by Midhun HP News | Jun 5, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: റെയില്‍വെ തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ആധാര്‍ കാര്‍ഡുകളുമായി ഐആര്‍സിടിസി അക്കൗണ്ടുകള്‍ ലിങ്ക് ചെയ്ത അക്കൗണ്ട് ഉടമകള്‍ക്ക് മുന്‍ഗണന. തത്കാല്‍ ടിക്കറ്റ് വില്‍പ്പന സമയ സ്ലോട്ടുകളുടെ ആദ്യ 10 മിനിറ്റുകളിലാണ് ഇത്തരം അക്കൗണ്ട് ഉടമകള്‍ക്ക് മുന്‍ഗണന ലഭിക്കുക. ടിക്കറ്റ് ബുക്കിങ്ങില്‍ ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കാനാണ് പുതിയ നീക്കമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കുന്നു.
നിലവില്‍, തത്കാല്‍ വിന്‍ഡോ തുറക്കുന്നതിന്റെ ആദ്യ 10 മിനിറ്റിനുള്ളില്‍ അംഗീകൃത ഐആര്‍സിടിസി ഏജന്റുമാര്‍ക്ക് പോലും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവാദമില്ല. എന്നാല്‍ ഇനിമുതല്‍ തത്കാല്‍ ടിക്കറ്റ് വില്‍പ്പനയുടെ ആദ്യ 10 മിനിറ്റിനുള്ളില്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ട് ഉടമകള്‍ക്ക് ബുക്കിങ്ങില്‍ മുന്‍ഗണന ലഭിക്കും. ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാത്ത അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കാന്‍ പ്രത്യേക പരിശോധന നടത്താനും ഐആര്‍സിടിസി തീരുമാനിച്ചതായി റെയില്‍വേ അറിയിച്ചു. സംശയാസ്പദമായി പ്രവര്‍ത്തിക്കുന്ന അക്കൗണ്ടുകള്‍ കണ്ടെത്തി പ്രവര്‍ത്തനം തടയാനാണ് നീക്കം.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോവുകള്‍ വഴി പ്രതിദിനം 2,25,000 യാത്രക്കാര്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. മെയ് 24 നും ജൂണ്‍ 2 നും ഇടയില്‍ ബുക്കിങ്ങ് വിന്‍ഡോ തുറന്നതിന് ശേഷമുള്ള ആദ്യ മിനിറ്റില്‍ ശരാശരി 1,08,000 എസി ക്ലാസ് ടിക്കറ്റുകളില്‍ 5,615 എണ്ണം മാത്രമേ ബുക്ക് ചെയ്തിട്ടുള്ളൂ. രണ്ടാം മിനിറ്റില്‍ 22,827 ടിക്കറ്റുകള്‍ ബുക്ക് ചെയ്തു. എസി ക്ലാസില്‍, വിന്‍ഡോ തുറന്നതിന്റെ ആദ്യ 10 മിനിറ്റിനുള്ളില്‍ ശരാശരി 67,159 ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്തു. ഓണ്‍ലൈനായി ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളുടെ കണക്കുകളില്‍ 62.5 ശതമാനം വരുന്നതാണ് ഈ കണക്കുകള്‍.
ബാക്കിവന്ന 37.5 ശതമാനം ടിക്കറ്റുകളും ചാര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പുള്ള 10 മിനിറ്റുകള്‍ക്കിടയില്‍ ബുക്ക് ചെയ്യപ്പെട്ടു. അതില്‍ 3.01 ശതമാനം തത്കാല്‍ ടിക്കറ്റുകള്‍ വിന്‍ഡോ തുറന്ന് 10 മണിക്കൂറിലധികം കഴിഞ്ഞാണ് ബുക്ക് ചെയ്തതെന്നും റെയില്‍വേ അവകാശപ്പെട്ടു.
നോണ്‍-എസി വിഭാഗത്തില്‍ മെയ് 24 മുതല്‍ ജൂണ്‍ 2 വരെ പ്രതിദിനം ശരാശരി 1,18,567 ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്തു. ഇതില്‍ ഏകദേശം 4 ശതമാനം വരുന്ന 4,724 ടിക്കറ്റുകള്‍ ആദ്യ മിനിറ്റിനുള്ളില്‍ ബുക്ക് ചെയ്തു, അതേസമയം 20,786 ടിക്കറ്റുകള്‍ (ഏകദേശം 17.5% ) രണ്ടാം മിനിറ്റിലും ബുക്ക് ചെയ്തു. വിന്‍ഡോ തുറന്നതിന് ശേഷമുള്ള ആദ്യ 10 മിനിറ്റിനുള്ളില്‍ ഏകദേശം 66.4 ശതമാനം ടിക്കറ്റുകള്‍ വിറ്റു. കൂടാതെ, വിന്‍ഡോ തുറന്നതിന്റെ ആദ്യ മണിക്കൂറിനുള്ളില്‍ ഏകദേശം 84.02 ശതമാമനം ടിക്കറ്റുകള്‍ വില്‍പന നടത്താനായി. ബാക്കിയുള്ള ടിക്കറ്റുകള്‍ അടുത്ത 10 മണിക്കൂറിനുള്ളില്‍ വിറ്റുപോയതായും കണക്കുകള്‍ പറയുന്നു.
തല്‍ക്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതില്‍ ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു എന്നതിന്റെ തെളിവാണ് കണക്കുകള്‍ എന്നാണ് റെയില്‍വെ പറയുന്നത്. വിന്‍ഡോ തുറന്നതിന് 8 മുതല്‍ 10 മണിക്കൂര്‍ ശേഷവും ഏകദേശം 12 ശതമാനം തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യപ്പെടുന്നത് ഇതിന്റെ ഭാഗമാണെന്നാണ് ഐആര്‍സിടിസിയുടെ വിലയിരുത്തല്‍.
by Midhun HP News | Jun 5, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലുള്ള ഇരട്ട പാതയ്ക്ക് സമാന്തരമായി മൂന്നാമത്തെയും നാലാമത്തെയും റെയില്‍വേ ലൈനുകള്‍ എന്ന റെയില്‍വേ നിര്‍ദേശം അപ്രായോഗികം എന്ന് ഇ ശ്രീധരന്‍. കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍, മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവച്ച പദ്ധതി സംസ്ഥാനത്ത് പ്രായോഗികമല്ലെന്നാണ് ഇ ശ്രീധരന്റെ നിലപാട്. സില്‍വര്‍ ലൈനിന് ബദലായുള്ള പാത സംബന്ധിച്ച് സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലുള്ള ഇരട്ട പാതയ്ക്ക് സമാന്തരമായി മൂന്നാമത്തെയും നാലാമത്തെയും റെയില്‍വേ ലൈനുകള്‍ എന്ന റെയില്‍വേ നിര്‍ദേശം അപ്രായോഗികം എന്ന് ഇ ശ്രീധരന്‍. കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍, മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവച്ച പദ്ധതി സംസ്ഥാനത്ത് പ്രായോഗികമല്ലെന്നാണ് ഇ ശ്രീധരന്റെ നിലപാട്. സില്‍വര്‍ ലൈനിന് ബദലായുള്ള പാത സംബന്ധിച്ച് സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.
സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തില്‍ താല്‍പ്പര്യമില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. സാങ്കേതികവും പാരിസ്ഥിതികവുമായ കാരണങ്ങളാല്‍ കെ-റെയില്‍ കോര്‍പ്പറേഷന്‍ മുന്നോട്ടുവച്ച പദ്ധതി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയത്. ഇതേത്തുടര്‍ന്ന് ഇ ശ്രീധരന്റെ ബദല്‍ നിര്‍ദ്ദേശം പരിശോധിക്കാന്‍ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇ ശ്രീധരന്റെ നിര്‍ദ്ദേശം കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രത്തിന് മുന്നില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു എന്ന് മുഖ്യമന്ത്രിയോട് ഒപ്പമുണ്ടായിരുന്ന കെ വി തോമസ് അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ ഇതുവരെ അത് വിശദമായി പഠിച്ചിട്ടില്ല. പുതിയ പദ്ധതി നിര്‍ദേശത്തില്‍ ഉടന്‍ തന്നെ അന്തിമ തീരുമാനം മെട്രോമാന്‍ ഇ ശ്രീധരനെ അറിയിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
ഇതിനിടെയാണ് വടക്ക് നിന്ന് തെക്കന്‍ കേരളത്തിലേക്കുള്ള മൂന്നാമത്തെയും നാലാമത്തെയും പാതകള്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണ്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എക്സില്‍ കുറിച്ചത്. ഇതുവഴി യാത്രക്കാര്‍ക്കും ചരക്കുകള്‍ക്കും റെയില്‍ മാര്‍ഗം കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
by Midhun HP News | Jun 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന് പകരം മറ്റ് രേഖകള്‍ പരിഗണിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ജാതി, താമസസ്ഥലം എന്നിവ തെളിയിക്കാന്‍ മറ്റു രേഖകള്‍ പരിഗണിക്കും. സ്ഥിര താമസരേഖയായി റേഷന്‍ കാര്‍ഡ് പരിഗണിക്കും. ഡിജി ലോക്കറില്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകാത്തത് പ്ലസ് വണ്‍ പ്രവേശനത്തെ ബാധിക്കാതിരിക്കുക ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നിര്‍ദേശം.
പ്ലസ് വണ്ണിന് സംവരണ സീറ്റില്‍ പ്രവേശനം കിട്ടിയവര്‍ ജാതി തെളിയിക്കാന്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് രേഖയായി പരിഗണിക്കും. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാത്ത സാഹചര്യം പരിഗണിച്ചാണ് നിര്‍ദേശം. ഇത്തവണ ഡിജിലോക്കറില്‍ മാര്‍ക്ക് വിവരങ്ങള്‍ മാത്രമാണ് ലഭ്യമാക്കിയിരുന്നത്. കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥിയുടെ സമ്പൂര്‍ണ വിവരങ്ങളടങ്ങിയ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ ഡിജിറ്റല്‍ കോപ്പി ലഭ്യമാക്കിയിരുന്നു.
സേ പരീക്ഷക്കുശേഷം ഡിജിലോക്കറില്‍ മതിയായ രേഖകള്‍ അപ്ലോഡ് ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സംസ്ഥാനത്ത് എവിടെയും നിലവില്‍ സീറ്റ് ക്ഷാമമില്ല. നിലവില്‍ പ്ലസ് വണ്‍ സീറ്റുകള്‍ അധികമാണ്. മലപ്പുറത്ത് കഴിഞ്ഞ വര്‍ഷവും സീറ്റ് അധികമായിരുന്നു. കുറ്റമറ്റ രീതിയില്‍ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ബസുകളിൽ കുട്ടികൾ നേരിടുന്ന ബുദ്ധിമുട്ട് ഒരിക്കലും അംഗീകരിക്കില്ലെന്നും കൺസെഷൻ ഇല്ലെന്നു കരുതി കുട്ടിയെ ഇറക്കി വിടാൻ പാടില്ലെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. ബസ് കൃത്യമായി സ്റ്റോപ്പിൽ നിർത്തണം. സ്‌കൂൾ ബസിൽ രണ്ട് ദിവസം കുട്ടി വന്നില്ല എന്ന് കരുതി ഇറക്കി വിടാൻ പാടില്ല. ഒരു അച്ചടക്കത്തിന്റെ പേരിലും മുടിമുറിക്കുന്നത് പോലുള്ള കാടത്ത നിലപാട് പറ്റില്ല. അത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കും. പോക്സോ കേസ് പ്രതിയെ ഫോർട്ട് ഹൈസ്കൂളിലെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചത് തെറ്റാണെന്നും വിഷയത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
by Midhun HP News | Jun 5, 2025 | Latest News, കേരളം
തിരുവനന്തപുരം: ഇക്കൊല്ലത്തെ നഴ്‌സിങ്, പാരാമെഡിക്കല്‍ പ്രവേശനത്തിനായി ( nursing) സ്വാശ്രയ നഴ്‌സിങ് കോളജുകളുടെ അഫിലിയേഷന്‍ നടപടികള്‍ ഈ മാസം പത്തിനകം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ജൂണ്‍ പത്തിനകം ആരോഗ്യ സര്‍വകലാശാലയും കേരള നഴ്‌സിങ് കൗണ്‍സിലും കോളജുകള്‍ക്കുള്ള അഫിലിയേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി സ്വശ്രയ മാനേജ്‌മെന്റുകള്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ ധാരണ.
കോളജുകളിലെ നേരിട്ടുള്ള പരിശോധന പൂര്‍ത്തിയാകാത്തതിനാല്‍ ഉപാധികളോടെയാകും അഫിലിയേഷന്‍ നല്‍കുക. അഫിലിയേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ നഴ്‌സിങ് കോളജുകള്‍ക്ക് പ്രവേശന പ്രോസ്‌പെക്ടസ് പ്രവേശനി ഫീസ് നിയന്ത്രണ സമിതിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കാനാകും. ഇത് വേഗത്തിലാക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ നല്‍കും.
പ്രവേശനം തുടങ്ങുന്ന ഓഗസ്റ്റ് ഒന്നിന് മുമ്പ് നടപടികള്‍ പൂര്‍ത്തീകരിക്കും. നഴ്‌സിങ് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ ക്ലിനിക്കല്‍ പരിശീലനത്തിന് നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കും. ബി.എസ് സി നഴ്‌സിങ് ഫീസ് വര്‍ധന സംബന്ധിച്ച മാനേജ്‌മെന്റുകളുടെ ആവശ്യം പരിശോധിക്കാന്‍ ഫീസ് നിയന്ത്രണ സമിതിക്ക് നിര്‍ദേശം നല്‍കും. സ്വാശ്രയ കോളജുകളിലെ 50 ശതമാനം മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശന നടപടികള്‍ 10 ന് ശേഷം ആരംഭിക്കാനാകുമെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞു.
by Midhun HP News | Jun 5, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ് സി പ്ലസ് വണ്‍ ( plus one ) പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നു കൂടി സ്‌കൂളുകളില്‍ പ്രവേശനം നേടാം. ഇന്ന് വൈകീട്ട് അഞ്ചുമണി വരെ സ്‌കൂളില്‍ ചേരാം. ആദ്യ ഓപ്ഷനില്‍ത്തന്നെ അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഫീസും ബന്ധപ്പെട്ട രേഖകളും ഹാജരാക്കി സ്ഥിരം പ്രവേശനം നേടണം. അല്ലാത്തവര്‍ക്ക് ഫീസ് അടയ്ക്കാതെ താല്‍ക്കാലിക പ്രവേശനം നേടാം.
സമയപരിധിക്കുള്ളില്‍ പ്രവേശനം നേടാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാകും. തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ അവരെ പരിഗണിക്കില്ല. അതിനാല്‍ ആദ്യ അലോട്ട്‌മെന്റില്‍ ഇടംനേടിയ വിദ്യാര്‍ത്ഥികള്‍ ഒന്നാം ഓപ്ഷന്‍ ലഭിച്ചില്ലെങ്കില്‍, താല്‍ക്കാലിക അഡ്മിഷനെടുക്കണം. ഒന്നാം ഓപ്ഷന്‍ പ്രകാരം അലോട്ട്മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് അഡ്മിഷന്‍ എടുത്തില്ലെങ്കില്‍ ഈ സീറ്റുകള്‍ ഒഴിഞ്ഞതായി കണക്കാക്കും. ഇവര്‍ക്ക് പിന്നീട് അവസരം ലഭിക്കില്ല.
ഹയര്‍സെക്കന്‍ഡറിയില്‍ ആദ്യ അലോട്ട്‌മെന്റിന് ശേഷം സംവരണ വിഭാഗത്തിലെ 69,000 സീറ്റ് മിച്ചമുണ്ടായിരുന്നു. അതും അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തതിനാല്‍ ഒഴിവു വന്ന സീറ്റുകളും ചേര്‍ത്ത് രണ്ടും മൂന്നും അലോട്ട്‌മെന്റുകള്‍ പ്രസിദ്ധീകരിക്കും. ചൊവ്വാഴ്ചയാണ് രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. 16 ന് മൂന്നാം അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും.
സപ്ലിമെന്ററി അലോട്ട്മെന്റാണ് പിന്നീട് പ്രസിദ്ധീകരിക്കുക. ആദ്യ മൂന്ന് അലോട്ട്മെന്റുകളിലും ഉള്‍പ്പെടാത്തവര്‍ സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ ഓപ്ഷനുകള്‍ ചേര്‍ത്ത് അപേക്ഷ പുതുക്കണം. ജൂണ്‍ 28 മുതല്‍ ജൂലായ് 23 വരെയാണ് സപ്ലിമെന്ററി അലോട്ട്മെന്റ്. അലോട്ട്‌മെന്റുകള്‍ പൂര്‍ത്തീകരിച്ച് പ്ലസ്‍ വണ്‍ ക്ലാസ്സുകള്‍ ജൂണ്‍ 18-ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.
Recent Comments