ലോണ്‍ അടച്ചുതീര്‍ത്താലും കാര്‍ ‘സ്വന്തമാവണമെന്നില്ല’; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക!

ലോണ്‍ അടച്ചുതീര്‍ത്താലും കാര്‍ ‘സ്വന്തമാവണമെന്നില്ല’; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക!

സ്വന്തമായി വീട് എന്നത് പോലെ ഇന്ന് സ്വന്തമായി കാര്‍ എന്നതും എല്ലാവരുടെയും സ്വപ്‌നമാണ്. ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ വായ്പ എടുക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ചില കാര്യങ്ങള്‍ മറക്കാതെ നിര്‍ബന്ധമായി ചെയ്തില്ലെങ്കില്‍ കാറിന്റെ ലോണ്‍ അടച്ചുതീര്‍ത്താലും വാഹനം സ്വന്തമാവില്ല. അവ ചുവടെ:

ലോണ്‍ എടുത്ത് കാര്‍ വാങ്ങുമ്പോള്‍ ആര്‍സിയില്‍ നമ്മുടെ പേര് മാത്രമല്ല ഉണ്ടാവുക. ബാങ്കിന്റെ പേരും ഉണ്ടാവും. അതായത് ലോണ്‍ അടച്ചുതീര്‍ക്കുന്നത് വരെ വാഹനത്തില്‍ ബാങ്കിനും ‘ഉടമസ്ഥാവകാശം’ ഉണ്ട് എന്ന് സാരം. ഈ ലോണ്‍ അടച്ചുതീര്‍ത്താലും ബാങ്കിന്റെ ഉടമസ്ഥാവകാശം താനേ മാറില്ല. അതിനായി ചില രേഖകള്‍ ആര്‍ടിഒ ഓഫീസില്‍ സമര്‍പ്പിക്കണം.

ആദ്യമായി ബാങ്കിന്റെ എന്‍ഒസി സമര്‍പ്പിക്കണം. ലോണ്‍ അടച്ചുതീര്‍ത്തു എന്നുള്ളതിന്റെ ഔദ്യോഗിക തെളിവാണിത്. അടുത്തതായി ഫോം 35. ആര്‍സിയില്‍ നിന്ന് ബാങ്കിന്റെ പേര് നീക്കം ചെയ്യാനാണ് ഫോം 35 ഉപയോഗിക്കുന്നത്. ഇത് രണ്ടും ആര്‍ടിഒ ഓഫീസില്‍ സമര്‍പ്പിച്ചാല്‍ മാത്രമേ വാഹനം പൂര്‍ണമായി സ്വന്തം പേരിലേക്ക് മാറുകയുളളൂ. രേഖയുടെ ഒരു കോപ്പി ഇന്‍ഷുറന്‍സ് കമ്പനിക്ക് കൊടുക്കുന്നതിലൂടെ ഭാവിയില്‍ വരാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും സാധിക്കും.

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’; തച്ചങ്കരിയെ പരിഹസിച്ച് ആര്‍ ശ്രീലേഖ

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’; തച്ചങ്കരിയെ പരിഹസിച്ച് ആര്‍ ശ്രീലേഖ

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിയെ പരിഹസിച്ച് മുന്‍ ഡിജിപിയും ബിജെപി കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ രംഗത്ത്. സെന്‍ട്രല്‍ ജയിലിലെ ആശുപത്രി ബ്ലോക്ക് താന്‍ ഡിജിപി ആയപ്പോള്‍ മെച്ചപ്പെടുത്തിയതാണെന്നും ഇപ്പോള്‍ അത് ആര്‍ക്കെങ്കിലും പ്രയോജനപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നുമാണ് തച്ചങ്കരിയുടെ പേര് പരാമര്‍ശിക്കാതെ ശ്രീലേഖ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഹോസ്പിറ്റല്‍ ബ്ലോക്കിലാണ് ടോമിന്‍ തച്ചങ്കരി കഴിയുന്നത്.

‘തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ ‘ആശുപത്രി ബ്ലോക്ക്’ സെല്ലുകളെ അപേക്ഷിച്ച് വളരെ വൃത്തിയുള്ളതാണ്. നല്ല കിടക്ക, മെത്ത, തലയിണ, ഫാന്‍, വൃത്തിയുള്ള ശൗചാലയം, പിന്നെ പ്രത്യേകം ഒറ്റയ്ക്ക് കഴിയാനുള്ള സൗകര്യങ്ങള്‍, ചുറ്റും മനോഹരമായ പൂന്തോട്ടം, പ്രത്യേക ഭക്ഷണം… ഇതൊക്കെ ഞാന്‍ ജയില്‍ വകുപ്പ് ഡിജിപി ആയിരുന്നപ്പോള്‍ മെച്ചപ്പെടുത്തിയെടുത്തതാണ്. ഇപ്പോള്‍ അത് ആര്‍ക്കെങ്കിലും നല്ലതുപോലെ പ്രയോജനപ്പെടുന്നുണ്ടെങ്കില്‍ സന്തോഷം!’ -ശ്രീലേഖ കുറിച്ചു.

ശ്രീലേഖയും തച്ചങ്കരിയും ഒരേസമയത്ത് പൊലീസ് സര്‍വീസില്‍ ഉണ്ടായിരുന്നവരാണ് എന്നത് ശ്രദ്ധേയമാണ്. ഒരേ ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരായിരുന്ന ഇരുവരും തമ്മില്‍ പലപ്പോഴും തര്‍ക്കമുണ്ടായിട്ടുണ്ട്. 2003 ജനുവരി 1 മുതല്‍ 2007 ജൂലൈ 7 വരെയുള്ള കാലയളവില്‍ 64,70,891 രൂപ വിലമതിക്കുന്ന സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്ന കേസിലാണ് ടോമിന്‍ ജെ. തച്ചങ്കരി ശിക്ഷിക്കപ്പെട്ടത്. നാലുവര്‍ഷം കഠിനതടവും 30,84,000 രൂപ പിഴയുമാണ് ശിക്ഷ.

ബധിരയും മൂകയുമായ വൃദ്ധയുടെ വീട്ടില്‍ വൈദ്യുതി എത്തിച്ച് കെഎസ്ഇബി

ബധിരയും മൂകയുമായ വൃദ്ധയുടെ വീട്ടില്‍ വൈദ്യുതി എത്തിച്ച് കെഎസ്ഇബി

കോട്ടയം: ബധിരയും മൂകയുമായ വൃദ്ധയ്ക്ക് വീട് വയറിങ് ചെയ്ത് വൈദ്യുതി കണക്ഷന്‍ നല്‍കി മാതൃകയായി കെഎസ്ഇബി. കോട്ടയം ജില്ലയിലെ മുളക്കുളം പഞ്ചായത്ത് ഒന്‍പതാം വാര്‍ഡിലെ അമ്മിണി ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലാണ് വെളിച്ചം എത്തിയത്. കെഎസ്ഇബി പെരുവ സെക്ഷന്‍ ഓഫീസ് ജീവനക്കാരാണ് കാരുണ്യ ദീപം തെളിയിച്ചത്.

72 കാരിയായ അമ്മിണിയുടെ വീട്ടില്‍ വയറിങ് നടത്തി ലൈറ്റുകളും ഫാനും ഘടിപ്പിച്ച് ഒരു പോസ്റ്റുള്‍പ്പെടെ സ്ഥാപിച്ചാണ് കണക്ഷന്‍ നല്‍കിയത്. വയറിങ്ങിന്റെ ചെലവ് ജീവനക്കാര്‍ തന്നെയാണ് വഹിച്ചത്. സ്വിച്ച് ഓണ്‍ കര്‍മ്മം സെക്ഷന്‍ ഓഫീസ് അസിസ്റ്റന്റ് എന്‍ജിനീയര്‍ സ്മിത കെ വി നിര്‍വ്വഹിച്ചു.

കഴിഞ്ഞ വര്‍ഷവും നിര്‍ദ്ധനയായ മറ്റൊരു വനിത താമസിക്കുന്ന ഒറ്റമുറി വീട് വയറിങ് നടത്തി കണക്ഷന്‍ നല്‍കി പെരുവ സെക്ഷന്‍ ഓഫീസ് ജീവനക്കാര്‍ മാതൃക കാട്ടിയിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ വെളിച്ചം എത്തിച്ച കെഎസ്ഇബി പെരുവ സെക്ഷന്‍ ജീവനക്കാര്‍ക്ക് സോഷ്യല്‍മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.

വിദേശയാത്രക്കാർ ശ്രദ്ധിക്കുക: ഖത്തർ അടക്കമുള്ള 9 രാജ്യങ്ങൾ ഇന്ത്യക്കാർക്കുള്ള വിസ നിയമങ്ങൾ

വിദേശയാത്രക്കാർ ശ്രദ്ധിക്കുക: ഖത്തർ അടക്കമുള്ള 9 രാജ്യങ്ങൾ ഇന്ത്യക്കാർക്കുള്ള വിസ നിയമങ്ങൾ

വിദേശയാത്രകൾ ആസൂത്രണം ചെയ്യുന്ന ഇന്ത്യൻ സഞ്ചാരികൾക്കായി പ്രധാനപ്പെട്ട വിസ വിവരങ്ങൾ. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പല രാജ്യങ്ങളും വിസ നിബന്ധനകളിൽ ഇളവുകൾ നൽകാറുണ്ടെങ്കിലും, സുരക്ഷാ കാരണങ്ങളടക്കമുള്ള വിവിധ ഘടകങ്ങൾ മുൻനിർത്തി ചില രാജ്യങ്ങൾ തങ്ങളുടെ വിസ ചട്ടങ്ങൾ കർശനമാക്കിയിട്ടുണ്ട്.

ഇന്ത്യൻ പാസ്‌പോർട്ടിന്റെ ആഗോള റാങ്കിംഗിലും ഇളവുകളിലും സമീപകാലത്തായി മാറ്റങ്ങൾ വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ഇന്ത്യക്കാർക്ക് വിസ നിയമങ്ങളിൽ മാറ്റം വരുത്തിയ പ്രധാനപ്പെട്ട ഒമ്പത് രാജ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ താഴെ പറയുന്നവയാണ്:

പ്രധാന രാജ്യങ്ങളിലെ വിസ നിയമ മാറ്റങ്ങൾ

ലാവോസ് (Laos): മുൻകാലങ്ങളിൽ ഇന്ത്യക്കാർക്ക് ലാവോസിൽ എത്തിയ ശേഷം വിസ ഓൺ അറൈവൽ (Visa on Arrival) സൗകര്യം ലഭ്യമായിരുന്നു. എന്നാൽ നിലവിൽ ഈ സൗകര്യം ഒഴിവാക്കിയിട്ടുണ്ട്. പകരം യാത്രക്കാർ ഓൺലൈൻ വഴി മുൻകൂട്ടി ഇ-വിസ (E-Visa) എടുത്തേ തീരൂ.

ഖത്തർ (Qatar): ഒരുകാലത്ത് വിസ ഇല്ലാതെ തന്നെ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാൻ സാധിച്ചിരുന്നു. എന്നാൽ നിലവിൽ ഖത്തർ സന്ദർശിക്കാൻ ഓൺലൈൻ വഴിയുള്ള ഇ-വിസ മുൻകൂട്ടി നേടേണ്ടതുണ്ട്.

ശ്രീലങ്ക (Sri Lanka): ശ്രീലങ്കയിലേക്ക് പോകുന്ന ഇന്ത്യക്കാർക്കായി നേരത്തെ ഇ-വിസ ഓൺ അറൈവൽ സൗകര്യം ഉണ്ടായിരുന്നെങ്കിലും, ഇപ്പോൾ യാത്ര പുറപ്പെടുന്നതിന് മുൻപ് തന്നെ അനുമതി (ETA) വാങ്ങിയിരിക്കണം.

ഇറാൻ (Iran): സാധാരണ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് അനുവദിച്ചിരുന്ന വിസ രഹിത പ്രവേശനം ഇറാൻ കഴിഞ്ഞ നവംബറിൽ റദ്ദാക്കിയിരുന്നു. നിലവിൽ ഇറാൻ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി ഇ-വിസ സ്വന്തമാക്കേണ്ടതുണ്ട്.

ചിലി, വെനസ്വേല, ഘാന (Chile, Venezuela & Ghana): ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ മുമ്പും മുൻകൂട്ടി വിസ എടുക്കേണ്ടിരുന്നു. എന്നാൽ നിലവിൽ സഞ്ചാരികളുടെ സൗകര്യാർത്ഥം ഈ രാജ്യങ്ങൾ ഓൺലൈൻ വഴി ഇ-വിസ നേടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

കേപ് വെർദെ (Cape Verde): ഫുട്‌ബോൾ ലോകകപ്പിലൂടെ ശ്രദ്ധ നേടിയ ഈ കൊച്ചു ദ്വീപ് രാജ്യം ഇന്ത്യക്കാർക്ക് നൽകിവന്നിരുന്ന വിസ ഓൺ അറൈവൽ സൗകര്യം അവസാനിപ്പിച്ചു.

നിക്കരാഗ്വെ (Nicaragua): നിക്കരാഗ്വെയിലേക്ക് പോകുന്ന ഇന്ത്യക്കാർക്കായിരുന്ന വിസ ഓൺ അറൈവലും സബ്സ്റ്റിറ്റ്യൂട്ട് വിസ പ്രോഗ്രാമുകളും പൂർണ്ണമായി എടുത്തുമാറ്റി. നിലവിൽ ഇലക്ട്രോണിക് വിസയ്ക്കായി ഓൺലൈൻ വഴി അപേക്ഷിക്കുകയോ അല്ലെങ്കിൽ എമിഗ്രേഷൻ അതോറിറ്റിയെ നേരിട്ട് ബന്ധപ്പെടുകയോ വേണം.

വിസ നിയമങ്ങൾ അതത് രാജ്യങ്ങളുടെ നയങ്ങൾക്കും സാഹചര്യങ്ങൾക്കും അനുസൃതമായി മാറിക്കൊണ്ടിരിക്കാം. അതിനാൽ ഏതൊരു രാജ്യത്തേക്കും യാത്ര തിരിക്കുന്നതിന് മുൻപ് ഔദ്യോഗിക എംബസി വെബ്‌സൈറ്റുകളോ വിസ പോർട്ടലുകളോ സന്ദർശിച്ചു പുതിയ വിവരങ്ങൾ ഉറപ്പുവരുത്തുക.

ഡിജിറ്റല്‍ കറന്‍സിയിലൂടെ റേഷന്‍ വിതരണം: കേരളം ഉള്‍പ്പെടെ 7 സംസ്ഥാനങ്ങളില്‍ പദ്ധതി വരുന്നു

ഡിജിറ്റല്‍ കറന്‍സിയിലൂടെ റേഷന്‍ വിതരണം: കേരളം ഉള്‍പ്പെടെ 7 സംസ്ഥാനങ്ങളില്‍ പദ്ധതി വരുന്നു

തിരുവനന്തപുരം: ഡിജിറ്റല്‍ കറന്‍സിയും ഇ-വാലറ്റും ഉപയോഗിച്ച് റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ സഹായിക്കുന്ന പുതിയ പദ്ധതി കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളില്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കേന്ദ്രം സൗജന്യമായി റേഷന്‍ നല്‍കുന്ന മഞ്ഞ (എഎവൈ), പിങ്ക് (പിഎച്ച്എച്ച്) കാര്‍ഡ് ഉടമകള്‍ക്കാണ് ‘സ്മാര്‍ട്ട് പിഡിഎസ്’ പദ്ധതിയുടെ ഭാഗമായി ഈ സൗകര്യം ലഭിക്കുന്നത്. ആദ്യഘട്ടത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത ജില്ലകളില്‍ പൈലറ്റ് പദ്ധതിയായാണ് ഇത് നടപ്പാക്കുക.

ഈ സംവിധാനത്തില്‍ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകളുടെ ഫോണിലെ ഇ-വാലറ്റിലേക്ക് ആ മാസത്തെ റേഷന്‍ വിഹിതത്തിനുള്ള തുക കേന്ദ്ര സര്‍ക്കാര്‍ ഡിജിറ്റല്‍ കറന്‍സിയായി നല്‍കും. റേഷന്‍ വിഹിതം സംബന്ധിച്ച സന്ദേശം ഗുണഭോക്താവിന്റെ മൊബൈലില്‍ മുന്‍കൂട്ടി എത്തും. സാധനങ്ങള്‍ വാങ്ങിയ ശേഷം ഇ-വാലറ്റില്‍ നിന്നും തുക റേഷന്‍ വ്യാപാരിക്ക് ഡിജിറ്റലായി കൈമാറാം. ഇ-വാലറ്റ് തുക റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ എന്നതിനാല്‍ സുതാര്യത ഉറപ്പാക്കാനാകും. അരിയുടെയും ഗോതമ്പിന്റെയും സ്റ്റോക്ക് കേന്ദ്രം നേരിട്ട് നിരീക്ഷിക്കുന്നതിനാല്‍ വ്യാപാരികള്‍ക്ക് അളവില്‍ കൃത്രിമം കാണിക്കാനും കഴിയില്ല.

അതോടൊപ്പം, സ്മാര്‍ട്ട് പിഡിഎസ് പദ്ധതിയുടെ ഭാഗമായി കര്‍ശനമായ ഇ-കെവൈസി വ്യവസ്ഥകളും കൊണ്ടുവരുന്നുണ്ട്. തുടര്‍ച്ചയായി ആറുമാസത്തിലധികം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ മരവിപ്പിക്കും. എങ്കിലും 90 ദിവസത്തേക്ക് കൂടി കാര്‍ഡിന്റെ കാലാവധി ഉണ്ടായിരിക്കും. ഈ 90 ദിവസത്തിനുള്ളില്‍ കാര്‍ഡിലെ ഏതെങ്കിലും ഒരു അംഗം റേഷന്‍ കടയിലെത്തി ഇ-പോസ് യന്ത്രത്തില്‍ വിരലടയാളം പതിപ്പിച്ച് ഇ-കെവൈസി പൂര്‍ത്തിയാക്കിയാല്‍ കാര്‍ഡ് വീണ്ടും സജീവമാകും.

മുഴുവന്‍ അംഗങ്ങളും ഇ-കെവൈസി ചെയ്താല്‍ മാത്രമേ പൂര്‍ണ്ണമായ റേഷന്‍ വിഹിതം ലഭിക്കുകയുള്ളൂ. 90 ദിവസത്തിനകം ഇത് ചെയ്തില്ലെങ്കില്‍ കാര്‍ഡ് പൂര്‍ണമായി റദ്ദാക്കപ്പെടും. പിന്നീട് അപേക്ഷിച്ചാല്‍ മുന്‍ഗണനേതര വിഭാഗത്തിലുള്ള വെള്ള കാര്‍ഡ് മാത്രമാണ് ലഭിക്കുക. സൗജന്യ റേഷന്‍ വാങ്ങാത്ത അര്‍ഹരല്ലാത്തവരെ ഒഴിവാക്കി യഥാര്‍ത്ഥ അര്‍ഹരായവര്‍ക്ക് ആനുകൂല്യം ഉറപ്പാക്കുകയാണ് സ്മാര്‍ട്ട് പിഡിഎസ് പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അടുത്ത മാസം മുതല്‍ ഈ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനാണ് നീക്കം.