സുഹൃത്തിന്റെ പിതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ രക്തദാനം: പിന്നാലെ ഹൃദയാഘാതം; 36കാരന് ദാരുണാന്ത്യം

സുഹൃത്തിന്റെ പിതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ രക്തദാനം: പിന്നാലെ ഹൃദയാഘാതം; 36കാരന് ദാരുണാന്ത്യം

പുനലൂര്‍: സുഹൃത്തിന്റെ പിതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ രക്തം ദാനം ചെയ്തതിന് പിന്നാലെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. കൊല്ലം പുനലൂരിലാണ് സംഭവം. പുനലൂര്‍ മണിയാര്‍ പരവട്ടം മഹേഷ് ഭവനില്‍ പരേതനായ മനോഹരന്‍-ശ്യാമള ദമ്പതികളുടെ മകന്‍ മഹേഷ് (36) ആണ് മരിച്ചത്.

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ ചികിത്സയിലുള്ള സുഹൃത്തിന്റെ പിതാവിന് രക്തം നല്‍കാനായിരുന്നു മഹേഷ് ആശുപത്രിയില്‍ എത്തിയത്. രക്തം ശേഖരിക്കുന്നതിന് മുന്‍പ് പതിവ് നടപടികളുടെ ഭാഗമായി യുവാവിന്റെ രക്തസമ്മര്‍ദം, പള്‍സ് അടക്കം ആശുപത്രി ആധികൃതര്‍ പരിശോധിച്ചു.

അസാധാരണമായി ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് രക്തം ശേഖരിച്ചു. പിന്നാലെ യുവാവ് പുറത്തേയ്ക്കിറങ്ങി ശീതളപാനീയം കുടിച്ചു. തൊട്ടടുത്ത നിമിഷം ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറെ കാണിച്ചു. ഗ്യാസ് ട്രബിള്‍ ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഇസിജി എടുത്തപ്പോള്‍ നേരിയ വ്യത്യാസം ശ്രദ്ധയില്‍പ്പെടുകയും മഹേഷിനെ ഉടന്‍ ഐസിയുവില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. മഹേഷിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ ഏറെ പരിശ്രമിച്ചു.

അപകടനില തരണം ചെയ്താല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങളും ചെയ്തിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം മഹേഷ് മരിക്കുകയാണ്. നിര്‍മാണ തൊഴിലാളിയായിരുന്നു മഹേഷ്. സുജിതയാണ് ഭാര്യ. മക്കള്‍-അഭിനവ്, അര്‍പ്പിത, ഐശ്വര്യ.

സ്വര്‍ണവില റിവേഴ്‌സ് ഗിയറില്‍ തന്നെ; മൂന്ന് ദിവസത്തിനിടെ 1500 രൂപയുടെ ഇടിവ്

സ്വര്‍ണവില റിവേഴ്‌സ് ഗിയറില്‍ തന്നെ; മൂന്ന് ദിവസത്തിനിടെ 1500 രൂപയുടെ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് ശനിയാഴ്ച കനത്ത ഇടിവ് നേരിട്ട സ്വര്‍ണവില തുടര്‍ച്ചയായ മൂന്നാംദിവസവും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് സ്വര്‍ണവില 71,560 രൂപയായി. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കുറഞ്ഞത്. 8945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ശനിയാഴ്ച സ്വര്‍ണവില ഒറ്റയടിക്ക് 1200 രൂപ താഴ്ന്നത്. 73,000ന് മുകളിലായിരുന്ന സ്വര്‍ണവില ഒറ്റയടിക്ക് 72000ല്‍ താഴെ എത്തുകയായിരുന്നു. തുടര്‍ന്നുള്ള രണ്ടുദിവസവും വില കുറയുന്ന കാഴ്ചയാണ് കണ്ടത്. മൂന്ന് ദിവസത്തിനിടെ 1500 രൂപയാണ് കുറഞ്ഞത്. ഓഹരി വിപണിയുടെ മുന്നേറ്റം, ആര്‍ബിഐ നയം, ആഗോള വിപണിയിലെ മാറ്റങ്ങള്‍ അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

എക്‌സാലോജിക്കിനു വേണ്ടി ആരെയും സ്വാധീനിച്ചിട്ടില്ല’; ഹൈക്കോടതിയില്‍ മുഖ്യമന്ത്രി

എക്‌സാലോജിക്കിനു വേണ്ടി ആരെയും സ്വാധീനിച്ചിട്ടില്ല’; ഹൈക്കോടതിയില്‍ മുഖ്യമന്ത്രി

കൊച്ചി: മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാന്‍ സിഎംആര്‍എലിനെയോ മറ്റേതെങ്കിലും സ്ഥാപനത്തെയോ താന്‍ സ്വാധീനിക്കുകയോ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിഎംആര്‍എല്ലില്‍ നിന്നും മാസപ്പടി വാങ്ങിയെന്ന ആരോപണത്തിന്മേല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പിണറായി വിജയന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ജി ലക്ഷ്യവയ്ക്കുന്നത് രാഷ്ട്രീയ ആക്രമണമാണെന്നും പൊതുതാത്പര്യത്തിന്റെ പരിധിയില്‍ വരില്ലെന്നും മുഖ്യമന്ത്രി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു വാണിജ്യ കരാറിനെ മാത്രം അടിസ്ഥാനമാക്കി തന്നെയും മകളെയും ലാക്കാക്കി വ്യക്തിപരവും രാഷ്ട്രീയവുമായ ലക്ഷ്യത്തോടെയുള്ളതാണ് ഹര്‍ജിയെന്ന് മുഖ്യമന്ത്രി സത്യവാങ്മൂലത്തില്‍ പറയുന്നു. പൊതുതാല്‍പ്പര്യമെന്ന ഉദ്ദേശശുദ്ധി ഹര്‍ജിക്കില്ല. ഹര്‍ജിക്കാരനായ മാധ്യമപ്രവര്‍ത്തകന്‍ എം ആര്‍ അജയന് കേസുമായി ബന്ധപ്പെട്ട് നേരിട്ട് വിവരങ്ങളൊന്നുമില്ല. ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിന്റെ മാത്രം അടിസ്ഥാനത്തിലാണ് ഹര്‍ജി. തന്നെയും തന്റെ മകളെയും ടാര്‍ഗറ്റ് ചെയ്യുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

പബ്ലിസിറ്റി താല്‍പര്യത്തോടു കൂടിയ ഹര്‍ജിയാണിത്. പൊതുവായ ഒരു നന്മയ്ക്കു വേണ്ടിയുള്ളതല്ല. മകളുടെ സ്ഥാപനം വഴി തനിക്ക് നേരിട്ടോ അല്ലാതെയോ പ്രതിഫലം ലഭിച്ചിട്ടില്ല. സിഎംആര്‍എലില്‍ നിന്നു ഫണ്ട് എക്‌സാലോജിക് വഴി തനിക്ക് നല്‍കിയെന്നത് വസ്തുതകളും തെളിവില്ലാതെയുമുള്ള ആരോപണമാണ്. സിഎംആര്‍എലില്‍ നിന്നു കൈക്കൂലി സ്വീകരിക്കാനുള്ള ബെനാമി കമ്പനിയാണ് എക്‌സാലോജിക് എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. എക്‌സാലോജിക്കും സിഎംആര്‍എല്ലുമായുള്ള എല്ലാ ഇടപാടുകളും ബാങ്ക് വഴിയാണ്. സ്വകാര്യ കരാറില്‍ തനിക്കു പങ്കില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മകളുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമാണ്. സിഎംആര്‍എലിന് അന്യായമായ എന്തെങ്കിലും ചെയ്തു കൊടുക്കാന്‍ സര്‍ക്കാര്‍ വകുപ്പിനോടോ ഉദ്യോഗസ്ഥരോടോ ആവശ്യപ്പെട്ടിട്ടില്ല. സിഎംആര്‍എലില്‍ നിന്നോ എക്‌സാലോജിക്കില്‍ നിന്നോ പണം സ്വീകരിച്ചിട്ടില്ല. എസ്എഫ്‌ഐഒ നിലവില്‍ അന്വേഷണം നടത്തുന്ന വിഷയത്തില്‍ മറ്റൊരു ഏജന്‍സിക്ക് സമാന്തരമായ അന്വേഷണം നടത്താനാകില്ല. കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം എന്ന ആവശ്യം നിലനില്‍ക്കാത്തതാണ്. തന്റെ സല്‍പ്പേര് കളങ്കപ്പെടുത്താനുള്ള ശ്രമമാണ്. കോവളം കൊട്ടാരം കൈമാറിയതിന്റെ പിന്നിലെ സൂത്രധാരന്‍ താനാണ് എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്.

സിഎംആർഎൽ, മാനേജിങ് ഡയറക്ടർ എന്നിവരുടെ നികുതി നിർണയവുമായി ബന്ധപ്പെട്ട് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് 2023 ജൂൺ 12 ന് പുറപ്പെടുവിച്ച ഉത്തരവ് അടിസ്ഥാനമാക്കിയാണ് ഹർജി. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് കാടടച്ചുള്ള അന്വേഷണം ആവശ്യപ്പെടുന്നതാണ് ഹർജി. സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിൽ താനോ മകളോ കക്ഷിയല്ല. ആദായനികുതി വകുപ്പും സിഎംആർഎല്ലും തമ്മിലുള്ള വിഷയമാണ്. ടാക്സ് സെറ്റിൽമെന്റ് സംബന്ധിച്ച വിഷയത്തിൽ മൂന്നാം കക്ഷിക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനാവില്ല. ഹർജിയിൽ സംസ്ഥാന സർക്കാരിനെ കക്ഷി ചേർക്കാത്തത് ഫെഡറൽ സംവിധാനത്തിന് എതിരാണെന്നും മുഖ്യമന്ത്രി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.

‘ഹാപ്പി ബര്‍ത്ത് ഡേ ബോസ്’; പൊലീസ് സ്‌റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പിറന്നാള്‍ ആഘോഷം, വിവാദം

‘ഹാപ്പി ബര്‍ത്ത് ഡേ ബോസ്’; പൊലീസ് സ്‌റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പിറന്നാള്‍ ആഘോഷം, വിവാദം

കോഴിക്കോട്: കൊടുവള്ളി സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറുടെ പിറന്നാള്‍ ആഘോഷം വിവാദത്തില്‍. ഇന്‍സ്‌പെക്ടര്‍ കെ.പി. അഭിലാഷിന്റെ പിറന്നാളിന് പൊലീസ് സ്റ്റേഷനിലെത്തി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കേക്ക് മുറിച്ചിരുന്നു. ഇതിന്റെ വിഡിയോ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

മേയ് 30 ന് നടന്ന ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ജന്മദിനാഘോഷത്തിന്റെ വിഡിയോ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഹാപ്പി ബര്‍ത്ത് ഡേ ബോസ് എന്ന തലക്കെട്ടോടെയാണ് റീല്‍സ് പങ്കുവച്ചത്.

കോണ്‍ഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റിന്റെയും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെയും നേതൃത്വത്തിലാണ് ഇന്‍സ്‌പെക്ടറുടെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചത്. സംഭവത്തില്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ താമരശേരി ഡിവൈഎസ്പി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. അഭിലാഷിനെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

അവാർഡുകൾ വാരിക്കൂട്ടി നാവായിക്കുളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകൻ

അവാർഡുകൾ വാരിക്കൂട്ടി നാവായിക്കുളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകൻ

നാവായിക്കുളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനായ സുൽജിത്ത് കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർമ്മാണവും നിർവഹിച്ച് കുട്ടികൾക്ക് വേണ്ടി ഒരുക്കിയ ഹ്രസ്വ ചിത്രമാണ് ‘വെളിച്ചത്തിലേക്ക്’.

സ്കൂളിലെ കുട്ടികളും അധ്യാപകരും തന്നെയാണ് അഭിനേതാക്കൾ ആയിരിക്കുന്നത്. സ്കൂളിലും പരിസരപ്രദേശങ്ങളിലും ആയിരുന്നു ഷൂട്ടിംഗ്. 2024 മെയ് 10ന് ഹെഡ്മിസ്ട്രസ് സിനി എം ഹല്ലാജും പിടിഎ പ്രസിഡന്റ് ഹാരിസും ചേർന്ന് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. തുടർന്നു സിനിമയുടെ പോസ്റ്റർ പ്രകാശനം സ്കൂൾ അസംബ്ലിയിൽ നടന്നു. 24/7/2024 ൽ സിനിമയുടെ ട്രെയിലർ റിലീസിംഗ് യൂട്യൂബിൽ 12,000 ആൾക്കാർ കണ്ടു. 7/8/2024ൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടി സിനിമയുടെ സിഡി റിലീസിംഗ് കർമ്മം നിർവഹിച്ചു.

എംഎൽഎ വി.ജോയ്, എംപി അടൂർ പ്രകാശ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരുടെ ആശംസാ ബൈറ്റു കൾ ലഭിച്ച ചിത്രം 11/8/2024ൽ ആറ്റിങ്ങൽ ഡ്രീംസ് തിയേറ്ററിൽ ഹൗസ് ഫുൾ ആയ രണ്ട് ഷോയോട് കൂടി പ്രദർശിപ്പിച്ചു. വിവിധ ഫിലിം ഫെസ്റ്റിവലികളിൽ നിന്നായി 13 അവാർഡുകൾ ഇതു വരെ കരസ്ഥമാക്കി.

വിഷൻ ഇന്റർനാഷണൽ ഷോർട്ട് ഫിലിം അവാർഡ്, മീഡിയ സിറ്റി ഇന്റർനാഷണൽ ഷോർട്ട് ഫിലിം അവാർഡ്, എ ടി ഉമ്മർ ഷോർട്ട് ഫിലിം അവാർഡ്, പുലരി ടിവി അവാർഡ്, തെക്കൻ മീഡിയ സ്റ്റാർ ഫിലിം അവാർഡ്, ആൾ കേരള സിനിമ സീരിയൽ അസോസിയേഷൻ ഫിലിം ഫെസ്റ്റിവൽ അവാർഡ്, എൽ കെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡ്, ഷോർട്ട് കട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡ് പ്രേംനസീർ സുഹൃത്ത് സമിതി പുരസ്കാരം എന്നിവയിൽ നിന്നായി മികച്ച സംവിധായകനുള്ള അവാർഡുകൾ, മികച്ച ക്യാമറാമാൻ ഉള്ള അവാർഡ്, മികച്ച ബാലനടിക്കുള്ള അവാർഡ്, മികച്ച നടിക്കുള്ള അവാർഡ്, മികച്ച സ്കൂൾ ഷോർട്ട് ഫിലിമിനുള്ള അവാർഡുകൾ, മികച്ച സഹനടനുള്ള അവാർഡ്, മികച്ച നടനുള്ള അവാർഡ് എന്നിങ്ങനെ 13 അവാർഡുകൾ കരസ്ഥമാക്കി.

വിവിധ സ്ഥലങ്ങളിൽ സിനിമയുടെ പ്രദർശനം പുരോഗമിക്കുന്നു. സമകാലിക സമൂഹത്തിൽ കുട്ടികൾ അനുഭവിക്കുന്ന സങ്കീർണമായ ജീവിതപ്രശ്നങ്ങളും അവർക്ക് കൈത്താങ്ങായി ഒരു അധ്യാപകൻ നടത്തുന്ന മാതൃകാപരമായ ഇടപെടലുമാണ് ചിത്രം അനാവരണം ചെയ്യുന്നത്. സമകാലിക സാമൂഹിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സിനിമ വിജയിച്ചിരിക്കുന്നു. യൂട്യൂബിൽ ചുരുങ്ങിയ ദിവസം കൊണ്ട് പന്ത്രണ്ടായിരം പേര് സിനിമ കണ്ടു.