by Midhun HP News | Jun 7, 2025 | Latest News, കേരളം
പ്രൊഫസർ ടി ജെ ജോസഫ് കൈവെട്ട് കേസിലെ മുഖ്യപ്രതിയായ സവാദ് സംഭവത്തിന് ശേഷം തമിഴ്‌നാട്ടിലും കേരളത്തിലുമായാണ് ഒളിവിൽ കഴിഞ്ഞതെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറിയിച്ചു. സവാദിന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയാണ് എൻ ഐ എ ഇക്കാര്യം കോടതിയെ അറിയിച്ചത്.
തൊടുപുഴ ന്യൂമാൻ കോളേജ് പ്രൊഫസറായിരുന്ന ടി ജെ ജോസഫിനെ 2010 ജൂലൈ നാലിന്, കാറിൽ നിന്ന് വലിച്ചിറക്കി ഭാര്യയുടെയും ബന്ധുക്കളുടെയും മുന്നിൽ വെച്ച് സവാദ് കൈ വെട്ടിമാറ്റിയതായാണ് കേസിൽ ആരോപിക്കുന്നത്. സംഭവത്തിന് ശേഷം, സവാദ് ഒളിവിൽ പോയി, 2024 ജനുവരി 10 ന് കണ്ണൂരിൽ ഷാജഹാൻ എന്ന പേരിൽ താമസിച്ചുവരുന്നതിനിടെ അവിടെ വെച്ചാണ് അറസ്റ്റിലായത്.
ജാമ്യമില്ലാ വാറണ്ട്, ലുക്ക്ഔട്ട് നോട്ടീസ്, എവിടെയാണെന്ന് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം എന്നീ ശ്രമങ്ങൾ നടത്തിയിട്ടും സവാദിനെ അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ലെന്ന് ജാമ്യാപേക്ഷയെ എതിർത്ത് എൻ ഐ എ പറഞ്ഞു.
“തമിഴ്‌നാട്ടിലെയും കേരളത്തിലെയും വിവിധ സ്ഥലങ്ങളിൽ ഒളിച്ചു താമസിച്ചുകൊണ്ട് ഏകദേശം 14 വർഷത്തോളം പ്രതി അറസ്റ്റിൽ നിന്ന് ഒഴിഞ്ഞുമാറി. ഒടുവിൽ 2024 ജനുവരി 10 ന് മാത്രമാണ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിനെതിരായ കേസ് വിചാരണയ്ക്ക് തയ്യാറായിരിക്കുകയാണ്,” എൻഐഎ കോടതിയെ അറിയിച്ചു.
സവാദിന് തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധമുണ്ടെന്ന റിപ്പോർട്ടിലും ഏജൻസി ആശങ്ക പ്രകടിപ്പിച്ചു. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) അംഗമായതിനാൽ സവാദിന് മതമൗലികവാദ സംഘടനകളുമായി ശക്തമായ ബന്ധമുണ്ട്. ജാമ്യത്തിൽ വിട്ടയച്ചാൽ, ഒളിച്ചോടാനോ, സാക്ഷികളെ ഭീഷണിപ്പെടുത്താനോ, സ്വാധീനിക്കാനോ, തെളിവുകൾ നശിപ്പിക്കാനോ സാധ്യതയുണ്ടെന്ന് അന്വേഷണ ഏജൻസി പറഞ്ഞു.
തന്റെ നിരപരാധിത്വം വാദിച്ച സവാദ്, താൻ ഒളിവിൽ പോയി എന്ന പ്രോസിക്യൂഷന്റെ വാദം നിഷേധിച്ചു. കസ്റ്റഡിയിലെടുത്തപ്പോൾ അറസ്റ്റിന്റെ കാരണങ്ങൾ തന്നെ അറിയിച്ചില്ല എന്നും അദ്ദേഹം വാദിച്ചു. എന്നാൽ, സവാദ് ഗുരുതരമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ട ശേഷം നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ ഒളിവിൽ കഴിഞ്ഞയാളാണെന്നും അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും എൻഐഎ വാദിച്ചു. അന്വേഷണ ഏജൻസിയുടെ നിലപാടിനോട് കോടതി യോജിക്കുകയും പ്രതി ദീർഘകാലം അറസ്റ്റ് ഒഴിവാക്കിയെന്ന കാര്യവും കോടതി പരിഗണിച്ചു.
“താൻ ഒളിവിലല്ല എന്ന സവാദിന്റെ വാദം വിശ്വസിക്കാൻ പ്രയാസമാണ്. പേരും രൂപവും മാറ്റി കേരളത്തിനകത്തും പുറത്തും താമസിച്ചിരുന്നുവെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനാൽ, കോടതിയുടെ നടപടിക്രമങ്ങളിൽ നിന്ന് മനഃപൂർവ്വം ഒഴിഞ്ഞുമാറുകയായിരുന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയാൽ വീണ്ടും ഒളിവിൽ പോകാനും വിചാരണയ്ക്ക് ഹാജരാകാതിരിക്കാനും സാധ്യതയുണ്ട്,” എന്ന് കോടതി നിരീക്ഷിച്ചു.
കുറ്റകൃത്യത്തിന്റെ ഗൗരവവും പ്രതി വീണ്ടും രക്ഷപ്പെടാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടി, ഈ ഘട്ടത്തിൽ ഹർജിക്കാരന്റെ ആവശ്യം അനുവദിക്കാനാവില്ലെന്ന് കാണിച്ച് ജാമ്യാപേക്ഷ കോടതി തള്ളി.
by Midhun HP News | Jun 7, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സി.പി.ഐ ആറ്റിങ്ങൽ മണ്ഡലം സമ്മേളനത്തിൻ്റെ ഭാഗമായ ജാഥകളുടെ സംഗമവും പൊതു സമ്മേളനവും ആലംകോട് ജംഗ്ഷനിൽ സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വ. എം.മുഹ്സിൻ അധ്യക്ഷത വഹിച്ചു.
സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.എസ്.അരുൺ, മനോജ് ബി.ഇടമന, വി.ശശി എം.എൽ.എ, മണ്ഡലം സെക്രട്ടറി സി.എസ്.ജയചന്ദ്രൻ, പി.എസ്.ആൻ്റസ്, മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.
മണമ്പൂർ ജീ.ഗോപകുമാർ സ്മൃതി മണ്ഡപത്തിൽ നിന്നും മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി മോഹൻദാസ് നേതൃത്വത്തിൽ എത്തിച്ച പതാക അഡ്വ.എം.മുഹ്സിനും ചാത്തൻപാറ കാസ്ട്രോ ബഷീറിൻ്റെ വീട്ടിൽ നിന്നും എഐഎസ്എഫ് ജില്ലാ സെക്രട്ടറി പി.എസ്. ആൻ്റസ് നേതൃത്വത്തിൽ എത്തിച്ച ബാനർ അവനവഞ്ചേരി രാജുവും ഏറ്റുവാങ്ങി. ശനിയാഴ്ച രാവിലെ പത്തിന് ദ്വിദിന പ്രതിനിധി സമ്മേളനം ഹാരിസൺ പ്ലാസ അഡിറ്റോറിയത്തിൽ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ.രാജൻ ഉദ്ഘാടനം ചെയ്യും.
by Midhun HP News | Jun 7, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സിനിമയെ വെല്ലുന്ന തിരക്കഥ മെനഞ്ഞ് കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ യുവാക്കളെ വിവാഹം കഴിച്ചു മുങ്ങിയ യുവതി അറസ്റ്റിൽ. എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മയാണ് പിടിയിലായത്. പത്ത് പേരെയാണ് രേഷ്മ ഇത്തരത്തിൽ വിവാഹം കഴിച്ചു മുങ്ങിയത്. അടുത്ത വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാൻ നില്‍ക്കുമ്പോഴാണ് നാടകീയമായ അറസ്റ്റ് നടന്നത്. പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ ആര്യനാട് പൊലീസാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്.
45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയത്. അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി രേഷ്മയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നു പ്രതിശ്രുത വരനും ബന്ധുവും ചേർന്ന് ഇവരുടെ ബാഗ് പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. പരിശോധനയിൽ മുൻപ് വിവാഹം രേഖകൾ കണ്ടെത്തിയിരുന്നു.
വിവാഹ പരസ്യങ്ങൾ നൽകുന്ന ഗ്രൂപ്പിൽ പഞ്ചായത്ത് അംഗം രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് മേയ് 29 നാണ് കോൾ വരുന്നത്. രേഷ്മയുടെ അമ്മയെന്നാണ് ആ സ്ത്രീ സ്വയം പരിചയപ്പെടുത്തിയത്. രഷ്മയുടെ നമ്പർ ഇദ്ദേഹത്തിന് കൈമാറുകയും തുടർന്ന് ഇവർ പരസ്പരം സംസാരിക്കുകയും ചെയ്തു. തന്നെ ദത്തെടുത്തതാണെന്നും വിവാഹത്തിന് അമ്മയ്ക്ക് എതിർപ്പാണെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ ഇയാളെ പറഞ്ഞു വിശ്വസിപ്പിച്ചു.
വിവാഹം ഉറപ്പിച്ച ശേഷം, തിരുവനന്തപുരത്ത് വെമ്പായത്ത് എത്തിയ യുവതിയെ യുവാവ് കൂട്ടിക്കൊണ്ടു പോയി സുഹൃത്തിന്റെ വീട്ടിൽ താമസിപ്പിച്ചു. ഇതിനിടെ യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നുകയായിരുന്നു. തുടർന്നാണ് ബാഗ് പരിശോധിച്ചതും പൊലീസിൽ പരാതി നൽകിയതും. രേഷ്മയ്ക്ക് രണ്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും പൊലീസ് പറയുന്നു.
by Midhun HP News | Jun 7, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തലസ്ഥാനത്ത് പിഎംജിയിൽ സ്കൂട്ടർ ഷോറൂമിൽ വൻ തീപിടിത്തം. പുലർച്ചെ 3.45ലോടെയാണ് അപകടം. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പിഎംജിയിൽ പ്രവർത്തിക്കുന്ന ടിവിഎസ് സ്കൂട്ടർ ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സ് എത്തി തീ അണക്കാൻ ശ്രമം തുടരുകയാണ്. താഴത്തെ നിലയിലെ തീ അണച്ചു. മുകൾ നിലയിലെ തീ അണയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഗോഡൗൺ മുകൾ നിലയിലാണ്. തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അപകട സമയത്ത് ജീവനക്കാര്‍ ആരും ഷോറൂമില്‍ ഉണ്ടായിരുന്നില്ല. സമീപത്തുള്ള കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. സ്കൂട്ടറുകളും സ്പെയർപാട്സും സർവീസ് കേന്ദ്രവും കെട്ടിടത്തിലുണ്ടായിരുന്നു. കൂടുതൽ നഷ്ടം സ്പെയർ പാർട്സിനാണ്. പുതിയ സ്കൂട്ടറുകള്‍ക്ക് അടക്കം വാഹനങ്ങളും കത്തിനശിച്ചിട്ടുണ്ട്.
ഒന്നേമുക്കാൽ കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ഉടമ പറയുന്നു. തിരുവനന്തപുരത്ത് നിന്ന് നാല് യൂണിറ്റ്, ചാക്ക നിന്ന് മൂന്ന് യൂണിറ്റ്, വിഴിഞ്ഞം ഒരു യൂണിറ്റ്, കഴക്കൂട്ടം ഒരു യൂണിറ്റ്, നെടുമങ്ങാട് ഒരു യൂണിറ്റ് എന്നിവരെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
by Midhun HP News | Jun 7, 2025 | Latest News, കേരളം
കൊച്ചി: ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശ്വാസത്തിന്റെയും മഹത്വം വിളിച്ചോതുന്ന ബക്രീദ് ഇന്ന്. ബലിപെരുന്നാള്‍ എന്നും ഇതിനു വിശേഷമുണ്ട്. ഈദുല്‍ അദ്ഹ എന്ന അറബി വാക്കില്‍ നിന്നാണ് ബക്രീദ് (bakrid) എന്ന വിശേഷണം ഉണ്ടായത്. ബലി എന്നാണ് അദ്ഹയുടെ അര്‍ത്ഥം. ഈദുല്‍ അദ്ഹ എന്നാല്‍ ബലിപെരുന്നാള്‍ എന്നാണ് അര്‍ത്ഥം വരുന്നത്.
പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ ജാതനായ ഇസ്മായേലിനെ ദൈവകല്പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. ഹജ്ജിന്റെ പരിസമാപ്തി കൂടിയാണ് ബക്രീദ്. നൂറ്റാണ്ടുകൾക്ക് മുമ്പ് ദൈവ കൽപ്പന പ്രകാരം ഇബ്റാഹീം നടത്തിയ ക്ഷണത്തിന് ഉത്തരം നൽകിയാണ് രണ്ട് ദശലക്ഷം വരുന്ന വിശ്വാസികൾ ഹജ്ജിനായി മക്കയിൽ സംഗമിച്ചിരിക്കുന്നത്.
അറബി കലണ്ടറിലെ ദുൽഹജ് മാസം പത്ത്, പതിനൊന്ന്, പന്ത്രണ്ട് പതിമൂന്ന് തീയതികളിലായി നാല് ദിവസമാണ് ബക്രീദ് ആഘോഷം. സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ് ഓരോ ബക്രീദ് ആഘോഷമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആശംസാ സന്ദേശത്തിൽ പറഞ്ഞു.
Recent Comments