by Midhun HP News | May 24, 2025 | Latest News, കേരളം
ഡേറ്റിംഗ് ആപ്പ് ആയ ‘അരികെ’ യിലൂടെ നിരവധി സ്ത്രീകളെ സൗഹൃദം നടിച്ചു ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. ചാവക്കാട് സ്വദേശിയായ ഹനീഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഡേറ്റിംഗ് ആപ്പിലൂടെ യുവതികളെ പരിചയപ്പെട്ട് അവരുടെ വിശ്വാസം നേടിയെടുത്തതിന് ശേഷം ഇയാള്‍ സാമ്പത്തികമായും അവരെ ചൂഷണം ചെയ്തെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പാലക്കാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ അറസ്റ്റിലായ വിവരം അറിഞ്ഞതോടെ സാമ്പത്തിക തട്ടിപ്പിന് ഇരയായ നിരവധി പേരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
by Midhun HP News | May 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ വകുപ്പ്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം നാളെയോടെ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ നാളെ അതിതീവ്ര മഴയ്ക്ക് സാധ്യയുണ്ടെന്നാണ് മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്,മലപ്പുറം ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടും. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുമാണ്. എന്നാല്‍ ചൊവ്വാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നും കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ വടക്കന്‍ കേരളത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിന് നിരോധനം ഏര്‍പ്പെടുത്തി. കാസര്‍കോട്, കണ്ണൂര്‍ ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണമുണ്ട്. കാസര്‍കോട് ബീച്ചിലും റാണിപുരം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് നിയന്ത്രണം. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ട്രക്കിങിന് നിരോധനം ഏര്‍പ്പെടുത്തി. ഇടുക്കിയില്‍ കയാക്കിങ്, റാഫ്റ്റിങ്, കുട്ടവഞ്ചി സവാരി ട്രക്കിങ് എന്നിവ നിരോധിച്ചു. വയനാട്ടില്‍ പുഴകളിലും വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും അത്യാവശ്യത്തിനല്ലാതെയുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
നിലവിലെ മഴ മുന്നറിയിപ്പ് പ്രകാരം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലവിലുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂര്‍,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്.
അതിനിടെ, തിരുവനന്തപുരത്ത് ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയിലും കാറ്റിലും വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറി. മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും നാശ നഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
by Midhun HP News | May 24, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: രോഹിത് ശര്‍മയ്ക്ക് പകരം ആര് ഇന്ത്യന്‍ ടീമിന്റെ നായകമാകുമെന്ന കാര്യത്തില്‍ ഇന്ന് പ്രഖ്യാപനമുണ്ടായേക്കും. ശുഭ്മന്‍ ഗില്‍, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ടീമില്‍ വൈസ് ക്യാപ്റ്റന്‍ ബുംറയ്ക്ക് ഫിറ്റ്നസ് പ്രശ്നങ്ങളുള്ളതിനാല്‍ സാധ്യത കുറവാണ്.
ഐപിഎല്‍ പ്രകടനത്തില്‍ നിറം മങ്ങിയെങ്കിലും ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ അവിഭാജ്യഘടകമായ ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനാക്കാനാണു സാധ്യത. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെയും അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന് കമ്മിറ്റി ഇന്ന് പ്രഖ്യാപിക്കും. ഒരു ദശാബ്ദത്തിലധികമായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടുന്തൂണുകളായ വിരാട് കോഹ് ലിയും രോഹിത് ശര്‍മയും അടുത്തിടെ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ പുതിയ ടീം സെലക്ഷനെ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.
രോഹിതിന്റെ ഒഴിവില്‍ പരിചയസമ്പന്നനായ കെഎല്‍രാഹുലും യശസ്വി ജയ്സ്വാളും ചേര്‍ന്നാകും ബാറ്റിങ് ഓപ്പണ്‍ ചെയ്യുക. ഐപിഎലില്‍ തിളങ്ങിയ യുവതാരം സായ് സുദര്‍ശനെ റിസര്‍വ് ഓപ്പണറായി ടീമിലെടുക്കാനും സാധ്യതയുണ്ട്. സ്പെഷലിസ്റ്റ് ബാറ്ററായി ശ്രേയസ് അയ്യര്‍, കരുണ്‍ നായര്‍, സര്‍ഫറാസ് ഖാന് എന്നിവരിലൊരാളും ടീമിലുണ്ടാകും. ആര്.അശ്വിനും വിരമിച്ചതിനാല്‍ രവീന്ദ്ര ജഡേജയാകും ടീമിലെ ലീഡ് സ്പിന്നര്‍.
by Midhun HP News | May 24, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 400 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 71,920 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8990 രൂപയാണ്.
വീണ്ടും 72,000 കടന്ന് കുതിക്കുമെന്ന് കരുതിയ സ്വര്‍ണവില ഇന്നലെ കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് വിലയില്‍ വീണ്ടും കുതിച്ചതോടെ വില പുതിയ ഉയരങ്ങളിലെത്തുമെന്ന സൂചനയാണ് നല്‍കുന്നത്. ഈ മാസം 15ന് 68,880 ലേക്ക് കൂപ്പ് കുത്തിയ സ്വര്‍ണവില പിന്നീട് കരകയറുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയത്.
ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.
by Midhun HP News | May 24, 2025 | Latest News, കേരളം
തിരുവനന്തപുരം: പി പത്മരാജന് ട്രസ്റ്റിന്റെ 2024ലെ മികച്ച നോവല്‍, കഥ, തിരക്കഥ, ചലച്ചിത്ര സംവിധാനം, പുതുമുഖ നോവലിസ്റ്റ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ ഫാസില്‍ മുഹമ്മദിനാണ് മികച്ച ചലച്ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്കാരം. 40000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
എസ് ഹരീഷിന്റെ പട്ടുനൂല്‍പ്പുഴുവാണ് മികച്ച നോവല്‍. 20000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പി എസ് റഫീക്കിനാണ്(ഇടമലയിലെ യാക്കൂബ്) ചെറുക്കഥ പുരസ്കാരം.15000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
പുതുമുഖ രചയിതാവിനുള്ള ആദ്യരചനയ്ക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ടെയ്ല്‍സ് ഓഫ് ഇന്ത്യ പുരസ്കാരത്തിന് ഐശ്വര്യ കമല(നോവല്‍ വൈറസ്) അര്‍ഹയായി. ബോയിങ് വിമാനത്തിന്റെ വാലറ്റത്തിന്റെ മാതൃകയില്‍ പളുങ്കില്‍ തീര്‍ത്ത അവാര്‍ഡ് ശില്‍പ്പവും എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തുന്ന സ്ഥലങ്ങളില്‍നിന്നും പുരസ്കാരജേതാവ് തെരഞ്ഞെടുക്കുന്ന ഏത് സ്ഥലത്തേക്കും തിരിച്ചുമുള്ള സൗജന്യ വിമാന ടിക്കറ്റുമാണ് അവാര്‍ഡ്.
ഉണ്ണി ആര് അധ്യക്ഷനും ജി ആര് ഇന്ദുഗോപന്, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായുള്ള സമിതി സാഹിത്യപുരസ്കാരങ്ങളും ടി കെ രാജീവ്കുമാര്‍ അധ്യക്ഷനും വിജയകൃഷ്ണന്, എസ് കുമാര്‍ എന്നിവര്‍ അടങ്ങുന്ന സമിതി ചലച്ചിത്ര പുരസ്കാരങ്ങളും നിര്‍ണയിച്ചത്.
ഈ മാസം 30 ന് വൈകിട്ട് 5.30 ന് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മോഹന്‍ലാല്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. തുടര്‍ന്ന് ഫെമിനിച്ചി ഫാത്തിമ പ്രദര്‍ശിപ്പിക്കും. പ്രവേശനം പാസ് മുഖേന. വാര്‍ത്താസമ്മേളനത്തില്‍ പത്മരാജന് ട്രസ്റ്റ് ചെയര്മാന് വിജയകൃഷ്ണന്, ജനറല്‍ സെക്രട്ടറി പ്രദീപ് പനങ്ങാട്,പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി, എയര്‍ഇന്ത്യ എക്സ്പ്രസ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ ഹെഡ് പി ജി പ്രഗീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Recent Comments