ഹോം നഴ്‌സിന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റു; അല്‍ഷിമേഴ്സ് രോഗി മരിച്ചു

ഹോം നഴ്‌സിന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റു; അല്‍ഷിമേഴ്സ് രോഗി മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഹോം നഴ്‌സിന്റെ മര്‍ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അല്‍ഷിമേഴ്സ് രോഗി മരിച്ചു. തട്ട സ്വദേശി ശശിധരന്‍ പിള്ള (59)യാണ് മരിച്ചത്. കഴിഞ്ഞ കുറെ ദിവസങ്ങളായി പരുമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഒരു മാസം മുമ്പാണ് ശശിധരന്‍ പിള്ള ഹോം നഴ്‌സിന്റെ മര്‍ദനത്തിന് ഇരയായത്. സംഭവത്തില്‍ കൊല്ലം കുന്നിക്കോട് സ്വദേശി വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. നിലവില്‍ ഇയാള്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

സിസിടിവി പരിശോധിച്ചപ്പോഴാണ് ശശിധരനെ വിഷ്ണു മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. ശശിധരനെ തറയിലൂടെ വലിച്ചിഴക്കുന്നതിന്റെയും അടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ മാസമാണ് ശശിധരന്റെ ആരോഗ്യനില കൂടുതല്‍ വഷളായത്. ആന്തരിക രക്തസ്രാവം അടക്കമുള്ള ഗുരുതരമായ പരിക്കുകള്‍ ഉണ്ടെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്.

ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളിക്ക് ദാരുണാന്ത്യം

ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: തലശേരി – കണ്ണൂര്‍ ദേശീയപാതയിലെ ചാലക്കുന്നില്‍ മണ്ണിടിച്ചിനെത്തുടര്‍ന്ന് കോണ്‍ക്രീറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഝാര്‍ഖണ്ഡ് സ്വദേശി ബിയാസ് ഒര്‍വന്‍ (28) ആണ് മരിച്ചത്. ചാലക്കുന്നില്‍ പണി നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയില്‍ ശനിയാഴ്ച്ച വൈകീട്ട് 5.30 ഓടെയാണ് അപകടം ഉണ്ടായത്.

പാതയുടെ വശങ്ങളിലെ കോണ്‍ക്രീറ്റ് മതിലിന്റെ നിര്‍മാണ പ്രവൃത്തികളാണ് നടന്നുകൊണ്ടിരുന്നത്. കോണ്‍ക്രീറ്റ് പണിയുടെ ആവശ്യങ്ങള്‍ക്കായി കൊണ്ടുവെച്ചിരുന്ന ഇരുമ്പുപാളികള്‍ വയ്ക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. മണ്ണിടിഞ്ഞ് ബിയാസ് താഴെ കോണ്‍ക്രീറ്റ് പാളികളിലേക്ക് വീഴുകയായിരുന്നു.

കോണ്‍ക്രീറ്റ് പാളികളില്‍നിന്ന് പുറത്തേക്ക് ഉന്തിനിന്ന കമ്പികള്‍ക്ക് മുകളിലേക്കാണ് ബിയാസ് വീണത്. തലയിലൂടെ ഇരുമ്പുകമ്പികള്‍ തുളച്ചുകയറിയാണ് മരണം സംഭവിച്ചത്. ബിയാസ് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. കനത്ത മഴയെത്തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

എംഎസ്‌സി എല്‍സ 3 മുങ്ങുന്നു; കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലില്‍ വീണു, ക്യാപ്റ്റന്‍ അടക്കമുള്ളവരെ രക്ഷപ്പെടുത്തി

എംഎസ്‌സി എല്‍സ 3 മുങ്ങുന്നു; കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലില്‍ വീണു, ക്യാപ്റ്റന്‍ അടക്കമുള്ളവരെ രക്ഷപ്പെടുത്തി

കൊച്ചി: അറബിക്കടലില്‍ അപകടത്തില്‍പെട്ട എംഎസ്‌സി എല്‍സ 3 കപ്പല്‍ കടലില്‍ താഴുന്നു. കപ്പലിനെ നിവര്‍ത്താനുള്ള ശ്രമങ്ങള്‍ ഫലം കാണുന്നില്ലെന്നാണ് നാവിക സേനയില്‍ നിന്ന് ലഭിക്കുന്ന വിവരം. 26 ഡിഗ്രി ചെരിഞ്ഞ കപ്പലിന്റെ മുകളിലോട്ടുള്ള ഭാഗത്ത് ഭാരം നിറച്ച് കപ്പലിനെ ബാലന്‍സ് ചെയ്യിച്ച് നിര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

കപ്പല്‍ നിവത്തി ചരക്കുകള്‍ നീക്കം ചെയ്യുകയെന്ന വലിയ ദൗത്യമാണ് മുന്നിലുള്ളത്. ഈ ദൗത്യം ഫലം കാണുന്നില്ലെന്നാണ് വിവരം. പ്രതികൂലമായ കാലാവസ്ഥയില്‍ കടല്‍ പ്രക്ഷുബ്ദമായത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുകയാണ്.

സ്ഥിതി വഷളാകുന്നുവെന്ന് മനസിലാക്കിയ ഉടന്‍ നാവിക സേന ഇടപെട്ടു. കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനടക്കം മൂന്ന് ജീവനക്കാരെ ഐഎന്‍എസ് സുജാതയിലേക്ക് മാറ്റിതിരിക്കുകയാണ്.

അതേസമയം കപ്പലില്‍ നിന്ന് കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലിലേക്ക് ഒഴുകാന്‍ തുടങ്ങിയിട്ടുണ്ട്. ഇവ നാവികസേനയുടേതടക്കം മറ്റ് കപ്പലുകളിലേക്ക് മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കപ്പല്‍ കടലില്‍ മുങ്ങിയാല്‍ കപ്പല്‍ നഷ്ടപ്പെടുന്നതു മൂലമുണ്ടാകുന്ന നഷ്ടത്തേക്കാള്‍ ഭീകരമാകും. പരിസ്ഥിതി നാശം അടക്കമുള്ളവയ്ക്കിടയാക്കും. ഇന്ധനം കടലില്‍ കലര്‍ന്ന് എണ്ണപ്പാട വ്യാപിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ആധുനിക ഉപകരണങ്ങളും വിദഗ്ധ സഹായവും തേടുകയാണ്.

മരവും വൈദ്യുതി പോസ്റ്റും റോഡിലേക്ക് വീണു; സിആര്‍ മഹേഷ് എംഎല്‍എ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മരവും വൈദ്യുതി പോസ്റ്റും റോഡിലേക്ക് വീണു; സിആര്‍ മഹേഷ് എംഎല്‍എ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊല്ലം: കടപുഴകി വീണ കൂറ്റന്‍ ആഞ്ഞിലിമരത്തിനും പൊട്ടിവീണ വൈദ്യുതി പോസ്റ്റിനും ഇടയില്‍ കുടുങ്ങിയ കാറില്‍ നിന്ന് സിആര്‍ മഹേഷ് എംഎല്‍എ അദ്ഭുതകരമായി രക്ഷപ്പെട്ടു. മരവും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീണുള്ള അപകടത്തില്‍ നിന്ന് എംഎല്‍എയുടെ വാഹനം തലനാരിഴയ്ക്ക് രക്ഷപ്പെട്ടതാണ്.

ഇന്നലെ വൈകിട്ട് 6.30 ഓടെ തഴവ മണപ്പള്ളി തെക്ക് തണ്ണക്കര മുക്കിനു കിഴക്ക് തുരുത്തിക്കാട്ട് മുക്കിനു സമീപമായിരുന്നു സംഭവം. മണപ്പള്ളിയില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബ സംഗമത്തില്‍ പങ്കെടുത്ത് കാറില്‍ തൊടിയൂരില്‍ കാറ്റില്‍ മേല്‍ക്കൂര പറന്നു പോയ വീട് കാണാന്‍ മടങ്ങുകയായിരുന്നു സിആര്‍ മഹേഷ് എംഎല്‍എ.

ആഞ്ഞിലി മരം റോഡിനു വശത്തെ ഇലക്ട്രിക് ലൈനിലേക്കും വീണതോടെ ലൈന്‍ വലിഞ്ഞ് കാറിനു മുന്നിലേക്ക് ഇലക്ട്രിക് പോസ്റ്റും വീണു. എംഎല്‍എയുടെ കാറിനു തൊട്ടു പിന്നില്‍ ആഞ്ഞിലി മരവും, മുന്നില്‍ ഇലക്ട്രിക് പോസ്റ്റും വീണു കിടന്നു. കാറും കാറിലുണ്ടായിരുന്ന സിആര്‍ മഹേഷ് എംഎല്‍എയും ഡ്രൈവറും സൈക്കിളില്‍ വന്ന 3 കുട്ടികളും ഈ അപകടക്കെണിക്കു നടുവിലായി. ആറു പോസ്റ്റുകളാണ് മരം വീണതിനെത്തുടര്‍ന്ന് നിലം പൊത്തിയത്. വൈദ്യുതി ഉടന്‍ വിഛേദിക്കപ്പെട്ടതിനാല്‍ വലിയ അപകടം ഒഴിവായി.

പൊൻമുടി ഇക്കോ ടൂറിസം അറിയിപ്പ്

പൊൻമുടി ഇക്കോ ടൂറിസം അറിയിപ്പ്

പ്രതികൂല കാലാവസ്ഥ കാരണം 25. 05. 2025-ാം തിയതി മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോടൂറിസ്സത്തിലേക്കുള്ള സന്ദർശനം നിരോധിച്ചിരിക്കുന്നു.