‘ഇറാനി’ല്‍ ഉടക്കി റഷ്യയും ചൈനയും; യുഎന്‍ രക്ഷാ സമിതിയില്‍ യുഎസിന് തിരിച്ചടി

‘ഇറാനി’ല്‍ ഉടക്കി റഷ്യയും ചൈനയും; യുഎന്‍ രക്ഷാ സമിതിയില്‍ യുഎസിന് തിരിച്ചടി

ന്യൂയോര്‍ക്ക്: ഇറാനെതിരായ ഇസ്രയേല്‍ – യുഎസ് ആക്രമണം ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതിയിലും പ്രതിഫലിക്കുന്നു. യുഎന്‍ രക്ഷാ സമിതിയുടെ പ്രതിമാസ അധ്യക്ഷ സ്ഥാനം യുഎസ് ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പുമായി റഷ്യയും ചൈനയും. രക്ഷാസമിതിയുടെ പ്രതിമാസ അധ്യക്ഷ പദവിയിലേക്കായി യുഎസ് തയ്യാറാക്കിയ പ്രവര്‍ത്തന രേഖയ്ക്ക് അംഗീകാരം ലഭിച്ചില്ല.

15 രാജ്യങ്ങളുള്ള യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ പ്രസിഡന്റ് സ്ഥാനം വീറ്റോ അധികാരമുള്ള സ്ഥിരാംഗമായ അമേരിക്ക, മാര്‍ച്ച് മാസത്തേക്ക് ഏറ്റെടുത്തിരുന്നു. എന്നാല്‍ മാര്‍ച്ച് മാസത്തേക്കായി യുഎസ് തയ്യാറാക്കിയ യുഎന്‍എസ്സി പിഒഡബ്ല്യു അംഗീകരിക്കുന്നതിനെ മറ്റ് സ്ഥിരാംഗങ്ങളായ റഷ്യയും ചൈനയും എതിര്‍ക്കുകയായിരുന്നു.

‘യുഎസ് നിര്‍ദേശിച്ച പ്രവര്‍ത്തന പരിപാടിയില്‍ ഇറാനെക്കുറിച്ചുള്ള ഉപരോധ സമിതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരണമാണ് വിരുദ്ധ നിലപാട് എടുക്കാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കിയതെന്ന് എന്ന് സമിതിയിലെ റഷ്യന്‍ പ്രതിനിധിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുകെ, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവയുടെ പിന്തുണയുണ്ടെന്ന് ചൂണ്ടിക്കാട്ടി 2025 സെപ്തംബറിലാണ് ഇറാന്‍ വിരുദ്ധ പ്രമേയങ്ങള്‍ ആദ്യം നടപ്പിലാക്കിയത്.

ഈ വിഷയത്തില്‍ റഷ്യന്‍ നിലപാട് ഫെബ്രുവരിയില്‍ യുഎസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. താല്‍ക്കാലിക പ്രവര്‍ത്തന പരിപാടിയില്‍ അത്തരമൊരു സംഭവം ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ നീക്കവുമായി മുന്നോട്ട് പോയ സാഹചര്യത്തിലാണ് എതിര്‍പ്പ് ഉയര്‍ത്തിയതെന്നും റഷ്യന്‍ പ്രതിനിധി അറിയിച്ചു. എതിര്‍പ്പുയര്‍ന്നതോടെ മാര്‍ച്ച് 3 ന് നടത്താനിരുന്ന യുഎന്നിലെ യുഎസ് അംബാസഡര്‍ മൈക്ക് വാള്‍ട്ട്‌സിന്റെ പത്രസമ്മേളനവും റദ്ദാക്കി.

കൗണ്‍സില്‍ പ്രസിഡന്റുമാര്‍ സാധാരണയായി രണ്ട് പ്രത്യേക പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കാറുണ്ട്. മാര്‍ച്ച് 2 ന് ‘അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും പരിപാലനം’ പേരില്‍ ‘സംഘര്‍ഷത്തിലെ കുട്ടികള്‍, സാങ്കേതികവിദ്യ, വിദ്യാഭ്യാസം’ എന്നതായിരുന്നു ഇതില്‍ ഒന്ന്. പരിപാടിക്ക് യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ് അധ്യക്ഷത വഹിച്ചു.

ഒരു ലോക നേതാവിന്റെ ഭാര്യ യുഎന്‍എസ്സി യോഗത്തില്‍ അധ്യക്ഷത വഹിച്ച ആദ്യ സംഭവം കൂടിയായായിരുന്നു ഇത്. ‘ഊര്‍ജ്ജം, നിര്‍ണായക ധാതുക്കള്‍, സുരക്ഷ’ എന്നിവ സംബന്ധിച്ചുള്ളതാണ് രണ്ടാമത്തെ കാര്യ പരിപാടി.

മുജ്തബ ഖമേനി ഇറാന്റെ പുതിയ പരമോന്നത നേതാവ്; റിപ്പോര്‍ട്ട്

മുജ്തബ ഖമേനി ഇറാന്റെ പുതിയ പരമോന്നത നേതാവ്; റിപ്പോര്‍ട്ട്

തെഹ്‌റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു. മുന്‍ നേതാവ് ആയത്തുല്ല അലി ഖമേനിയുടെ രണ്ടാമത്തെ മകനായ മുജ്തബയെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സ് തെരഞ്ഞെടുത്തതെന്ന് ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 88 അംഗ സമിതിയാണ് അസംബ്ലി ഓഫ് എക്സ്പെര്‍ട്സ്. യുഎസ്-ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യം വലിയ ഭരണപ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് നിര്‍ണായക പ്രഖ്യാപനം.

അലി ഖമേനിയിയുടെ ആറ് മക്കളില്‍ രണ്ടാമനാണ് 56കാരനായ മുജ്തബ ഖമേനി. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് പൊതുനയങ്ങള്‍ പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്. സായുധ സേനയ്ക്ക് പുറമേ ജുഡീഷ്യല്‍ സംവിധാനം, രഹസ്യാന്വേഷണം, ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങള്‍ എന്നിവ പരമോന്നത നേതാവിന് കീഴിലാണ്. ഇസ്ലാമിക് വിപ്ലവത്തിന് ശേഷം അധികാരമേറ്റെടുത്ത ആയത്തുല്ല റൂഹുള്ള ഖമേനിയായിരുന്നു ആദ്യ പരമോന്നത നേതാവ്. റുഹുള്ള ഖമേനിയുടെ പിന്‍ഗാമിയായാണ് 1989 മുതല്‍ ഇറാന്റെ പരമോന്നത നേതാവായി 86 വയസ്സുള്ള ആയത്തുല്ല അലി ഖമേനി എത്തുന്നത്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ്, ബാസിജ് അര്‍ദ്ധസൈനിക സേന എന്നിവയാണ് ഖമേനിയുടെ പ്രധാനശക്തി. മകന്‍ മുജ്തബ ഖമേനിയുടെ പിന്‍ഗാമിയാകുമെന്ന് സൂചനചയുണ്ടായിരുന്നു.

ശബരിമല സ്വര്‍ണ്ണക്കൊള്ള: പത്മകുമാറും പുറത്തേക്ക്?; ജാമ്യഹര്‍ജിയില്‍ ഇന്ന് വിധി

ശബരിമല സ്വര്‍ണ്ണക്കൊള്ള: പത്മകുമാറും പുറത്തേക്ക്?; ജാമ്യഹര്‍ജിയില്‍ ഇന്ന് വിധി

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറും ഇന്ന് പുറത്തിറങ്ങിയേക്കും. പത്മകുമാറിന്റെ ജാമ്യഹര്‍ജി കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. പത്മകുമാറിന് ഇന്ന് സ്വാഭാവിക ജാമ്യം ലഭിച്ചേക്കുമെന്നാണ് സൂചന. കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് സിപിഎം നേതാവായ പത്മകുമാര്‍.

ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം മോഷണം പോയ കേസിലാണ് ജാമ്യം തേടി പത്മകുമാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസില്‍ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. 90 ദിവസം റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതോടെയാണ് ദ്വാരപാലക ശില്‍പ കേസിലും ജാമ്യഹര്‍ജി നല്‍കിയത്. കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്തതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വര്‍ണക്കൊള്ള കേസില്‍ ഏഴു പ്രതികള്‍ക്കാണ് ഇതുവരെ ജാമ്യം ലഭിച്ചിട്ടുള്ളത്. ഇതില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കം അഞ്ചു പേര്‍ക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.

ഡോ. ജെ. സി.ഡാനിയൽ നാഷണൽ അവാർഡ് കവലയൂർ എസ്. താണുവൻ ആചാരിക്ക്

ഡോ. ജെ. സി.ഡാനിയൽ നാഷണൽ അവാർഡ് കവലയൂർ എസ്. താണുവൻ ആചാരിക്ക്

തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ ഡോ. ജെ.സി.ഡാനിയലിന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ വച്ച് സുപ്രസിദ്ധ സിനിമാ നടൻ പ്രേംകുമാറിൽ നിന്നും ജെ.സി. ഡാനിയേൽ ‘ഗുരുരത്ന’ നാഷണൽ അവാർഡ് കവിയും അധ്യാപകനുമായ കവലയൂർ എസ് താണുവാൻ ആചാരി ഏറ്റുവാങ്ങി. ഗാന്ധി സ്മാരക വൈസ് ചെയർമാൻ വി.കെ.മോഹൻ അധ്യക്ഷനായ സമ്മേളനം ഹൈക്കോടതി ജഡ്ജി ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്തു. ഡോ. ജെ.സി. ഡാനിയലിന്റെ മകൻ ഹാരിസ് ഡാനിയൽ ഉൾപ്പെട്ട ഡാനിയൽ കുടുംബത്തിന്റെ സാന്നിധ്യം സമ്മേളനത്തിന് മാറ്റുകൂട്ടി.

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് ഒറ്റയടിക്ക് 2280 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് ഒറ്റയടിക്ക് 2280 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 2280 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,20,640 രൂപയാണ്. ഗ്രാമിന് 285 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 15080 രൂപ.

ഇന്നലെ രാവിലെ പവന് 360 രൂപ കുറഞ്ഞ സ്വര്‍ണവില വൈകീട്ടോടെ വീണ്ടും കുത്തനെ ഇടിഞ്ഞിരുന്നു. ഒറ്റയടിക്ക് 1760 രൂപയാണ് ഇടിഞ്ഞത്. ഇതോടെ രാവിലെയും വൈകീട്ടുമായി രണ്ടായിരത്തില്‍പ്പരം രൂപയാണ് കുറഞ്ഞത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് ഇടിവ് രേഖപ്പെടുത്തിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇസ്രയേലും യുഎസും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതോടെയാണ് സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായത്. ശനിയാഴ്ച രണ്ട് തവണയായി 5240 രൂപയാണ് പവന് വര്‍ധിച്ചത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്.