ഗുരുവായൂരില്‍ ദര്‍ശനം നടത്തി മുഖ്യമന്ത്രി വി ഡി സതീശന്‍

ഗുരുവായൂരില്‍ ദര്‍ശനം നടത്തി മുഖ്യമന്ത്രി വി ഡി സതീശന്‍

തൃശൂര്‍: മുഖ്യമന്ത്രി വി ഡി സതീശന്‍ ശനിയാഴ്ച രാത്രി ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം രണ്ടാം തവണയാണ് അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നത്.

രാത്രി എട്ടുമണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ഉച്ചതിരിഞ്ഞ് ബംഗളൂരുവില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി, തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ കയ്പമംഗലത്ത് നടന്ന ഒരു കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് ഗുരുവായൂരിലെത്തിയത്.

പതിവ് ക്ഷേത്രാചാരങ്ങള്‍ പാലിച്ച് ശ്രീ ഗുരുവായൂരപ്പനെ തൊഴുത മുഖ്യമന്ത്രി പിന്നീട് കാര്യാലയ ഗണപതിയെയും ദര്‍ശിച്ചു. ക്ഷേത്രത്തിനകത്തും പുറത്തും മുഖ്യമന്ത്രിയെ കാണാന്‍ നിരവധി ഭക്തര്‍ എത്തിയിരുന്നു. അദ്ദേഹത്തെ അഭിവാദ്യം ചെയ്യാനെത്തിയവരുമായി മുഖ്യമന്ത്രി ഹസ്തദാനം നടത്തുകയും ചിലര്‍ക്കൊപ്പം സെല്‍ഫിക്ക് സമയം അനുവദിക്കുകയും ചെയ്തു.

ദര്‍ശനശേഷം ശ്രീവല്‍സം ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സന്ദര്‍ശിച്ചു. ടി. കെ. ഗോപാലകൃഷ്ണന്‍, ഗോപ പ്രതാപന്‍, ഒ കെ ആര്‍ മണികണ്ഠന്‍, അരവിന്ദന്‍ പല്ലത്ത്, ആര്‍. രവികുമാര്‍, സി. എസ്. സൂരജ്, ഷാജി കോടങ്കണ്ടത്ത്, കെ. പി. എ. റഷീദ്, കെ പി ഉദയന്‍, കെ എ്ച്ച് താഹിര്‍, സ്റ്റീഫന്‍ ജോസ്, പ്രതീഷ് ഓടാട്ട് എന്നിവരും നഗരസഭാ കൗണ്‍സിലര്‍മാരായ ബിന്ദു നാരായണന്‍, സുഷ ബാബു, വി. എസ്. നവനീത്, ചന്ദ്ര രാമകൃഷ്ണന്‍, പ്രിയ രാജേന്ദ്രന്‍ എന്നിവരും അദ്ദേഹത്തെ സന്ദര്‍ശിച്ചു. സ്വകാര്യ സന്ദര്‍ശനമായതിനാല്‍ ഫോട്ടോയും വീഡിയോ ചിത്രീകരണവും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു. സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

വിറപ്പിച്ച് സ്വിസ് പട; അർജന്റീന സെമിയിൽ

വിറപ്പിച്ച് സ്വിസ് പട; അർജന്റീന സെമിയിൽ

കാൻസസ് സിറ്റി : നിലവിലെ ചാംപ്യന്മാരായ അർജന്റീന ഫിഫ ലോകകപ്പ് സെമി ഫൈനലിൽ കടന്നു. സ്വിറ്റ്സർൻഡിനെ ഒന്നിനെതിരെ മൂന്നു ​ഗോളിന് തകർത്താണ് അർജന്റീനയുടെ വിജയം. എക്സ്ട്രാ ടൈമിൽ തുടരെ രണ്ടു ​ഗോൾ നേടിയാണ് അർജന്റീനയുടെ വിജയം.

നിശ്ചിത സമയത്തും ഇഞ്ച്വറി ടൈമിലും സ്കോർ 1-1 സമനില പാലിച്ചതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. പത്താം മിനിറ്റിൽ അലക്സിസ് മാക് അലിസ്റ്റർ നേടിയ ഗോളിലൂടെ അർജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. ഈ ലോകകപ്പിൽ അർജന്റീന നേടുന്ന ഏറ്റവും വേഗമേറിയ ഗോളാണിത്.

ഒട്ടേറെ ശ്രമങ്ങൾക്കൊടുവിൽ രണ്ടാം പകുതിയിലാണ് സ്വിറ്റ്സർലൻഡ് തിരിച്ചടിച്ചത്. 67–ാം മിനിറ്റിൽ ഡാൻ എൻഡോയ് ആണ് സ്വിസ് പടയ്ക്കു വേണ്ടി സ്കോർ ചെയ്തത്. എക്സ്ട്രാ ടൈമിൽ യൂലിയൻ അൽവാരസും ലൗറ്റാരോ മാർട്ടിനസുമാണ് അർജന്റീനയ്ക്കു വേണ്ടി ഗോൾ നേടിയത്. സെമിഫൈനലിൽ ഇംഗ്ലണ്ടാണ് അർജന്റീനയുടെ എതിരാളികൾ.

ആ സ്വരം മാഞ്ഞു…. മലയാളത്തിന്റെ ‘സ്വര്‍ണ മുകില്‍’; എസ് ജാനകി വിടവാങ്ങി

ആ സ്വരം മാഞ്ഞു…. മലയാളത്തിന്റെ ‘സ്വര്‍ണ മുകില്‍’; എസ് ജാനകി വിടവാങ്ങി

ചെന്നൈ: തലമുറകളെ താരാട്ടുപാട്ട് പാടി ഉറക്കിയ വിഖ്യാത ഗായിക എസ് ജാനകി അന്തരിച്ചു. മൈസൂരുവിലെ അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. ശ്വസനസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറ് പതിറ്റാണ്ടിലേറെ നീണ്ട സംഗീതയാത്രയില്‍ ഇരുപതിലധികം ഭാഷകളിലായി ആയിരത്തിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്.

1957ൽ 19ആം വയസിൽ വിധിയിൻ വിളയാട്ട്‌ എന്ന തമിഴ്‌ സിനിമയിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ടാണ്‌ ജാനകി ചലച്ചിത്രപിന്നണിഗാനരംഗത്ത്‌ അരങ്ങേറ്റം കുറിച്ചത്‌. തെലുങ്ക്‌ ചിത്രമായ എം.എൽ.എൽ അവസരം ലഭിച്ചതിനുശേഷം ജാനകിക്ക്‌ തിരിഞ്ഞുനോക്കേണ്ടിവന്നില്ല.

എല്ലാ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ജാനകി ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, ഇംഗ്ലീഷ്‌, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്‌ട്ര ബഡുഗ, ജർമ്മൻ ഭാഷകളിലും സ്വരസാന്നിധ്യമറിയിച്ചിട്ടുണ്ട്‌. 1200 പരം മലയാള സിനിമാ ഗാനങ്ങൾക്ക് ജാനകി ശബ്ദം പകർന്നു. സംഗീതസംവിധായകൻ എം.എസ്. ബാബുരാജാണ് ജാനകിയുടെ തരളിതമായ ശബ്ദം തിരിച്ചറിഞ്ഞ് അവരെ മലയാളത്തിലേക്കെത്തിച്ചത്.

മികച്ച ഗായികയ്‌ക്കുള്ള ദേശീയ അവാർഡ്‌ നാലു തവണയാണ്‌ എസ്‌.ജാനകിയെ തേടിയെത്തി. 1976-ൽ `പതിനാറു വയതിനിലേഎന്ന തമിഴ്‌ ചിത്രത്തിലെ സിന്ദൂര പൂവേ… എന്നു തുടങ്ങുന്ന ഗാനത്തിനാണ്‌ ആദ്യ ദേശീയപുരസ്‌കാരം. 1980-ൽ ഓപ്പോൾ എന്ന മലയാളചിത്രത്തിലെ ഏറ്റുമാനൂർ അമ്പലത്തിൽ… എന്ന ഗാനത്തിനും 1984-ൽ തെലുഗു ചിത്രമായ `സിതാര’യിൽ വെന്നല്ലോ ഗോദാരി ആനന്ദം… എന്നു തുടങ്ങുന്ന ഗാനത്തിനും 1992-ൽ തമിഴ്‌ ചിത്രമായ `തേവർമകനിൽ ഇഞ്ചി ഇടുപ്പഴകാ… എന്നു തുടങ്ങുന്ന ഗാനത്തിനുമാണ്‌ ദേശീയ അവാർഡുകൾ ലഭിച്ചത്‌.

മികച്ച പിന്നണിഗായികയ്‌ക്കുള്ള കേരള സംസ്ഥാന അവാർഡ്‌ 14 തവണയും തമിഴ്‌നാട്‌ സർക്കാരിൻറെ അവാർഡ്‌ ഏഴു തവണയും ആന്ധ്രപ്രദേശ്‌ സർക്കാരിൻറെ അവാർഡ്‌ പത്തു തവണയും ഈ ഗായിക സ്വന്തമാക്കി. തമിഴ്‌നാട്‌ സർക്കാരിൻറെ കലൈമാമണി പുരസ്‌ക്കാരം 1986-ലും സുർ സിംഗർ അവാർഡ്‌ 1987-ലും കേരളത്തിൽനിന്നും സിനിമാ ആർക്കൈവർ അവാർഡ്‌ 2002-ലും സ്‌പെഷൽ ജൂറി സ്വരലയ യേശുദാസ്‌ അവാർഡ്‌ 2005-ലും ലഭിച്ചു.

1938-ൽ ഏപ്രിൽ 23-ന്‌ ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ജനിച്ച ജാനകി മൂന്നാം വയസിൽതന്നെ സംഗീതത്തോട്‌ ആഭിമുഖ്യ പ്രകടിപ്പിച്ചുതുടങ്ങി. പത്താം വയസിൽ പൈതി സ്വാമിയുടെ കീഴിൽ ശാസ്‌ത്രീയ സംഗീത പഠനം ആരംഭിച്ചു. ജാനകിയുടെ സംഗീത വാസന വളർത്തുന്നതിൽ അമ്മാവൻ ഡോ. ചന്ദ്രശേഖർ നിർണായക പങ്കു വഹിച്ചു. അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം സംഗീത പഠനത്തിനായി പിൽക്കാലത്ത്‌ മദ്രാസിലെത്തി. ആകാശവാണി ദേശീയ തലത്തിൽ സംഘടിപ്പിച്ച ഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ്‌ ജാനകി ശ്രദ്ധേയയായത്‌.

മലയാളത്തിലെ ഒട്ടുമിക്ക സംഗീത സംവിധായകർക്കുവേണ്ടിയും ജാനകി പാടിയിട്ടുണ്ടെങ്കിലും എംഎസ് ബാബുരാജിന്റെ ഈണങ്ങളിലൂടെയാണ് ജാനകിയുടെ സ്വരമാധുരി മലയാളികൾക്ക് ഏറ്റവുമധികം അനുഭവവേദ്യമായത്. തളിരിട്ട കിനാക്കൾതൻ..(മൂടുപടം), അഞ്ജന കണ്ണെഴുതീ…(തച്ചോളി ഒതേനൻ), സൂര്യകാന്തീ..(കാട്ടുപൂവ്), ഒരു കൊച്ചു സ്വപ്നത്തിൻ (തറവാട്ടമ്മ), താമര കുമ്പിളിലല്ലോ മമഹൃദയം (അന്വേഷിച്ചു കണ്ടെത്തിയില്ല) തുടങ്ങിയ ഗാനങ്ങൾ ഉദാഹരണം.

മഞ്ഞണിപ്പൂനിലാവിൽ (നഗരമേ നന്ദി, സംഗീതം– കെ. രാഘവൻ), നിദ്രതൻ നീരാഴി (പകൽക്കിനാവ്, സംഗീതം ചിദംബരനാഥ്), ഇന്നലെ നീയൊരു സുന്ദര രാഗമായെൻ (സ്ത്രീ, സംഗീതം ദക്ഷിണമൂർത്തി), സന്ധ്യേ കണ്ണീരിതെന്തേ (മദനോത്സവം, സലീൽ ചൗധരി), ഉണരൂ വേഗം നീ (മൂടൽമഞ്ഞ്, ഉഷാഖന്ന), ആ നിമിഷത്തിന്റെ നിർവൃതിയിൽ (ചന്ദ്രകാന്തം, എംഎസ് വിശ്വനാഥൻ), ഇളം മഞ്ഞിൻ കുളിരുമായി (എന്നിഷ്ടം നിന്നിഷ്ടം, കണ്ണൂർ രാജൻ), മാനത്തിൻ മുറ്റത്ത് (കറുത്ത പൗർണമി, എംകെ അർജുനൻ), ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ (കടൽ, എംബി ശ്രീനിവാസൻ), മഞ്ഞണിക്കൊമ്പിൽ (മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, ജെറി അമൽദേവ്), ഗോപികേ നിൻ വിരൽ (കാറ്റത്തെ കിളിക്കൂട്, ജോൺസൺ), തേനും വയമ്പും (തേനും വയമ്പും, രവീന്ദ്രൻ) മൈനാകം (തൃഷ്ണ, ശ്യാം) നാഥാ നീവരും കാലൊച്ച (ചാമരം, എംജി രാധാകൃഷ്ണൻ) തുടങ്ങിയ നൂറുകണക്കിന് അനശ്വരഗാനങ്ങളിലൂടെ എസ് ജാനകിയുടെ മാന്ത്രികശബ്ദം മലയാളിഹൃദയങ്ങളെ ‌തലോടി.

തന്നെ വധിക്കാൻ ഇറാൻ ശ്രമിച്ചാൽ രാജ്യം പൂർണമായും തകർക്കുമെന്ന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

തന്നെ വധിക്കാൻ ഇറാൻ ശ്രമിച്ചാൽ രാജ്യം പൂർണമായും തകർക്കുമെന്ന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

തന്നെ വധിക്കാൻ ഇറാൻ ശ്രമിച്ചാൽ രാജ്യം പൂർണമായും തകർക്കുമെന്ന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെ ലക്ഷ്യമിട്ട് 1,000 മിസൈലുകൾ ഇതിനകം സജ്ജമാക്കി നിർത്തിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ ആയിരക്കണക്കിന് മിസൈലുകൾ കൂടി പ്രയോഗിക്കാൻ അമേരിക്ക തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി.

തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ Truth Social-ലൂടെയാണ് ട്രംപ് പ്രതികരിച്ചത്. “അമേരിക്കയുടെ നിലവിലെ പ്രസിഡന്റായ എന്നെ വധിക്കാനോ അതിന് ശ്രമിക്കാനോ ഇറാൻ മുതിർന്നാൽ പ്രത്യാഘാതം അതീവ ഗുരുതരമായിരിക്കും. നിലവിൽ 1,000 മിസൈലുകൾ ഇറാനെ ലക്ഷ്യമിട്ട് ലോക്ക് ചെയ്ത് സജ്ജമാക്കി നിർത്തിയിരിക്കുകയാണ്. അതിന് പിന്നാലെ ആയിരക്കണക്കിന് മിസൈലുകൾ കൂടി പ്രയോഗിക്കാൻ തയ്യാറാണ്,” എന്നാണ് ട്രംപ് കുറിച്ചത്.

വധശ്രമമുണ്ടായാൽ ഇറാനെതിരെ ഉടൻ സൈനിക നടപടി സ്വീകരിക്കാൻ യുഎസ് സൈന്യത്തിന് മുൻകൂർ ഉത്തരവ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരു വർഷത്തേക്ക് നീളുന്ന സൈനിക നടപടിക്കാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നതെന്നും ആവശ്യമെങ്കിൽ അതിന്റെ കാലാവധി നീട്ടുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ എല്ലാ മേഖലകളെയും ലക്ഷ്യമിട്ട് ശക്തമായ തിരിച്ചടി നൽകാൻ യുഎസ് സൈന്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം അമേരിക്കയെ അറിയിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

‘കീര്‍ത്തിചക്രയ്ക്ക് മുമ്പുള്ള 7 മോഹന്‍ലാല്‍ സിനിമകളും ഫ്‌ളോപ്പ്’; എട്ട് നിലയില്‍ പൊട്ടാനൊരു പട്ടാളക്കാരന്‍ എന്ന് പറഞ്ഞു, പക്ഷെ…: മേജര്‍ രവി

‘കീര്‍ത്തിചക്രയ്ക്ക് മുമ്പുള്ള 7 മോഹന്‍ലാല്‍ സിനിമകളും ഫ്‌ളോപ്പ്’; എട്ട് നിലയില്‍ പൊട്ടാനൊരു പട്ടാളക്കാരന്‍ എന്ന് പറഞ്ഞു, പക്ഷെ…: മേജര്‍ രവി

മോഹന്‍ലാല്‍ ആരാധകരുടെ ബോയ്‌ക്കോട്ട് ക്യാംപെയ്‌നെതിരെ സംവിധായകന്‍ മേജര്‍ രവി. ആരാധകരല്ല തനിക്ക് ചെലവിന് തരുന്നത്. അവര്‍ ബോയ്‌ക്കോട്ട് ചെയ്‌തെന്ന് കരുതി താന്‍ പേടിക്കില്ലെന്നും മേജര്‍ രവി സമകാലിക മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. തന്റെ ആദ്യ ചിത്രമായ കീര്‍ത്തിചക്രയുടെ റിലീസ് ദിവസത്തെ ഓര്‍മകളും ആരാധകരുടെ പ്രതികരണങ്ങളും മേജര്‍ രവി പങ്കുവെക്കുന്നുണ്ട്. മേജര്‍ രവിയുടെ വാക്കുകളിലേക്ക്:

ആരാധകരാണോ എനിക്ക് ചെലവ് തരുന്നത്? സിനിമ ചെയ്തിട്ട് വേണ്ട എനിക്ക് ജീവിക്കാന്‍. എന്നെ ബോയ്‌ക്കോട്ട് ചെയ്‌തെന്ന് കരുതി, നിങ്ങളുടെയടുത്ത് വന്ന് അയ്യോ രക്ഷിക്കണം എന്ന് പറയില്ല. നല്ല പെന്‍ഷനുണ്ട്. വരുമാനമുണ്ട്. ഒരുപാട് പേരെ സഹായിക്കുന്നുണ്ട്. എന്റെ പേഴ്‌സണലാറ്റി വേറെയാണ്. ബോയ്‌ക്കോട്ട് ചെയ്ത സമയത്തല്ലേ ഞാന്‍ തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്നത്. ആ സമയത്ത് ഒറ്റപ്പാലം പോലൊരു സ്ഥലത്ത് 19000 വോട്ട് അധികം കിട്ടുന്നുണ്ടെങ്കില്‍ നിന്റെയൊന്നും ബോയ്‌ക്കോട്ട് എനിക്ക് പ്രശ്‌നമല്ല. എന്നെ ബോയ്‌ക്കോട്ട് ചെയ്യാന്‍ നിങ്ങള്‍ ആരാണ്? എന്നെ ഉണ്ടാക്കിയത് നിങ്ങളാണോ?

കീര്‍ത്തിചക്രയുടെ സെന്‍സറിങ് കഴിഞ്ഞപ്പോള്‍ പ്രൊപ്പഗണ്ടയിറങ്ങി, ഡോക്യുമെന്ററി പടം ആണെന്ന്. അന്നത്തെ മോഹന്‍ലാല്‍ ഫാന്‍സ് പ്രസിഡന്റ് വിമല്‍, ശരിക്കും ലാല്‍ സാറിന്റെ ഫാന്‍ ആണ്, എന്നെ കാണാന്‍ വന്നു. ചേട്ടാ പടത്തില്‍ എത്ര ഫൈറ്റുണ്ട് എന്ന് ചോദിച്ചു. കണക്ക് കൂട്ടിയിട്ടില്ല, മൂന്നാലഞ്ചെണ്ണം ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. എത്ര പാട്ടുണ്ട്? ഡയലോഗുകളുണ്ടോ എന്ന് ചോദിച്ചു. അതൊക്കെ ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ പടം ഹിറ്റാണ് ചേട്ടാ എന്ന് പറഞ്ഞു. ചേട്ടന്‍ ഈ പറഞ്ഞ സംഭവത്തില്‍ രാജ്യസ്‌നേഹവും ഉണ്ടെങ്കില്‍ പടം ഹിറ്റാണെന്ന് പറഞ്ഞു.

സിനിമയുടെ റിലീസിന്റെ അന്ന് രാവിലെ പതിനൊന്ന് മണിയ്ക്കാണ് ഞാന്‍ ലാന്റ് ചെയ്യുന്നത്. ഒമ്പത് മണിക്കേ ഷോ തുടങ്ങിയിരുന്നു. ഇവിടെ വരുമ്പോള്‍ ഒരാളുടേയും കോളില്ല. എന്ത് പറ്റിയെന്ന് അറിയില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ അനിയന്‍ വിളിച്ചിട്ട് പടം സൂപ്പര്‍ ഹിറ്റാണെന്ന് പറഞ്ഞ് ഫോണ്‍ വച്ചു. എന്നെ കൊണ്ടു പോകാന്‍ വന്ന കസിന്‍ നിര്‍വികാര മുഖവുമായാണ് എയര്‍പോര്‍ട്ടിലേക്ക് വന്നത്. ഗണപതി അമ്പലത്തില്‍ പോയി തേങ്ങയുമുടച്ചിട്ട് തിയേറ്ററിലേക്ക് പോയി. നടന്നാണ് പോകുന്നത്. അവന്‍ നേരത്തെ തിയേറ്ററില്‍ പോയി ആരവം കണ്ടതാണ്. പക്ഷെ എന്റെ സര്‍പ്രൈസ് പൊളിക്കാതിരിക്കാന്‍ മുഖത്ത് ഭാവം ഒന്നും വരുത്താതെ നോക്കുവാണ്.

നടന്ന് ചെല്ലുമ്പോള്‍ റോഡില്‍ വണ്ടികളൊന്നും വരുന്നില്ല. തിയേറ്ററിന്റെ മുമ്പില്‍ വന്‍ തിരക്കാണ്. അടുത്ത ഷോയ്ക്കുള്ള ടിക്കറ്റെടുക്കാനായി ആള്‍ക്കാര്‍ ക്യൂ നില്‍ക്കുകയാണ്. അമ്പലം വരെ എത്തി ക്യൂ. തിയേറ്റിന്റെ മുമ്പിലൂടെ നടന്നു പോകുമ്പോള്‍ ഒരു പയ്യന്‍ ദേ പോകുന്നു മേജര്‍ രവി എന്ന് പറഞ്ഞു. അത്രയേ ഓര്‍മയുള്ളൂ. പിന്നെ അവര്‍ വന്ന് എന്നെ പൊക്കിയെടുത്തു. ഗേറ്റ് തുറന്നു. എന്നെയെടുത്ത് അവര്‍ അകത്തേക്ക് കൊണ്ടു പോയി. വലിയ തിരക്കാണ്. ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥ. ട്രാഫിക് ബ്ലോക്ക് ചെയ്തിട്ടിരിക്കുകയാണ്.

ആ വാര്‍ത്ത വേഗം പ്രചരിച്ചു. ജോഷിയേട്ടന്‍ ഷൂട്ട് നിര്‍ത്തി സിനിമ കാണാന്‍ പോയി. സത്യേട്ടനും ഇന്നസെന്റേട്ടനും തൃശ്ശൂര്‍ പോയി പടം കണ്ടു. ഷാജി കൈലസടക്കം ഷൂട്ടിങ് നിര്‍ത്തിവച്ച് പടം കാണാന്‍ പോയി. എന്താണ് കാരണം? ലാലിന്റെ അതുവരെയുള്ള ഏഴ് സിനിമകളും ഫ്‌ളോപ്പായിരുന്നു. ഇത് എട്ടാമത്തെ പടമാണ്. അതിന് മുമ്പേ പല പ്രൊപ്പഗാണ്ടയും നടന്നിരുന്നു. എട്ട് നിലയില്‍ പൊട്ടാനൊരു പട്ടാളക്കാരന്‍ എന്നൊക്കെ പറയുന്നുണ്ട്. അതൊക്കെ ഞാനും കേട്ടിരുന്നു. അതിനോടൊന്നും പ്രതികരിക്കാനില്ല. ഞാന്‍ എന്താണെന്ന് എനിക്കറിയാം. 25 ദിവസം ഓടി കിട്ടിയാല്‍ മതിയെന്നാണ് ഞാന്‍ അന്ന് പ്രാര്‍ത്ഥിച്ചത്.

ആ പടം ഹിറ്റാകുന്നതോടെയാണ് മേജര്‍ രവി ജനിക്കുന്നത്. അന്നത്തെ ആരാധകര്‍ വളരെ വലിയവരായിരുന്നു. ഇന്നത്തെ ആരാധകരെ എനിക്കറിയില്ല. അവര്‍ എന്തെങ്കിലും പറഞ്ഞോട്ടെ. അതിനോടൊക്കെ പ്രതികരിക്കാന്‍ നിന്നാല്‍ അതിനെ സമയം കാണൂ.