by Midhun HP News | May 28, 2025 | Latest News, കേരളം
കൊച്ചി: വീണ്ടു വിചാരമില്ലാതെ വിദ്യാര്‍ഥികള്‍ വിദേശ പഠനത്തിനായി ഇറങ്ങിത്തിരിക്കുന്നതിനെതിരെ അന്താരാഷ്ട്രാ പോളിസി വിദഗ്ധനും യുഎന്‍ മുന്‍ ഉദ്യോഗസ്ഥനുമായ ജെഎസ് അടൂര്‍ (js adoor). യു കെ, ജര്‍മനി, കാനഡ അടക്കം മിക്കവാറും രാജ്യങ്ങളില്‍ ഇപ്പോള്‍ നിയമനങ്ങള്‍ നടക്കുന്നില്ലെന്നും ബാങ്ക് കടം എടുത്തും വസ്തുവും വീടും പണയം വച്ചിട്ട് കുട്ടികളെ വിടുന്നവര്‍ കുറഞ്ഞത് നാലു പ്രാവശ്യം ആലോചിക്കണമെന്നും ജെഎസ് അടൂര്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
യു കെയിലും യൂറോപ്പിലും കാനഡയിലും എല്ലാം പഠനം കഴിഞ്ഞു നല്ല ജോലി കിട്ടും, പെട്ടന്ന് പി ആര് കിട്ടും, ഉടനെ സിറ്റിസണ്‍ ഷിപ്പ് കിട്ടും എന്നൊക്ക ഇപ്പോള്‍ കൊട്ടേജ് ഇന്റ്സ്സ്ടറിയായ വിദേശത്തു മൂന്നാം കിട ‘യൂണിവേഴ്സിറ്റി’ കളുടെ കമീഷന് ഏജന്റുമാര്‍ പറയുന്നത് കേട്ട് ബാങ്ക് കടം എടുത്തും വസ്തുവും വീടും പണയം വച്ചിട്ട് കുട്ടികളെ വിടുന്നവര്‍ കുറഞ്ഞത് നാലു പ്രാവശ്യം ആലോചിക്കുക. കാരണം ഇപ്പോള്‍ യു കെ,ജര്‍മനി, കാനഡ അടക്കം മിക്കവാറും രാജ്യങ്ങളില്‍ റിക്രൂറ്റ്മെന്റ് ഫ്രീസ് ആണ്. അതായത് നല്ല പ്രൊഫെഷനല്‍ ജോലി കിട്ടാനുള്ള സാധ്യത 10% പോലും ഇല്ല- കുറിപ്പില്‍ പറയുന്നു.
യു കെയിലും മറ്റു പലയിടത്തും ഇവിടെ ഇതര സംസ്ഥാന തൊഴിലാളികള്‍ ചെയ്യുന്ന മിനിമം വേജ് ജോലിയാണ് ഇവിടെ നിന്ന് പോയി അവിടെ അകപ്പെട്ട പല വിദ്യാര്‍ത്ഥികളും ചെയ്യുന്നത്. വീടുകള്‍ കുറവ് ആയതിനാല്‍ വാടകയും ജീവിത ചെലവും കൂടി. ശമ്പളം അതിന് അനുസരിച്ചു കൂടുന്നും ഇല്ല.
അവിടെ പെട്ടന്ന് ജോലി കിട്ടും എന്നല്ല. ഇന്ത്യയില്‍ വിദേശത്തു ചെലവാക്കുന്നതിന്റ പത്തില്‍ ഒന്ന് ചെലവില്‍ നല്ല യൂണിവേഴ്സിറ്റികളില്‍ പഠിക്കാന്‍ അവസരമുണ്ട്. പക്ഷെ പലര്‍ക്കും പലപ്പോഴും മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന അവസ്ഥയാണ്. ഇന്ത്യയിലെ പല നല്ല യൂണിവേഴ്സിറ്റികളുടെ (നല്ല സ്വകാര്യ യൂണിവേഴ്സിറ്റികള്‍ സഹിതം) പത്തില്‍ ഒന്ന് നിലവാരം ഇല്ലാത്തടത്താണ് 25-40 ലക്ഷമൊക്കെ കൊടുത്തു പലരും പോകുന്നത് എന്ന് അവിടെ ചെല്ലുമ്പോള്‍ മാത്രമാണ് അറിയുന്നത്. അതു കൊണ്ട് ജാഗ്രത- കുറിപ്പില്‍ പറയുന്നു.
by Midhun HP News | May 28, 2025 | Latest News, കേരളം
കൊച്ചി: കൊച്ചി തീരത്ത് അറബിക്കടലില്‍ ലൈബീരിയന്‍ കണ്ടെയ്നര്‍ കപ്പലായ എംഎസ്സി എല്‍സ 3 മുങ്ങി മൂന്ന് ദിവസം കഴിഞ്ഞിട്ടും കപ്പലിനൊപ്പം മുങ്ങിയ അപകടകരമായ ചരക്കിനെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയാതെ അധികൃതര്‍. കപ്പലിലെ 643 കണ്ടെയ്നറുകളില്‍ 13 എണ്ണം അപകടകരമായ കാര്‍ഗോകളും 12 എണ്ണം കാല്‍സ്യം കാര്‍ബൈഡും ആണെന്നാണ് കോസ്റ്റ് ഗാര്‍ഡ് നല്കുന്ന വിവരം. എന്നാല്‍ അപകടകരമായ ചരക്കിനെക്കുറിച്ച് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയില്‍ നിന്നോ എംഎസ്സി എല്‍സ മൂന്നിന്റെ ഉടമകളില്‍ നിന്നോ, തുറമുഖ അധികൃതരില്‍ നിന്നോ, കസ്റ്റംസ് വകുപ്പില്‍ നിന്നോ തൃപ്തികരമായ വിശദീകരണം ലഭിക്കാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്.
‘കോസ്റ്റ് ഗാര്‍ഡിന്റെ വേഗത്തിലുള്ള നടപടി എണ്ണ ചോര്‍ച്ച നിയന്ത്രിക്കാന്‍ സഹായിച്ചു. കാല്‍സ്യം കാര്‍ബൈഡിന്റെ മലിനീകരണവും പാരിസ്ഥിതിക ആഘാതവും ഏതാനും നോട്ടിക്കല്‍ മൈലുകളില്‍ മാത്രമായി പരിമിതപ്പെടുത്തുമെന്നും കടല്‍ പ്രക്ഷുബ്ധമാകുന്നതിനാല്‍ അത് അലിഞ്ഞുപോകുമെന്നും വിദഗ്ദ്ധര്‍ പറഞ്ഞു. എന്നാലും അപകടകരമായ ചരക്കുകള്‍ വഹിക്കുന്ന 13 കണ്ടെയ്നറുകളെക്കുറിച്ച് ഒരു വിവരവുമില്ല. സംശയങ്ങള്‍ ദൂരീകരിക്കുകയും ഉപജീവനമാര്‍ഗ്ഗത്തെക്കുറിച്ച് ആശങ്കാകുലരായ മത്സ്യത്തൊഴിലാളികളെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത് ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിന്റെ (ഡിജി) ഉത്തരവാദിത്തമാണ്, -‘ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥന് പറഞ്ഞു.
കൊച്ചിയിലെ മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്മെന്റ് (എംഎംഡി) ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച ഷിപ്പിങ് സ്ഥാപനത്തിന്റെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും കപ്പലിലെ മുഴുവന്‍ ചരക്കുകളുടെയും വിവരങ്ങള്‍ അടങ്ങിയ കാര്‍ഗോ മാനിഫെസ്റ്റ് ആവശ്യപ്പെടുകയും ചെയ്തു. മുങ്ങിയ കപ്പലിന്റെ ക്യാപ്റ്റന്റെ മൊഴിയും അവര്‍ രേഖപ്പെടുത്തി. ഡിജി ഷിപ്പിംഗിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരും ചൊവ്വാഴ്ച കൊച്ചിയിലെത്തിയിരുന്നു. ബുധനാഴ്ച രാവിലെ സംസ്ഥാന സര്‍ക്കാരുമായും ഇന്ത്യന്‍ നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും ഉന്നതരുമായും മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തും.
അതേസമയം, പൊങ്ങിക്കിടക്കുന്ന കണ്ടെയ്നറുകള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ എംഎസ്സിയുടെയും ടി ആന്‍ഡ് ടി സാല്‍വേജിന്റെയും പ്രതിനിധികള്‍ തുടരുകയാണ്. കണ്ടെയ്നറുകള്‍ വീണ്ടെടുക്കാന്‍ എംഎസ്സി ഏര്‍പ്പാട് ചെയ്ത ടീമാണ് ടി ആന്‍ഡ് ടി സാല്‍വേജ്. ആശങ്കകള്‍ ദൂരീകരിക്കുന്നതിനായി, ഫിഷറീസ് മന്ത്രി സജി ചെറിയാന് ബുധനാഴ്ച തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിനിധികളെ കാണും.
കപ്പല്‍ മറിഞ്ഞുണ്ടായ നഷ്ടത്തിന്റെ വ്യാപ്തിയെക്കുറിച്ച് ഊഹാപോഹങ്ങള്‍ പരക്കുന്നതിനിടെ, എണ്ണ മലിനീകരണ നാശനഷ്ടങ്ങള്‍ക്കുള്ള സിവില്‍ ബാധ്യതയെക്കുറിച്ചുള്ള അന്താരാഷ്ട്ര കണ്വെന്ഷന് അനുസരിച്ച് പരിസ്ഥിതിക്ക് സംഭവിച്ച നാശത്തിന് എംഎസ്സി നഷ്ടപരിഹാരം നല്‍കേണ്ടിവരും. അപകടകരമായ രാസവസ്തുക്കള്‍ സമുദ്ര ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും ഉപജീവനമാര്‍ഗ്ഗത്തെ ബാധിക്കുകയും ചെയ്യുമെന്നതിനാല്‍ കേരളത്തിലെ മത്സ്യത്തൊഴിലാളി സംഘടനകള്‍ മതിയായ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.
by Midhun HP News | May 28, 2025 | Latest News, കേരളം
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ (SSLC) ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റെഗുലര്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള സേ പരീക്ഷ ഇന്ന് ആരംഭിക്കും. ജൂണ്‍ നാലുവരെയാണ് പരീക്ഷ.
ഫലം ജൂണ്‍ അവസാന വാരമുണ്ടാകും. പരമാവധി മൂന്ന് വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷ എഴുതാം. റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതിയ 4,27,020 വിദ്യാര്‍ഥികളില്‍ 4,24, 583 പേരാണ് ഇത്തവണ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. 2,437 പേരാണ് പരാജയപ്പെട്ടത്. സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ ഡിജിലോക്കറില്‍ ലഭ്യമാകും.
by Midhun HP News | May 28, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് മുന്നോടിയായി അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ട് പരിശോധിക്കാനും തിരുത്താനും ബുധനാഴ്ച വൈകുന്നേരം അഞ്ചുമണി വരെ സമയം. 24നാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്.
ജൂണ്‍ രണ്ടിന് പ്രവേശനം സാധ്യമാകുംവിധം ആദ്യ അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തും. 18ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും. അപേക്ഷ നല്‍കുന്നതിന്റെ ഭാഗമായി കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാന്‍ നല്കിയ വിവരങ്ങളില്‍ പേരു മാത്രമേ തിരുത്താന്‍ അനുമതിയുള്ളൂ. വിലാസം, ജാതി, ബോണസ് പോയിന്റിന് അര്‍ഹമാകുന്ന മറ്റു വിവരങ്ങള്‍ തുടങ്ങിയവയില്‍ പിശകുണ്ടെങ്കില്‍ തിരുത്താനുള്ള അവസാന അവസരമാണിത്. അപേക്ഷയില്‍ അവകാശപ്പെടുന്ന യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പ്രവേശന സമയത്ത് ഹാജരാക്കണം. ഇതിന് കഴിയില്ലെങ്കില്‍ ബന്ധപ്പെട്ട വിവരങ്ങള്‍ തിരുത്തേണ്ടതാണ്.
സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിന് വ്യാഴാഴ്ച വരെ അപേക്ഷിക്കാം. ജൂണ്‍ മൂന്നിനാണ് ആദ്യ അലോട്ട്മെന്റ്. എയ്ഡഡ് സ്കൂളുകളില്‍ കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യാനാണ് ഹയര്‍സെക്കന്‍ഡറി വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. ജൂണ്‍ 10 മുതലാണ് പ്രവേശനം.
by Midhun HP News | May 28, 2025 | Latest News, കേരളം
കൊച്ചി: വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി സുകാന്തിനെതിരെയുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സുകാന്ത് വേറെയും യുവതികളെ പീഡിപ്പിച്ചുവെന്നും ഇവരില്‍നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കിയതിന് തെളിവുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റ്റിലായ സുകാന്തിനെ ജൂണ്‍ പത്താം തീയതി വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച അമ്മാവന് മോഹനനെ കേസില്‍ രണ്ടാം പ്രതിയായി ചേര്‍ത്തിട്ടുണ്ട്.
തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയ്ക്ക് പുറമെ മറ്റു രണ്ടു യുവതികളെ കൂടി ഇയാള്‍ ചൂഷണം ചെയ്തതായി തെളിയിക്കുന്ന വിവരങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. സഹപ്രവര്‍ത്തകയായിരുന്ന യുവതി, ഇയാള്‍ക്കൊപ്പം ജയ്പൂരില്‍ ഐഎഎസ് പരീക്ഷാ പരിശീലനത്തിന് ഉണ്ടായിരുന്ന മറ്റൊരു യുവതി എന്നിവരെ ശാരീരികമായും സാമ്പത്തികമായും സുകാന്ത് ചൂഷണം ചെയ്തതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവിടെയും വിവാഹ വാഗ്ദാനം നല്‍കിയാണ് ഇയാള്‍ യുവതികളെ ചൂഷണം ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊട്ടിത്തെറിച്ച് ബന്ധുക്കള്‍
വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ രണ്ടുമാസത്തിലേറെ ഒളിവില്‍ക്കഴിഞ്ഞ് ഒടുവില്‍ കീഴടങ്ങിയ പ്രതി സുകാന്തിനെ നേരില്‍ക്കണ്ടപ്പോള്‍ പൊട്ടിത്തെറിച്ച് ബന്ധുക്കള്‍. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയ്ക്ക് പിന്നാലെ പ്രതി ചേര്‍ക്കപ്പെട്ട സഹപ്രവര്ത്തകന് സുകാന്ത് സുരേഷിനെ തിരിച്ചറിയാനായി പേട്ട പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ബന്ധുക്കളുടെ രോഷം അണപൊട്ടിയത്.
നീയിപ്പോഴും ജീവിച്ചിരിക്കുന്നല്ലോ… നിനക്കു പോയി ചത്തുകൂടായിരുന്നോ…’-ഐബി ഉദ്യോഗസ്ഥയുടെ ബന്ധുക്കളില്‍ ഒരാള്‍ സുകാന്തിന്റെ മുഖത്തുനോക്കി ചോദിച്ചു. ചൊവ്വാഴ്ച രാവിലെ ഇയാളെ തിരിച്ചറിയാനായി പെണ്‍കുട്ടികളുടെ ബന്ധുക്കളെ പൊലീസ് വിളിച്ചുവരുത്തുകയായിരുന്നു. സ്റ്റേഷനില്‍ പ്രതിയെ കണ്ട് പെണ്‍കുട്ടിയുടെ അമ്മാവന് ഉള്‍പ്പെടെയുള്ളവര്‍ പൊട്ടിത്തെറിച്ചു. പക്ഷേ സുകാന്ത് അക്ഷോഭ്യനായി തലതാഴ്ത്തി നില്‍ക്കുകയായിരുന്നു.
ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് സുകാന്ത് കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പിന്നാലെ പേട്ട സ്റ്റേഷനില്‍ നിന്നുള്ള പൊലീസ് സംഘം രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞതിന് പിന്നാലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജൂണ്‍ 10 വരെ റിമാന്‍ഡ് ചെയ്തു. മാര്‍ച്ച് 24നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഐബി ഉദ്യോഗസ്ഥയായ പത്തനംതിട്ട സ്വദേശിനിയെ പേട്ടയ്ക്ക് സമീപം തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടത്. സഹപ്രവര്‍ത്തകനായ മലപ്പുറം സ്വദേശി സുകാന്തിന്റെ മാനസിക, ശാരീരിക പീഡനം കാരണം പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തുകയായിരുന്നു. സുകാന്തില്‍ നിന്ന് യുവതി ലൈംഗിക ചൂഷണം നേരിട്ടിരുന്നതായും ഇത് ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളിലൊന്നാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു നിരന്തര ലൈംഗികപീഡനം എന്നും പൊലീസ് പറയുന്നു.
Recent Comments