ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമം, വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ആശുപത്രിയില്‍

ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമം, വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ആശുപത്രിയില്‍

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. ജയിലിലെ ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച അഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉണക്കാന്‍ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പൊലീസ് ആദ്യ കുറ്റപത്രം കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു. പ്രതി അഫാന്റെ അച്ഛന്റെ അമ്മ സല്‍മ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം പാങ്ങോട് പൊലീസ് നല്‍കിയത്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് 450 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കൊലയിലേക്ക് നയിച്ചത് അഫാന്റെ ആര്‍ഭാട ജീവിതവും സാമ്പത്തിക ബാധ്യതയുമാണെന്ന് കുറ്റപത്രം പറയുന്നു. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്ന് 88-ാം ദിവസമാണ് പൊലീസ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്.

അമ്മൂമ്മയും സഹോദരനെയും കാമുകിയെയും അച്ഛന്റെയും സഹോദരനെയും ഭാര്യയുമാണ് അഫാന്‍ കൊലപ്പെടുത്തിയത്. ആദ്യം കൊലചെയ്യുന്നത് 95 വയസ്സുള്ള സല്‍മ ബീവിയെയാണ്. തനിച്ച് വീട്ടില്‍ താമസിച്ചിരുന്ന വൃദ്ധയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

രണ്ടുവര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള വൈദ്യുതി കുടിശ്ശിക തീര്‍പ്പാക്കം; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

രണ്ടുവര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള വൈദ്യുതി കുടിശ്ശിക തീര്‍പ്പാക്കം; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

തിരുവനന്തപുരം: ആകര്‍ഷകമായ ഇളവുകളോടെ വൈദ്യുതി ബില്‍ കുടിശ്ശിക തീര്‍ക്കാന്‍ കെഎസ്ഇബി അവസരമൊരുക്കുന്നു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ 2 വര്‍ഷത്തിനുമുകളില്‍ പഴക്കമുള്ള കുടിശ്ശികകകള്‍ അനായാസം തീര്‍പ്പാക്കാം. 10 കൊല്ലത്തിനു മുകളില്‍ പഴക്കമുള്ള കുടിശ്ശികയുടെ 18 ശതമാനം നിരക്കില്‍ വരുന്ന പലിശ പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കുമെന്നും കെഎസ്ഇബി അറിയിച്ചു.

5 മുതല്‍ 10 വര്‍ഷം വരെയുള്ള കുടിശ്ശികയ്ക്ക് 18 ശതമാനത്തിനു പകരം 4 ശതമാനം മാത്രം പലിശ. 2 മുതല്‍ 5 വര്‍ഷം വരെയുള്ള കുടിശ്ശികയ്ക്ക് 18 ശതമാനത്തിനു പകരം 6 ശതമാനം പലിശ നല്‍കിയാല്‍ മതി. പലിശ തുക 6 മാസത്തെ തുല്യഗഡുക്കളായി അടയ്ക്കാനും അവസരമുണ്ട്. മുതലും പലിശയും ഒരുമിച്ച് അടച്ചുതീര്‍ക്കുന്നവര്‍ക്ക് മുതലില്‍ 5 ശതമാനം അധിക ഇളവും ലഭിക്കും. അതായത് ബില്‍ കുടിശ്ശികയുടെ 95 ശതമാനം മാത്രം അടച്ചാല്‍ മതിയാകുമെന്നും കെഎസ്ഇബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

മുമ്പെങ്ങുമില്ലാത്തത്ര ആകര്‍ഷകമായ ഇളവുകളോടെ കുടിശ്ശിക തീര്‍ക്കാന്‍ കെ എസ് ഇ ബി അവസരമൊരുക്കുന്നു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ 2 വര്‍ഷത്തിനുമുകളില്‍ പഴക്കമുള്ള കുടിശ്ശികകകള്‍ അനായാസം തീര്‍പ്പാക്കാം.

10 കൊല്ലത്തിനു മുകളില്‍ പഴക്കമുള്ള കുടിശ്ശികയുടെ 18 ശതമാനം നിരക്കില്‍ വരുന്ന പലിശ പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കും.

5 മുതല്‍ 10 വര്‍ഷം വരെയുള്ള കുടിശ്ശികയ്ക്ക് 18 ശതമാനത്തിനു പകരം 4 ശതമാനം മാത്രം പലിശ.

2 മുതല്‍ 5 വര്‍ഷം വരെയുള്ള കുടിശ്ശികയ്ക്ക് 18 ശതമാനത്തിനു പകരം 6 ശതമാനം പലിശ നല്‍കിയാല്‍ മതി.

പലിശ തുക 6 മാസത്തെ തുല്യഗഡുക്കളായി അടയ്ക്കാനും അവസരമുണ്ട്.

മുതലും പലിശയും ഒരുമിച്ച് അടച്ചുതീര്‍ക്കുന്നവര്‍ക്ക് മുതലില്‍ 5% അധിക ഇളവും ലഭിക്കും. അതായത് ബില്‍ കുടിശ്ശികയുടെ 95 ശതമാനം മാത്രം അടച്ചാല്‍ മതിയാകും. കുടിശ്ശിക തീര്‍പ്പാക്കാന്‍ ഇത്രയേറെ ഇളവുകള്‍ ഇതാദ്യമാണ്.

റെവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ, കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും കേബിള്‍ ടിവി ഉടമകളുടെ വൈദ്യുത പോസ്റ്റ് വാടക കുടിശ്ശികയും ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാനാകും.

ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അതത് സെക്ഷന്‍ ഓഫീസിലും ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് സ്പെഷ്യല്‍ ഓഫീസര്‍ റെവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക. ots.kseb.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചും ഈ പദ്ധതിയുടെ ഭാഗമാകാം.

ഹോം നഴ്‌സിന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റു; അല്‍ഷിമേഴ്സ് രോഗി മരിച്ചു

ഹോം നഴ്‌സിന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റു; അല്‍ഷിമേഴ്സ് രോഗി മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഹോം നഴ്‌സിന്റെ മര്‍ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അല്‍ഷിമേഴ്സ് രോഗി മരിച്ചു. തട്ട സ്വദേശി ശശിധരന്‍ പിള്ള (59)യാണ് മരിച്ചത്. കഴിഞ്ഞ കുറെ ദിവസങ്ങളായി പരുമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഒരു മാസം മുമ്പാണ് ശശിധരന്‍ പിള്ള ഹോം നഴ്‌സിന്റെ മര്‍ദനത്തിന് ഇരയായത്. സംഭവത്തില്‍ കൊല്ലം കുന്നിക്കോട് സ്വദേശി വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. നിലവില്‍ ഇയാള്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

സിസിടിവി പരിശോധിച്ചപ്പോഴാണ് ശശിധരനെ വിഷ്ണു മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. ശശിധരനെ തറയിലൂടെ വലിച്ചിഴക്കുന്നതിന്റെയും അടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ മാസമാണ് ശശിധരന്റെ ആരോഗ്യനില കൂടുതല്‍ വഷളായത്. ആന്തരിക രക്തസ്രാവം അടക്കമുള്ള ഗുരുതരമായ പരിക്കുകള്‍ ഉണ്ടെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്.

ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളിക്ക് ദാരുണാന്ത്യം

ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: തലശേരി – കണ്ണൂര്‍ ദേശീയപാതയിലെ ചാലക്കുന്നില്‍ മണ്ണിടിച്ചിനെത്തുടര്‍ന്ന് കോണ്‍ക്രീറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഝാര്‍ഖണ്ഡ് സ്വദേശി ബിയാസ് ഒര്‍വന്‍ (28) ആണ് മരിച്ചത്. ചാലക്കുന്നില്‍ പണി നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയില്‍ ശനിയാഴ്ച്ച വൈകീട്ട് 5.30 ഓടെയാണ് അപകടം ഉണ്ടായത്.

പാതയുടെ വശങ്ങളിലെ കോണ്‍ക്രീറ്റ് മതിലിന്റെ നിര്‍മാണ പ്രവൃത്തികളാണ് നടന്നുകൊണ്ടിരുന്നത്. കോണ്‍ക്രീറ്റ് പണിയുടെ ആവശ്യങ്ങള്‍ക്കായി കൊണ്ടുവെച്ചിരുന്ന ഇരുമ്പുപാളികള്‍ വയ്ക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. മണ്ണിടിഞ്ഞ് ബിയാസ് താഴെ കോണ്‍ക്രീറ്റ് പാളികളിലേക്ക് വീഴുകയായിരുന്നു.

കോണ്‍ക്രീറ്റ് പാളികളില്‍നിന്ന് പുറത്തേക്ക് ഉന്തിനിന്ന കമ്പികള്‍ക്ക് മുകളിലേക്കാണ് ബിയാസ് വീണത്. തലയിലൂടെ ഇരുമ്പുകമ്പികള്‍ തുളച്ചുകയറിയാണ് മരണം സംഭവിച്ചത്. ബിയാസ് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. കനത്ത മഴയെത്തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

എംഎസ്‌സി എല്‍സ 3 മുങ്ങുന്നു; കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലില്‍ വീണു, ക്യാപ്റ്റന്‍ അടക്കമുള്ളവരെ രക്ഷപ്പെടുത്തി

എംഎസ്‌സി എല്‍സ 3 മുങ്ങുന്നു; കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലില്‍ വീണു, ക്യാപ്റ്റന്‍ അടക്കമുള്ളവരെ രക്ഷപ്പെടുത്തി

കൊച്ചി: അറബിക്കടലില്‍ അപകടത്തില്‍പെട്ട എംഎസ്‌സി എല്‍സ 3 കപ്പല്‍ കടലില്‍ താഴുന്നു. കപ്പലിനെ നിവര്‍ത്താനുള്ള ശ്രമങ്ങള്‍ ഫലം കാണുന്നില്ലെന്നാണ് നാവിക സേനയില്‍ നിന്ന് ലഭിക്കുന്ന വിവരം. 26 ഡിഗ്രി ചെരിഞ്ഞ കപ്പലിന്റെ മുകളിലോട്ടുള്ള ഭാഗത്ത് ഭാരം നിറച്ച് കപ്പലിനെ ബാലന്‍സ് ചെയ്യിച്ച് നിര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

കപ്പല്‍ നിവത്തി ചരക്കുകള്‍ നീക്കം ചെയ്യുകയെന്ന വലിയ ദൗത്യമാണ് മുന്നിലുള്ളത്. ഈ ദൗത്യം ഫലം കാണുന്നില്ലെന്നാണ് വിവരം. പ്രതികൂലമായ കാലാവസ്ഥയില്‍ കടല്‍ പ്രക്ഷുബ്ദമായത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുകയാണ്.

സ്ഥിതി വഷളാകുന്നുവെന്ന് മനസിലാക്കിയ ഉടന്‍ നാവിക സേന ഇടപെട്ടു. കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനടക്കം മൂന്ന് ജീവനക്കാരെ ഐഎന്‍എസ് സുജാതയിലേക്ക് മാറ്റിതിരിക്കുകയാണ്.

അതേസമയം കപ്പലില്‍ നിന്ന് കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലിലേക്ക് ഒഴുകാന്‍ തുടങ്ങിയിട്ടുണ്ട്. ഇവ നാവികസേനയുടേതടക്കം മറ്റ് കപ്പലുകളിലേക്ക് മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കപ്പല്‍ കടലില്‍ മുങ്ങിയാല്‍ കപ്പല്‍ നഷ്ടപ്പെടുന്നതു മൂലമുണ്ടാകുന്ന നഷ്ടത്തേക്കാള്‍ ഭീകരമാകും. പരിസ്ഥിതി നാശം അടക്കമുള്ളവയ്ക്കിടയാക്കും. ഇന്ധനം കടലില്‍ കലര്‍ന്ന് എണ്ണപ്പാട വ്യാപിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ആധുനിക ഉപകരണങ്ങളും വിദഗ്ധ സഹായവും തേടുകയാണ്.