അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

ആലംകോട്: വഞ്ചിയൂർ-കട്ടപ്പറമ്പ് ഗവ. എൽ.പി.എസ് -ൽ ദിവസവേതന അധ്യാപകരുടെ ഒഴിവുണ്ട്.
അഭിമുഖം – 29/05/2025 വ്യാഴാഴ്ച രാവിലെ 11 മണിയ്ക്ക്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ( ഫോട്ടോ കോപ്പി ഉൾപ്പെടെ) വിദ്യാലയത്തിൽ ഹാജരാകേണ്ടതാണ്.

തൃശൂരില്‍ വന്‍ ലഹരിവേട്ട; 120 കിലോ കഞ്ചാവ് പിടികൂടി; നാലുപേര്‍ അറസ്റ്റില്‍

തൃശൂരില്‍ വന്‍ ലഹരിവേട്ട; 120 കിലോ കഞ്ചാവ് പിടികൂടി; നാലുപേര്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂര്‍ പാലിയേക്കരയില്‍ ലോറിയില്‍ കേരളത്തിലേക്ക് കടത്തിയ കഞ്ചാവ് പിടികൂടി. 120 കിലോ കഞ്ചാവാണ് പിടികൂടിയത്. നാലുപേരെ അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശി സിജോ,ആലുവ സ്വദേശികളായ ആഷ്‌വിന്‍, ഹാരിസ്, പാലക്കാട് സ്വദേശി ജാബിര്‍ എന്നിവരാണ് പിടിയിലായത്.

ഒഡീഷയില്‍ നിന്നും ലോറിയില്‍ കഞ്ചാവുമായി വരുമ്പോഴാണ് സംഘം പിടിയിലാകുന്നത്. ചാലക്കുടി ഡിവൈഎസ്പിയുടെ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. പാലിയേക്കര ടോല്‍ ബൂത്തിന് സമീപത്തുവെച്ചാണ് സംഘം പിടിയിലാകുന്നത്.

കഞ്ചാവ് എവിടേയ്ക്കാണ് കൊണ്ടുപോയതെന്ന് അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. തൃശൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളും കൊച്ചിയും കേന്ദ്രീകരിച്ച് വില്‍പ്പനയ്ക്കാണ് വലിയ അളവില്‍ കഞ്ചാവ് എത്തിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

‘നീ ഒഴിഞ്ഞാലേ അവളെ കല്യാണം കഴിക്കാന്‍ പറ്റൂ, എന്നു ചാവും?’; ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുകാന്തിന്റെ ചാറ്റുകള്‍ പൊലീസിന്

‘നീ ഒഴിഞ്ഞാലേ അവളെ കല്യാണം കഴിക്കാന്‍ പറ്റൂ, എന്നു ചാവും?’; ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുകാന്തിന്റെ ചാറ്റുകള്‍ പൊലീസിന്

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയായ യുവതി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ സഹപ്രവർത്തകനും സുഹൃത്തുമായ സുകാന്തിന്റെ ചാറ്റുകള്‍ പൊലീസിന് ലഭിച്ചു. നീ എപ്പോള്‍ മരിക്കുമെന്ന് സുകാന്ത് യുവതിയോട് ചോദിക്കുന്നതും ചാറ്റിലുണ്ട്. അതിന് ഓഗസ്റ്റ് 9 ന് മരിക്കുമെന്ന് യുവതി സുകാന്തിന് മറുപടി സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

സുകാന്തിന്റെ ഐ ഫോണില്‍ ടെലഗ്രാം വഴി നടത്തിയ ചാറ്റുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. സുകാന്തിനെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഇതിന് ശക്തി പകരുന്ന ചാറ്റുകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. എനിക്ക് നിന്നെ വേണ്ടെന്ന് സുകാന്ത് യുവതിയോട് ചാറ്റില്‍ പറയുന്നു. എനിക്ക് ഭൂമിയില്‍ ജീവിക്കാന്‍ താത്പര്യമില്ലെന്ന് യുവതി മറുപടി നല്‍കുന്നു.

നീ ഒഴിഞ്ഞാലേ എനിക്ക് അവളെ കല്യാണം കഴിക്കാന്‍ പറ്റൂവെന്ന് സുകാന്ത് പറയുന്നു. അതിന് ഞാനെന്ത് ചെയ്യണമെന്ന യുവതിയുടെ ചോദ്യത്തിന് നീ പോയി ചാകണം എന്നായിരുന്നു സുകാന്തിന്റെ മറുപടി. നീ എന്ന് ചാകുമെന്നും ഇയാള്‍ ചോദിക്കുന്നു. അതിന് തുടക്കത്തില്‍ മറുപടി പറയാതിരുന്നതിനെത്തുടര്‍ന്ന് സുകാന്ത് ആവര്‍ത്തിച്ച് ഇക്കാര്യം ചോദിക്കുന്നു. ഇതേത്തുടര്‍ന്ന് ഒാഗസ്റ്റ് 9 ന് മരിക്കുമെന്ന് യുവതി മറുപടി പറയുന്നുമുണ്ട്.

സുകാന്തിന്റെ ബന്ധുവിന്റെ മുറിയില്‍ നിന്നാണ് പൊലീസിന് ഇയാള്‍ ഉപയോഗിച്ചിരുന്ന ഐ ഫോണ്‍ ലഭിച്ചത്. ഒളിവില്‍ പോകുന്നതിന് തലേന്ന് ഈ മുറിയില്‍ സുകാന്ത് എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ഫോണ്‍ കസ്റ്റഡിയിലെടുക്കുമ്പോള്‍ അതിലെ വാട്‌സ് ആപ്പ്, ടെലഗ്രാം ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് ഫോണ്‍ പൊലീസ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

പിന്നീട് വിശദമായ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഫോണ്‍ തിരികെ വാങ്ങി വിദഗ്ധ പരിശോധന നടത്തിയത്. ഫെബ്രുവരി ഒമ്പതിന് നടത്തിയ ചാറ്റിന്റെ വിശദാംശങ്ങളാണ് പൊലീസിന് ലഭിച്ചത്. ഈ വിവരങ്ങള്‍ തെളിവുകള്‍ സഹിതം അന്വേഷണ സംഘം മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്. ചാറ്റ് നടത്തിയതിന് ഒരു മാസത്തിന് ശേഷമാണ് യുവതി ജീവനൊടുക്കുന്നത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുകാന്തിനെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. സുകാന്തിനെ ഇതുവരെ പിടികൂടാന്‍ കഴിയാത്തതില്‍ പൊലീസിനെ ഹൈക്കോടതി കഴിഞ്ഞദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

കൊല്ലത്ത് പാകിസ്ഥാന്‍ മുക്ക് വേണ്ട, പേരു മാറ്റാന്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്ത്

കൊല്ലത്ത് പാകിസ്ഥാന്‍ മുക്ക് വേണ്ട, പേരു മാറ്റാന്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്ത്

കൊല്ലം: കൊല്ലം കുന്നത്തൂര്‍ പഞ്ചായത്തിലെ പാകിസ്ഥാന്‍മുക്ക് എന്ന സ്ഥലപ്പേര് മാറ്റുന്നു. പ്രദേശത്തിന് ഐവര്‍കാല എന്ന പേര് നല്‍കാനാണ് ധാരണ. ചരിത്രപരമായി ഈ പ്രദേശം അറിയപ്പെട്ടിരുന്ന പേരാണ് ഐവര്‍കാല. സിപിഎം ഭരിക്കുന്ന പഞ്ചായത്താണ് കുന്നത്തൂര്‍. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തുണ്ടായ വികാരം ഉള്‍പ്പെടെ കണക്കിലെടുത്താണ് പേരുമാറ്റം എന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.

‘പാകിസ്ഥാന്‍ മുക്ക് എന്ന പേര് മാറ്റണം എന്നാവശ്യപ്പെട്ട് ബിജെപി നേതാവും ഗ്രാമപഞ്ചായത്ത് അംഗവുമായ കെ ജി അനീഷ്യ കുന്നത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഭരണസമിതി ചേര്‍ന്ന് നിവേദനം ചര്‍ച്ചചെയ്തു. ഇതിന് പിന്നാലെ ഭരണസമിതിയിലെ 17 അംഗങ്ങളും ഏകകണ്ഠമായി പേര് മാറ്റണമെന്ന ആവശ്യം അംഗീകരിക്കുകയായിരുന്നു’- ബിനേഷ് കടമ്പനാട് പ്രതികരിച്ചു.

ഭരണസമിതി തീരുമാനം ബന്ധപ്പെട്ട വകുപ്പു മേലധികാരികള്‍ക്കും സര്‍ക്കാരിനും സമര്‍പ്പിക്കുമെന്നും തുടര്‍ നടപടികള്‍ വേഗത്തിലാക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പാകിസ്ഥാന്‍ മുക്ക് എന്ന പേര് മാറ്റാന്‍ നേരത്തെ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ ശ്രമം നടത്തിയിരുന്നു. അന്ന് പ്രിയദര്‍ശിനി ജംഗ്ഷന്‍ എന്ന് പേരുമാറ്റാനായിരുന്നു ശ്രമം. എന്നാല്‍ ആ നീക്കം പരാജയപ്പെട്ടിരുന്നു എന്ന് പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രതിനിധി രാജന്‍ നെട്ടിശ്ശേരി ചൂണ്ടിക്കാട്ടി.

കൂരിയാട് ആവശ്യമെങ്കില്‍ പാലം നിര്‍മ്മിക്കാനും തയ്യാര്‍, പ്രശ്നമായത് മണ്ണിന്‍റെ ഘടന: കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്

കൂരിയാട് ആവശ്യമെങ്കില്‍ പാലം നിര്‍മ്മിക്കാനും തയ്യാര്‍, പ്രശ്നമായത് മണ്ണിന്‍റെ ഘടന: കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്

ഹൈദരാബാദ്: മലപ്പുറം കൂരിയാട് എലിവേറ്റഡ് പാത തകരാന്‍ ഇടയായത് മണ്ണിന്റെ കുഴപ്പം മൂലമെന്ന് കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്. റോഡ് തകര്‍ന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജലന്ധര്‍ റെഡ്ഡി, ആവശ്യമെങ്കില്‍ അവിടെ പാലം നിര്‍മ്മിക്കാന്‍ പോലും കമ്പനി തയ്യാറാണെന്ന് വ്യക്തമാക്കി. അധികൃതരുടെ നിര്‍ദേശങ്ങള്‍ കമ്പനി കര്‍ശനമായി പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശത്തെ ഭൂഗര്‍ഭ സാഹചര്യങ്ങളും ഉയര്‍ന്ന ജലവിതാനവും തകര്‍ച്ചയ്ക്ക് ഘടകമായിട്ടുണ്ട്. വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള അണ്ടര്‍പാസ് അപ്രോച്ച് റാമ്പുകളിലൊന്ന് ഇടിഞ്ഞുവീണു. ഇതോടെ സര്‍വീസ് റോഡും താറുമാറായി. പ്രധാനപാതയുടെ ഇരുവശത്തുമുള്ള സര്‍വീസ് റോഡ് എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. ജലന്ധര്‍ റെഡ്ഡി പറഞ്ഞു.

റോഡ് നിര്‍മ്മിച്ച നെല്‍വയല്‍ വികസിച്ചതും, ദേശീയപാതയ്ക്ക് വിള്ളല്‍ വീഴാനും, ഇടിഞ്ഞ് വീഴാനും കാരണമായിയെന്ന് ദേശീയപാജ പ്രോജക്ട് ഡയറക്ടര്‍ അന്‍ഷുല്‍ ശര്‍മ്മ പറഞ്ഞു. അശാസ്ത്രീയമായ റോഡ് നിര്‍മ്മാണമാണ് ദേശീയപാതയുടെ തകര്‍ച്ചയ്ക്ക് കാരണമെന്ന ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. കൂരിയാട് ദേശീയപാത തകര്‍ന്നതിന് പിന്നാലെ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയെ കേന്ദ്രസര്‍ക്കാര്‍ ഡീബാര്‍ ചെയ്തിരിക്കുകയാണ്.

കണ്‍സള്‍ട്ടന്റായ ഹൈവേ എഞ്ചിനീയറിങ് കമ്പനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ഇത് രണ്ടാം തവണയാണ് കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കരിമ്പട്ടികയില്‍പ്പെടുത്തുന്നത്. ഡീ ബാര്‍ ചെയ്തതിനെ തുടര്‍ന്ന് തുടര്‍ കരാറുകളില്‍ ഇനി കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിക്ക് പങ്കെടുക്കാന്‍ ആകില്ല. ദേശീയപാതയിലെ അപാകതകളെ കുറിച്ച് പരിശോധിക്കാന്‍ ഐഐടി വിദഗ്ധര്‍ അടങ്ങുന്ന സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.