by Midhun HP News | Sep 23, 2026 | Latest News
തിരുവനന്തപുരം: കേരള സീനിയര്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി സ്വപ്‌നില്‍ അസ്‌നോദ്കറെ നിയമിച്ചു. ഗോവ സ്വദേശിയായ സ്വപ്‌നില്‍ അസ്‌നോദ്കര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഗോവയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. വലം കയ്യന്‍ ഓപ്പണിങ് ബാറ്ററാണ്.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയും സ്വപ്‌നില്‍ കളിച്ചിട്ടുണ്ട്. നേരത്തെ കേരള അണ്ടര്‍-23 ടീമിന്റെ മുഖ്യ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ പരിചയസമ്പത്ത് പരിഗണിച്ചാണ് സീനിയര്‍ ടീം മുഖ്യ പരിശീലകനായി സ്വപ്‌നിലിനെ നിയമിച്ചത്.

സീനിയര്‍ വനിതാ ടീം പരിശീലകയായി ദേവിക പല്‍ശികര്‍ തുടരും. കഴിഞ്ഞ രണ്ട് സീസണുകളിലും കേരള വനിതാ ടീമിന്റെ മുഖ്യ പരിശീലകയായിരുന്നു ദേവിക. അണ്ടര്‍ 19 വനിതാ ടീം പരിശീലകയായും കെസിഎ വനിതാ അക്കാദമിയുടെ മെന്ററായും മുന്‍ ഇന്ത്യന്‍ താരം കരുണ ജെയിനിനെയും നിയമിച്ചു.2026-27 സീസണിലേക്കുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റികളെയും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. സീനിയര്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി കേരളത്തിന്റെ മികച്ച ബാറ്റര്‍മാരില്‍ ഒരാളായിരുന്ന രോഹന്‍ പ്രേമിനെ നിയമിച്ചു വി എ ജഗദീഷ്, അന്താഫ് പിയു എന്നിവര്‍ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളാണ്.


by Midhun HP News | Sep 23, 2026 | Latest News
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയം രൂപീകരിക്കുന്നതിനു മുന്നോടിയായി സര്‍ക്കാര്‍ ചര്‍ച്ചകളിലേക്ക് കടക്കുന്നു. ആദ്യദിവസം മദ്യവിരുദ്ധ സമിതികളുമായി എക്‌സൈസ് മന്ത്രി എം ലിജു ചര്‍ച്ച നടത്തും. രാവിലെ 11.30 ന് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച. ഇതാദ്യമായാണ് മദ്യനയത്തിന് മുന്നോടിയായി മദ്യ വിരുദ്ധ സമിതികളുമായി ചര്‍ച്ച നടത്തുന്നത്.

ഈ മാസം 25 ന് ബാര്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് തിങ്കളാഴ്ച മുന്‍ എക്‌സൈസ് മന്ത്രിമാരുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഈ മാസം 28 വരെയാണ് ചര്‍ച്ചകള്‍ക്ക് സമയം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അതു കഴിഞ്ഞും വിവിധ കക്ഷികളുമായി ചര്‍ച്ച നീളുമെന്നാണ് സൂചന.

പൊതുജനങ്ങള്‍ക്ക് ഇ മെയില്‍ വഴി എക്‌സൈസ് മന്ത്രിയെ അഭിപ്രായം അറിയിക്കാനും അവസരമുണ്ട്. ജനങ്ങള്‍ക്ക് മന്ത്രിയെ നേരിട്ട് അഭിപ്രായം അറിയിക്കാനുള്ള അവസരം ഉണ്ടാകുന്നത് ഇതാദ്യമായിട്ടാണ്. വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വീര്യം കുറഞ്ഞ മദ്യം വില്‍ക്കണോ എന്നതില്‍ യുഡിഎഫ് തീരുമാനം വരേണ്ടതുണ്ട്.


by Midhun HP News | Sep 23, 2026 | Latest News
തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണം ബംപര്‍ 2026 ഭാഗ്യക്കുറി വില്‍പന തകൃതി. ഈ 26ന് ഓണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് നടക്കാനിരിക്കെ വില്‍പന കുതിക്കുകയാണ്. നറുക്കെടുപ്പിന് 4 ദിവസം ബാക്കിനില്‍ക്കെ 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. സര്‍ക്കാരിന് 438 കോടി രൂപയുടെ നേട്ടമാണ് ഓണം ബമ്പറിലൂടെ ഉണ്ടായിരിക്കുന്നത്.

90 ലക്ഷം ടിക്കറ്റുകളുടെ വില്‍പ്പന ലക്ഷ്യമിട്ട് ജൂലൈ 20നാണ് തിരുവോണം ബംപര്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. അംഗീകൃത ലോട്ടറി ഏജന്റുമാരും വില്‍പ്പനക്കാരും മുഖേന സംസ്ഥാനത്ത് ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുകയാണ്.
30 കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുമ്പോള്‍ രണ്ടാം സമ്മാനം ലഭിക്കുന്ന 20 പേര്‍ക്ക് ഒരു കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 20 പേര്‍ക്ക് കാല്‍ക്കോടി രൂപ ലഭിക്കും. ആകെ 5,34,670 സമ്മാനങ്ങളാണ് ഇത്തവണയും നല്‍കുക. ഓണം ബംപര്‍ ലോട്ടറി സമ്മാനമായി ആകെ നല്‍കേണ്ടത് 125.54 കോടി രൂപയാണ്. ലോട്ടറി ഏജന്‍സി കമ്മീഷനായി 12.55 കോടി രൂപയും കൂട്ടിയാല്‍ 138.09 കോടി രൂപയാകും ഇത്.

2025ല്‍ ഓണം ബമ്പര്‍ ഒന്നാം സമ്മാനം 25 കോടി രൂപയായിരുന്നുവെങ്കില്‍ ഈ വര്‍ഷം ബംപര്‍ സമ്മാനത്തുക 30 കോടി രൂപയാക്കി ഉയര്‍ത്തി. എന്നാല്‍ ടിക്കറ്റ് തുകയായ 500 രൂപയില്‍ മാറ്റം വരുത്തിയില്ല. സമ്മാനത്തുക ഇത്തവണ ഉയര്‍ന്നതോടെ ടിക്കറ്റ് വില്‍പ്പനയില്‍ കുതിപ്പ് തുടരുകയായിരുന്നു. സമ്മാനത്തുക 30 കോടി രൂപയായി വര്‍ധിപ്പിച്ചതും കൂടുതല്‍ പേര്‍ക്ക് സമ്മാനം ലഭിക്കുന്ന തരത്തില്‍ സമ്മാനക്രമം പരിഷ്‌കരിക്കുകയും ചെയ്തത് വില്‍പ്പന വര്‍ധിപ്പിച്ചു.


by Midhun HP News | Sep 23, 2026 | Latest News
മുംബൈ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ടാം ഘട്ട ത്രിദിന പണിമുടക്ക് തിങ്കളാഴ്ച മുതല്‍. 27 ഞായറാഴ്ചയാണ്. 26 നാലാം ശനിയാഴ്ച ആയതിനാല്‍ അന്നും ബാങ്ക് അവധിയാണ്. ചുരുക്കത്തില്‍ വരുന്ന ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള അഞ്ചു ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. അതിനാല്‍ സേവനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ ഇടപാടുകള്‍ വരുംദിവസങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അവധി ദിവസങ്ങളിലും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് തടസ്സമില്ല.

ബെഫി, എഐബിഇഎ, എഐബിഒസി, എന്‍സിബിഇ അടക്കം രാജ്യത്തെ 7 യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയുവാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 11നും യുഎഫ്ബിയു പണിമുടക്ക് നടത്തിയിരുന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ത്രിദിന പണിമുടക്കിന് യുഎഫ്ബിയു ആഹ്വാനം ചെയ്തത്. സെപ്റ്റംബര്‍ 26നാണ് ഈ ആഴ്ച അവസാനമായി ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.
തുടര്‍ച്ചയായി അഞ്ചുദിവസം ബാങ്കുകളുടെ പ്രവര്‍ത്തനം ഭാഗികമായെങ്കിലും തടസ്സപ്പെടുമെന്നതിനാല്‍ അത്യാവശ്യ ഇടപാടുകള്‍ നേരത്തെയാക്കണമെന്ന് പ്രമുഖ പൊതുമേഖല ബാങ്ക് ആയ എസ്ബിഐ അറിയിച്ചു. അടിയന്തര ഇടപാടുകള്‍ വെള്ളിയാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാനും എസ്ബിഐ നിര്‍ദേശിച്ചു. റിസര്‍വ് ബാങ്ക്, സെബി തുടങ്ങിയ സാമ്പത്തിക സ്ഥാപനങ്ങളുടെ മാതൃകയില്‍ രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തിദിനവും ആഴ്ചയില്‍ 5 ദിവസമാക്കണമെന്ന ആവശ്യമുന്നയിച്ചാണ് ജീവനക്കാരുടെ പണിമുടക്ക്. ഇക്കാര്യം ഇതുവരെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. വിശാലമായ കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനിക്കേണ്ട വിഷയമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.

2024 മാര്‍ച്ചില്‍ തന്നെ, പ്രവൃത്തിദിനം 5 ആക്കാനായി ബാങ്ക് മാനേജ്മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ (ഐബിഎ) തീരുമാനമെടുത്തിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടി ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്ര ലേബര്‍ കമ്മിഷണറുമായി യൂണിയനുകളുടെ അടുത്ത യോഗം ഒക്ടോബര്‍ 15നാണ്. ഇതില്‍ പരിഹാരം കാണാനായില്ലെങ്കില്‍ ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്നാണ് സംഘടനകള്‍ പറയുന്നത്.


by Midhun HP News | Sep 23, 2026 | Latest News
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധിത അവധി നല്‍കാന്‍ നിര്‍ദേശം. ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ലക്ഷ്യമിട്ട് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയന്‍ ആണ് നിര്‍ദേശം നല്‍കിയത്. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ (എസ്എച്ച്ഒ) ഉള്‍പ്പെടെ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധിത അവധി നല്‍കണമെന്ന് അദ്ദേഹം ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.

അടിയന്തര സേവനങ്ങളുടെ സ്വഭാവം പരിഗണിച്ച് എല്ലാവര്‍ക്കും കൃത്യമായി അവധി ലഭിക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവികള്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. പൊലീസുകാരുടെ ഓരോ ആഴ്ചയിലെയും അവധി മുന്‍കൂട്ടി തന്നെ ഡ്യൂട്ടി രജിസ്റ്ററില്‍ രേഖപ്പെടുത്തണം. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും വ്യക്തിപരമായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

കുടുംബവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അവസരങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കണം. വളരെ അടിയന്തരവും അത്യന്താപേക്ഷിതവുമായ സാഹചര്യങ്ങളില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹതപ്പെട്ട ആ ആഴ്ചയിലെ അവധി നിഷേധിക്കാന്‍ പാടില്ലെന്നും എഡിജിപി സര്‍ക്കുലറില്‍ പറയുന്നു.


Recent Comments