by Midhun HP News | Jul 15, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ.മോഡൽ വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂളിൽ സുവോളജി എച്ച് എസ് എസ് ടിയുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2026 ജൂലൈ 16 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ വച്ച് അഭിമുഖം നടത്തുന്നു. സർട്ടിഫിക്കറ്റ് പകർപ്പും സിവിയുമായി ഉദ്യോഗാർത്ഥികൾ ഹാജരാകേണ്ടതാണെന്ന് സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു.

by Midhun HP News | Jul 15, 2026 | Latest News, ജില്ലാ വാർത്ത
ബ്രിസ്‌ബെയ്ന്‍: ഓസ്ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. ജൈഡന്‍ ജോ സാനി (17) ആണ് മരിച്ചത്. ക്വീന്‍സ്ലന്‍ഡിലെ ലാസീ ക്രീക്കില്‍ ജൂലൈ 12ന് ഉച്ചയ്ക്ക് 12.15-ഓടെയായിരുന്നു അപകടം. മാതാപിതാക്കള്‍: ജോ സാനി, ട്രീസ സിജോ.
ജൈഡന്‍ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് ബൈക്ക് എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജൈഡനെ എയര്‍ ആംബുലന്‍സില്‍ റോയല്‍ ബ്രിസ്‌ബെയ്ന്‍ ആന്‍ഡ് വിമന്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി.
അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന 55കാരന് പരുക്കേറ്റിട്ടില്ല. അപകടത്തില്‍ ക്വീന്‍സ്ലന്‍ഡ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

by Midhun HP News | Jul 15, 2026 | Latest News, കേരളം
മലപ്പുറം: കടല തൊണ്ടയില്‍ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുള്ള കുഞ്ഞ് മരിച്ചു. മലപ്പുറം കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങല്‍ വെല്ലക്കാടന്‍ മുനീറിന്റെ മകന്‍ മുഹമ്മദ് റിസാന്‍ ആണ് മരിച്ചത്. മിക്സ്ചറിലെ കടലയാണ് തൊണ്ടയില്‍ കുടുങ്ങിയത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. കടല തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസം നേരിട്ട കുട്ടിയെ ഉടന്‍ തന്നെ കുന്നുംപുറത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

by Midhun HP News | Jul 15, 2026 | Latest News, കേരളം
തിരുവനന്തപുരം: യുഡിഎഫിൻറെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ‘പ്രിയദർശിനി’ സൗജന്യ വനിതാ ബസ് സർവീസ് പദ്ധതി ഒരു മാസം പൂർത്തിയാക്കുമ്പോൾ വൻ വിജയമെന്ന് വിലയിരുത്തൽ . സാധാരണക്കാരായ സ്ത്രീകളുടെയും തൊഴിലാളികളുടെയും ജീവിതത്തിൽ വലിയ സാമ്പത്തിക മാറ്റങ്ങൾ ഉണ്ടാക്കാൻ പദ്ധതിക്ക് കഴിഞ്ഞെന്നാണ് ഗതാഗത വകുപ്പിന്റെ പ്രാഥമിക നിഗമനം. എന്നാൽ പദ്ധതി നടപ്പിലായതോടെ സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധിയിലായ സാഹചര്യത്തിൽ ഇവരുടെ പ്രശ്നങ്ങൾ പഠിക്കാൻ റിട്ട. ഡിജിപി പത്മകുമാർ ഐപിഎസ് അധ്യക്ഷനായ അഞ്ചംഗ സമിതിയെ നിയോഗിച്ചതായും സർക്കാർ വ്യക്തമാക്കുന്നു.

കുടുംബ ബജറ്റുകളിൽ വലിയ മാറ്റം; യാത്രാക്കൂലി ലാഭം
പദ്ധതി വിജയകരമായി ഒരു മാസം പിന്നിടുമ്പോൾ സാധാരണക്കാരായ വനിതകളുടെ ജീവിത നിലവാരത്തിൽ വലിയ മാറ്റമാണുണ്ടായതെന്ന് ഗതാഗത മന്ത്രി സിപി ജോൺ അവകാശപ്പെട്ടു. പ്രത്യേകിച്ച് പ്രതിമാസം 8,000 മുതൽ 12,000 രൂപ വരെ വരുമാനമുള്ള സാധാരണക്കാരായ സ്ത്രീ തൊഴിലാളികൾക്ക് യാത്രാക്കൂലി ഇനത്തിൽ വലിയ തുക ലാഭിക്കാൻ കഴിയുന്നുണ്ട്. ഇത് അവരുടെ യഥാർത്ഥ വരുമാനത്തിൽ 20 മുതൽ 30 ശതമാനം വരെയുള്ള വർദ്ധനവിന് തുല്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അർബുദ, കരൾ രോഗ ബാധിതരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രികളിലേക്കുള്ള യാത്രയ്ക്ക് ഈ പദ്ധതി വലിയ ആശ്വാസമാണ് നൽകുന്നത്.
തുടക്കത്തിൽ പ്രതിപക്ഷം ഉദ്ഘാടന ചടങ്ങുകൾ ബഹിഷ്‌കരിച്ചെങ്കിലും പദ്ധതിയുടെ ജനപ്രീതി കാരണം യുഡിഎഫോ ബിജെപിയോ ഇപ്പോൾ ഇതിനെതിരായ നിലപാടുകൾ സ്വീകരിക്കുന്നില്ലെന്നത് തങ്ങൾക്ക് സംതൃപ്തി നൽകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ബഡ്ജറ്റിൽ ഇതിനായി 600 കോടി രൂപ പ്രത്യേക ഫണ്ടായി നീക്കിവെച്ചിട്ടുള്ളതിനാൽ കെഎസ്ആർടിസിക്ക് ഇത് അധിക സാമ്പത്തിക ബാധ്യതയാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തൽക്കാലം പുതിയ സർവീസുകളില്ല; തിരക്ക് വിജയത്തിന്റെ വില
‘പ്രിയദർശിനി’ ബസുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ നിലവിലുള്ള പദ്ധതി കൂടുതൽ സുസ്ഥിരമാക്കുക എന്നതാണ് ഗതാഗത വകുപ്പിന്റെ ലക്ഷ്യമെന്നും തൽക്കാലം കൂടുതൽ പുതിയ ബസുകൾ അനുവദിക്കാനോ സർവീസുകൾ വിപുലീകരിക്കാനോ പദ്ധതിയില്ലെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ 3,165 ഓർഡിനറി ബസുകളാണ് പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുന്നത്. ബസുകളിലെ അമിത തിരക്ക് വിജയത്തിന്റെ ഭാഗമായുണ്ടാകുന്ന സ്വാഭാവിക ബുദ്ധിമുട്ടുകൾ മാത്രമാണെന്നാണ് വിലയിരുത്തൽ.
വയനാട് ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ പ്രിയദർശിനി സർവീസുകൾക്ക് വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്. യാത്രാക്കൂലി ഇനത്തിൽ വലിയ തുക ലാഭിക്കാൻ കഴിയുന്നത് വലിയ സഹായമാണെന്ന് യാത്രക്കാർ പറയുന്നുണ്ടെങ്കിലും, രാവിലെകളിലുള്ള തിരക്ക് യാത്ര ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും വിദ്യാർത്ഥികളും സ്ഥിരം യാത്രക്കാരും വ്യക്തമാക്കുന്നു.
വിലക്കയറ്റവും വരുമാന നഷ്ടവും; സ്വകാര്യ ബസ് ഉടമകൾ പ്രതിസന്ധിയിൽ
പദ്ധതി വൻ വിജയമാണെങ്കിലും ഇതിന്റെ മറുവശത്ത് സ്വകാര്യ ബസ് മേഖല വലിയ തകർച്ചയെയാണ് നേരിടുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രിയദർശിനി ബസുകളുടെ തൊട്ടു മുൻപോ പിൻപോ ഓടുന്ന സ്വകാര്യ ബസുകളിലെ വരുമാനത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പല ഉടമകളും ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാതെ സർവീസുകൾ നിർത്തലാക്കേണ്ട അവസ്ഥയിലാണ്.
സ്വകാര്യ ബസ് ഉടമകളെ പൊതുഗതാഗത രംഗത്തെ നിക്ഷേപകരായാണ് ഗതാഗത വകുപ്പ് കാണുന്നതെന്നും അവരുടെ പ്രശ്നങ്ങൾ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്നും ഗതാഗത മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രിയും സ്വകാര്യ ബസ് ഉടമകളും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ സമരത്തിൽ നിന്നും തൽക്കാലം പിൻവാങ്ങാമെന്ന നിലപാടിലേക്ക് ബസുടകമൾ എത്തിയതൊഴിച്ചാൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. പ്രശ്നങ്ങൾ പഠിക്കുന്നതിനായി ഗതാഗത വകുപ്പ് സെക്രട്ടറി അനുപമ ഐ.എ.എസ്, ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു എന്നിവരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
ഇതിന്റെ തുടർച്ചയായിട്ടാണ് മുൻ ട്രാൻസ്പോർട്ട് കമ്മീഷണർ പത്മകുമാർ ഐപിഎസ് അധ്യക്ഷനും നട്പാക് മുൻ ഡയറക്ടർ ശ്രീദേവി അംഗവുമായ അഞ്ചംഗ സമിതി രൂപീകരിച്ചത്. ഈ സമിതി കൃത്യമായി പരിശോധന നടത്തി, സ്വകാര്യ ബസുകൾ തിസന്ധി നേരിടുന്ന റൂട്ടുകൾ കണ്ടെത്തി അടിയന്തിര റിപ്പോർട്ട് സമർപ്പിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നുമാണ് മന്ത്രി നൽകിയിട്ടുള്ള ഉറപ്പ്. എന്നാൽ ഇത് വൈകരുതെന്നും റിപ്പോർട്ട് ലഭിച്ച് നടപടിയിലേക്ക് നീങ്ങുമ്പോഴേക്കും പകുതിയിലധികം ബസുകൾ ഓട്ടം അവസാനിപ്പിക്കേണ്ട അവസ്ഥയിലെത്തുമെന്നും ബസുടകമൾ മുന്നറിയിപ്പ് നൽകിയിരുന്നു.

by Midhun HP News | Jul 15, 2026 | Latest News, കേരളം
പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ജൂലൈ 17 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ് വകുപ്പ് വെബ്‌സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ എന്നിവ മുഖേനയാണ് അപേക്ഷിക്കേണ്ടത്.
തദ്ദേശ സ്വയംഭരണ സെക്രട്ടറി നല്‍കുന്ന ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍, മാരക രോഗമുള്ളവര്‍, പട്ടികജാതി വിഭാഗക്കാര്‍,പരമ്പരാഗത മേഖലയില്‍ തൊഴിലെടുക്കുന്നവര്‍, നിര്‍ധന ഭൂരഹിത ഭവനരഹിതര്‍, സര്‍ക്കാര്‍ ധനസഹായത്തോടെ ലഭ്യമായ വീടുള്ളവര്‍ (ലക്ഷംവീട്, ഇ.എം.എസ് ഭവന പദ്ധതി, ഇന്ദിര ആവാസ് യോജന പദ്ധതി, പട്ടികജാതി/പട്ടികവര്‍ഗ ഉന്നതികള്‍ തുടങ്ങിയവ), ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ഇവര്‍ അപേക്ഷയില്‍ ഈ വിവരം നല്‍കുന്നതോടൊപ്പം ബന്ധപ്പെട്ട രേഖകളും സമര്‍പ്പിക്കണം.
1000 ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുള്ള വീട്, ഒരേക്കറിലധികം ഭൂമി, സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖല/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍ (പാര്‍ട്ട് ടൈം ജീവനക്കാര്‍, താല്‍ക്കാലിക ജീവനക്കാര്‍, ക്ലാസ് ഫോര്‍ തസ്തികയില്‍ പെന്‍ഷനായവര്‍, 5000 രൂപയില്‍ താഴെ
പെന്‍ഷന്‍ വാങ്ങുന്നവര്‍, 10000 രൂപയില്‍ താഴെ സ്വാതന്ത്ര്യ സമര പെന്‍ഷന്‍ വാങ്ങുന്നവര്‍ ഒഴികെ), ആദായനികുതി ദാതാക്കള്‍,കുടുംബത്തിന്റെ പ്രതിമാസ വരുമാനം 25,000 രൂപയിലധികമുള്ളവര്‍, നാലുചക്ര വാഹനം സ്വന്തമായുള്ളവര്‍ (ഏക ഉപജീവന മാര്‍ഗമായ ടാക്‌സി ഒഴികെ), കൂടുംബത്തില്‍ ആര്‍ക്കെങ്കിലും വിദേശ ജോലിയില്‍നിന്നോ സ്വകാര്യ സ്ഥാപനത്തിലെ ജോലിയില്‍ നിന്നോ പ്രതിമാസം 25000 രൂപയിലധികം വരുമാനമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡിന് അര്‍ഹത ഉണ്ടാകില്ല.
സംശയ നിവാരണത്തിന് അതത് താലൂക്ക് സപ്ലൈ/സിറ്റി റേഷനിങ് ഓഫീസുമായി ബന്ധപ്പെടാം.
Recent Comments