ഒറ്റയടിക്ക് 1040 രൂപ കുറഞ്ഞു; സ്വര്‍ണവില 1,05,000ല്‍ താഴെ

ഒറ്റയടിക്ക് 1040 രൂപ കുറഞ്ഞു; സ്വര്‍ണവില 1,05,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 1040 രൂപയാണ് കുറഞ്ഞത്. 1,04,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് കുറഞ്ഞത്. 13,100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒരിടവേളയ്ക്ക് ശേഷം അമേരിക്ക- ഇറാന്‍ സംഘര്‍ഷം കനത്തതോടെ എണ്ണവില കുതിച്ച് ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില വര്‍ധന വിലക്കയറ്റത്തിന് കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടാന്‍ തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. പലിശനിരക്ക് കൂട്ടുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയാന്‍ ഇടയാക്കും. ഇതിന് പുറമേ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും സ്വര്‍ണത്തെ ബാധിക്കുന്നുണ്ട്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ഇറാനിലെ 140 ഇടത്ത് യുഎസ് ആക്രമണം, ഗള്‍ഫ് രാജ്യങ്ങളെ ആക്രമിച്ച് പ്രതികാരം

ഇറാനിലെ 140 ഇടത്ത് യുഎസ് ആക്രമണം, ഗള്‍ഫ് രാജ്യങ്ങളെ ആക്രമിച്ച് പ്രതികാരം

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാന്‍ വീണ്ടും ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ആഗോള വിപണിയില്‍ എണ്ണവില വീണ്ടും കുത്തനെ ഉയരുമോ എന്ന് ആശങ്ക. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില 76 ഡോളറാണ്. ഇടക്കാലത്ത് മേഖലയില്‍ സമാധാന്തരീക്ഷം നിലനിന്നിരുന്ന സമയത്ത് ഒരു ഘട്ടത്തില്‍ 70 ഡോളറിന് താഴേക്ക് എണ്ണവില നീങ്ങുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അമേരിക്ക- ഇറാന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ എണ്ണവില ബാരലിന് നൂറിന് മുകളിലേക്ക് വീണ്ടും പോകുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍.

ഹോര്‍മുസ് കടലിടുക്ക് ‘ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ’ അടച്ചിടുകയാണെന്നാണ് ഇറാന്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ, ഞായറാഴ്ച പുലര്‍ച്ചെ ഇറാനില്‍ അമേരിക്ക വീണ്ടും ആക്രമണം അഴിച്ചുവിട്ടതോടെ സ്ഥിതിഗതികള്‍ വീണ്ടും വഷളായിരിക്കുകയാണ്. ഇതിന് മറുപടിയായി ബഹ്റൈന്‍, കുവൈറ്റ്, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി.

അനുമതിയില്ലാത്ത റൂട്ടിലൂടെ സഞ്ചരിച്ച കപ്പലിന് നേരെ വെടിയുതിര്‍ത്തതിന് ശേഷമാണ് കടലിടുക്ക് അടച്ചുപൂട്ടുന്നതെന്നാണ് ഇറാന്റെ പ്രഖ്യാപനം. ഒന്നിലധികം കപ്പലുകള്‍ തങ്ങളുടെ മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും അവഗണിച്ച് മുന്നോട്ട് പോയെന്നും അതിലൊന്നിന് നേരെ മുന്നറിയിപ്പ് വെടിവെയ്പ്പ് നടത്തി തടഞ്ഞുവെച്ചതായും ഇറാന്‍ അറിയിച്ചു. ഈ പ്രദേശത്തെ അമേരിക്കന്‍ ഇടപെടലുകള്‍ അവസാനിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്നും ഒരു കപ്പലിനെയും കടന്നുപോകാന്‍ അനുവദിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി.

ഇതിന് പിന്നാലെയാണ് ഇറാനില്‍ അമേരിക്ക വീണ്ടും ആക്രമണം നടത്തിയത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരമാണ് ആക്രമണങ്ങള്‍ ആരംഭിച്ചത്. ഏതാണ്ട് 140 ഓളം ഇറാനിയന്‍ ലക്ഷ്യസ്ഥാനങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇറാന്‍ തെറ്റായ തീരുമാനമാണ് എടുത്തതെന്നും ഇപ്പോള്‍ അതിനുള്ള വില നല്‍കുകയാണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു.

ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ഭീഷണികളെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം നേരിടുകയാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അയല്‍രാജ്യമായ ബഹ്റൈനിലും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി. പൗരന്മാരോട് ശാന്തരായിരിക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ഖത്തറിലും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതിന് പിന്നാലെ മിസൈല്‍ മുന്നറിയിപ്പ് നല്‍കി. കുവൈറ്റ് സൈന്യവും തങ്ങള്‍ക്ക് നേരെ വന്ന ആക്രമണങ്ങളെ പ്രതിരോധിക്കുന്നതായി അറിയിച്ചു.

കെഎസ്ആർടിസി ബസിൽ കണ്ടക്ടറെ തോക്കു ചൂണ്ടി കവർച്ച: പ്രതി 36 വർഷത്തിനു ശേഷം പിടിയിൽ

കെഎസ്ആർടിസി ബസിൽ കണ്ടക്ടറെ തോക്കു ചൂണ്ടി കവർച്ച: പ്രതി 36 വർഷത്തിനു ശേഷം പിടിയിൽ

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ കണ്ടക്ടറെ തോക്കു ചൂണ്ടി കവർച്ച നടത്തിയ കേസിലെ പ്രതി 36 വർഷത്തിനു ശേഷം പിടിയിൽ. മലപ്പുറം ഊർങ്ങാട്ടേരി സ്വദേശി വി കെ ജോസിനെ(66) തിരുവമ്പാടി പൊലീസാണ് അറസ്റ്റ് ചെയ്തത്. മൈസൂരുവിൽ നിന്നാണ് ഇയാൾ പിടിയിലായത്. ശിവകുമാർ എന്ന പേരിൽ മൈസൂരുവിൽ ഭാര്യയ്ക്കൊപ്പം അപ്പാർട്മെന്റിൽ താമസിച്ചു വരികയായിരുന്നു.

വി കെ ജോസ് 1990ലാണ് കേരളത്തിൽ വച്ച് ഡ്രൈവറെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയത്. തിരുവമ്പാടി – കൂമ്പാറ ബസ് യാത്ര അവസാനിപ്പിച്ച സമയത്താണ് പ്രതി ബസിൽ എത്തി തോക്ക് ചൂണ്ടി പണം കവർന്നത്. ഈ സംഭവത്തിൽ തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

തുടർന്ന് കേരളത്തിൽ നിന്നും മുങ്ങിയ ജോസ് മൈസൂരുവിലെത്തി പെയ്ന്റിങ് ജോലികളിൽ ഏർപ്പെട്ടു വന്നു. ഇവിടെ വച്ച് വിവാഹവും കഴിച്ചു. ഇതിനിടെ രണ്ടു പെൺമക്കളുടെ വിവാഹവും കഴിഞ്ഞു. കഴിഞ്ഞ ആഴ്ച ജോസ് വഴക്കിട്ടതിനെ തുടർന്ന് ഭാര്യ പൊലീസ് എമർജൻസി നമ്പറായ 112ൽ വിളിച്ചപ്പോൾ നരസിംഹരാജ പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയാണ് നിർണായകമായത്.

താൻ കിടന്നിരുന്ന സ്ഥലം ആരെക്കൊണ്ടും വൃത്തിയാക്കിപ്പിക്കാൻ ജോസ് തയാറായിരുന്നില്ലെന്ന വിവരം പൊലീസിൽ സംശയം ജനിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കിടക്കയുടെ അടിയിൽ നിന്ന് തോക്കും ചില രേഖകളും കണ്ടെത്തി.സംശയം തോന്നിയ പൊലീസ് രേഖകളിലുള്ള വിവരം വച്ച് കേരള പൊലീസിനെ ബന്ധപ്പെടുകയായിരുന്നു.

കര്‍ഷകര്‍ക്ക് ആശ്വാസം; റബര്‍ വില വീണ്ടും റെക്കോര്‍ഡ് ഉയരത്തില്‍

കര്‍ഷകര്‍ക്ക് ആശ്വാസം; റബര്‍ വില വീണ്ടും റെക്കോര്‍ഡ് ഉയരത്തില്‍

കോട്ടയം: റബര്‍ വില റെക്കോര്‍ഡ് നിലവാരത്തില്‍. ആഭ്യന്തര റബര്‍ വില വീണ്ടും കിലോഗ്രാമിന് 276 രൂപ എന്ന എക്കാലത്തെയും റെക്കോര്‍ഡ് വിലയില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ മാസം 17ന് ആണ് ആര്‍എസ്എസ് 4 വില 276 രൂപയില്‍ എത്തിയത്.

30ന് 268 രൂപയിലേക്ക് ഇടിഞ്ഞ വില വീണ്ടും ഉയരുകയായിരുന്നു. മാര്‍ക്കറ്റിലെ ചരക്കുക്ഷാമമാണ് വില വര്‍ധനയ്ക്കു കാരണം. പ്രധാന റബര്‍ ഉല്‍പ്പാദക രാജ്യങ്ങളായ തായ്ലന്‍ഡ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ ഉണ്ടായ ഉല്‍പ്പാദനത്തിലെ കുറവു കാരണം രാജ്യാന്തര വില ഉയരുന്നതും മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നു. വെള്ളിയാഴ്ച ബാങ്കോക്ക് മാര്‍ക്കറ്റില്‍ ആര്‍എസ്എസ്-4 വില കിലോഗ്രാമിന് 286.51 രൂപയായിരുന്നു.

വാനമ്പാടിക്ക് പ്രണാമം; സംസ്‌കാരം വൈകീട്ട്

വാനമ്പാടിക്ക് പ്രണാമം; സംസ്‌കാരം വൈകീട്ട്

മൈസൂരു : ഇന്നലെ അന്തരിച്ച തെന്നിന്ത്യന്‍ വാനമ്പാടി എസ് ജാനകിയുടെ സംസ്‌കാരം ഇന്ന് നടക്കും. സംസ്‌കാരം വൈകീട്ട് മൈസൂരുവിലെ കനിയനഹുണ്ഡി ഫാം ഹൗസില്‍ നടക്കും. ജാനകിയമ്മയുടെ ആഗ്രഹം അനുസരിച്ചാണ് ഹുണ്ഡിയില്‍ സംസ്‌കരിക്കുന്നത്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. രാവിലെ എട്ടു മണി മുതല്‍ എസ് ജാനകിയുടെ ഭൗതികദേഹം മൈസൂരു മഹാരാജ കോളജ് ഗ്രൗണ്ടില്‍ പൊതു ദര്‍ശനം ആരംഭിക്കും. കലാ- സാഹിത്യ- സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരാണ് വിഖ്യാത ഗായികയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്.

ഇന്നലെ രാത്രി ഏഴരയോടെയാണ് തെന്നിന്ത്യന്‍ വാനമ്പാടി എന്നറിയപ്പെടുന്ന എസ് ജാനകി (88) വിടവാങ്ങിയത്. ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് എസ്. ജാനകിയെ മൈസൂരു അപ്പോളേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായതിനാല്‍ ഐസിയുവിലേക്ക് മാറ്റിയിരുന്നു. രാത്രി ഏഴരയോടെ മരണം സ്ഥിരീകരിച്ചതായി മൈസൂരു അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ജനുവരിയില്‍ ഏകമകന്‍ മുരളീകൃഷ്ണയുടെ മരണശേഷം ചെറുമകള്‍ അപ്‌സര വൈദ്യുലയ്‌ക്കൊപ്പമായിരുന്നു എസ് ജാനകി താമസിച്ചിരുന്നത്. ഇരുപതോലം ഭാഷകളിലായി ഇരുപതിനായിരത്തിലേറെ ഗാനങ്ങള്‍ എസ് ജാനകി ആലപിച്ചിട്ടുണ്ട്. 2017 ഒക്ടോബറില്‍ 79-ാം വയസ്സിലാണ് ജാനകിയമ്മ പൊതുവേദിയില്‍ നിന്നും വിരമിച്ചത്. ആന്ധ്രയിലെ ഗുണ്ടൂരില്‍ ഡോക്ടര്‍ ശിസ്തില രാമമൂര്‍ത്തിയുടേയും സത്യവതിയുടേയും മകളായി 1938 ഏപ്രില്‍ 23 നാണ് ജാനകിയുടെ ജനനം. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പിന്നണിഗായികമാരിലൊരാളായ ജാനകി, മലയാളത്തില്‍ 1200 ഓളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.