by Midhun HP News | May 14, 2026 | Latest News
ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമം. വിഡി സതീശന്‍ കേരള മുഖ്യമന്ത്രിയാകും. എംഎല്‍എമാരുടെ പിന്തുണയ്ക്കപ്പുറം സംസ്ഥാനത്തിന്റെ ജനഹിതം കൂടി കണക്കിലെടുത്താണ് ഹൈക്കമാന്‍ഡ് തീരുമാനം. നേരത്തെ കേരളത്തിലെ മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, വിഡി സതീശന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരുമായി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തിയിരുന്നു.
പറവൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നാണ് വിഡി സതീശന്‍ നിയമസഭയിലെത്തിയത്. പ്രതിപക്ഷനേതാവെന്ന നിലയില്‍ യുഡിഎഫിനെ ഒറ്റക്കെട്ടായി മുന്നില്‍നിന്നു നയിച്ചതാണ് സതീശന് കൈമുതലായത്. നൂറിലധികം സീറ്റിലേക്ക് യുഡിഎഫ് എത്തിയത് അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്ന വിലയിരുത്തലും മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ പിന്തുണയും സതീശന് തുണയായി. എറണാകുളത്തുനിന്നുള്ള അദ്യത്തെ മുഖ്യമന്ത്രിയാകും സതീശന്‍.
കേരളത്തില്‍ നിന്നുളള എംഎല്‍എമാരുടെ പിന്തുണയും ദേശീയ നേതൃത്വത്തിന്റെ താത്പര്യവും കെസി വേണുഗോപാലിന് തുണയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കര്‍ണാടകയിലും തെലങ്കാനയിലും എംഎല്‍എമാരുടെ തലയെണ്ണി മുഖ്യമന്ത്രിയെ തീരുമാനിച്ചത് കെസി പക്ഷം ഓര്‍മിപ്പിച്ചെങ്കിലും അത് ഗുണം കണ്ടില്ല. സീനിയറായ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന് ചെന്നിത്തല അനുകൂലികളും രംഗത്ത് വന്നിരുന്നു.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ ചരിത്രവിജയം നേടിയാണ് ഒരു പതിറ്റാണ്ടിന് ശേഷം യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചത്. കേരളത്തിന്റെ ചരിത്രലാദ്യമായാണ് ഒരു മുന്നണി നൂറിലേറെ സീറ്റ് നേടി അധികാരത്തിലെത്തുന്നത്. 63 സീറ്റ് നേടി കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയായി. മുസ്ലീംലീഗ് 22, കേരള കോണ്‍ഗ്രസ് ജോസഫ് 7, ആര്‍എസ്പി 3, ആര്‍എംപി 1, കേരളാ കോണ്‍ഗ്രസ് ജേക്കബ് 1, സിഎംപി, നാല് സ്വതന്ത്രര്‍ എന്നിവര്‍ ഉള്‍പ്പെടെ യുഡിഎഫിന്റെ അംഗബലം 102 ആണ്.

by Midhun HP News | May 14, 2026 | Latest News, ജില്ലാ വാർത്ത
കടയ്ക്കാവൂർ ഭാഗത്തേക്കും ആറ്റിങ്ങൽ ഭാഗത്തേക്കും പോയ ബൈക്കുകളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. ഇവരെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇടിയുടെ ആഘാതത്തിൽ ബൈക്കുകൾ തകർന്നു. ആരെയും തിരിച്ചറിഞ്ഞിട്ടില്ല.

by Midhun HP News | May 14, 2026 | Latest News, ദേശീയ വാർത്ത
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു.എറണാകുളം പെരുമ്പാവൂര്‍ ചിറക്കര മുറ്റത്ത് ബിജു സി മാണി ലിബി ബിജു ദമ്പതികളുടെ മകള്‍ ഫെബ ബിജു മാണിയെയാണ് (14) മരിച്ചത്. അബ്ബാസിയ ഹൈവേ മാര്‍ക്കറ്റിന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് 3.30ഓടെയാണ് സംഭവം.
അബ്ബാസിയ ഹൈവേ മാര്‍ക്കറ്റിനു സമീപം ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയാണ്. ഫെബ. മൃതശരീരം തുടര്‍ നടപടികള്‍ക്കായി ഫര്‍വാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരി: അന്ന ബിജു. സംസ്‌കാരം പിന്നീട്.

by Midhun HP News | May 14, 2026 | Latest News, ദേശീയ വാർത്ത
ലക്നൗ: ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ ബുധനാഴ്ചയുണ്ടായ അപ്രതീക്ഷിത കൊടുങ്കാറ്റിലും കനത്ത മഴയിലും മിന്നലിലുമായി മരിച്ചവരുടെ എണ്ണം 89 ആയി. ദുരന്തത്തിൽ 53 പേർക്ക് പരിക്കേൽക്കുകയും നൂറിലധികം കന്നുകാലികൾക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. സംസ്ഥാനത്തുടനീളം 87 വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകർന്നു.
ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത്, ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് 24 മണിക്കൂറിനുള്ളിൽ ധനസഹായം എത്തിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ മജിസ്‌ട്രേറ്റുമാർക്കും ഡിവിഷണൽ കമ്മീഷണർമാർക്കും നിർദ്ദേശം നൽകി. ഉദ്യോഗസ്ഥർ നേരിട്ട് പ്രദേശങ്ങൾ സന്ദർശിക്കണമെന്നും ആശ്വാസ പ്രവർത്തനങ്ങളിൽ യാതൊരു വീഴ്ചയും ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് പ്രയാഗ്‌രാജ് ജില്ലയിലാണ്; 17 പേർ ഇവിടെ മരിച്ചു. ഭദോഹിയിൽ 16-ഉം ഫത്തേപ്പൂരിൽ ഒൻപതും പേർക്ക് ജീവൻ നഷ്ടമായി.
പ്രയാഗ്‌രാജ്: ജില്ലയിൽ 17 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഹന്ദിയ, ഫുൽപൂർ, സോറാവോൺ തുടങ്ങിയ ഇടങ്ങളിലാണ് കൂടുതൽ അപകടങ്ങൾ നടന്നത്.
ഭദോഹി: മരങ്ങളും വൈദ്യുത തൂണുകളും കടപുഴകി വീണും വീടുകൾ തകർന്നുമായി 16 പേർ മരിച്ചു.
ഫത്തേപ്പൂർ: ഒൻപത് പേർക്ക് ജീവൻ നഷ്ടമായി. ഇതിൽ ഖാഗ തെഹ്‌സിലിൽ മാത്രം അഞ്ച് സ്ത്രീകളടക്കം എട്ട് പേർ മരിച്ചു.
പ്രതാപ്ഗഡ്: മതിൽ ഇടിഞ്ഞുവീണും മിന്നലേറ്റുമായി നാല് പേർ മരിച്ചു.
മറ്റ് ജില്ലകൾ: കാൺപൂർ ദേഹത്, ഡിയോറിയ, സോൻഭദ്ര തുടങ്ങിയ ജില്ലകളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മിന്നലേറ്റും മതിലുകൾ ഇടിഞ്ഞുവീണും തകര ഷെഡ്ഡുകൾക്ക് താഴെ കുടുങ്ങിയുമാണ് പല മരണങ്ങളും സംഭവിച്ചിട്ടുള്ളത്. കൃഷിനാശത്തെക്കുറിച്ച് ഉടൻ സർവ്വേ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ റവന്യൂ, കൃഷി വകുപ്പുകൾക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ദുരിതാശ്വാസ കമ്മീഷണറുടെ ഓഫീസ് സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിച്ചു വരികയാണ്

by Midhun HP News | May 14, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തിലെ ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നാളെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, ശനിയാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ഇടിമിന്നല്‍ അപകടകാരികളാണ്. അതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
ശനിയാഴ്ചയോടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്താന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി നിലനിന്നിരുന്ന ന്യൂനമര്‍ദ്ദം നിലവില്‍ ശക്തിപ്രാപിച്ച് ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്.ഇതിന്റെ സ്വാധീനഫലമായി ഈ മാസം 16 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നല്‍ കാറ്റോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Recent Comments