‘1986 ല്‍ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ ഞാന്‍ കൊന്നതാണ്’; 39 വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തല്‍

‘1986 ല്‍ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ ഞാന്‍ കൊന്നതാണ്’; 39 വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തല്‍

മലപ്പുറം: പതിനാലാം വയസ്സില്‍ നടത്തിയ കൊലപാതകം 39 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസിനോട് ഏറ്റുപറഞ്ഞ് കീഴടങ്ങി മധ്യവയസ്‌കന്‍. മുഹമ്മദലി എന്ന 54കാരനാണ് മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കൊലപാതകം ഏറ്റുപറഞ്ഞത്. പ്രതിയെ കിട്ടിയതോടെ ഇനി മരിച്ചതാരെന്ന് കണ്ടെത്തേണ്ട ശ്രമകരമായ ദൗത്യത്തിലാണ് പൊലീസ്.

ജൂണ്‍ അഞ്ചിനാണ് മുഹമ്മദലി വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. ‘1986 ല്‍ കൂടരഞ്ഞിയിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ ഞാന്‍ കൊന്നതാണ്’. മുഹമ്മദലി പൊലീസിനെ അറിയിച്ചു. പൊലീസിനൊപ്പം കൂടരഞ്ഞിയില്‍ എത്തി എത്തി കൊല നടന്ന സ്ഥലവും കാണിച്ചുകൊടുത്തു.

മൂത്ത മകന്റെ മരണവും രണ്ടാമത്തെ മകന്റെ അപകടവും കഴിഞ്ഞപ്പോള്‍ കുറ്റബോധം കൊണ്ട് ഉറങ്ങാന്‍ പോലും പറ്റുന്നില്ലെന്ന് പറഞ്ഞാണ് മുഹമ്മദലി കൊലപാതകക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്. 1986 നവംബറിലായിരുന്നു സംഭവം. ദേവസ്യ എന്ന ആളുടെ പറമ്പില്‍ കൂലിപ്പണിക്കു നില്‍ക്കുമ്പോള്‍, തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ അടുത്തുള്ള തോട്ടിലേക്കു ചവിട്ടി വീഴ്ത്തി എന്നാണ് മൊഴി നല്‍കിയത്.

സ്ഥലത്തു നിന്നും ഓടിപ്പോയ മുഹമ്മദലി രണ്ടുദിവസം കഴിഞ്ഞാണ്, തോട്ടില്‍ വീണയാള്‍ മരിച്ചതായി അറിയുന്നത്. അപസ്മാരം ഉണ്ടായിരുന്ന ആളുടേത് സ്വാഭാവിക മരണമാകാം എന്ന നാട്ടുകാരുടേയും അഭിപ്രായം കണക്കിലെടുത്ത് പൊലീസും അത്തരത്തിലാണ് കേസെടുത്തത്. മരിച്ചയാളെ തിരിച്ചറിയാന്‍ ബന്ധുക്കളാരും എത്താതിരുന്നതോടെ അജ്ഞാതമൃതദേഹമായി സംസ്‌കരിക്കുകയും ചെയ്തു. 116/86 ആയി രജിസ്റ്റര്‍ ചെയ്തിരുന്ന കേസ് ഫയല്‍ പൊടിതട്ടിയെടുത്ത പൊലീസിന് ഇനി മരിച്ചത് ആരെന്ന് കണ്ടെത്തേണ്ട ദൗത്യമാണ് മുന്നിലുള്ളത്.

ആറ്റിങ്ങലിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനം തെന്നിവീണ് തെറിച്ചു വീണ യുവാവിന്റെ കയ്യിലൂടെ ടാങ്കർ ലോറി കയറി ഇറങ്ങി

ആറ്റിങ്ങലിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനം തെന്നിവീണ് തെറിച്ചു വീണ യുവാവിന്റെ കയ്യിലൂടെ ടാങ്കർ ലോറി കയറി ഇറങ്ങി

ആറ്റിങ്ങൽ: ദേശീയ പാതയിൽ ആറ്റിങ്ങൽ മൂന്നുമുക്കിനടുത്ത് ഓടിക്കൊണ്ടിരുന്ന ഇരുചക വാഹനം തെന്നിവീണ് റോഡിലേക്ക് തെറിച്ചു വീണ യുവാവിന്റെ കയ്യിലൂടെ പിന്നാലെ വന്ന ടാങ്കർ ലോറി കയറി ഇറങ്ങി. ഇന്ന് രാവിലെ 9 മണിയോടെ മൂന്നുമുക്ക് സിഗ്നൽ കഴിഞ്ഞ് തിരുവനന്തപുരം ഭാഗത്തേക്ക് പോയ യുവാവ് ഓടിച്ചിരുന്ന ഇരുചക്ര വാഹനമാണ് ഓടിക്കൊണ്ടിരിക്കെ തെന്നി വീണത്.

നഗരൂർ കോയിക്കമൂല തിരുവാതിരയിൽ അഭിഷേക് പ്രസാദിനാണ് (21) അപകടം സംഭവിച്ചത്. കൊച്ചിയിൽ നിന്നും സിമന്റ് കയറ്റി തിരുവനന്തപുരത്തേക്ക് പോയ ടാങ്കർ ലോറിയുടെ ചക്രങ്ങൾ യുവാവിന്റെ ഇടത് കയ്യിലൂടെ കയറി ഇറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാട് രാമനാഥപുരം സ്വദേശിയായ ഷണ്മുഖ സുന്ദരമാണ് ടാങ്കർ ലോറി ഓടിച്ചിരുന്നത്. അഭിഷേക് പ്രസാദ് ആറ്റിങ്ങൽ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥിയാണ്.

മണ്ണ് മാറ്റി തിരച്ചില്‍ നടത്താന്‍ പറഞ്ഞു; രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചില്ല; പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ ശ്രമമെന്ന് വിഎന്‍ വാസവന്‍

മണ്ണ് മാറ്റി തിരച്ചില്‍ നടത്താന്‍ പറഞ്ഞു; രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചില്ല; പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ ശ്രമമെന്ന് വിഎന്‍ വാസവന്‍

കോട്ടയം: മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ തിരച്ചില്‍ നടത്തുന്നത് സംബന്ധിച്ച് മന്ത്രിമാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി വിഎന്‍ വാസവന്‍. ഇത് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളാണ് നടക്കുന്നത്. തിരച്ചില്‍ നിര്‍ത്തിവച്ചു എന്നുപറയുന്നത് രാഷ്ട്രീയ ആരോപണമാണെന്നും വിവരം അറിഞ്ഞ ഉടന്‍ തന്നെ സ്ഥലത്തെത്തിയതായും മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു.

മണ്ണ് മാറ്റി തിരച്ചില്‍ നടത്തണമെന്ന നിര്‍ദേശം നല്‍കിയത് താനാണെന്നും വാസവന്‍ പറഞ്ഞു. അവിടെ നിന്ന് കിട്ടിയ വിവരം അനുസരിച്ചാണ് ഉപയോഗശൂന്യമായ കെട്ടിടമെന്ന് പറഞ്ഞതെന്നും വാസവന്‍ പറഞ്ഞു. മെഡിക്കല്‍ സൂപ്രണ്ടാണ് ആരോഗ്യമന്ത്രിയോട് ആ കെട്ടിടം ഉപയോഗിക്കാറില്ലെന്ന് പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രി അങ്ങനെ മാധ്യമങ്ങളോട് പറഞ്ഞത്. കോട്ടയം മെഡിക്കല്‍ സൂപ്രണ്ടിനെ അവിശ്വസിക്കേണ്ടതില്ല. അദ്ദേഹം അങ്ങനെ കള്ളം പറയുന്ന ഒരാളല്ല. ഇന്ന് വൈകീട്ട് ബിന്ദുവിന്റെ വീട്ടിലെത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്നലെ തന്നെ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ എംഎല്‍എയും പ്രവര്‍ത്തകരുമാണ് ആംബുലന്‍സിന് വിലങ്ങിട്ടത്. പ്രതിപക്ഷം സംഭവത്തില്‍ രാഷ്ട്രീയം കളിക്കുകയാണ്. പുരയ്ക്ക് തീപിടിക്കുമ്പോള്‍ വാഴ വെട്ടുകയെന്നതാണ് പലരുടെയും നിലപാടെന്നും മന്ത്രി പറഞ്ഞു.

സംഭവത്തിന് പിന്നാലെ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബവുമായി ആശയവിനിമയം നടത്തിയിരുന്നു. മൂന്ന് ഡിമാന്റുകളാണ് അവര്‍ ആവശ്യപ്പെട്ടത്. കുട്ടിയുടെ ചികിത്സ ഉറപ്പാക്കണം. കുടുംബത്തിന് ധനസഹായം വേണം, ഭാവിയെ സംബന്ധിച്ച സുരക്ഷിതത്വം എന്നിവയായിരുന്നു അവ. അക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അവരെ അറിയിക്കുകയും ചെയ്തതായും മന്ത്രി പറഞ്ഞു.

അതേസമയം, ബിന്ദുവിന്റെ മൃതദേഹം രാവിലെ എട്ടരയോടെ തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ബിന്ദുവിന്റെ മകള്‍ കഴുത്തില്‍ കോളര്‍ ധരിച്ചാണ് അമ്മയെ അവസാനമായി കാണാനെത്തിയത്. നാടിന്റെ നൊമ്പരമായി മാറിയ ബിന്ദുവിന്റെ കാണാന്‍ നൂറുക്കണക്കിന് ആളുകളാണ് വീട്ടിലേക്കെത്തുന്നത്. 11 മണിയോടെയാകും വീട്ടുവളപ്പില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടത്തുക.

മലപ്പുറത്ത് മരിച്ച 18 കാരിക്കും നിപ?; സാംപിള്‍ പൂനെയിലേക്ക് അയച്ചു; ചികിത്സയിലുള്ള യുവതിയുടെ നില ഗുരുതരം

മലപ്പുറത്ത് മരിച്ച 18 കാരിക്കും നിപ?; സാംപിള്‍ പൂനെയിലേക്ക് അയച്ചു; ചികിത്സയിലുള്ള യുവതിയുടെ നില ഗുരുതരം

കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 18 കാരിക്ക് നിപ ബാധയെന്ന് സംശയം. പ്രാഥമിക പരിശോധനയിലാണ് നിപ ബാധയെന്ന് കണ്ടെത്തിയത്. സ്ഥിരീകരണത്തിനായി സാംപിള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

കഴിഞ്ഞമാസം 28നാണ് പെണ്‍കുട്ടി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്. ഈ മാസം ഒന്നാം തീയതിയാണ് പെണ്‍കുട്ടിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. നിപ സംശയത്തെത്തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറും മറ്റ് ജീവനക്കാരും ക്വാറന്റീനില്‍ പ്രവേശിച്ചു.

അതേസമയം, നിപ ലക്ഷണങ്ങളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു. പൂനെ വൈറോളജി ലാബിലേക്ക് അയച്ച സാംപിള്‍ ഫലം ഇന്ന് വരും. കോഴിക്കോട് ബയോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവായിരുന്നു.

പാലക്കാട് നാട്ടുകല്‍ സ്വദേശിനിയായ 38കാരിയാണ് ചികിത്സയിലുള്ളത്. രോഗത്തിന്റെ ഉറവിടം വ്യക്തമല്ലെന്നാണ് വിവരം. രോഗിയുമായി സമ്പര്‍ക്കമുണ്ടായവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരികയാണ്.

‘മന്ത്രി പോയിട്ട് ഒരു എംഎൽഎ ആയിരിക്കാൻ അർഹതയില്ല’; വീണാ ജോർജിനെതിരെ വിമർശനവുമായി സിപിഎം നേതാവ്

‘മന്ത്രി പോയിട്ട് ഒരു എംഎൽഎ ആയിരിക്കാൻ അർഹതയില്ല’; വീണാ ജോർജിനെതിരെ വിമർശനവുമായി സിപിഎം നേതാവ്

പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളജ് അപകടത്തിന് പിന്നാലെ ആരോ​ഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ച് സിപിഎം പ്രാദേശിക നേതാവ്. ‘വീണാ ജോർജിന് മന്ത്രി പോയിട്ട് ഒരു എംഎൽഎ ആയിരിക്കാൻ അർഹതയില്ല. കൂടുതൽ പറയുന്നില്ല… പറയിപ്പിക്കരുത്.’ എന്നാണ് പത്തനംതിട്ട ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ പി ജെ ഫെയ്സ്ബുക്കിൽ കുറിച്ചത്. എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് കൂടിയാണ് ജോൺസൺ.

ദേഹാസ്വാസ്ഥ്യത്തെത്തുടർ‌ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആരോ​ഗ്യമന്ത്രിയെ മറ്റൊരു സിപിഎം നേതാവ് അഡ്വ. എൻ രാജീവ് പരോക്ഷമായി പരിഹസിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടു. ‘കുട്ടിയായിരിക്കെ താൻ ക്ലാസ് പരീക്ഷാ ദിവസം വയറുവേദന എന്ന കളവ് പറഞ്ഞു വീട്ടിൽ ഇരിക്കുമായിരുന്നു, അങ്ങനെ താൻ പരീക്ഷകളിൽ നിന്നും രക്ഷപ്പെട്ടു, ഇവിടെ ചോദ്യങ്ങളിൽ നിന്നും’ എന്നാണ് രാജീവിന്‍റെ പരിഹാസം.

മന്ത്രിയുടെ മണ്ഡലത്തിൽപ്പെട്ട ഇരവിപേരൂർ സിപിഎം ഏരിയാ കമ്മിറ്റിയംഗമാണ് എൻ രാജീവ്. പത്തനംതിട്ട സിഡബ്ല്യുസി മുൻ ചെയർമാൻ ആയിരുന്നു. അഡ്വക്കേറ്റ് പ്രതിയായ പത്തനംതിട്ട പോക്സോ കേസ് അട്ടിമറി ആരോപണത്തെത്തുടർന്ന് എൻ രാജീവിനെ സിഡബ്ല്യുസി ചെയർമാൻ സ്ഥാനത്തുനിന്ന് അടുത്തിടെ സസ്പെൻഡു ചെയ്തിരുന്നു.