പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി: ഹെഡ്മാസ്റ്റര്‍ക്ക് വീഴ്ച, ഡിഡിയുടെ റിപ്പോര്‍ട്ട്

പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി: ഹെഡ്മാസ്റ്റര്‍ക്ക് വീഴ്ച, ഡിഡിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: പോക്സോ കേസ് പ്രതിയായ വ്‌ളോഗറെ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയാക്കിയ സംഭവത്തില്‍ പ്രധാന അധ്യാപകന് വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ട്. വിഷയത്തില്‍ ഡിഡിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് വ്യക്തമാക്കുന്നത്. തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങിലാണ് പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ മുകേഷ് എം നായര്‍ മുഖ്യാതിഥിയായി എത്തിയത്.

പ്രവേശനോത്സവത്തിലെ പോക്‌സോ കേസ് പ്രതിയുടെ സാന്നിധ്യം ഉണ്ടായതില്‍ പ്രധാന അധ്യാപകന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനാകില്ല. വിവാദ വ്യക്തിയെ ചടങ്ങിലേക്ക് ക്ഷണിച്ചത് പരിപാടിയുടെ സ്‌പോണ്‍ര്‍ ആകാം. എന്നാല്‍ വിഷയത്തില്‍ മതിയായ കരുതല്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ഡിഡിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഡിഡിയുടെ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് ഡിജിഇ മടക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിഷയത്തില്‍ ആര്‍ക്കാണ് വീഴ്ച സംഭവിച്ചത് എന്നും ആര്‍ക്കെല്ലാം എതിരെ നടപടി വേണമെന്നും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിശദീകരിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഡിജിഇയുടെ നടപടി.

സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി മുഖ്യാതിഥിയായി എത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു. അടിയന്തരമായി വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം എന്നായിരുന്നു തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നല്‍കിയ നിര്‍ദേശം. പോക്‌സോ കേസ് പ്രതികളായ അധ്യാപകര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ട അതേ ദിവസം തന്നെ സ്‌ക്കൂളില്‍ അതിഥിയായി പോക്‌സോ പ്രതി എത്തിയ സംഭവം വലിയ വിമര്‍ശനം നേരിട്ടിരിന്നു. തുടര്‍ന്നാണ് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

റീല്‍സ് ഷൂട്ടിംഗിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ചെന്ന കേസിലെ പ്രതിയാണ് മുകേഷ്. ഇയാള്‍ക്കെതിരെ കോവളം സ്റ്റേഷനില്‍ പോക്‌സോ കേസ് നിലവിലുണ്ട്. എന്നാല്‍ മുകേഷ് വരുന്ന കാര്യം അറിയില്ലായിരുന്നെന്നും സ്‌കൂളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യാനെത്തിയ സംഘടനയാണ് മുകേഷ് നായരെ മുഖ്യാതിഥിയായി എത്തിച്ചതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

സിഎസ്‌ഐആര്‍- യുജിസി നെറ്റ് പരീക്ഷയ്ക്ക് ജൂണ്‍ 23 വരെ അപേക്ഷിക്കാം; അറിയാം പരീക്ഷാതീയതി, വിശദാംശങ്ങള്‍

സിഎസ്‌ഐആര്‍- യുജിസി നെറ്റ് പരീക്ഷയ്ക്ക് ജൂണ്‍ 23 വരെ അപേക്ഷിക്കാം; അറിയാം പരീക്ഷാതീയതി, വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: ജൂണ്‍ 2025 സെഷനുള്ള കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് യുജിസി നെറ്റ് പരീക്ഷയുടെ രജിസ്‌ട്രേഷന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ആരംഭിച്ചു. പരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ 3 ന് ആരംഭിച്ച് ജൂണ്‍ 23 വരെ തുടരും. csirnet.nta.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വിജ്ഞാപന പ്രകാരം, അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 23 ആണ്. പരീക്ഷ ജൂലൈ 26 മുതല്‍ ജൂലൈ 28 വരെ നടക്കും. ആപ്ലിക്കേഷന്‍ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജൂണ്‍ 24ന് രാത്രി 11.59 വരെയാണ്. അപേക്ഷയില്‍ തിരുത്തല്‍ വരുത്താനും അവസരമുണ്ട്. ജൂണ്‍ 25 മുതല്‍ 26 വരെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താനുള്ള അവസരം നല്‍കും.

പരീക്ഷയ്ക്ക് യോഗ്യത നേടുന്നതിന്, ഉദ്യോഗാര്‍ത്ഥികള്‍ ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കണം. അക്കാദമിക യോഗ്യതകളുടെ കാര്യത്തില്‍, ഉദ്യോഗാര്‍ത്ഥികള്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുള്ള യോഗ്യതകള്‍ നേടിയിരിക്കണം. കൂടാതെ, ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (JRF), അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകള്‍ക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ നിശ്ചിത പ്രായപരിധിയിലുള്ളവരായിരിക്കണം.

അപേക്ഷ നല്‍കുന്ന വിധം:

ഔദ്യോഗിക വെബ്സൈറ്റായ csirnet.nta.ac.in സന്ദര്‍ശിക്കുക.

ഹോംപേജില്‍ ‘Joint CSIR-UGC-NET ജൂണ്‍ 2025: രജിസ്റ്റര്‍ ചെയ്യാന്‍/ലോഗിന്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പുതിയ വിന്‍ഡോയിലേക്ക് നയിക്കും

ഇ-മെയില്‍ ഐഡിയും മൊബൈല്‍ നമ്പറും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക

ആവശ്യമായ വിശദാംശങ്ങള്‍ക്കൊപ്പം അപേക്ഷാ ഫോം പൂരിപ്പിക്കുക

ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്ത് അപേക്ഷാ ഫീസ് അടയ്ക്കുക

ഫോം സമര്‍പ്പിച്ച് സ്ഥിരീകരണ പേജ് ഡൗണ്‍ലോഡ് ചെയ്യുക

ഭാവി റഫറന്‍സിനായി ഒരു പകര്‍പ്പ് സൂക്ഷിക്കുക

കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് (CBT) നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്നത്. പരീക്ഷ 180 മിനിറ്റ് (3 മണിക്കൂര്‍) നീണ്ടുനില്‍ക്കും. ചോദ്യപേപ്പറുകളില്‍ ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും. കൂടാതെ പേപ്പറുകളുടെ മീഡിയം ഇംഗ്ലീഷിലും ഹിന്ദിയിലും ആയിരിക്കും.

ആകെ അഞ്ച് ടെസ്റ്റ് പേപ്പറുകള്‍:

കെമിക്കല്‍ സയന്‍സസ്

ഭൂമി, അന്തരീക്ഷം, സമുദ്രം, ഗ്രഹ ശാസ്ത്രം

ജീവ ശാസ്ത്രം

ഗണിതശാസ്ത്രം

ഭൗതിക ശാസ്ത്രം

ചാരവൃത്തി; പഞ്ചാബി യൂട്യൂബര്‍ അറസ്റ്റില്‍, ജ്യോതി മല്‍ഹോത്രയുമായും ബന്ധം

ചാരവൃത്തി; പഞ്ചാബി യൂട്യൂബര്‍ അറസ്റ്റില്‍, ജ്യോതി മല്‍ഹോത്രയുമായും ബന്ധം

ന്യൂഡല്‍ഹി: പാകിസ്ഥാനുമായി ബന്ധപ്പെട്ട ചാരവൃത്തിയുമായി ബന്ധപ്പെട്ട് വീണ്ടും അറസ്റ്റ്. പഞ്ചാബ് റൂപ്‌നഗര്‍ സ്വദേശിയായ ജസ്ബീര്‍ സിങ്ങിനെയാണ് പൊലീസ് പിടികൂടിയത്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ജസ്ബീര്‍ സിങിനെ പിടികൂടിയതെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു. ഇയാളുമായി ബന്ധപ്പെട്ട് ഒരു ചാരശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ജന്‍മഹല്‍ എന്ന പേരില്‍ യൂട്യൂബ് ചാനല്‍ നടത്തുന്ന ജസ്ബീര്‍ സിങിന് പതിനൊന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്.

അടുത്തിടെ അറസ്റ്റിലായ വനിതാ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയുമായി ജസ്ബീര്‍ സിങിന് ബന്ധമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഭീകരവാദ പിന്തുണയുള്ള ചാരവൃത്തി സംഘത്തിന്റെ ഭാഗമാണെന്ന് സംശയിക്കപ്പെടുന്ന ഇന്ത്യന്‍ വംശജനായ ഷാക്കിര്‍ അഥവാ ജട്ട് രണ്‍ധാവയുമായും ജസ്ബീറിന് അടുപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജ്യോതി മല്‍ഹോത്രയ്ക്ക് പുറമെ ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ നിന്ന് പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥനുമായ എഹ്സാന്‍-ഉര്‍-റഹീം എന്നറിയപ്പെടുന്ന ഡാനിഷ് എന്നിവരുമായും ബന്ധം പുലര്‍ത്തിയിരുന്നെന്നും വിവരങ്ങളുണ്ട്.

പാക് ഹൈക്കമീഷന്‍ ഉദ്യോഗസ്ഥനായിരുന്ന ഡാനിഷിന്റെ ക്ഷണപ്രകാരം ഡല്‍ഹിയില്‍ നടന്ന പാകിസ്ഥാന്‍ ദേശീയ ദിന പരിപാടിയില്‍ ജസ്ബീര്‍ സിങ് പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ വച്ച് പാകിസ്ഥാന്‍ ആര്‍മി ഉദ്യോഗസ്ഥര്‍ വ്‌ളോഗര്‍മാര്‍ എന്നിവരുമായി ജസ്ബീര്‍ സിങ് കൂടിക്കാഴ്ച നടത്തി. 2020, 2021, 2024 വര്‍ഷങ്ങളില്‍ ഇയാള്‍ പലതവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അധികൃതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജസ്ബീര്‍ സിങില്‍ നിന്നും കണ്ടെത്തിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഫോറന്‍സിക് പരിശോധനയില്‍ പാകിസ്ഥാന്‍ ബന്ധം വ്യക്തമാക്കുന്ന ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. ഈ വിവരങ്ങള്‍ ഇയാളുടെ പ്രവര്‍ത്തനങ്ങളെയും അന്താരാഷ്ട്ര ബന്ധങ്ങളെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്ന പ്രതീക്ഷയും ഉദ്യോഗസ്ഥര്‍ നല്‍കുന്നു. അതേസമയം, ജ്യോതി മല്‍ഹോത്ര അറസ്റ്റിലായതിന് പിന്നാലെ പാക് ബന്ധങ്ങള്‍ സംബന്ധിച്ച തെളിവുകള്‍ നശിപ്പിക്കാന്‍ ജസ്ബീര്‍ സിങ് ശ്രമം നടത്തിയിരുന്നു എന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം; 15 ലക്ഷത്തിലേറെ ഹാജിമാര്‍ മിനായില്‍ സംഗമിക്കുന്നു

ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം; 15 ലക്ഷത്തിലേറെ ഹാജിമാര്‍ മിനായില്‍ സംഗമിക്കുന്നു

ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ച് 15 ലക്ഷത്തിലേറെ ഹാജിമാര്‍ മിനായില്‍ സംഗമിക്കുന്നു. ഒന്നേകാല്‍ ലക്ഷം ഇന്ത്യക്കാരടക്കമുള്ള ഹാജിമാര്‍ മിനായിലെത്തിയിട്ടുണ്ട്. പുലര്‍ച്ചയോടെയാണ് ഭൂരിഭാഗം ഹാജിമാരും മിനായിലെത്തിയത്. നാളെയാണ് അറഫാ സംഗമം. ഇതിനായി ഇന്ന് രാത്രി മുതല്‍ ഹാജിമാര്‍ നീങ്ങിത്തുടങ്ങും.

ഇന്ന് പകലും രാത്രിയും ഹാജിമാര്‍ മിനായില്‍ പ്രാര്‍ഥനകളുമായി കഴിഞ്ഞു കൂടും. യൗമുല്‍ തര്‍വിയ അതായത് ഹജ്ജിന്റെ പ്രധാനമേറിയ കര്‍മങ്ങളിലേക്കുള്ള മുന്നൊരുക്കമാണ് ഇന്ന്. അതിനാല്‍ രാത്രിയിയോടെ മുഴുവന്‍ ഹാജിമാരും മിനായിലെത്തും.നാളെയാണ് ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. ഇന്ന് രാത്രി മുതല്‍ നാളെ സൂര്യാസ്തമയം വരെ അറഫയില്‍ തങ്ങണം. പിന്നീട് മുസ്ദലിഫയില്‍ രാപ്പാര്‍ത്ത് മിനായിലേക്ക് തിരികെയെത്തും. കല്ലേറ് കര്‍മം, ഹജ്ജിന്റെ ത്വവാഫ്, ബലി കര്‍മം എന്നിവ പൂര്‍ത്തിയാക്കിയാല്‍ തീര്‍ഥാടകന് ഹജ്ജിന് അര്‍ധവിരാമം കുറിക്കാം. കനത്ത സുരക്ഷയിലാണ് ഇത്തവണത്തെ ഹജ്ജ് കാലം.

തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച; ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് മാറി നല്‍കി

തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച; ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് മാറി നല്‍കി

തിരുവനന്തപുരത്തെ സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച. ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് മാറി നല്‍കിയെന്ന് പരാതി. നീര്‍ക്കെട്ട് കുറയാന്‍ നല്‍കുന്ന കുത്തിവയ്പ് മാറി വലത് കണ്ണിനു നല്‍കിയെന്നാണ് പരാതി. അസി. പ്രൊഫ. എസ് എസ് സുജീഷിനെതിരെയാണ് പരാതി.

കണ്ണ് മരവിപ്പിച്ച് ഓപ്പറേഷന്‍ തിയേറ്ററില്‍ നല്കുന്ന ചികില്‍സയാണ് മാറിപ്പോയത്. ബീമാപള്ളി സ്വദേശി അസൂറ ബീവിയാണ് പരാതി നല്‍കിയത്. ആരോഗ്യ വകുപ്പിനും കന്റോണ്‍മെന്റ് പൊലീസിനും കുടുംബം പരാതി നല്‍കിയിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഡോക്ടര്‍ എസ് എസ് സുജീഷിനെ സസ്‌പെന്‍ഡ് ചെയ്തു.ഇടതു കണ്ണിന് കാഴ്ചക്കുറവ് ഉണ്ടായിരുന്നു.

അതിനെ തുടര്‍ന്ന് ഒരു മാസക്കാലമായി ചികിത്സയിലായിരുന്നു. ഇതിന്റെ ഭാഗയമായി കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തി. കണ്ണില്‍ ഇഞ്ചക്ഷന്‍ ചെയ്യാനുള്ള മരുന്ന ഡോക്ടറുടെ ആവശ്യപ്രകാരം ആശുപത്രിയില്‍ വാങ്ങി നല്‍കുകയും ചെയ്തു. ഇന്നലെ രാവിലെയാണ് ആശുപത്രിയില്‍ ശസ്ത്രക്രിയയുടെ ഭാഗമായി അഡിമിറ്റ് ആയത്. അഡ്മിറ്റ് ആയതിന് ശേഷം ഇടതുകണ്ണ് ക്ലീന്‍ ചെയ്തു. പിന്നീട് ഇടതു കണ്ണിന് എടുക്കേണ്ട ഇഞ്ചക്ഷന്‍ വലതുകണ്ണിന് എടുക്കുകയായിരുന്നു.

ചികിത്സാ പിഴവ് കുടുംബത്തിന് ബോധ്യപ്പെട്ടതോടെ ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചു. സംഭവത്തിന് പിന്നാലെ ഒ പി ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാന്‍ ആശുപത്രി അധികൃതര്‍ കൂട്ടാക്കിയില്ലെന്നും പരാതിയുണ്ട്.

വിഷയത്തില്‍ നിയമനടപടിയുമായി മുന്നോട്ട്‌പോകുമെന്ന് അസൂറ ബീവിയുടെ മകന്‍ മാജിദ് ട്വന്റിഫോറിനോട് പറഞ്ഞു. ഒരു മാസമായി ചികിത്സ നടന്നുകൊണ്ടിക്കുന്നതാണ്. അമ്മയ്ക്ക് വിദഗ്ധ ചികിത്സ കിട്ടണം. ശക്തമായ നടപടി വേണം. പിഴവ് മനസ്സിലാക്കിയപ്പോള്‍ ഒപി ടിക്കറ്റ് തിരികെ ചോദിച്ചു. ഒപി ടിക്കറ്റ് നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും പരാതി – മാജിദ് പറഞ്ഞു.