by Midhun HP News | Jun 2, 2025 | Latest News, കേരളം
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്, ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 10.30 നാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. നിലമ്പൂര്‍ തഹസില്‍ദാര്‍ മുമ്പാകെയാണ് പത്രികാ സമര്‍പ്പണം. രാവിലെ 09:30 ന് ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും പ്രകടനമായി താലൂക്ക് ഓഫീസില്‍ എത്തി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് പി വി അന്‍വര്‍ അറിയിച്ചു.
രാവിലെ 11 മണിയോടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രമുഖ ഇടതു നേതാക്കള്‍ പത്രികാസമര്‍പ്പണ വേളയില്‍ സംബന്ധിക്കും. സ്വരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് വേണ്ടി വന്നത് ഏറ്റവും വലിയ വഞ്ചന കാണിച്ചത് കൊണ്ടാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
എം. സ്വരാജിന്റെ സ്ഥാനാര്‍ഥിത്വത്തിന് മണ്ഡലത്തില്‍ മാത്രമല്ല സംസ്ഥാനത്താകെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം പൊതുവെ നാട് സ്വാഗതം ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെയുള്ള പൊതുപ്രവര്‍ത്തനത്തിലൂടെ ക്ലീനായ ഇമേജ് നിലനിര്‍ത്തുന്ന നേതാവാണ് സ്വരാജ്. ആരുടെ മുന്നിലും തല ഉയര്‍ത്തി വോട്ട് ചോദിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് ഉച്ചയ്ക്ക് ഒന്നരയ്ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എന്‍ഡിഎ പ്രവര്‍ത്തകരുടെ അകമ്പടിയോടെയാകും മോഹന്‍ ജോര്‍ജ് നിലമ്പൂര്‍ തഹസില്‍ദാര്‍ മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. മുന്‍ കേരള കോണ്‍ഗ്രസ് നേതാവായ മോഹന്‍ ജോര്‍ജ് ഇന്നലെയാണ് ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചത്. മലപ്പുറം ചുങ്കത്തറ സ്വദേശിയായ മോഹന്‍ ജോര്‍ജ് അഭിഭാഷകനാണ്.
by Midhun HP News | Jun 2, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഇന്നു വൈകീട്ട് അഞ്ചുമണിക്കാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ ( ചൊവ്വാഴ്ച) രാവിലെ പത്ത് മണി മുതല്‍ ജൂണ്‍ അഞ്ചിന് ( വ്യാഴാഴ്ച) വൈകീട്ട് അഞ്ച് മണി വരെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം തേടാം.
ഇതിനോടൊപ്പം മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള അലോട്ട്‌മെന്റും, സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും. https: // hscap. kerala.gov. in എന്ന വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് ലോഗിനിലൂടെ അലോട്ട്മെന്റ് വിവരങ്ങൾ അറിയാനാകും. പ്രവേശന വെബ്‌സൈറ്റിൽ കാൻഡിഡേറ്റ് ലോഗിനിൽനിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററും അസൽ സർട്ടിഫിക്കറ്റുമായാണ് പ്രവേശനം നേടേണ്ടത്.
ഒന്നാം ഓപ്ഷൻ പ്രകാരം അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസടച്ച് നിശ്ചിത സമയത്തിനുള്ളിൽ സ്ഥിരപ്രവേശനം നേടണം. ഫീസടച്ചില്ലെങ്കിൽ ഈ സീറ്റുകൾ ഒഴിഞ്ഞതായി കണക്കാക്കും. ഇവർക്ക് പിന്നീട് അവസരം ലഭിക്കില്ല. ബന്ധപ്പെട്ട ബോര്‍ഡില്‍ നിന്നു യോഗ്യതാ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലെങ്കില്‍ ഡിജിലോക്കര്‍ അല്ലെങ്കില്‍ ഔദ്യോഗിക വെബ് സൈറ്റില്‍നിന്നുള്ള സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സ്വീകരിക്കും. പിന്നീട് അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രവേശന സമയത്ത് വിടുതല്‍, സ്വഭാവസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാണ്.
രണ്ടാമത്തെ അലോട്ട്‌മെന്റ് ജൂണ്‍ 10 നും മൂന്നാമത്തെ അലോട്ട്‌മെന്റ് ജൂണ്‍ 16 നുമാണ് പ്രസിദ്ധീകരിക്കുക. 2025-26 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനായി ഓണ്‍ലൈനായി ആകെ ലഭിച്ചത് 4,62,768 അപേക്ഷകളാണ്. ഓപ്ഷനുകള്‍ പരിഗണിച്ചുള്ള ട്രയല്‍ അലോട്ട്‌മെന്റ് മെയ് 24-ന് പ്രസിദ്ധീകരിച്ചിരുന്നു. മുഖ്യഘട്ട അലോട്ട്‌മെന്റുകള്‍ പൂര്‍ത്തീകരിച്ച് പ്ലസ്‍ വണ്‍ ക്ലാസ്സുകള്‍ ജൂണ്‍ 18-ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
by Midhun HP News | Jun 2, 2025 | Latest News, ദേശീയ വാർത്ത
അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സിന് ജയം. ആവേശകരമായ മത്സരത്തിലൂടെയായിരുന്നു ആറാം കിരീടം ലക്ഷ്യമിട്ടുള്ള മുംബൈ ഇന്ത്യന്‍സിന്റെ പ്രയാണത്തിന് പഞ്ചാബ് പ്രതിരോധം തീര്‍ത്തത്. ഒന്നാം ക്വാളിഫയറില്‍ സംഭവിച്ച പിഴവുകള്‍ തിരുത്തിയ പഞ്ചാബ് പതിനൊന്ന് വര്‍ഷത്തിന് ശേഷം വീണ്ടും ഐപിഎല്‍ (IPL 2025) ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കുകയായിരുന്നു.
മത്സരത്തിന്റെ തുടക്കം മുതല്‍ മുംബൈയ്ക്ക് എതിരായിരുന്നു സാധ്യതകള്‍. മഴമൂലം രണ്ട് മണിക്കൂര്‍ വൈകിയായിരുന്നു മത്സരം ആരംഭിച്ചത്. മഴമൂലം മത്സരം ഉപേക്ഷിച്ചാലും മുംബൈയ്ക്ക് ഫൈനല്‍ സാധ്യതകള്‍ നഷ്ടമാകുമായിരുന്നു. പിന്നാലെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ, നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ആറു പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി പഞ്ചാബ് ലക്ഷ്യത്തിലെത്തി. ഇതോടെ ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ പഞ്ചാബ് കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും.
താരതമ്യേന ഉയര്‍ന്ന വിജയലക്ഷ്യം ആയിരുന്നു പഞ്ചാബിന് മുന്നില്‍ മുംബൈ ഉയര്‍ത്തിയത്. ശ്രദ്ധയോടെ കളി വരുതിയിലാക്കിയ പഞ്ചാബിന് ശ്രേയസ് അയ്യരുടെ അപരാജിത അര്‍ധസെഞ്ചറി ഉറച്ച ചുവടായി മാറി. അയ്യര്‍ 41 പന്തില്‍ അഞ്ച് ഫോറും എട്ടു പടുകൂറ്റന്‍ സിക്‌സറും സഹിതം 87 റണ്‍സുമായി പുറത്താകാതെ നിന്നു. ഒരറ്റത്ത് തുടര്‍ച്ചായായി വിക്കറ്റുകള്‍ വീണപ്പോഴും ശ്രേയസ് അയ്യര്‍ പഞ്ചാബിന് ശക്തമായ അടിത്തറ പാകുകയായിരുന്നു.
ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങും (6) ശശാങ്ക് സിങ്ങ് (2) എന്നിവര്‍ മാത്രമായിരുന്നു പഞ്ചാബ് നിരയില്‍ നിരാശപ്പെടുത്തിയത്. മുംബൈയ്ക്കായി അശ്വനികുമാര്‍ നാല് ഓവറില്‍ 55 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ട്രെന്റ് ബോള്‍ട്ട്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് ഓരോ വിക്കറ്റും ലഭിച്ചു.
ഒന്നാം ക്വാളിഫയറില്‍ ബെംഗളൂരുവിനോട് ഏറ്റുവാങ്ങിയ ദയനീയ പരാജത്തിന്റെ ഭാരത്തോടെയായിരുന്നു പഞ്ചാബ് രണ്ടാം ക്വാളിഫയറിന് ഇറങ്ങിയത്. ഈ തോല്‍വിക്ക് ആര്‍സിബിയോട് പകരം ചോദിക്കാന്‍ ലഭിക്കുന്ന അവസരം കൂടിയാണ് പഞ്ചാബിന് ചൊവ്വാഴ്ചത്തെ ഫൈനല്‍. ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ കിരീടം ചൂടാത്ത ടീമുകളാണ് ബെംഗളൂരുവും പഞ്ചാബും. ഇതോടെ ഇത്തവണ ഐപിഎല്‍ കിരീടത്തിന് പുതിയ അവകാശികളുണ്ടാകുമെന്നും ഉറപ്പായി.
by Midhun HP News | Jun 2, 2025 | Latest News, കേരളം
തൊടുപുഴ: ഇടുക്കിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് മദ്യലഹരിയില്‍ ഭാര്യയെ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മാങ്കുളം താളുംങ്കണ്ടം ട്രൈബല്‍ സെറ്റില്‍മെന്റില്‍ താമസിക്കുന്ന രഘു തങ്കച്ചനാണ് മൂന്നാര്‍ പൊലീസിന്റെ പിടിയിലായത്.
ഇയാള്‍ തീ കൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ ഭാര്യ കോട്ടയം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ മുപ്പതാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദമ്പതികള്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയില്‍ മദ്യലഹരിയിലെത്തിയ രഘു ഭാര്യയുമായി വഴക്കുണ്ടാകുകയും വീട്ടില്‍ ഇരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു.
ഇവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ച ശേഷം ഇവരെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവര്‍ കോട്ടയം ആശുപത്രിയില്‍ ചികിത്സയിരിക്കെയാണ് ഇന്ന് മരിച്ചത്. ഭര്‍ത്താവിന് ഭാര്യയില്‍ ഉണ്ടായിരുന്ന സംശയത്തെത്തുടര്‍ന്നാണ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതെന്ന് മൂന്നാര്‍ സി ഐ രാജന്‍ കെ അരമന പറഞ്ഞു. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
by Midhun HP News | Jun 2, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകളിൽ അർഹരായവർക്ക് മുൻഗണന കാർഡിലേക്ക് മാറാൻ അവസരം. വെള്ള, നീല റേഷന്‍ കാര്‍ഡുകളുള്ളവരിൽ അർഹരായവർക്ക് മുൻഗണനാ (പിങ്ക് കാർഡ് ) വിഭാഗത്തിലേക്ക് മാറ്റാം. ഇതിനായി ഇന്നു മുതൽ ഈ മാസം 15 വരെ ഓൺലൈനായി അപേക്ഷ നൽകാം.
അക്ഷയ കേന്ദ്രങ്ങൾ / ജനസേവന കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) വഴിയോ അപേക്ഷ നൽകാം. കാർഡിലെ വിവരങ്ങളിൽ മാറ്റമുണ്ടെങ്കിൽ തിരുത്തൽ വരുത്തി അപേക്ഷിക്കണം. മുൻഗണനാ കാർഡിൽ കൂടുതൽ റേഷൻ വിഹിതം സൗജന്യ നിരക്കിൽ ലഭിക്കും. ചികിത്സാ ആനുകൂല്യങ്ങൾക്കും ഉപയോഗിക്കാം. നിലവിൽ 42.22 ലക്ഷം മുൻഗണനാ കാർഡ് ഉടമകളാണ് സംസ്ഥാനത്തുള്ളത്.
അർഹത ഇവർക്ക്
പരമ്പരാഗത/ അസംഘടിത തൊഴിലാളി കുടുംബങ്ങൾ, തദ്ദേശ വകുപ്പിന്റെ ബിപിഎൽ പട്ടികയിലുള്ളവർ, ആശ്രയ പദ്ധതി അംഗങ്ങൾ, സർക്കാർ, അർധസർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിൽ ജോലിയില്ലാത്ത പട്ടികവർഗക്കാർ, കുടുംബാംഗങ്ങൾ എച്ച്ഐവി പോസിറ്റീവ്, കാൻസർ ബാധിതർ, ഓട്ടിസമുള്ളവർ, ഗുരുതര ശാരീരിക– മാനസിക വെല്ലുവിളിയുള്ളവർ, എൻഡോസൾഫാൻ ബാധിതർ, വൃക്കയോ ഹൃദയമോ മാറ്റിവച്ചവർ, ഡയാലിസിസ് ചെയ്യുന്നവർ, പക്ഷാഘാതവും മറ്റും മൂലം കിടപ്പിലായവർ എന്നിങ്ങനെയാണെങ്കിൽ. നിർധന– നിരാലംബ സ്ത്രീയോ വിധവയോ (21 തികഞ്ഞ പുരുഷന്മാരില്ലാത്ത ഇടങ്ങളിൽ) അവിവാഹിത അമ്മയോ ഉപേക്ഷിക്കപ്പെട്ട സ്ത്രീയോ ഗൃഹനാഥയായ കുടുംബങ്ങൾ.
അർഹതയുള്ളവർ വീടിന്റെ തറ വിസ്തീർണം തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, സ്ഥലത്തിന്റെ 2025 വർഷത്തെ നികുതി രസീത്, പഞ്ചായത്ത് സെക്രട്ടറിയുടെ ബിപിഎൽ സാക്ഷ്യപത്രം, വില്ലേജ് ഓഫീസിൽനിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്, പട്ടികജാതി/ പട്ടിക വർഗ വിഭാഗക്കാർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഭവന നിർമാണ പദ്ധതി വഴി വീട് ലഭിച്ചവർ, ജീർണാവസ്ഥയിലുള്ള വീടുള്ളവർ, വൈദ്യുതി, കുടിവെള്ളം, കക്കൂസ് എന്നിവയില്ലാത്തവർ അത് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം, പരമ്പരാഗത തൊഴിൽ ചെയ്യുന്നവർ ക്ഷേമനിധി അംഗത്വത്തിന്റെ പാസ് ബുക്കിന്റെ പകർപ്പ്, മാരക രോഗങ്ങളുള്ളവർ അത് തെളിയിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം.
Recent Comments