത്താണു കെട്ടിടം തകര്‍ന്നുവീണത്. വിശ്രുതന്‍ നിര്‍മാണ തൊഴിലാളിയാണ്. മകള്‍ നവമി ആന്ധ്രയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ്. തകര്‍ന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍പ്പെട്ട ബിന്ദുവിനെ രണ്ടരമണിക്കൂറിനു ശേഷമാണു പുറത്തെടുത്തത്. അമ്മയെ കാണാനില്ലെന്നും ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും നവമി പറഞ്ഞതോടെയാണു ബിന്ദുവിനായി തിരച്ചില്‍ ആരംഭിച്ചത്. പുറത്തെടുത്തപ്പോള്‍ ബിന്ദുവിന് ബോധമില്ലായിരുന്നു. പിന്നാലെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.