by Midhun HP News | May 25, 2025 | Latest News, ജില്ലാ വാർത്ത
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 35-)o സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം ലഹരിക്കെതിരായ സന്ദേശമുയർത്തിക്കൊണ്ട് രാവിലെ 7.30 മണിക്ക് പോലീസ് ഹെഡ്ക്വാർട്ടേഴ്സിന് മുന്നിൽ നിന്നും തമ്പാനൂർ വരെ വാക്കത്തോൺ സംഘടിപ്പിച്ചു.
റെയിൽവേസ് എസ് പി അരുൾ ആർ ബി കൃഷ്ണ ഐ പി എസ് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. വാക്കത്തോൺ സമാപിച്ച തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്പി ആർ പ്രതാപൻ നായർ ലഹരി വിരുദ്ധ സന്ദേശം നൽകി. കെപിഒഎ സംസ്ഥാന പ്രസിഡന്റ് ആർ പ്രശാന്ത്, സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ ബിജു എന്നിവർ സംസാരിച്ചു. സംസ്ഥാന ട്രഷറര്‍ വി ചന്ദ്രശേഖരൻ, ട്രാഫിക് എ സി ഷീൻ തറയിൽ, കെ എൽ നിഷാന്ത്,എസ് എസ് ജയകുമാർ, കെ എസ് ആനന്ദ്,ആർ കെ ജ്യോതിഷ് എന്നിവർ വാക്കത്തോണിന് നേതൃത്വം നൽകി.
by Midhun HP News | May 25, 2025 | Latest News, ജില്ലാ വാർത്ത
വക്കം ഖാദര്‍ ധീര രക്തസാക്ഷിയുടെ 108-ാമത് ജന്‍മദിനം, സ്വാതന്ത്ര്യത്തിന് വേണ്ടി തൂലിക ചലിപ്പിച്ച മഹാകവി കുമാരനാശാന്‍ ദേശീയസ്മാരക ഇന്‍സ്റ്റിറ്റ്യൂട്ട് ഹാളില്‍ വച്ച് ഇന്ന് ജന്‍മദിനാഘോഷപരിപാടിക്ക് തുടക്കം കുറിച്ചു. വക്കം ഖാദറിന്റെ രക്തസാക്ഷിത്വ ദിനമായ സെപ്റ്റംബര്‍ 10 വരെ നീണ്ട് നില്‍ക്കുന്ന രക്തസാക്ഷികളുടെ സ്മരണകള്‍ പുതിയ തലമുറക്ക് പകരുന്നതിന് വേണ്ടി വിവിധങ്ങളായ പരിപാടിക്ക് രൂപം നല്‍കി.
സമ്മേളനം വി.ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ എം.എ.ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. +2, എസ്.എസ്.എല്‍.സി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ രക്തസാക്ഷി വക്കം ഖാദറിന്റെ നാമധേയത്തില്‍ ആദരിക്കലും ലഹരിക്കെതിരെ ജാഗ്രത സദസിന്റെ ഉദ്ഘാടനവും പ്രശാന്തന്‍കാണി ഐ.പി.എസ് നിര്‍വ്വഹിച്ചു. ലഹരിക്കെതിരെ അവാര്‍ഡ് ജേതാക്കളായ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി 101പേരുടെ സ്ക്വാഡ് രൂപീകരിച്ചു.
പഞ്ചായത്ത് മെമ്പര്‍മാര്‍ അജയരാജ്.ബി.സി, ശ്രീചന്ദ്.എസ്,എം.എ.ഉറൂബ്, നാസര്‍.എ,സന്‍ജു നബീല്‍, സരിന്‍, മുനീര്‍.എസ്, ബിനു.എം.എസ്, സിയാം, നൈസാം, നിസാം കടവിളാകം, നസീര്‍ തോന്നയ്ക്കല്‍ പി.എച്ച്.ഡി വിദ്യാര്‍ത്ഥി അരുണ്‍രാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
by Midhun HP News | May 25, 2025 | Latest News, കേരളം
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളില്‍ തെങ്ങ് കടപുഴകി വീണ് യാത്രക്കാരന്‍ മരിച്ചു. വടകര കുന്നുമ്മായീന്റവിടെ മീത്തല്‍ പവിത്രന്‍ (64) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
വീട്ടില്‍ നിന്നും വില്യാപ്പള്ളി ടൗണിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത്. ഇടവഴിയിലൂടെ മുന്നോട്ട് പോകുമ്പോള്‍ തെങ്ങ് കടപുഴകി മുകളിലേക്ക് വീഴുകയായിരുന്നു. തെങ്ങിനും സ്‌കൂട്ടറിനും ഇടയില്‍ പെട്ടുപോയ പവിത്രനെ നാട്ടുകാര്‍ ചേര്‍ന്ന് തെങ്ങ് മുറിച്ച് മാറ്റിയാണ് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചു.
അച്ഛന്‍: ദാമോദരന്‍. അമ്മ: കുഞ്ഞിമാത. ഭാര്യ: റീത്ത. മക്കള്‍: ഐശ്വര്യ, അശ്വതി
by Midhun HP News | May 25, 2025 | Latest News, ജില്ലാ വാർത്ത
കണ്ണൂര്‍: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കണ്ണൂര്‍ ജില്ലയിലെ അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് നാളെ (തിങ്കളാഴ്ച) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ഉത്തരവിന് വിപരീതമായി ഇവ തുറന്നു പ്രവര്‍ത്തിക്കരുതെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
കണ്ണൂര്‍ ജില്ലയില്‍ ഇന്നും ( ഞായറാഴ്ച) നാളെയും ( തിങ്കളാഴ്ചയും) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായാണ് രണ്ടുദിവസവും ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും ജില്ലയില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ രണ്ടു ദിവസങ്ങളില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഓറഞ്ച് ജാഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്.
കാസര്‍കോടും നാളെ അവധി
കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെയും കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതി തീവ്ര മഴ രേഖപ്പെടുത്തിയിട്ടുണ്ട്. മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയവയ്ക്ക് നാളെ (മെയ് 26 ) ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ ഐഎഎസ് അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല.
by Midhun HP News | May 25, 2025 | Latest News, കേരളം
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ ബെവ്കോ ഔട്ട്ലെറ്റ് തുറക്കാനുള്ള പദ്ധതിയുമായി വീണ്ടും സർക്കാർ. വിവാദത്തെ തുടർന്ന് നിർത്തിവച്ചിരുന്ന പദ്ധതിയാണ് വീണ്ടും നടപ്പാക്കുന്നത്. ആദ്യത്തെ ബെവ്കോ ഔട്ട്ലെറ്റ് വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിലുള്ള കെഎസ്ആർടിസി ബസ് ടെർമിനലിലാണ് തുറക്കുന്നത്. അടുത്ത മാസം ഈ ഔട്ട്ലെറ്റ് തുറക്കും.
ശേഷം അഞ്ച് സ്ഥലത്ത് കൂടി കെഎസ്ആർടിസിയുടെ കെട്ടിടത്തിൽ ബെവ്കോ ഓട്ട്ലെറ്റ് തുടങ്ങും. നേരത്തെ ആൻ്റണി രാജു ഗതാഗത മന്ത്രിയായിരുന്ന കാലത്ത് ഈ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വിവാദത്തെ തുടർന്ന് അന്ന് നടപ്പാക്കിയിരുന്നില്ല. കെഎസ്ആർടിസിക്ക് വരുമാന വർധനവ് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് സർക്കാരിൻ്റെ വാദം.
കെഎസ്ആർടിസിയുടെ കണ്ണായ സ്ഥലങ്ങളിൽ പണിത പല ടെർമിനുകളിലും സ്ഥലം ഒഴിഞ്ഞു കിടക്കുകയാണ്. വാടകയിനത്തിൽ കൂടുതൽ വരുമാനമുണ്ടാക്കാനാണ് ബെവ്ക്കോ ഔട്ട് ലെറ്റുകള്‍ക്ക് സ്ഥലം നൽകാൻമുൻ കെ.എസ്.ആർ.ടി.സി എംഡിയായിരുന്ന ബിജു പ്രഭാകർ ശുപാർശ മുന്നോട്ട് വെച്ചത്. ബെവ്ക്കോയുമായി കെഎസ്ആർടിസി ചർച്ച നടത്തി. വിശാലമായ പ്രീമിയം ഔട്ട്‌ലെറ്റുകളായിരുന്നു ലക്ഷ്യം. ബസ് സ്റ്റാൻറുകൾ മദ്യപ കേന്ദ്രമാക്കി മാറ്റാൻ പോകുന്നുവെന്ന വ്യാപക ആരോപണങ്ങളെ തുടർന്ന് സർക്കാർ ചർച്ചകള്‍ നിർത്തിവച്ചു.
രണ്ട് സർക്കാർ സ്ഥാപനങ്ങള്‍ക്ക് ഒരേ പോലെ വരുമാനമുണ്ടാക്കുന്ന ശുപാർശ ഉപേക്ഷിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ വീണ്ടും ചർച്ചകള്‍ തുടങ്ങി. ബെവ്ക്കോ എംഡി ഹർഷിത അത്തല്ലൂരി സർക്കാരിൻെറ അനുമതി തേടി. പദ്ധതി നടപ്പായാൽ വാടക വരുമാനം സർക്കാരിലേക്ക് തന്നെ എത്തും, അതിനാൽ സ്ഥലം നൽകണമെന്നായിരുന്നു ആവശ്യം. ഗതാഗത- എക്സൈസ് വകുപ്പുകള്‍ പച്ചകൊടി കാണിച്ചതോടെ ചർച്ചകള്‍ നടന്നു.
സുൽത്താൻ ബെത്തേരിയിൽ നിലവിൽ പ്രവർത്തിക്കുന്ന ബെവ്ക്കോ ഔട്ട്‌ലെറ്റാണ് ബസ് ടെർമിനിലേക്ക് മാറ്റുന്നത്. കെഎസ്ആർടിസി അനുവദിച്ച സ്ഥലത്ത് പണികള്‍ ഉടൻ തുടങ്ങും. ഒരു മാസത്തിനുള്ളിൽ ഔട്ട്‌ലെറ്റ് പ്രവർത്തിക്കും. മറ്റ് അഞ്ചു സ്ഥലങ്ങളിൽ കൂടി ഔട്ട് ലറ്റിന് സ്ഥലം നൽകാൻ കെഎസ്ആർടിസി തയ്യാറായിട്ടുണ്ട്. എക്സൈസിൻ്റെ അനുമതി ലഭിച്ചാൽ ഈ സ്ഥലങ്ങളിലും പ്രീമിയം ഔട്ട്‌ലെറ്റുകള്‍ തുടങ്ങും. പുതിയൊരു ഔട്ട്‌ലെറ്റ് തുടങ്ങുമ്പോള്‍ ബെവ്ക്കോയ്ക്ക് 30 കോടിയാണ് പ്രതിവർഷ ലാഭമുണ്ടാവുക. ജനവാസ കേന്ദ്രങ്ങളിൽ മദ്യശാലകള്‍ തുടങ്ങുന്നതിനിരെ എന്നും പ്രതിഷേധം ഉയരാറുണ്ട്. നഗരഹൃദയങ്ങളിൽ ബസ് ടെർമിനിലുകളിൽ ഔട്ട്‌ലെറ്റുകൾ വരുമ്പോൾ എന്താകുമെന്ന പ്രശ്നം ബാക്കിയുണ്ട്. ലാഭമാണ് ലക്ഷ്യമെങ്കിലും എതിർപ്പുകൾ ഉയരുമോ എന്ന ആശങ്ക ബാക്കിയാണ്.
Recent Comments