by Midhun HP News | Jun 14, 2025 | Latest News, കേരളം
കോഴിക്കോട്: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് തീവ്ര, അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ശക്തമായ മഴ കണക്കിലെടുത്ത് അടുത്ത ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച്, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട അതിതീവ്രമഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ഇന്നും നാളെയും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട അതിതീവ്ര മഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്നും നാളെയും ( ശനി, ഞായര്‍) എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കൻ കർണാടക, അതിനോട് ചേർന്നുള്ള തെലുങ്കാന -റായലസീമയ്ക്ക് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് കേരളത്തിൽ വ്യാപക മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 204.4 mm ല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെയുള്ള അതിശക്തമായ മഴയ്ക്കും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.
by Midhun HP News | Jun 14, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് ഭേദിച്ച് കുതിക്കുന്നു. ഇന്നലെയാണ് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചത്. എന്നാല്‍ ഇന്നും പുതിയ ഉയരം കുറിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. ഇന്ന് പവന് 200 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 74,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 9320 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നലെ പവന് പവന് 1560 രൂപ വര്‍ധിച്ചതോടെയാണ് ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് സ്വര്‍ണവില തിരുത്തിയത്. 74,360 രൂപയായാണ് ഇന്നലെ സ്വര്‍ണവില റെക്കോര്‍ഡ് ഇട്ടത്. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവില ഉയരാന്‍ കാരണം.
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ നാലുദിവസങ്ങളിലായി പവന് 3000 രൂപയാണ് വര്‍ധിച്ചത്.
by Midhun HP News | Jun 14, 2025 | Latest News, ദേശീയ വാർത്ത
ബംഗളൂരു: കർണാടത്തിൽ തിങ്കളാഴ്ചയോടെ (ജൂൺ 16) ബൈക്ക് ടാക്സി സർവീസ് അവസാനിക്കും. ബൈക്ക് ടാക്‌സിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചട്ടം രൂപീകരിക്കുന്നതു വരെ അവയ്ക്ക് നിരോധനം വേണമെന്ന കര്‍ണാടക ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷന്‍ ബെഞ്ച് തള്ളിയതാണ് നടപടിക്ക് കാരണം. ജൂണ്‍ 16നുള്ളില്‍ ബൈക്ക് ടാക്‌സികള്‍ പ്രവര്‍ത്തനം നിര്‍ത്തണമെന്നാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം.
ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് ഓല, ഊബര്‍, റാപിഡോ തുടങ്ങിയ മൊബൈൽഫോൺ ആപ്ലിക്കേഷൻ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനികള്‍ സിംഗിൾ ബെഞ്ച് പ്രസ്താവിച്ച ബൈക്ക് ടാക്സി നിരോധന ഉത്തരവിനെതിരേ കർണാടക ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുന്നത്. ബൈക്ക് ടാക്‌സി നിര്‍ത്തുന്നത് ആറു ലക്ഷം ഡ്രൈവര്‍മാരെ ബാധിക്കുമെന്നാണ് റാപിഡോ വാദിച്ചത്.
എന്നാല്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് കാമേശ്വർ റാവുവും ജസ്റ്റിസ് ശ്രീനിവാസ് ഹരീഷ് കുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്, നിരോധന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി. അപ്പീലില്‍ സര്‍ക്കാരിനും വിവിധ വകുപ്പുകള്‍ക്കും നോട്ടീസ് അയച്ച ഡിവിഷന്‍ ബെഞ്ച് കേസ് ഇനി ജൂണ്‍ 24ന് പരിഗണിക്കും. ഗതാഗത വകുപ്പിന്റെയും ഓട്ടോ, ടാക്സി യൂണിറ്റുകളുടെയും എതിർപ്പിനെ തുടർന്ന് 2019ൽ തന്നെ സംസ്ഥാനത്ത് ബൈക്ക് ടാക്സികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ 2022-ൽ ഹൈക്കോടതി പുറപ്പെടുവിച്ച താൽക്കാലിക ഉത്തരവിന്റെ പിൻബലത്തിലാണ് ബൈക്ക് ടാക്സികൾ പ്രവർത്തിച്ചിരുന്നത്.
by Midhun HP News | Jun 14, 2025 | Latest News, കേരളം
പാലക്കാട്: നിലമ്പൂരില്‍ വാഹനം തടഞ്ഞുള്ള പൊലീസ് പരിശോധന അപമാനിക്കുകയെന്ന ലക്ഷ്യത്തോടെയെന്ന് ഷാഫി പറമ്പില്‍ എംപി. പരിശോധനയോട് പൂര്‍ണമായും സഹകരിച്ചു. എന്നാല്‍ ഉദ്യോഗസ്ഥതരുടെ ലക്ഷ്യം പരിശോധനയല്ലായിരുന്നും ഇന്‍സള്‍ട്ട് ചെയ്യുകയെന്നതായിരുന്നുവെന്നും ഷാഫി പറഞ്ഞു.
‘പരിശോധനയ്‌ക്കെത്തിയ പൊലീസുകാര്‍ വാഹനം തടഞ്ഞ് ഡിക്കിയില്‍ നിന്ന് പെട്ടികള്‍ പുറത്തെടുക്കാന്‍ പറഞ്ഞു, ഞാന്‍ തന്നെ പെട്ടികള്‍ പുറത്തെടുത്തു. എന്നാല്‍ പെട്ടി പരിശോധിക്കാന്‍ കൂട്ടാക്കാതെ പൊലീസ് തിരിച്ചു പോകാനാണ് ശ്രമിച്ചത്.ഇതില്‍ നിന്ന് മനസിലാകുന്നത് അവരുടെ ലക്ഷ്യം പരിശോധനയല്ലെന്നാണ്.’
‘പെട്ടി തുറന്ന് പരിശോധിച്ചിട്ട് പോയാല്‍ മതിയെന്ന് ഞാന്‍ തന്നെയാണ് പറഞ്ഞത്. പരിശോധനയില്‍ എന്തെങ്കിലും കണ്ടെത്തിയോ ഇല്ലയോ എന്ന് പറയണമെന്നും പറഞ്ഞു. പെട്ടി പരിശോധിക്കുമ്പോള്‍ അവര്‍ കാമറ റെക്കോര്‍ഡ് ചെയ്തില്ല. വാഹനത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ വിഡിയോ എടുത്തല്ലോയെന്ന് ചോദിച്ചപ്പോള്‍ വിഡിയോ റെക്കോര്‍ഡ് ചെയ്തു. പരിശോധനയില്‍ എന്തെങ്കിലും കണ്ടെത്തിയോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലായെന്നായിരുന്നു മറുപടി. പൊലീസ് പരിശോധനയുമായി പൂര്‍ണമായും സഹരിച്ചെന്നും’ ഷാഫി പറഞ്ഞു.
പരിശോധന അപമാനിക്കാന്‍ വേണ്ടിയായിരുന്നു. പരിശോധന ആയിരുന്നു ലക്ഷ്യമെങ്കില്‍ പെട്ടിതുറക്കാന്‍ ആദ്യമേ പറയുമായിരുന്നു. തങ്ങള്‍ ആവശ്യപ്പെട്ടപ്പോഴാണ് പെട്ടിതുറന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പരിശോനയില്‍ തങ്ങള്‍ക്ക് പരാതിയില്ലെന്നും നിലമ്പൂരില്‍ ചര്‍ച്ച ചെയ്യേണ്ട ജനകീയ വിഷയങ്ങള്‍ ഏറെ ഉണ്ടെന്നും ഷാഫി പറഞ്ഞു. ‘പെട്ടി ഷോ’ എന്ന പേരില്‍ നടക്കുന്ന പ്രചരണങ്ങളിലും ഷാഫി പ്രതികരിച്ചു. സര്‍ക്കാരിന്റെ ആ ഷോ പാലക്കാട് ഉണ്ടായിരുന്നു ആ ഗണത്തിലേക്ക് ഇതിനെയും ഉള്‍പ്പെടുത്തുകയാണെങ്കില്‍ അവിടെ കിട്ടിയ പോലെ തന്നെ ഇവിടെയും കിട്ടുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
by Midhun HP News | Jun 14, 2025 | Latest News, കേരളം
കൊല്ലം: അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ വളർത്തു നായയെ കൊണ്ടു കടിപ്പിച്ച പ്രതി പിടിയിൽ. കുണ്ടറയിൽ പടപ്പക്കക സ്വദേശി ജിജേഷ് ആണ് പിടിയിലായത്. സമീപവാസിയെ മർദിച്ചെന്ന കേസിൽ പ്രതിയായ ജിജേഷിനെ പിടികൂടാന്‍ എത്തിയതായിരുന്നു കുണ്ടറ സബ് ഇൻസ്പെക്ടർ സച്ചിൻ ലാലും സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്തും.
എന്നാൽ മദ്യ ലഹരിയിലായിരുന്ന ജിജേഷ് പൊലീസുകാരെ ആക്രമിച്ചു. കയ്യാങ്കളിക്കിടെ നിലത്തുവീണ പ്രതി എസ്ഐയുടെ കാലില്‍ കടിച്ചു. പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് വളർത്തു നായയെ അഴിച്ചു വിട്ട് കൊണ്ട് ആക്രമിച്ചത്. നായയുടെ ആക്രമണത്തിൽ സിവിൽ പൊലീസ് ഓഫീസറുടെ കാലിന് പരിക്കുണ്ട്.
വിവരം അറിഞ്ഞ് സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തി സാഹസികമായാണ് ജിജേഷിനെ കസ്റ്റഡിയില്‍ എടുത്തത്. 12-ഓളം ക്രമിനല്‍ കേസുകളില്‍ പ്രതിയാണ് ജിജേഷ്. കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, മൃഗത്തെ കൊണ്ട് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ജിജേഷിനെ അറസ്റ്റ് ചെയ്തത്.
Recent Comments