മെറിറ്റ് ഡേ സംഘടിപ്പിച്ചു

മെറിറ്റ് ഡേ സംഘടിപ്പിച്ചു

നെടുംങ്ങണ്ട പ്രദേശത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലെ വിജയികളെ അനുമോദിച്ചു. സിപിഐഎം നെടുംങ്ങണ്ട ബ്രാഞ്ച് കമ്മിറ്റിയാണ് അനുമോദന ചടങ്ങുകൾ സംഘടിപ്പിച്ചത്. ചടങ്ങിൽ വച്ച് വിവിധ ക്ലാസുകളിൽ പഠിക്കുന്ന നൂറോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.

ചടങ്ങിൽ പങ്കെടുത്ത വിദ്യാർത്ഥികളും രക്ഷിതാക്കളും ലഹരിക്കെതിരെ പോരാടുമെന്ന് പ്രതിജ്ഞ ചെയ്തു. മെറിറ്റ് ഡേയുടെയും പഠനോപകരണ വിതരണത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം നിർവഹിച്ചു. കേരള യൂണിവേഴ്സിറ്റി യൂണിയൻ മുൻ ചെയർമാൻ വിജയ് വിമൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, എസ്. പ്രവീൺ ചന്ദ്ര, പി വിമൽ രാജ്, ജയാ ശ്രീരാമൻ, സരിത എന്നിവർ സംസാരിച്ചു.

ഹരിശ്രീ സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഹരിശ്രീ സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

മുദാക്കൽ: ചെമ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹരിശ്രീ സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ ഗവൺമെന്റ് എൽ.പി. എസ് . ചെമ്പൂര്, ഇളമ്പ, വാളക്കാട് എന്നീ വിദ്യാലയങ്ങളിലെ 15 വിദ്യാർത്ഥികൾക്ക് ബാഗും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ പഠനത്തിന് പുത്തൻ ഉന്മേഷം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തപ്പെട്ടത്. ഹരിശ്രീ സാംസ്കാരിക സംഘടനയുടെ പ്രതിനിധികൾ സ്കൂൾ അധികൃതർ, പി.ടി.എ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സുല്ലിട്ട് സ്വര്‍ണവില; 71,500ല്‍ താഴെ

സുല്ലിട്ട് സ്വര്‍ണവില; 71,500ല്‍ താഴെ

കൊച്ചി: ഇന്നലെ ഒരേസമയം കൂടുകയും കുറയുകയും ചെയ്ത് ചാഞ്ചാടി നിന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 71,000നും 72,000നും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയാണ് നിലവില്‍ സ്വര്‍ണവില. ഇന്നലെ രാവിലെ 360 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ 480 രൂപ ഇടിയുകയായിരുന്നു. നിലവില്‍ 71,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 8935 രൂപ നല്‍കണം. നികുതിയും പണിക്കൂലിയും വേറെയും.

ഈ മാസം 15ന് 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറി 71,000ന് മുകളില്‍ എത്തിയ ശേഷമാണ് ചാഞ്ചാടി നില്‍ക്കുന്നത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 72000 കടന്ന് കുതിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് വിലയിലെ ഏറ്റക്കുറച്ചിലുകള്‍.

ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്. എന്നാല്‍ ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ് പ്രകടമായതോടെ നിക്ഷേപകര്‍ അവിടേയ്ക്ക് നീങ്ങിയതാണ് സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിന് കാരണം.

അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡിനിടെ യന്ത്രത്തകരാര്‍; 150 അടി ഉയരത്തില്‍ കുട്ടികള്‍ അടക്കം 36 പേര്‍ കിടന്നത് മൂന്ന് മണിക്കൂര്‍

അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡിനിടെ യന്ത്രത്തകരാര്‍; 150 അടി ഉയരത്തില്‍ കുട്ടികള്‍ അടക്കം 36 പേര്‍ കിടന്നത് മൂന്ന് മണിക്കൂര്‍

ചെന്നൈ: ഇഞ്ചമ്പാക്കത്തെ വിജിപി ഗോള്‍ഡന്‍ ബീച്ച് അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡുകളിലൊന്നിന് യന്ത്രത്തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് 15 കുട്ടികള്‍ അടക്കം 36 പേര്‍ കുടുങ്ങി. റൈഡ് ആസ്വദിക്കുന്നതിനിടെ ഉണ്ടായ യന്ത്രത്തകരാറിനെ തുടര്‍ന്ന് 36 പേരും നിലത്ത് നിന്ന് 150 അടി ഉയരത്തില്‍ മൂന്ന് മണിക്കൂറോളം നേരമാണ് പരിഭ്രാന്തരായി ഇരുന്നത്. അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തകരും എത്തിയതിനെത്തുടര്‍ന്ന് എല്ലാവരെയും സുരക്ഷിതമായി താഴെയിറക്കിയതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. 36 പേരടങ്ങുന്ന റൈഡ് വൈകുന്നേരം 6 മണിയോടെയാണ് ആരംഭിച്ചത്. റൈഡ് ആസ്വദിക്കാന്‍ എത്തിയവര്‍ മുകളിലെത്തിയ ഉടന്‍ തന്നെ യന്ത്രത്തകരാര്‍ സംഭവിക്കുകയായിരുന്നു. സഹായത്തിനായി നിരവധി തവണ നിലവിളിച്ചിട്ടും നിലത്തുണ്ടായിരുന്ന ഓപ്പറേറ്ററില്‍ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ലെന്ന് രക്ഷപ്പെട്ട ഒരു സ്ത്രീ പറഞ്ഞു.

പാര്‍ക്ക് ജീവനക്കാര്‍ ആദ്യം സ്ഥലത്ത് ഉണ്ടായിരുന്ന ഒരു ക്രെയിന്‍ ഉപയോഗിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. എന്നാല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്ന പൊക്കത്തിലേക്ക് ക്രെയിന്‍ ഉയര്‍ത്താന്‍ കഴിയാതെ വന്നതോടെ, അഗ്‌നിശമനസേനയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് 150 അടി വരെ നീട്ടാന്‍ കഴിയുന്ന സ്‌കൈ-ലിഫ്റ്റ് വാഹനവുമായി സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.

‘റൈഡ് വൈകുന്നേരം 6 മണിയോടെ ആരംഭിച്ചു, രാത്രി 8.30 ന് മാത്രമാണ് പൊലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തിയത്. വിജിപി മാനേജ്മെന്റില്‍ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല.’- പാര്‍ഥിസെല്‍വം ആരോപിച്ചു. തൊട്ടുമുന്‍പും സമാനമായ പ്രശ്‌നം ഉണ്ടായതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ആളുകള്‍ 20 മിനിറ്റ് നേരമാണ് കുടുങ്ങിയത്. എന്നാല്‍ ഓപ്പറേറ്റര്‍ മെഷീന്‍ പരിശോധിക്കുകയോ റൈഡിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തുകയോ ചെയ്തില്ലെന്നും സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു.

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച കേസ്; പ്രതികള്‍ പിടിയില്‍

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച കേസ്; പ്രതികള്‍ പിടിയില്‍

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കോയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ആദിവാസി യുവാവ് സിജുവിനെ അര്‍ധനഗ്നനാക്കിയാണ് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. ഷോളയൂര്‍ സ്വദേശി റെജിന്‍ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്.

ആദിവാസി യുവാവായ സിജുവിനെ കൈകള്‍ കെട്ടി പോസ്റ്റില്‍ കെട്ടിയിട്ടാണ് പ്രതികള്‍ മര്‍ദിച്ചത്. പുലര്‍ച്ചെ ഷോളയൂരില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. പിക്കപ്പ് വാഹനത്തിന്റെ ഡ്രൈവറും ക്ലീനറുമാണ് ഇരുവരും.

അഗളി, ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ ഷിബുവിനാണ് മര്‍ദനമേറ്റത് .ഷിബുവിനെ വിവസ്ത്രനാക്കി ഒരുമണിക്കൂറോളം പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ഞായറാഴ്ചയാണ് വാഹനത്തിന് മുന്നിലേക്ക് മദ്യപിച്ച് ചാടിയെന്ന് ആരോപിച്ച് യുവാവിനെ പിക്കപ്പ് വാനിലെത്തിയ സംഘം മര്‍ദിച്ചത്. പരിക്കേറ്റ ഷിബു ആശുപത്രിയില്‍ ചികിത്സയിലാണ്.

മെയ് 24-നായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരാതി നല്‍കിയെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആദിവാസി യുവാവിനെ മര്‍ദിച്ചവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നില്ല. വാര്‍ത്ത പുറത്തു വന്നതിന് ശേഷമാണ് പൊലീസ് പരാതിയില്‍ നടപടി സ്വീകരിച്ചത്. കാരണമൊന്നുമില്ലാതെ ഷിബു വാഹനത്തിന് നേരെ കല്ലെറിഞ്ഞെന്നാണ് പിക്കപ്പ് ഡ്രൈവര്‍ പറഞ്ഞിരുന്നത്. ഡ്രൈവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഷിബുവിനെതിരെ കേസെടുത്തിരുന്നു.