പൊലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരുദിവസം നിര്‍ബന്ധിത അവധി; നിര്‍ദേശവുമായി എഡിജിപി

പൊലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരുദിവസം നിര്‍ബന്ധിത അവധി; നിര്‍ദേശവുമായി എഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധിത അവധി നല്‍കാന്‍ നിര്‍ദേശം. ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ലക്ഷ്യമിട്ട് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയന്‍ ആണ് നിര്‍ദേശം നല്‍കിയത്. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ (എസ്എച്ച്ഒ) ഉള്‍പ്പെടെ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധിത അവധി നല്‍കണമെന്ന് അദ്ദേഹം ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.

അടിയന്തര സേവനങ്ങളുടെ സ്വഭാവം പരിഗണിച്ച് എല്ലാവര്‍ക്കും കൃത്യമായി അവധി ലഭിക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവികള്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. പൊലീസുകാരുടെ ഓരോ ആഴ്ചയിലെയും അവധി മുന്‍കൂട്ടി തന്നെ ഡ്യൂട്ടി രജിസ്റ്ററില്‍ രേഖപ്പെടുത്തണം. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും വ്യക്തിപരമായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

കുടുംബവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അവസരങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കണം. വളരെ അടിയന്തരവും അത്യന്താപേക്ഷിതവുമായ സാഹചര്യങ്ങളില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹതപ്പെട്ട ആ ആഴ്ചയിലെ അവധി നിഷേധിക്കാന്‍ പാടില്ലെന്നും എഡിജിപി സര്‍ക്കുലറില്‍ പറയുന്നു.

വീണ്ടും ആനക്കലി; ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

വീണ്ടും ആനക്കലി; ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

കുമളി: ഇടുക്കി പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഇടുക്കി പൂപ്പാറ സ്വദേശി പി വി വിജയന്‍ (47) ആണ് ചക്കക്കൊമ്പന്‍ എന്ന കൊമ്പന്റെ ആക്രമണത്തില്‍ മരിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കൃഷിയിടത്തില്‍ കാവല്‍ ഇരുന്ന ശേഷം വീട്ടിലേക്ക് പോകുന്ന വഴിയാണ് ചക്കക്കൊമ്പന്‍ വിജയനെ ആക്രമിച്ചത്. നാലുമാസത്തിനിടെ നാലാമത്തെയാള്‍ക്കാണ് പൂപ്പാറയില്‍ ഇത്തരത്തില്‍ കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നത്.

ചക്കക്കൊമ്പന്‍ ജനവാസ മേഖലയില്‍ ഇറങ്ങി ആക്രമണം നടത്തുന്നത് പതിവാണ്. ചക്കക്കൊമ്പന്‍ ആണ് വിജയനെ ആക്രമിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിക്കേണ്ടതുണ്ട്.

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചി: ബ്രസീലിലെ ചൂരമീനില്‍ വിരകള്‍ കണ്ടെത്തിയെന്ന വാര്‍ത്തകളുടെ പേരില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമാണെന്നും സിഎംഎഫ്ആര്‍ഐ വ്യക്തമാക്കി.

ഇന്ത്യന്‍ തീരങ്ങളിലെ ചൂര ഉള്‍പ്പെടെയുള്ള മത്സ്യങ്ങളെ സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍ കൃത്യമായി നിരീക്ഷിക്കാറുണ്ട്. ഇവയില്‍ മനുഷ്യര്‍ക്ക് ഹാനികരമാകുന്ന തരത്തിലുള്ള ജീവികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു.

കടലിലെ പാരിസ്ഥിതിക സാഹചര്യങ്ങള്‍, മറ്റു ജീവികളുടെ സാന്നിധ്യം എന്നിവയെ ആശ്രയിച്ചാണ് ഓരോ പ്രദേശത്തെയും മത്സ്യങ്ങളില്‍ പരാദ ജീവികളുടെ സാന്നിധ്യം കാണുന്നത്. ശരിയായ രീതിയില്‍ വൃത്തിയാക്കി വേവിച്ച് ഉപയോഗിച്ചാല്‍ മത്സ്യത്തിന്റെ പോഷകഗുണങ്ങള്‍ സുരക്ഷിതമായി പ്രയോജനപ്പെടുത്താമെന്നും സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം വ്യക്തമാക്കി.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂര്‍വ്വ കാഴ്ച ഇന്ന്; വിഷുവം ദര്‍ശിക്കാന്‍ ഭക്തര്‍ ഒഴുകിയെത്തും

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂര്‍വ്വ കാഴ്ച ഇന്ന്; വിഷുവം ദര്‍ശിക്കാന്‍ ഭക്തര്‍ ഒഴുകിയെത്തും

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യന്‍ കടന്നുപോകുന്ന അപൂര്‍വ പ്രതിഭാസം കാണാന്‍ ബുധനാഴ്ച ഭക്തര്‍ ഒത്തുകൂടും. വര്‍ഷത്തില്‍ രണ്ടുതവണ മാത്രം ദൃശ്യമാകുന്ന ‘ വിഷുവം ‘ പ്രതിഭാസം ദര്‍ശിക്കാന്‍ ഭക്തര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇന്ന് (ബുധനാഴ്ച) ക്ഷേത്രത്തില്‍ എത്തുക. വൈകുന്നേരം അഞ്ചുമണി മുതല്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ തിരക്കനുഭവപ്പെടും.

പ്രകൃതിയും ക്ഷേത്രവാസ്തുവിദ്യയും ചേര്‍ന്നൊരുക്കുന്ന അതിമനോഹരമായ കാഴ്ചയ്ക്കാണ് പത്മനാഭസ്വാമി ക്ഷേത്ര പരിസരം ബുധനാഴ്ച സാക്ഷിയാകുക. രാവിലെ കിഴക്കേ പ്രവേശനകവാടത്തിലൂടെ കടന്നുവരുന്ന സൂര്യകിരണങ്ങള്‍ സ്വര്‍ണ ധ്വജസ്തംഭത്തെ പ്രകാശിപ്പിച്ച് നേരെ ശ്രീകോവിലിന്റെ മധ്യവാതിലിലേക്ക് എത്തുന്നു. വൈകുന്നേരം, ഗോപുരത്തിന് പിന്നില്‍ സൂര്യന്‍ അസ്തമിക്കുമ്പോള്‍, ഓരോ നിലയിലുമുള്ള വാതിലുകളിലൂടെ സൂര്യകിരണങ്ങള്‍ പുറത്തേക്ക് തെളിഞ്ഞുവരുന്ന വിസ്മയകരമായ കാഴ്ചയ്ക്കാണ് ഭക്തര്‍ കാത്തുനില്‍ക്കുന്നത്.

എന്നാല്‍, ആകാശത്ത് കാര്‍മേഘങ്ങള്‍ നിറഞ്ഞുനില്‍ക്കുകയാണെങ്കില്‍ ഈ അപൂര്‍വ കാഴ്ചകള്‍ വ്യക്തമായി കാണാന്‍ കഴിഞ്ഞേക്കില്ല. അതിനാല്‍ തെളിഞ്ഞ ആകാശത്തിനായുള്ള പ്രാര്‍ഥനയിലാണ് ഭക്തര്‍. സൂര്യന്‍ മധ്യരേഖ കടന്നു പോകുന്ന ജോതി ശാസ്ത്ര സംബന്ധിയായ പ്രതിഭാസത്തെയാണ് വിഷുവം അല്ലെങ്കില്‍ ഇക്വനോക്സ് എന്നു പറയുന്നത്. ഈ ദിവസം രാത്രിയും പകലും തുല്യമായിരിക്കും. വര്‍ഷത്തില്‍ മാര്‍ച്ച് 20നും സെപ്റ്റംബര്‍ 23നുമാണ് ഇതു സംഭവിക്കുന്നത്.

വിഷുവം ദിവസം കൃത്യമായി ഗണിച്ച്, അതിന് തക്കവണ്ണം പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിര്‍മിതി പൂര്‍ത്തിയാക്കിയ ശില്പികളുടെ വൈഭവത്തെ പുകഴ്ത്താത്തവര്‍ ആരും ഉണ്ടാവില്ല. പത്മനാഭസ്വാമി ക്ഷേത്ര ഗോപുരവാതില്‍ കൃത്യമായ കിഴക്കും കൃത്യമായ പടിഞ്ഞാറുമായി നിര്‍മിച്ചിരിക്കുന്നതുകൊണ്ടാണ് അത്യപൂര്‍വ ദൃശ്യം ഇവിടെ മാത്രം ദൃശ്യമാകുന്നത്. മറ്റ് ദിവസങ്ങളില്‍ ഗോപുരവാതിലില്‍ നിന്ന് മാറിയാണ് സൂര്യാസ്തമയം. അടുത്ത വിഷുവം മാര്‍ച്ച് 20 നാണ്.

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിലെ ഏഴു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി തീവ്ര ന്യൂന മര്‍ദ്ദം സ്ഥിതി ചെയ്യുന്നു. അത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപ വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത.

തുടര്‍ന്നും പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് സെപ്റ്റംബര്‍ 23-ന് രാത്രി /സെപ്റ്റംബര്‍ 24-ന് പുലര്‍ച്ചെയോടെയും, വിശാഖപട്ടണത്തിനും ഗോപാല്‍പൂരിനും ഇടയില്‍ വടക്കന്‍ ആന്ധ്രാപ്രദേശ്‌തെക്കന്‍ ഒഡീഷ തീരങ്ങള്‍ക്കിടയിലൂടെ അതിതീവ്ര ന്യൂനമര്‍ദ്ദമായി കരതൊടാന്‍ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി ഈ മാസം 26 വരെ കേരളത്തില്‍ ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ 23/09/2026 & 24/09/2026 തീയതികളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പ്രത്യേക ജാഗ്രത നിര്‍ദേശം

തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 5565 കി.മീ. വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 75 കി.മീ. വരെയും വര്‍ധിക്കാനും ഈ കാലാവസ്ഥ സെപ്റ്റംബര്‍ 24-ന് വൈകുന്നേരം വരെ തുടരാനും സാധ്യത.

തെക്കന്‍ ഒഡീഷ – വടക്കന്‍ ആന്ധ്രപ്രദേശ് തീരങ്ങളില്‍ മണിക്കൂറില്‍ 5565 കി.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും ഇത് സെപ്റ്റംബര്‍ 24-ന് വൈകുന്നേരം വരെ തുടരാനും സാധ്യതയുണ്ട്. പശ്ചിമ ബംഗാള്‍, തെക്കന്‍ ആന്ധ്രപ്രദേശ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.