ടി. തങ്കമ്മാൾ (82) അന്തരിച്ചു

ടി. തങ്കമ്മാൾ (82) അന്തരിച്ചു

ആറ്റിങ്ങൽ: പാലസ് റോഡ് ശിൽപാചാരി വിളാകത്ത് വീട്ടിൽ ടി തങ്കമ്മാൾ (82) അന്തരിച്ചു. പരേതനായ പി തങ്കപ്പൻ ആചാരിയുടെ ഭാര്യയാണ്.

മക്കൾ: പുഷ്പലത, ശിവകുമാർ (ധനലക്ഷ്മി ജ്വല്ലറി കച്ചേരി ജംഗ്ഷൻ ആറ്റിങ്ങൽ), സുരേഷ് കുമാർ (ധനലക്ഷ്മി ജ്വല്ലറി), ബിന്ദു.
മരുമക്കൾ: പരേതനായ ശിവകുമാർ (ചെന്നൈ), സിന്ധു ശിവകുമാർ, രാജശ്രീ സുരേഷ്, സുന്ദരം ആചാരി (വിഴിഞ്ഞം).

കര്‍ണാടക വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയം

കര്‍ണാടക വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയം

കല്‍പ്പറ്റ: വയനാട്ടില്‍ മഴ ശക്തമായി തുടരുന്നു. കനത്ത മഴയില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കല്ലൂര്‍ പുഴ കരകവിഞ്ഞു. പുഴംകുനി ഉന്നതിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. മുന്‍ കരുതലെന്ന നിലയിലാണ് കുട്ടികളടക്കം എട്ട് പേരെയാണ് തിരുവണ്ണൂര്‍ അങ്കണവാടിയിലേക്ക് മാറ്റിയത്. രാത്രി പതിനൊന്നരയോടെ നൂല്‍പ്പുഴ പഞ്ചായത്ത് അധികൃതരും പൊലിസുമെത്തിയാണ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കണ്ണൂര്‍ വളപട്ടണം പുഴയുടെ കരയില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. കര്‍ണാടക വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയിക്കുന്നതിനാലും കൂട്ടുപുഴ ഭാഗത്ത് പുഴയിലെ ജലനിരപ്പ് വര്‍ധിക്കുന്നതിനാലും പഴശ്ശി ബാരേജിലെ ഷട്ടറുകള്‍ ഏത് സമയവും ക്രമീകരിക്കേണ്ടി വരുന്നതിനാലും വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇരിട്ടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് പഴശ്ശി ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചത്.

തീവ്രമഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. കേരളാ തീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും കടലേറ്റത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി. മറ്റന്നാള്‍ വരെ മഴ തുടര്‍ന്നേക്കും.

നാലു വയസുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലി ഒടുവില്‍ കെണിയില്‍

നാലു വയസുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലി ഒടുവില്‍ കെണിയില്‍

തൃശൂര്‍: വാല്‍പ്പാറയില്‍ നാലു വയസുകാരിയെ ആക്രമിച്ച് കൊലപ്പെടുത്തിയ നരഭോജി പുലി കെണിയില്‍ കുടുങ്ങി. പച്ച മല എസ്‌റേറ്റിന് സമീപത്ത് വനം വകുപ്പ് വച്ച കെണിയിലാണ് പുലി കുടുങ്ങിയത്.

കഴിഞ്ഞദിവസമാണ് വീടിന് മുന്‍പില്‍ കളിക്കുകയായിരുന്ന നാലു വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് നാട്ടില്‍ ഭീതി പരത്തിയ പുലിയെ കെണിയിലാക്കാന്‍ കൂട് സ്ഥാപിച്ചത്.

എസ്റ്റേറ്റ് ലയത്തില്‍ നിന്ന് 300 മീറ്റര്‍ മാറി കാട്ടില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലി ആക്രമിച്ചശേഷം ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്. വ്യാപക തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകളാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നാലുവയസുകാരിക്കുനേരെ പുലിയുടെ ആക്രമണം ഉണ്ടായത്. നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാല്‍പ്പാറ.

എല്ലാ ലിഫ്റ്റും സുരക്ഷിതമാകില്ല!, അപകടത്തിലേക്ക് നയിച്ചേക്കാം; വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ്

എല്ലാ ലിഫ്റ്റും സുരക്ഷിതമാകില്ല!, അപകടത്തിലേക്ക് നയിച്ചേക്കാം; വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പോകുന്ന സമയത്തും തിരികെ വീട്ടില്‍ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്. പക്ഷേ, ഇത് ചിലപ്പോള്‍ ഒരു അപകടത്തിലേക്ക് നയിക്കാമെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി.

‘വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തില്‍ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തില്‍ കലാശിക്കാനുള്ള സാധ്യത ഏറെയാണ്. അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നവര്‍, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവര്‍, മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ , മയക്കു മരുന്ന് ഉപയോഗിക്കുന്നവര്‍ / കടത്തുന്നവര്‍, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവര്‍, കുട്ടികളോട് മോശമായി പെരുമാറുന്നവര്‍, മറ്റു ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോള്‍ നിങ്ങള്‍ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകള്‍ അനവധിയാണ്. അതിനാല്‍ കഴിവതും അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക.’- മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം.

വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പോകുന്ന സമയത്തും തിരികെ വീട്ടില്‍ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്.പക്ഷേ, ഇത് ചിലപ്പോള്‍ ഒരു അപകടത്തിലേക്ക് നയിക്കാം.

വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തില്‍ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തില്‍ കലാശിക്കാനുള്ള സാധ്യത ഏറെയാണ്.

അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നവര്‍, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവര്‍,

മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ , മയക്കു മരുന്ന് ഉപയോഗിക്കുന്നവര്‍ / കടത്തുന്നവര്‍, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവര്‍, കുട്ടികളോട് മോശമായി പെരുമാറുന്നവര്‍, മറ്റു ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോള്‍ നിങ്ങള്‍ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകള്‍ അനവധിയാണ്…

അതിനാല്‍ കഴിവതും അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക.

അപരിചതരായ വ്യക്തികള്‍ അവരുടെ വാഹനത്തില്‍ ലിഫ്റ്റ് തന്നാലും,നിങ്ങളോട് കയറാന്‍ നിര്‍ബന്ധിച്ചാലും അത്തരം അവസരങ്ങള്‍ ഒഴിവാക്കുക….

സ്‌കൂള്‍ ബസുകള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍ എന്നിവ പരമാവധി ഉപയോഗിക്കുക.

നടന്നു പോകാവുന്ന ദൂരം, റോഡിന്റെ വലതു വശം ചേര്‍ന്ന്, കരുതലോടെ നടക്കുക.നടത്തം ആരോഗ്യത്തിനും നല്ലതാണ്.

സ്‌കൂള്‍ യാത്രകള്‍ക്ക് മാത്രമല്ല, എല്ലാ യാത്രകള്‍ക്കും ഇത് ബാധകമാണ്….

യാത്രകള്‍ അപകട രഹിതമാക്കാന്‍ നമുക്ക് ശ്രദ്ധയോടും കരുതലോടും കൂടി മുന്നോട്ട് പോകാം…

അമ്മയെ മകന്‍ തീ കൊളുത്തി കൊന്നു; അയല്‍വാസിയേയും ആക്രമിച്ചു

അമ്മയെ മകന്‍ തീ കൊളുത്തി കൊന്നു; അയല്‍വാസിയേയും ആക്രമിച്ചു

കാസര്‍കോട്: മഞ്ചേശ്വരത്ത് അമ്മയെ മകന്‍ തീ കൊളുത്തി കൊലപ്പെടുത്തി. വോര്‍ക്കാട് സ്വദേശി ഫില്‍ഡ ഡിസൂസ (60) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെയാണ് സംഭവം. പ്രതി മെല്‍വിന്‍ ഒളിവിലാണ്. അമ്മ ഉറങ്ങിക്കിടക്കുന്നതിനിടെ മകന്‍ തീ കൊളുത്തുകയായിരുന്നു എന്നാണ് വിവരം. അമ്മയെ കൊലപ്പെടുത്തിയ ശേഷം അയല്‍വാസിയായ ലോലിതയേയും പ്രതി ആക്രമിച്ചു. പൊള്ളലേറ്റ ലോലിത ചികിത്സയിലാണ്.

അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് പ്രതി ലോലിതയെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ ദേഹത്തേക്ക് വസ്ത്രങ്ങള്‍ കൂട്ടിയിട്ട് തീ കൊളുത്തുകയായിരുന്നു. ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ആക്രമണ കാരണം വ്യക്തമല്ല.