by Midhun HP News | Jun 7, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: മാമം പന്തലക്കോട് ലക്‌ഷമിയിൽ രാധാദേവി (77) അന്തരിച്ചു.
ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി നായർ (റിട്ടയേർഡ് ചീഫ് ഫോട്ടോഗ്രാഫർ പി.ആർ.ഡി)
മക്കൾ: രാധാകൃഷ്ണൻ (കൃഷ്ണാ ഫോട്ടോസ്,മാമം), ബിജു കെ(ഫാർമസിസ്റ്റ്, ആശ്വാസ്, ചിറയിൻകീഴ്), സജു കെ, രാജലക്ഷ്മി ആർ
മരുമക്കൾ: ദീപ വി.ആർ, നിഷ വി.എസ് (ഫാർമസിസ്റ്റ്, ആശ്വാസ്, ചിറയിൻകീഴ്), ബിന്ദു കുമാരി കെ.എസ് (പഴയകുന്നുമേൽ പഞ്ചായത്ത്), ജയചന്ദ്രൻ ബി (യു.എ.ഇ)
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.
by Midhun HP News | Jun 7, 2025 | Latest News, ദേശീയ വാർത്ത
ഡൽഹി: മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ സ്വന്തം സംവിധാനമൊരുക്കാൻ ഇന്ത്യൻ സൈന്യം. യു.എസിന്റെ ഗോള്‍ഡന്‍ ഡോം പദ്ധതിക്ക് പിന്നാലെയാണ് ഇന്ത്യയും സമാനമായ സംവിധാനം ആലോചിച്ചത്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. ‘ഒപ്‌റ്റോണിക് ഷീല്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി, കരയിലൂടെയും ആകാശം വഴിയുമുള്ള ആക്രമണങ്ങളെ പറ്റി മുന്‍കൂട്ടി വിവരം നല്‍കി പ്രതിരോധത്തിന് സജ്ജമാക്കുന്ന സംവിധാനമാണ് ഡിആര്‍ഡിഒ വികസിപ്പിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
നിലവില്‍ ഡിആര്‍ഡിഒ വികസിപ്പിച്ച വിവിധ പ്രതിരോധ സാങ്കേതിക വിദ്യകള്‍ ഉൾപ്പെടുത്തിയായിരിക്കും ഒപ്റ്റോണിക് ഷീൽഡ് സംവിധാനമൊരുക്കുക. രാജ്യത്തിന് നേരെ വരുന്ന ആക്രമണങ്ങളെ നിരീക്ഷിച്ച് കൃത്യമായ തീരുമാനമെടുക്കാൻ സൈന്യത്തെ സഹായിക്കുകയെന്നാണ് ഒപ്‌റ്റോണിക് ഷീല്‍ഡിന്റെ പ്രധാന ലക്ഷ്യം. സ്മാര്‍ട്ട് ഇലക്ട്രൊ ഒപ്റ്റിക്കല്‍ ട്രാക്കിങ് സംവിധാനമായിരിക്കും ഒപ്‌റ്റോണിക് ഷീല്‍ഡ്.
നേരത്തെ ഇസ്രായേലും മിസൈൽ പ്രതിരോധ സംവിധാനമായ അയൺ ഡോം തയ്യാറാക്കിയിരുന്നു. ലേസര്‍ വാണിങ് സംവിധാനം, ഡയറക്ട് എനര്‍ജി ആയുധങ്ങള്‍, സാറ്റലൈറ്റുകളും റഡാറുകളും ഉള്‍പ്പെടെ ഉപയോഗിച്ചുള്ള നിരീക്ഷണം, ആക്രമണങ്ങളില്‍നിന്ന് 180 ഡിഗ്രി തലത്തില്‍ സംരക്ഷണമൊരുക്കുന്ന വൈവിധ്യമാര്‍ന്ന പ്രതിരോധ സംവിധാനങ്ങള്‍, ശത്രുവിന്റെ വിമാനങ്ങളെയും ഡ്രോണുകളെയും മിസൈലുകളെയും നിയന്ത്രണം ഏറ്റെടുക്കാനാകുന്ന ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഒപ്‌റ്റോണിക് ഷീല്‍ഡ്.
സെന്‍ട്രല്‍ കമാന്‍ഡ് യൂണിറ്റ്, പനോരമിക് ഡിസ്‌പ്ലെ, ബാറ്റില്‍ഫീല്‍ഡ് കമാന്‍ഡ് ആന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം എന്നിവയൊക്കെ ഉൾക്കൊള്ളുന്നതാകും ഒപ്റ്റോണിക് ഷീൽഡ്. ഡ്രോണുകളെയും പ്രതിരോധിക്കും. നേരത്തെ, എഐ അടിസ്ഥാനമാക്കി ഇന്ത്യയുടെ ചെറുതും വലുതുമായ വ്യോമപ്രതിരോധ സംവിധാനങ്ങളെ നേരത്തെ ആകാശ്തീറുമായി സംയോജിപ്പിച്ചിരുന്നു. ശതകോടി ഡോളർ മുടക്കിയാണ് കാനഡയെയും ഉൾപ്പെടുത്തി അമേരിക്ക ഗോള്‍ഡന്‍ ഡോമെന്ന പേരില്‍ പ്രതിരോധം സംവിധാനമൊരുക്കുന്നത്. നേരത്തെ, അയൺഡോം എന്ന പേരിൽ ഇസ്രായേലും മിസൈൽ പ്രതിരോധ സംവിധാനമൊരുക്കിയിരുന്നു.
by Midhun HP News | Jun 7, 2025 | Latest News, കേരളം
തൊടുപുഴ: ഇടുക്കി അടിമാലിയില്‍ കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം കവര്‍ന്ന സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് പൊലീസ്. ഇടുക്കി ഡിവൈഎസ്പിയുടെ കീഴില്‍ പത്തംഗ സംഘം ഇന്ന് മുതല്‍ അന്വേഷണം തുടങ്ങും. വീട്ടില്‍ നിന്ന് കിട്ടിയ വിരലയാളത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുക. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നു എന്ന് പൊലീസ് അറിയിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെയിരുന്നു കേസിനാസ്പദമായ സംഭവം.
കാന്‍സര്‍ രോഗിയായ അടിമാലി വിവേകാനന്ദ നഗര്‍ സ്വദേശി കളരിക്കല്‍ ഉഷാ സന്തോഷിനെയാണ് കെട്ടിയിട്ട് ചികിത്സയ്ക്ക് കരുതിയിരുന്ന പണം അപഹരിച്ചത്. കാന്‍സര്‍ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു ഉഷ. കഴിഞ്ഞ ദിവസം കീമോ തെറാപ്പി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് മോഷണം. കട്ടിലില്‍ കെട്ടിയിട്ട ശേഷം ഇവരുടെ വായില്‍ തുണി തിരുകിയാണ് പേഴ്‌സിലുണ്ടായിരുന്ന 16500 രൂപ കവര്‍ന്നത്. അയല്‍വാസികള്‍ ഇവരെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് കട്ടിലില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സാമ്പത്തികമായി ഏറെ പ്രയാസമനുഭവിക്കുന്ന കുടുംബമാണ്. അടിമാലിയിലെ സുമനസ്സുകള്‍ ചേര്‍ന്നാണ് ഇവരുടെ ചികിത്സയ്ക്കാവശ്യമായ പണം പിരിച്ചുനല്‍കിയത്. ഈ തുകയുള്‍പ്പെടെയാണ് മോഷ്ടാവ് കവര്‍ന്നത്. സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുളള ശ്രമം പുരോഗമിക്കുന്നതായി അടിമാലി പൊലീസ് അറിയിച്ചു. ഉഷയുടെ ഭര്‍ത്താവും മകളും വീട്ടില്‍ നിന്ന് പോയതിന് ശേഷമായിരുന്നു മോഷണം. വീട്ടുകാരുമായി അടുത്ത ബന്ധമുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം.
by Midhun HP News | Jun 7, 2025 | Latest News, കേരളം
തൃശൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോ യെയും അമ്മയെയും ആശുപത്രിയിലെത്തി സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഷൈനിന്റെ പിതാവിന്റെ സംസ്കാരം ബന്ധുക്കൾ ചേർന്ന് തീരുമാനിക്കുമെന്നും ഷൈന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
“ഇന്ന് രാത്രിയോടെ ഷൈനിന്റെ വിദേശത്തുള്ള ചേച്ചിമാർ രണ്ടു പേരുമെത്തും. അവർക്ക് അച്ഛന്റെ കൂടെ കുറച്ചു സമയം ഇരിക്കണം. നാളെ ഉച്ചയോടെ ബന്ധുക്കളുമായി ആലോചിച്ച ശേഷം പിതാവിന്റെ സംസ്കാരം തീരുമാനിക്കും. ഷൈന്റെ പിതാവ് മരിച്ച വിവരം അമ്മയെ അറിയിച്ചിട്ടില്ല. മുറിയിൽ ടിവിയൊന്നും വയ്ക്കില്ല എന്ന് തോന്നുന്നു. അമ്മയ്ക്കിപ്പോൾ കുഴപ്പമില്ല.
ഇടുപ്പിന് ചെറിയ പരിക്കേയുള്ളൂ. ഡോക്ടർമാരുമായി സംസാരിച്ചു. ഷൈന്റെ കാര്യത്തിലും ആശങ്കപ്പെടാനൊന്നുമില്ല. സർജറി ഇന്നുണ്ടാകില്ല, ചടങ്ങ് കഴിഞ്ഞ് മതിയെന്നാണ് പറഞ്ഞിരിക്കുന്നത്. കാറിന്റെ പിറകിലുണ്ടായിരുന്നവർ ഉറങ്ങുകയായിരുന്നു. ലോറിയിൽ ഇടിച്ച ശേഷം സ്റ്റിയറിങ് ലോക്കായി ബാക്കിലേക്ക് ഇടിച്ചു കയറിയതാണെന്നാണ് കരുതുന്നത്. മുൻസീറ്റിലിരുന്ന രണ്ട് പേർക്കും ഒരു കുഴപ്പവുമില്ല. പിറകിലിരുന്ന മൂന്ന് പേർക്കാണ് പ്രശ്നമായത്”. – സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
വിദഗ്ധ ചികിത്സയ്ക്കായി ഷൈനെയും അമ്മ മരിയെയും ഇന്നലെ തൃശൂർ സൺ ആശുപത്രിയിലെത്തിച്ചിരുന്നു. ഇന്നലെ രാത്രിയോടെയാണ് ഇരുവരെയും പ്രത്യേക ആംബുലൻസിൽ നാട്ടിലെത്തിച്ചത്. ഷൈനിന്റെ ഇടതുകൈക്ക് പൊട്ടലുണ്ട്. അപകടത്തിൽ തലക്ക് പരിക്കേറ്റ ഷൈനിന്റെ പിതാവ് സി പി ചാക്കോ മരിച്ചിരുന്നു. ഇന്നലെ രാത്രിയോടെ തന്നെ മൃതദേഹവും നാട്ടിലെത്തിച്ചു.
തമിഴ്നാട്ടിലെ ധർമപുരിയിൽ വെച്ച് ദിശ മാറിയെത്തിയ ലോറി കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഷൈന്‍ ടോമിനും അച്ഛനുമൊപ്പം അമ്മയും സഹോദരനും സഹായിയും കാറില്‍ ഉണ്ടായിരുന്നു. അപകടം നടന്ന ഉടനെ തന്നെ പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ അച്ഛൻ മരിച്ചുവെന്നാണ് വിവരം.
by Midhun HP News | Jun 7, 2025 | Latest News, കേരളം
കൊല്ലം: സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം. കൊല്ലം കടയ്ക്കലില്‍ 44കാരന്‍ മരിച്ചത് പേവിഷബാധയെ തുടര്‍ന്നെന്ന് സ്ഥിരീകരണം. ശ്വാസം മുട്ടലിനുള്ള ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയിലാണ് കടയ്ക്കല്‍ കുറ്റിക്കാട് സ്വദേശി ബൈജു മരിച്ചത്. ഇദ്ദേഹത്തിന് പേവിഷബാധയുടെ ലക്ഷണങ്ങളുണ്ടായിരുന്ന സാഹചര്യത്തില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് മരണകാരണം സ്ഥിരീകരിച്ചത്.
ബൈജുവിന്റെ കാലില്‍ തെരുവുനായ നക്കിയിരുന്നതായി ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് പറഞ്ഞു. ആറുമാസം മുന്‍പായിരുന്നു സംഭവം എന്നാണ് ബന്ധുക്കള്‍ പറയുന്നത്. പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബൈജുവുമായി ഇടപഴകിയിട്ടുള്ളവര്‍ അടിയന്തരമായി വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യവകുപ്പും നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ആയിരുന്നു ശ്വാസതടസ്സവും മറ്റ് അസ്വസ്ഥതകളുമായി ബൈജു കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയത്.
പേവിഷബാധയുടെ ലക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ ബൈജുവിനോട് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ബൈജു ചികിത്സ തേടിയിരുന്നില്ല. ചൊവ്വാഴ്ച രാത്രിയോടെ വീണ്ടും ശ്വാസതടസം ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ രൂക്ഷമായതിനെ തുടര്‍ന്ന് വീണ്ടും കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. പിന്നാലെയാണ് ബൈജുവിന്റെ മരണം പേവിഷബാധയേറ്റാണെന്ന സ്ഥിരീകരണം ഉണ്ടായത്. ഇതോടെ ബൈജുമായി സമ്പര്‍ക്കമുണ്ടായിരുന്നവരും ഇന്‍ക്വസ്റ്റ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരും പേവിഷബാധ വാക്‌സിനെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
Recent Comments