by Midhun HP News | Jun 2, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 240 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 71,600 രൂപയാണ്. ഗ്രാമിന് 30 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8950 രൂപയാണ്.
കഴിഞ്ഞ മാസം 71,000നും 72,000നും ഇടയില്‍ സ്വര്‍ണ വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് വിപണിയില്‍ കണ്ടത്. ജൂണ്‍ തുടക്കത്തില്‍ കുതിപ്പോടെ തുടങ്ങിയ വിപണി പുതിയ റെക്കോര്‍ഡ് കുറിക്കുമെന്ന സൂചനയും നല്‍കുന്നുണ്ട്.
ഈ മാസം 15ന് 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറി 71,000ന് മുകളില്‍ എത്തിയ ശേഷമാണ് ചാഞ്ചാടി നില്‍ക്കുന്നത്. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
by Midhun HP News | Jun 2, 2025 | Latest News, കേരളം
കടുത്തുരുത്തി : മദ്യലഹരിയില്‍ അമിതവേഗത്തില്‍ കാറോടിച്ച് അപകടമുണ്ടാക്കി യുവാവ്. അപകടത്തില്‍ നിന്ന്മോന്‍സ് ജോസഫ് എംഎല്‍എ(Mons Joseph MLA) രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ അറുനൂറ്റിമംഗലത്തായിരുന്നു സംഭവം.
മുളക്കുളം ഭാഗത്തുനിന്ന് പാഞ്ഞെത്തിയ കാര്‍ റോഡരികില്‍ നാട്ടുകാരുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന മോന്‍സ് ജോസഫ് എംഎല്‍എ് നേരെയാണ് വന്നത്. ഒപ്പമുള്ളവര്‍ പിടിച്ച് മാറ്റിയതിനാലാണ് വന്‍അപകടം ഒഴിവായത്.കാറിന്റെ മുന്‍വശം റോഡില്‍ ഇറക്കിയിട്ടിരുന്ന മണ്ണില്‍ ഇടിച്ചതോടെയാണ് വാഹനം നിന്നത്. തുടര്‍ന്ന് പിന്നോട്ടെടുത്ത കാര്‍ നാട്ടുകാരായ രണ്ടുപേരുടെ ദേഹത്തും തട്ടി. നാട്ടുകാര്‍ കാര്‍ തടഞ്ഞ് ഡോര്‍ തുറന്നതോടെ ഡ്രൈവറായ യുവാവ് മദ്യലഹരിയിലാണെന്നു മനസ്സിലായി. നാട്ടുകാരില്‍ പലര്‍ക്കും പരിചയമുള്ള ആളായിരുന്നു യുവാവ്. സംഭവത്തില്‍ പരാതിയില്ലെന്ന് എംഎല്‍എ പറഞ്ഞു. വെള്ളൂര്‍ പൊലീസും സ്ഥലത്ത് എത്തിയിരുന്നു.
by Midhun HP News | Jun 2, 2025 | Latest News, കേരളം
കാസർക്കോട്: മഞ്ചേശ്വരത്ത് വീട്ടിൽ നിന്നു വൻ കഞ്ചാവ് ശേഖരം പിടികൂടി. സംഭവത്തിൽ ഉപ്പള സോങ്കാൽ സ്വദേശി എ അശോക (45 )യെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിൽ 33.05 കിലോ കഞ്ചാവാണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്.
ജില്ലയിലെ കഞ്ചാവ് വിതരണക്കാരിൽ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ബെഡ്‌റൂമിലെ കട്ടിലിനടിയിൽ ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കാസർക്കോട് ഡിവൈഎസ്പി സുനിൽ കുമാർ സികെയുടെ മേൽനോട്ടത്തിൽ മഞ്ചേശ്വരം സബ് ഇൻസ്‌പെക്ടർ ഉമേഷ് കെആർ, പ്രൊബേഷനറി എസ്ഐ അജയ് എസ് മേനോൻ, എഎസ്ഐ അതുൽ റാം, രാജേഷ്, വനിത സിപിഒ ദർശന, ഡാൻസാഫ് ടീം അംഗങ്ങളായ സിപിഒ ഷജീഷ്, ഹരിപ്രസാദ്, ഡ്രൈവർ സിപിഒ പ്രശോബ് എന്നിവർ ചേർന്നാണ് ആശോകയെ പിടികൂടിയത്.
by Midhun HP News | Jun 2, 2025 | Latest News, കേരളം
കൊച്ചി: കൊച്ചി കായലില്‍(Kochi backwaters) ടാന്‍സാനിയന്‍ നാവികസേനാ ഉദ്യോഗസ്ഥനെ കാണാതായി. പരിശീലനത്തിനിടെ തേവര പാലത്തില്‍നിന്ന് ചാടിയ അബ്ജുല്‍ ഇബ്രാഹിം സലാഹി എന്നയാളെയാണ് കാണാതായത്. ഇന്ന് വൈകീട്ടോടെയാണ് സംഭവം. ഫയര്‍ഫോഴ്സും നാവികസേനയും തിരച്ചില്‍ തുടരുകയാണ്.
കൊച്ചിയില്‍ പരിശീലനത്തിനെത്തിയ ടാന്‍സാനിയന്‍ നാവികസേനയിലെ അംഗമാണ് ഇയാള്‍. ഏഴിമല നാവിക അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി കൊച്ചിയില്‍ എത്തിയതായിരുന്നു.
by Midhun HP News | Jun 2, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. 10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശികളായ 23കാരനും 21 വയസുള്ള യുവതിയുമാണ് ഞായറാഴ്ച രാത്രിയില്‍ പിടിയിലായത്. ഇരുവരും വിദ്യാര്‍ഥികള്‍ ആണെന്നാണ് റിപ്പോർട്ട്.
പിടികൂടിയ കഞ്ചാവിന് 10 കോടി രൂപയുടെ വിപണി മൂല്യം വരുമെന്ന് കസ്റ്റംസ് അറിയിച്ചു. സമീപകാലത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.
തായ്ലന്‍ഡില്‍ നിന്ന് ബാങ്കോക്ക് വഴി സിങ്കപ്പൂര്‍ സ്‌കൂട്ട് എയര്‍വേസില്‍ എത്തിയ യാത്രക്കാരെ പരിശോധിച്ചപ്പോഴായിരുന്നു വിദ്യാർഥികളുടെ ബാഗില്‍നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. വിമാനത്താവളത്തിനു പുറത്ത് ഇവരെ ഇറക്കിയിട്ടില്ല. ചോദ്യം ചെയ്യല്‍ തുടരുകയാണ്. കഞ്ചാവിന്റെ ഉറവിടം എവിടെ നിന്ന്, എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നത് എന്നീ കാര്യങ്ങളാണ് കസ്റ്റംസ് ചോദിച്ചറിയുന്നത്.
Recent Comments