ലഡു കടം ചോദിച്ചു; വിസമ്മതിച്ച കടയുടമയെ ആക്രമിച്ച് യുവാക്കള്‍, അറസ്റ്റ്

ലഡു കടം ചോദിച്ചു; വിസമ്മതിച്ച കടയുടമയെ ആക്രമിച്ച് യുവാക്കള്‍, അറസ്റ്റ്

തൃശൂര്‍: ചേലക്കരയില്‍ ലഡു കടം നല്‍കാത്തതിനു കട ഉടമയെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തോന്നൂര്‍ക്കര പടിഞ്ഞാട്ടുമുറി മനപടിക്കല്‍ വിനു (46), കളരിക്കല്‍ സന്തോഷ് (43) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണു കേസ് എടുത്തിരിക്കുന്നത്.

ഞായറാഴ്ച വൈകീട്ട് ആണ് സംഭവം. തോന്നൂര്‍ക്കര എംഎസ്എന്‍ ഓഡിറ്റോറിയത്തിനു സമീപത്തുള്ള വിഷ്ണുമായ സ്വീറ്റ്‌സ് എന്ന സ്ഥാപനത്തില്‍ മദ്യലഹരിയില്‍ എത്തിയ പ്രതികള്‍ ലഡു കടം ചോദിക്കുകയായിരുന്നു.

വിസമ്മതിച്ച ഉടമ മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ വലിയാട്ടില്‍ മുരളിയെയാണ് (49) പ്രതികള്‍ ആക്രമിച്ചത്. പ്രതികള്‍ കടയ്ക്കു നാശനഷ്ടങ്ങള്‍ വരുത്തിയതായും പൊലീസ് പറഞ്ഞു. രാത്രി തന്നെ പൊലീസ് പ്രതികളെ കണ്ടെത്തി പിടികൂടുകയായിരുന്നു.

ഇന്ത്യയില്‍ കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു; 163 പേര്‍ക്ക് എക്സ്എഫ്‍ജി സ്ഥിരീകരിച്ചു

ഇന്ത്യയില്‍ കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു; 163 പേര്‍ക്ക് എക്സ്എഫ്‍ജി സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു. എക്‌സ്എഫ്ജി എന്നാണ് പുതിയ വകഭേദത്തിന്റെ പേര്. ഇതുവരെ 163 പേരിലാണ് ഈ വകഭേദം കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 769 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ സജീവമായ കോവിഡ് കേസുകളുടെ എണ്ണം 6,000 കടന്നു.

റീകോമ്പിനന്റ് എക്‌സ്എഫ്ജി വകഭേദത്തിന് നാല് പ്രധാന സ്‌പൈക്ക് മ്യൂട്ടേഷനുകള്‍ ഉണ്ട്. കാനഡയില്‍ വകഭേദം സ്ഥിരീകരിച്ചതിന് ശേഷം ആഗോളതലത്തില്‍ കോവിഡ് അതിവേഗം വ്യാപിച്ചതായി ദി ലാന്‍സെറ്റ് ജേണലിലെ ഒരു ലേഖനം പറയുന്നു.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ എക്‌സ്എഫ്ജി കേസുകള്‍ (89) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, തൊട്ടുപിന്നില്‍ തമിഴ്നാടാണ്. 16 കേസുകളാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളം (15), ഗുജറാത്ത് (11), ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളില്‍ ആറ് കേസുകള്‍ വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 159 കേസുകള്‍ മേയ് മാസത്തിലും ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ രണ്ട് വീതം കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കേരളത്തിലാണ് കൂടുതല്‍ രോഗികളുള്ളത്. ഗുജറാത്ത്, കര്‍ണാടക, ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളിലും പ്രതിദിനരോഗികള്‍ കൂടുതലാണ്.

പിഡിപി പീഡിത വിഭാഗം, ജമാ അത്തെ ഇസ്ലാമി വര്‍ഗീയശക്തി; രണ്ടും ഒരുപോലെയല്ല: എം വി ഗോവിന്ദന്‍

പിഡിപി പീഡിത വിഭാഗം, ജമാ അത്തെ ഇസ്ലാമി വര്‍ഗീയശക്തി; രണ്ടും ഒരുപോലെയല്ല: എം വി ഗോവിന്ദന്‍

കോട്ടയം: സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററില്‍ ഭാരതാംബയുടെ ചിത്രം ഉള്‍പ്പെടുത്തിയത് വിവാദത്തില്‍. ഇതേത്തുടര്‍ന്ന് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റര്‍ പിന്‍വലിച്ചു. ജൂണ്‍ 13, 14, 15 തിയതികളില്‍ കോട്ടയം പാക്കില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായാണ് പോസ്റ്റര്‍ ഇറക്കിയത്.

ത്രിവര്‍ണ പതാകയേന്തിയ ഭാരതാംബയുടെ ചിത്രമാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ഈ പോസ്റ്റര്‍ മണ്ഡലം കമ്മിറ്റിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ അടക്കം ഷെയര്‍ ചെയ്തിരുന്നു. ഇതിനുശേഷമാണ് പിന്‍വലിക്കാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വം നിര്‍ദേശം നല്‍കിയത്.

പാര്‍ട്ടി ചിഹ്നങ്ങളോടോ പരിപാടികളോടോ ഒപ്പം ദേശീയപതാക കൂട്ടിച്ചേര്‍ക്കുന്നത് ശരിയല്ലെന്നും, പോസ്റ്ററിനെപ്പറ്റി വിവരം ലഭിച്ചപ്പോള്‍ തന്നെ അത് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി വി ബി ബിനു പറഞ്ഞു.

കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ രാജ്ഭവനില്‍ നടത്താന്‍ നിശ്ചയിച്ച ലോകപരിസ്ഥിതി ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കാവിക്കൊടിയേന്തിയ ഭാരതമാതാവിന്റെ ചിത്രത്തെച്ചൊല്ലി സര്‍ക്കാര്‍ ബഹിഷ്‌കരിച്ചതോടെയാണ് ഭാരതാംബ വിഷയം വിവാദമായത്. തുടര്‍ന്ന് കൃഷിമന്ത്രി പി പ്രസാദ് ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

കീടനാശിനികളടക്കം കൊടിയ വിഷവസ്തുക്കള്‍, പട്ടിക പുറത്ത്; കണ്ടെയ്‌നറുകള്‍ തൃശൂരിനും കൊച്ചിക്കുമിടയില്‍ എത്തിയേക്കും, ജാഗ്രത

കീടനാശിനികളടക്കം കൊടിയ വിഷവസ്തുക്കള്‍, പട്ടിക പുറത്ത്; കണ്ടെയ്‌നറുകള്‍ തൃശൂരിനും കൊച്ചിക്കുമിടയില്‍ എത്തിയേക്കും, ജാഗ്രത

കോഴിക്കോട്: കേരളത്തിന്റെ പുറംകടലില്‍ തീപിടിച്ച ചരക്കുകപ്പലില്‍ ഗുരുതര പരിസ്ഥിതി മലിനീകരണ ഭീഷണിയുയര്‍ത്തുന്ന രാസവസ്തുക്കളും കീടനാശിനികളുമുണ്ടെന്ന് കസ്റ്റംസ് പുറത്തുവിട്ട കാര്‍ഗോ മാനിഫെസ്റ്റോ. 157 കണ്ടെയ്നറുകളില്‍ അത്യന്തം അപകടകാരിയായ ഉല്‍പ്പന്നങ്ങളുണ്ടെന്നാണ് വിവരം.

ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ മാര്‍ഗരേഖ പ്രകാരം ക്ലാസ് 6.1ല്‍ വരുന്ന കീടനാശിനികളടക്കമുള്ള കൊടിയ വിഷവസ്തുക്കള്‍ കണ്ടെയ്‌നറുകളിലുണ്ട്. 20 കണ്ടെയ്‌നറുകളില്‍ 1.83 ലക്ഷം കിലോഗ്രാം ബൈപൈറിഡിലിയം കീടനാശിനിയും ഒരു കണ്ടെയ്‌നറില്‍ 27,786 കിലോഗ്രാം ഈതൈല്‍ ക്ലോറോഫോര്‍മേറ്റ് എന്ന മറ്റൊരു കീടനാശിനിയുമാണ് ഉള്ളത്. ഡൈമീതൈല്‍ സള്‍ഫേറ്റ്, ഹെക്‌സാമെതിലിന്‍ ഡൈസോ സയനേറ്റ് തുടങ്ങി ജീവനാശ ഭീഷണിയുയര്‍ത്തുന്ന മറ്റു കീടനാശിനികളും രാസവസ്തുക്കളും കണ്ടെയ്‌നറുകളിലുണ്ടെന്നും കാര്‍ഗോ മാനിഫെസ്റ്റോ വ്യക്തമാക്കുന്നു.

പരിസ്ഥിതിക്കു ഭീഷണിയുയര്‍ത്തുന്ന ബെന്‍സോ ഫെനോണ്‍, ട്രൈക്ലോറോ ബെന്‍സീന്‍, 167 പെട്ടി ലിഥിയം ബാറ്ററികള്‍ എന്നിവയുമുണ്ട്. 40 കണ്ടെയ്‌നറുകളില്‍ തീപിടിക്കാവുന്ന ദ്രാവകങ്ങളുണ്ട് (ക്ലാസ് 3). എഥനോള്‍, പെയിന്റ്, ടര്‍പന്റൈന്‍, പ്രിന്റിങ് ഇങ്ക്, വ്യവസായങ്ങളില്‍ ഉപയോഗിക്കുന്ന ഈതൈല്‍ മീഥൈല്‍ കീറ്റോണ്‍ എന്നിവയുമുണ്ട്.

19 കണ്ടെയ്‌നറുകളില്‍ തീപിടിക്കുന്ന ഖരവസ്തുക്കളുണ്ട് (ക്ലാസ് 4.1). ഒരു കണ്ടെയ്‌നറില്‍ ആല്‍ക്കഹോള്‍ അടങ്ങിയ നൈട്രോ സെല്ലുലോസ്, 12 കണ്ടെയ്‌നറുകളില്‍ നാഫ്തലീന്‍, ഒരു കണ്ടെയ്‌നറില്‍ തീപിടിക്കുന്ന ദ്രാവകമടങ്ങിയ ഖരവസ്തുക്കള്‍, 4 കണ്ടെയ്‌നറുകളില്‍ പാരാ ഫോര്‍മാല്‍ഡിഹൈഡ് എന്നിവയുമുണ്ട്. വായുസമ്പര്‍ക്കമുണ്ടായാല്‍ തീപിടിക്കുന്ന 4900 കിലോഗ്രാം രാസവസ്തുക്കള്‍ മറ്റൊരു കണ്ടെയ്‌നറിലുമുണ്ട്. പെട്ടെന്നു തീപിടിക്കുന്ന വസ്തുക്കള്‍ ഉള്‍പ്പെടുന്ന ക്ലാസ് 4.2ല്‍ ആണ് ഇതു വരുന്നത്.

കപ്പലില്‍ നിന്ന് ഇപ്പോഴും തീയും പുകയും ഉയരുന്നുണ്ട്. കപ്പല്‍ ഇതുവരെ മുങ്ങിയിട്ടില്ല. കറുത്ത കട്ടിയുള്ള പുകയാണ് ഇപ്പോഴും ഉയരുന്നത്. കോസ്റ്റ് ഗാര്‍ഡും നേവിയും ചേര്‍ന്ന് കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. ഫോര്‍വേഡ് ബെയില്‍ ഉണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാണ്. കപ്പലിന്റെ മധ്യഭാഗത്ത് നിന്നുള്ള തീയും പൊട്ടിത്തെറിയുമാണ് തുടരുന്നത്. കണ്ടെയ്‌നറിനോട് ചേര്‍ന്നുള്ള ഭാഗമാണിത്. കപ്പലിന് ഇടത് വശത്തേക്ക് ചരിവുണ്ട്. പത്തു മുതല്‍ പതിനഞ്ച് ഡിഗ്രി വരെയാണ് ചരിവ്. ഇവിടെ നിന്ന് കണ്ടെയ്‌നറുകള്‍ കൂടുതലായി കടലിലേക്ക് വീണിട്ടുണ്ടാകാമെന്നാണ് കോസ്റ്റ് ഗാര്‍ഡ് പറയുന്നത്.

കപ്പല്‍ കമ്പനി സംഘം സ്ഥലത്തേക്ക് രാവിലെ തിരിച്ചു. തീപിടിക്കുന്നതും, വെള്ളവുമായി കലര്‍ന്നാല്‍ അപകടരമാകുന്നതുമായ രാസവസ്തുക്കള്‍ കപ്പലിലുണ്ടെന്ന് ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. കപ്പല്‍ അപകടത്തില്‍ പൊള്ളലേറ്റ് മംഗലാപുരത്തെ ആശുപത്രിയിലുള്ള 6 പേരില്‍ 2 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ചൈനീസ് പൗരന് 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. 32 മണിക്കൂര്‍ മുതല്‍ ഒരാഴ്ച വരെ നിരീക്ഷണം വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കപ്പലില്‍ നിന്നുള്ള എണ്ണയും മറ്റ് അവശിഷ്ടങ്ങളും തെക്കോട്ട് സഞ്ചരിക്കാന്‍ സാധ്യത എന്ന് ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് അറിയിച്ചു. ഹൈദരാബാദ് അസ്ഥാനമായ ഇന്‍കോയിസ് നിഗമനത്തില്‍ കണ്ടെയ്‌നറും മറ്റും ഏതാനും ദിവസത്തേക്ക് തീരത്ത് ഭീഷണി ഉയര്‍ത്താന്‍ സാധ്യതയില്ല. അടുത്ത മൂന്നു ദിവസത്തേക്ക് കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ അറബിക്കടലില്‍ തെക്കു ദിശയിലേക്കു സഞ്ചരിക്കും. തീരത്തേക്ക് ഇവ ഉടനെയൊന്നും എത്താന്‍ സാധ്യതയില്ലാത്തതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും സര്‍ക്കാരിനും മറ്റും നടപടി എടുക്കാന്‍ വേണ്ടത്ര സമയമുണ്ടെന്നും ഇന്‍കോയിസ് അറിയിച്ചു. കടലിലെ ഒഴുക്ക് തെക്കുകിഴക്കന്‍ ദിശയിലാണ്. തൃശൂര്‍, എറണാകുളം ജില്ലകളുടെ തീരത്തേയ്ക്ക് കണ്ടെയ്‌നറുകള്‍ ഒഴുകി എത്താന്‍ സാധ്യതയുണ്ടെന്ന് അഴിക്കല്‍ പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

ആകാശവാണിയുടെയും ദൂരദര്‍ശന്റെയും അഡീഷണല്‍ ഡയറക്ടര്‍ ജനറലായി രാജു വര്‍ഗീസ്

ആകാശവാണിയുടെയും ദൂരദര്‍ശന്റെയും അഡീഷണല്‍ ഡയറക്ടര്‍ ജനറലായി രാജു വര്‍ഗീസ്

തിരുവനന്തപുരം: ആകാശവാണിയുടെയും ദൂരദര്‍ശന്റെയും അഡീഷണല്‍ ഡയറക്ടര്‍ ജനറലായി രാജു വര്‍ഗീസിനെ നിയമിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗോവ എന്നിവ ഉള്‍പ്പെടുന്ന വെസ്റ്റ് സോണിന്റെ ചുമതല അദ്ദേഹം വഹിക്കും.ആകാശവാണിയുടെയും ദൂരദര്‍ശന്റെയും ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായി കേരളത്തിന്റെ ചുമതല വഹിക്കെയാണ് നിയമനം.

1989 ബാച്ച് ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് സര്‍വീസിലെ ഉദ്യോഗസ്ഥനാണ് രാജു. അച്ച സെനു തോമസാണ് ഭാര്യ. തിരുവല്ല താലൂക്കില്‍, മുണ്ടിയപ്പള്ളിയില്‍, അങ്ങില്‍ത്താഴെ കുടുബാംഗമാണ്.