വൈകിക്കേണ്ട; നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം ഇതാണ്

വൈകിക്കേണ്ട; നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം ഇതാണ്

ഇറാൻ – ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം താഴ്ന്നു. കഴിഞ്ഞ എട്ട് ആഴ്ചകളിലെ ഏറ്റവും താഴ്ന്ന നിലയാണ് ഇത്. ഒരു ദിർഹത്തിനെതിരെ ഇന്ത്യൻ രൂപ 23.45 എന്ന നിലയിലായിരുന്നു വ്യാപാരം നടക്കുന്നത് . ഇത് യുഎഇയിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് വലിയ നേട്ടമാണ് . ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് രൂപയുടെ മൂല്യത്തിൽ 0.7 ശതമാനത്തോളം ഇടിവ് ആണ് രേഖപ്പെടുത്തിയത്. ഇതോടെ യുഎഇയിലുള്ള ഇന്ത്യക്കാർക്ക് ഈ സമയം നാട്ടിലേക്ക് പണമയക്കുകയാണെങ്കിൽ മികച്ച വിനിമയ നിരക്ക് ലഭിക്കും. മറ്റു ഗൾഫ് രാജ്യങ്ങളിലും ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ സമാനമായ രീതിയിൽ കുറവ് വന്നിട്ടുണ്ട്. ഒരു ബഹ്‌റിൻ ദിനാറിന്റെ ഇന്നത്തെ വില 86.18 ആണ്. ഒരു ഒമാൻ റിയാലിന്റെ ഇന്നത്തെ വില 224.32 യും സൗദി റിയാൽ 22.99 രൂപയിലുമാണ് വ്യാപാരം തുടരുന്നത്.

എന്നാൽ രൂപയുടെ മൂല്യത്തകർച്ച ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായാണ് ബാധിക്കുക എന്നാണ് വിലയിരുത്തൽ. ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷമായപ്പോൾ എണ്ണവില 10% വർധിച്ചിരുന്നു. ഇത് വലിയ തിരിച്ചടി ആകുമെന്നാണ് കണക്ക് കൂട്ടുന്നത്. എണ്ണ ഇറക്കുമതിയിൽ വരുന്ന ചെലവുകൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച നിലനിർത്തുന്നതിൽ ഏറ്റവും ആശങ്ക ഉളവാക്കുന്ന ഘടകം ആകുമെന്ന് വിദഗ്‌ദ്ധർ അവകാശപ്പെട്ടു.

ബാങ്കിങ് കറസ്‌പോണ്ടന്റിന് അധികാരം; കെവൈസി മാദണ്ഡങ്ങളില്‍ ഇളവ്

ബാങ്കിങ് കറസ്‌പോണ്ടന്റിന് അധികാരം; കെവൈസി മാദണ്ഡങ്ങളില്‍ ഇളവ്

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കെവൈസി മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കളുടെ കെവൈസി അപ്‌ഡേഷന് ബാങ്കിങ് കറസ്‌പോണ്ടന്റിന് അനുവാദം നല്‍കി കൊണ്ടുള്ളതാണ് പുതിയ ഭേദഗതി. ഉപഭോക്താക്കളുടെ കെവൈസി പീരിയോഡിക് അപ്‌ഡേഷനും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പീരിയോഡിക് അപ്‌ഡേഷന് മുന്‍പ് ഉപഭോക്താവിനെ മൂന്ന് തവണ മുന്‍കൂട്ടി അറിയിക്കണം. ഇതില്‍ ഒരുതവണയെങ്കിലും കത്ത് മുഖേന ബാങ്കുകള്‍ അറിയിക്കണമെന്നും ആര്‍ബിഐയുടെ വിജ്ഞാപനത്തില്‍ പറയുന്നു.

ബാങ്കിങ് കറസ്‌പോണ്ടന്റുമാര്‍ ബാങ്കിന്റെ ഏജന്റുമാരായാണ് പ്രവര്‍ത്തിക്കുന്നത്. എന്‍ജിഒകള്‍, സ്വയംസഹായ ഗ്രൂപ്പുകള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ തുടങ്ങിയവയാണ് ബിസിനസ് കറസ്‌പോണ്ടന്റുമാരായി പ്രവര്‍ത്തിക്കുന്നത്. കരാര്‍ അടിസ്ഥാനത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

ബാങ്കില്‍ നിന്ന് ആവശ്യമായ അനുമതി ലഭിച്ചിട്ടുണ്ടെങ്കില്‍, പ്രദേശത്തുള്ള കടയുടമയ്ക്കും ബാങ്കിങ് കറസ്‌പോണ്ടന്റുമാരായി പ്രവര്‍ത്തിക്കാവുന്നതാണ്. ബാങ്കിങ് സൗകര്യമില്ലാത്ത പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക, ബാങ്കിങ് സേവനങ്ങള്‍ നല്‍കുന്ന ബാങ്ക് ശാഖയുടെ വിപുലീകൃത വിഭാഗമാണ് ബിസിനസ് കറസ്‌പോണ്ടന്റ്.

നീറ്റ് യുജി 2025; പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

നീറ്റ് യുജി 2025; പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

നീറ്റ് യുജി 2025 പരീക്ഷ ഫലം എന്‍ ടി എ പ്രസിദ്ധീകരിച്ചു. മെയ് 4-നാണ് നീറ്റ് യുജി 2025 പരീക്ഷ നടന്നത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in-ല്‍ ഫലം ലഭ്യമാണ്.

ലക്ഷക്കണക്കിന് മെഡിക്കല്‍ വിദ്യാര്‍ഥികളാണ് രാജ്യത്തുടനീളമുള്ള എംബിബിഎസ്, ബിഡിഎസ് പ്രോഗ്രാമുകളിലെ സീറ്റുകള്‍ക്കായി പരീക്ഷയെഴുതിയത്. 22.7 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. ഏകദേശം 12.5 ലക്ഷം വിദ്യാര്‍ഥികള്‍ യോഗ്യത നേടുമെന്നായിരുന്നു പ്രതീക്ഷ.

വിമാന ദുരന്തം: എയര്‍ ഇന്ത്യയിലെ ഫ്‌ലൈറ്റ് അറ്റന്‍ഡര്‍, ശ്രദ്ധയുടെ വിയോഗത്തില്‍ വിതുമ്പി പാലക്കാട്ടെ നിള നഗര്‍ കോളനിയും

വിമാന ദുരന്തം: എയര്‍ ഇന്ത്യയിലെ ഫ്‌ലൈറ്റ് അറ്റന്‍ഡര്‍, ശ്രദ്ധയുടെ വിയോഗത്തില്‍ വിതുമ്പി പാലക്കാട്ടെ നിള നഗര്‍ കോളനിയും

പാലക്കാട്: അഹമ്മദാബാദിലെ വിമാന ദുരന്തം പാലക്കാട് ഒലവക്കോടുള്ള നിള നഗര്‍ കോളനിയെയും ദുഃഖത്തിലാഴ്ത്തി. അപകടത്തില്‍ മരിച്ച ശ്രദ്ധ ധവാന്‍(45) മലയാളിയായ രാജേഷ് സികെയുടെ ഭാര്യയാണ്. രാജേഷിന്റെ മാതാപിതാക്കള്‍ നിള നഗര്‍ കോളനിയിലെ താമസക്കാരാണ്. കോളനിയിലെ ശ്രേയസ് ഹോമില്‍ താമസിക്കുന്ന നാരായണന്‍ കെയുടെയും ശോഭന സികെയുടെയും മൂന്ന് ആണ്‍മക്കളില്‍ ഇളയ മകനാണ് രാജേഷ്.

‘വിമാന ദുരന്തത്തിന്റെ വാര്‍ത്ത പത്രത്തില്‍ കണ്ടപ്പോഴാണ് ശ്രദ്ധയുടെ പേര് ശ്രദ്ധിച്ചത്, ഉടന്‍ മൂത്തമകനൊപ്പം ഓസ്‌ട്രേലിയയിലുള്ള നാരായണന്‍ സാറിനെ വിളിച്ചു, ശ്രദ്ധ മരിച്ചതായി അദ്ദേഹം പറഞ്ഞു. പ്രദേശവാസി പറഞ്ഞു.

അതിദാരുണമായ വാര്‍ത്തയില്‍ എല്ലാവരും ഞെട്ടിപ്പോയെന്നും നിള നഗര്‍ റസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റും നുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലുമായ സുജിത്ത് എസ് പറഞ്ഞു.

ശ്രദ്ധയുടെ മരണ വിവരം പിന്നീട് അസോസിയേഷന്റെ സോഷ്യല്‍ മീഡിയ ഗ്രൂപ്പിലൂടെയും മറ്റ് ഗ്രൂപ്പുകളിലും പങ്കുവെച്ചതായി സുജിത്ത് പറഞ്ഞു. ശ്രദ്ധയുടെ വിയോഗത്തില്‍ തങ്ങള്‍ എല്ലാവരും ഒത്തുചേര്‍ന്ന് ദുഃഖത്തില്‍ പങ്കുചേര്‍ന്നു. മുംബൈ സ്വദേശിയായ ശ്രദ്ധ ഭര്‍ത്താവ് രാജേഷിനൊപ്പം എയര്‍ ഇന്ത്യയില്‍ ഫ്‌ലൈറ്റ് അറ്റന്‍ഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അപകടമുണ്ടായ വിമാനത്തിലെ സീനിയിര്‍ ഫ്‌ലൈറ്റ് അറ്റന്‍ഡറായിരുന്നു ശ്രദ്ധ.

സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളില്‍ വന്‍ വര്‍ധന; ഈ വര്‍ഷം ഇതുവരെ പിടിയാലയത് 19,168 പേര്‍

സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളില്‍ വന്‍ വര്‍ധന; ഈ വര്‍ഷം ഇതുവരെ പിടിയാലയത് 19,168 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലും അറസ്റ്റിലാകുന്നവരുടെ എണ്ണത്തിലും വര്‍ധനയെന്ന് കണക്കുകള്‍. സംസ്ഥാനത്ത് ഈ വര്‍ഷം സ്‌പെഷ്യല്‍ ഡ്രൈവുകളിലായി ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 18427 മയക്കുമരുന്ന് കേസുകളും അറസ്റ്റിലായത് 19168 പേരുമാണ്. ലഹരി ഇടപാടുകള്‍ കണ്ടെത്തനായി ഫെബ്രുവരി 22 ന് ആരംഭിച്ച പൊലീസിന്റെ ഓപ്പറേഷന്‍ ഡി ഹണ്ടില്‍ ഇതുവരെ 16125 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 16953 പേര്‍ അറസ്റ്റിലാകുകയും ചെയ്തതായി പൊലീസ് അറിയിച്ചു. എക്‌സൈസിന്റെ ‘ക്ലീന്‍ സ്ലേറ്റ്’ സ്‌പെഷ്യല്‍ ഡ്രൈവില്‍ 2302 കേസുകളും അറസ്റ്റിലായവര്‍ 2215ഉം ആണ്.

2024നെ അപേക്ഷിച്ച് മയക്കുമരുന്ന് കേസുകളില്‍ വര്‍ധന ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം പൊലീസ് 27530, എക്‌സൈസ് 8160 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്ത്. ആകെ 35690 കേസുകള്‍. സ്‌പെഷ്യല്‍ ഡ്രൈവ് തുടര്‍ന്നാല്‍ ഈ വര്‍ഷത്തെ മയക്കുമരുന്ന് കേസുകള്‍ അരലക്ഷം കടക്കും.

മയക്കുമരുന്നിനോടുള്ള ആസക്തി ഭയാനകമായ തോതില്‍ വളര്‍ന്നതായി കേസുകളുടെ എണ്ണം വ്യക്തമാക്കുന്നതായി പൊലീസും എക്‌സൈസും പറയുന്നു. സ്‌പെഷ്യല്‍ ഡ്രൈവിലൂടെ നിരവധി മയക്കുമരുന്ന് റാക്കറ്റുകളെ പിടികൂടാന്‍ കഴിഞ്ഞതായി പൊലീസ് പറയുന്നു. ഓപ്പറേഷന്‍ ഡി ഹണ്ട് ഈ മാസം അവസാനം വരെ തുടരും. എക്‌സൈസിന്റെ ഡ്രൈവ് തുടരും. ഈ മാസം അവസാനം മയക്കുമരുന്ന് വിതരണവും ദുരുപയോഗവും നേരിടാന്‍ സംസ്ഥാനത്ത് പൊലീസും എക്‌സൈസും ചേര്‍ന്ന് പുതിയ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്നും ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.

സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പൊലീസ് 2.45 ലക്ഷം ആളുകളെ പരിശോധിച്ചതായും എക്‌സൈസ് 25350 റെയ്ഡുകള്‍ നടത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ‘ക്ലീന്‍ സ്ലേറ്റ്’ ഭാഗമായി 2.33 ലക്ഷം വാഹനങ്ങള്‍ എക്‌സൈസ് പരിശോധന നടത്തി. പ്രത്യേക ഡ്രൈവുകളില്‍ 1680 കിലോഗ്രാം കഞ്ചാവും 8.7 കിലോഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.