പാകിസ്ഥാന് തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി നൽകി; യുവ എഞ്ചിനീയർ പിടിയിൽ

പാകിസ്ഥാന് തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി നൽകി; യുവ എഞ്ചിനീയർ പിടിയിൽ

മുംബൈ: പാകിസ്ഥാനു വേണ്ടി ചാരവൃത്തി ( Spy ) നടത്തിയതിന് യുവ എഞ്ചിനീയർ മഹാരാഷ്ട്രയിൽ അറസ്റ്റിൽ. താനെയിൽ നിന്നുള്ള ജൂനിയർ എഞ്ചിനീയർ രവീന്ദ്ര മുരളീധർ വർമ(27)യാണ് പിടിയിലായത്. സുരക്ഷാ ഏജൻസികളുടെ രഹസ്യവിവരത്തെ തുടർന്ന് മഹാരാഷ്ട്ര പൊലീസിന്റെ ഭീകര വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ആണ് ഇയാളെ അറസ്റ്റുചെയ്തത്.

പ്രതിരോധ സാങ്കേതിക സ്ഥാപനത്തിൽ ജൂനിയർ എഞ്ചിനീയറായിരുന്നു രവീന്ദ്ര വർമ. ഇതിനാൽത്തന്നെ നേവൽ ഡോക്ക്‌യാർഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഇയാൾക്ക് പ്രവേശനമുണ്ടായിരുന്നു. യുദ്ധക്കപ്പലുകളെയും അന്തർവാഹിനികളെയും കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ സ്കെച്ചുകൾ, ഡയഗ്രമുകൾ, ഓഡിയോ കുറിപ്പുകൾ തുടങ്ങിയവ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ഇയാൾ നൽകിയെന്നാണ് എടിഎസ് വ്യക്തമാക്കിയത്.

ഹണിട്രാപ്പിൽ കുടുക്കിയായിരുന്നു പാകിസ്ഥാൻ ഏജൻസികൾ ഇയാളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നതെന്ന് എടിഎസ് പറയുന്നു. 2024 നവംബർമുതൽ 2025 മാർച്ചു വരെ വർമ വാട്സാപ്പ് വഴി പാകിസ്ഥാൻ ഏജൻസികൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറിയതായിട്ടാണ് എടിഎസിന്റെ വെളിപ്പെടുത്തൽ. ഫെയ്സ്ബുക്കിൽ സ്ത്രീയായി നടിച്ച ഒരു പാക് ഏജന്റ് രവീന്ദ്ര വർമയെ ഹണിട്രാപ്പിൽ കുടുക്കി പല രഹസ്യവിവരങ്ങളും കൈമാറാൻ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നതായി എടിഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

രവീന്ദ്ര വർമയുടെയും ഇയാളുമായി ബന്ധം പുലർത്തിയിരുന്ന മറ്റു രണ്ടു വ്യക്തികളുടെയും പേരിൽ ഔദ്യോഗിക രഹസ്യനിയമത്തിലെ സെക്‌ഷൻ മൂന്ന്‌ പ്രകാരം ചാരവൃത്തിക്ക് കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ രവീന്ദ്രവർമ്മയെ തിങ്കളാഴ്ച വരെ എടിഎസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിനുശേഷം വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ചാരപ്രവർത്തനം നടത്തിയ നിരവധി പേർ പിടിയിലായിരുന്നു.

എം സ്വരാജ് ഇന്ന് നിലമ്പൂരിലെത്തും; റെയില്‍വേ സ്‌റ്റേഷനില്‍ സ്വീകരണം, ഉച്ചയ്ക്ക് റോഡ് ഷോ

എം സ്വരാജ് ഇന്ന് നിലമ്പൂരിലെത്തും; റെയില്‍വേ സ്‌റ്റേഷനില്‍ സ്വീകരണം, ഉച്ചയ്ക്ക് റോഡ് ഷോ

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജ് ഇന്ന് മണ്ഡലത്തിലെത്തും. രാവിലെ പത്തരയോടെ നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്ന സ്വരാജിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎം പാര്‍ട്ടി ഓഫീസിലെത്തും. ഉച്ചയ്ക്ക് 2.30 ന് സ്വരാജിന്റെ റോഡ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്.

മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പ്രധാന കേന്ദ്രങ്ങളിലും എത്തുന്ന തരത്തില്‍ രാത്രി വരെ നീളുന്ന റോഡ് ഷോയാണ് എല്‍ഡിഎഫ് ആലോചിച്ചിട്ടുള്ളത്. റോഡ് ഷോയ്ക്ക് പുറമെ രണ്ടു തവണയെങ്കിലും സ്ഥാനാര്‍ത്ഥിയുടെ മണ്ഡലപര്യടനം പൂര്‍ത്തിയാക്കണമെന്നും ഇടതുമുന്നണി പദ്ധതിയിടുന്നു. സ്വരാജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന കാര്യത്തിലും പാര്‍ട്ടി ഇന്ന് തീരുമാനമെടുക്കും.

ഇന്നു തന്നെ സ്വരാജിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാകുമോ എന്നാണ് സിപിഎം, എല്‍ഡിഎഫ് നേതാക്കള്‍ ആലോചിക്കുന്നത്. നാളെ ഞായറാഴ്ചയാണ്. തിങ്കളാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. അതിനാലാണ് ഇന്നു തന്നെ പത്രികാസമര്‍പ്പണത്തിനും സാധ്യതയുണ്ടോയെന്ന് ആലോചിക്കുന്നത്. ഇന്നു തന്നെ പത്രിക സമര്‍പ്പിക്കാന്‍ തീരുമാനിച്ചാല്‍ റോഡ് ഷോയ്ക്ക് മുമ്പായി പത്രികാ സമര്‍പ്പണം ഉണ്ടായേക്കും.

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇന്നു രാവിലെ 11 മണിക്ക് നിലമ്പൂര്‍ താലൂക്ക് ഓഫീസിലെത്തിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. യുഡിഎഫ് പ്രവര്‍ത്തകരുടേയും നേതാക്കളുടേയും അകമ്പടിയോടെയാകും ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തുക. ആര് എതിര്‍സ്ഥാനാര്‍ത്ഥിയായാലും നിലമ്പൂരിനെ തിരിച്ചുപിടിക്കുമെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

ആര്യാടന്‍ ഷൗക്കത്ത് ഇന്നലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സ്ഥിതി ചെയ്യുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെത്തി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും പാര്‍ട്ടി പ്രവര്‍ത്തക സമിതി അംഗവുമായ എ കെ ആന്റണിയുടെ തിരുവനന്തപുരം വഴുതക്കാട്ടെ വസതിയിലെത്തി അനുഗ്രഹം തേടുകയും ചെയ്തിരുന്നു. ആന്റണിയുടെ അനുഗ്രഹം തേടിയ ശേഷമേ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കൂവെന്ന് ആഗ്രഹിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് ഷൗക്കത്ത് പിന്നീട് പറഞ്ഞു.

കെ എസ് ഇ ബി അറിയിപ്പ്

കെ എസ് ഇ ബി അറിയിപ്പ്

ആറ്റിങ്ങൽ ഇലക്ട്രിക്കൽ ഡിവിഷന് കീഴിലെ നാച്ചുറൽ കലാമിറ്റിയുമായി ബന്ധപ്പെട്ട പരാതികൾ, വിവരങ്ങൾ സ്വീകരിക്കുന്നതിലേക്കായി ആറ്റിങ്ങൽ ഡിവിഷൻ ഓഫീസിൽ കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ടെന്നു ആറ്റിങ്ങൽ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ബന്ധപ്പെടേണ്ട നമ്പർ 9446801912

ബാബുരാജ് (58) (റിട്ട.അധ്യാപകൻ) അന്തരിച്ചു

ബാബുരാജ് (58) (റിട്ട.അധ്യാപകൻ) അന്തരിച്ചു

ആറ്റിങ്ങൽ രവിവർമ്മ ലെയിനിൽ (പാളയംകുന്ന് കടവിൻകട ശിവശൈലം) പരേതരായ പ്രഭാകരൻ നായരുടെയും (പീപ്പിൾസ്) ശാരദ അമ്മയുടെയും മൂത്ത മകനായ ബാബുരാജ് (58) (റിട്ട.അധ്യാപകൻ)അന്തരിച്ചു.

ഭാര്യ: ശ്രീജ. പി (ആർ ആർ വി എച്ച് എസ് -കിളിമാനൂർ)
മക്കൾ : അഭിഷേക്. ബി. എസ്, ശ്രീ ലക്ഷ്മി ബി. എസ്

സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു

സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു

തിരുവനന്തപുരം: കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ട്രെയിനുകള്‍ വൈകിയോടുന്നു . മൈസൂര്‍- തിരുവനന്തപുരം ട്രെയിൻ ഒന്നേകാല്‍ മണിക്കൂറാണ് വൈകിയോടുന്നത്. കചെഗുഡ മുരുഡേശ്വര്‍ എക്‌സ്പ്രസ് 50 മിനിറ്റ്, ബംഗളൂരു- തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിന്‍ ഒന്നര മണിക്കൂര്‍, ഗോരഖ്പൂര്‍- തിരുവനന്തപുരം രപ്തിസാഗര്‍ എക്‌സ്പ്രസ് നാലരമണിക്കൂര്‍, ഗുരുവായൂര്‍- ചെന്നൈ എക്‌സ്പ്രസ് ഒരു മണിക്കൂര്‍ എന്നിങ്ങനെയാണ് മറ്റു ട്രെയിനുകള്‍ വൈകിയോടുന്നത്.

അതിനിടെ മഴക്കെടുതിയില്‍ ഇന്നലെ മാത്രം എട്ടുപേരാണ് മരിച്ചത്. നാലുപേരെ കാണാതായി. അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ മഴയാണ് അതിതീവ്രമഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴയ്ക്കു സാധ്യതയുണ്ട്. ശക്തമായ കാറ്റും മിന്നലും മഴയ്ക്കൊപ്പം പ്രവചിക്കുന്നുണ്ട്. മണിക്കൂറില്‍ 50- 60 കിലോമീറ്റര്‍ വേഗമുള്ള കാറ്റില്‍ മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞും അപകടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ഏറെ ജാഗ്രത പുലര്‍ത്തണം.

എല്ലാ ജില്ലകളിലും ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, കര്‍ണാടക തീരങ്ങളില്‍ ഇന്നും നാളെയും ലക്ഷദ്വീപ് തീരത്ത് 3 വരെയും മീന്‍പിടിത്തം പാടില്ല. കേരള തീരത്ത് 3 മുതല്‍ 3.9 മീറ്റര്‍ വരെ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

മൂന്ന് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് കലക്ടര്‍മാര്‍. കോട്ടയം, കൊല്ലം, ഇടുക്കി ജില്ലകളിലെ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ഇന്ന് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍, അവധിക്കാല ക്ലാസുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങള്‍/ സ്ഥാപനങ്ങള്‍, മതപാഠശാലകള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുന്‍പ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.