കൊച്ചിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 300 ഓളം ജീവനക്കാര്‍ ‘വഴിയാധാരം’; 11 മാസം വരെ ശമ്പള കുടിശ്ശിക, പരാതി

കൊച്ചിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 300 ഓളം ജീവനക്കാര്‍ ‘വഴിയാധാരം’; 11 മാസം വരെ ശമ്പള കുടിശ്ശിക, പരാതി

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍ പരാതി. കൊറോ ഹെല്‍ത്തിന് പിന്നാലെ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനി 300 ഓളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതായാണ് പരാതിയില്‍ പറയുന്നത്. ആറു മുതല്‍ 11 മാസം വരെ ശമ്പള കുടിശ്ശിക കിട്ടാനുണ്ടെന്നും ജീവനക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആഗോള ഹെല്‍ത്ത് കെയര്‍ കമ്പനിയായ കൊറോ ഹെല്‍ത്തില്‍ നിന്ന് കൂട്ടത്തോടെ പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അനുനയ ശ്രമങ്ങള്‍ നടത്തിവരുന്നതിനിടെയാണ് മറ്റൊരു കമ്പനിയിലും സമാനമായ നിലയില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ശമ്പള കുടിശ്ശിക നല്‍കാതെ ടാല്‍റോപ്പ് എന്ന കമ്പനി പെട്ടെന്ന് തങ്ങളെ പിരിച്ചുവിടുകയായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്.

ഒക്ടോബര്‍ മാസത്തിനകം ശമ്പള കുടിശ്ശിക കൊടുത്തുതീര്‍ക്കുമെന്നാണ് കമ്പനി അവസാനമായി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതിന് വേണ്ട യാതൊരു നടപടിയും കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ കുടിശ്ശിക തീര്‍ക്കുമെന്ന് കമ്പനി പറയുന്നുണ്ട്. മെയ് 15നകം കുടിശ്ശിക തീര്‍ക്കുമെന്നായിരുന്നു ഒരു ഘട്ടത്തില്‍ പറഞ്ഞത്. ഇപ്പോള്‍ ഒക്ടോബര്‍ 31നകം കൊടുത്തുതീര്‍ക്കുമെന്നാണ് പറയുന്നത്. എന്നാല്‍ ഇങ്ങനെ ഡേറ്റ് മാറ്റിപ്പറയുന്നതിനാല്‍ വിശ്വസിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.

പലര്‍ക്കും ആറുമാസം മുതല്‍ 11 മാസം വരെ ശമ്പള കുടിശ്ശികയുണ്ട്. ഫണ്ടിങ് ഇഷ്യു ഉണ്ടെന്നാണ് കമ്പനി പറയുന്നത്. ഇന്‍വെസ്റ്റ്‌മെന്റ് ലഭിക്കുന്നില്ല. 2017 മുതലാണ് കമ്പനി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. 2020ലാണ് ആളുകളെ കൂട്ടത്തോടെ റിക്രൂട്ട് ചെയ്തത്. പുതിയതായി റിയല്‍ എസ്റ്റേറ്റ് കമ്പനിയായി വന്ന് ഫണ്ട് ലഭിച്ച ശേഷം തരാമെന്നാണ് കമ്പനി പറയുന്നതെന്നും ജീവനക്കാര്‍ പറയുന്നു.

കണ്ണൂരില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കണ്ണൂരില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കണ്ണൂര്‍: മയ്യില്‍ നാറാത്ത് ആലിങ്കീഴില്‍ ചെറുവാക്കര ഗവ. എല്‍പി സ്‌കൂളിനു മുന്നില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കുറ്റിയാട്ടൂര്‍ പഴശ്ശിയിലെ വയക്കച്ചാല്‍ റോഡില്‍ വികെ ദിനില്‍ (32) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. കുറ്റിയാട്ടൂരില്‍ നിന്ന് പുതിയതെരു ഭാഗത്തേക്ക് പോകുന്ന ദിനിലിന്റെ ബൈക്കും എതിരെ വരികയായിരുന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍ പെട്ടത്. ഗുരുതര പരിക്കേറ്റ ദിനില്‍, ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരിച്ചത്. ചെങ്കല്‍ ലോറി ജീവനക്കാരനാണ്.

അച്ഛന്‍: കാക്കാമണി ദിനേശന്‍ (ഓട്ടോ ടാക്സി ഡ്രൈവര്‍, എട്ടേയാര്‍) അമ്മ: വികെ നളിനി. സഹോദരങ്ങള്‍: ദിപിന, ദില്‍ന (അധ്യാപിക, ശ്രീകണ്ഠാപുരം).

വിവാഹത്തില്‍ പങ്കെടുക്കാന്‍ ബംഗളൂരുവില്‍ നിന്ന് എത്തി; കണ്ണൂരില്‍ കാര്‍ മരത്തിലിടിച്ച് നാലുപേര്‍ മരിച്ചു

വിവാഹത്തില്‍ പങ്കെടുക്കാന്‍ ബംഗളൂരുവില്‍ നിന്ന് എത്തി; കണ്ണൂരില്‍ കാര്‍ മരത്തിലിടിച്ച് നാലുപേര്‍ മരിച്ചു

കണ്ണൂര്‍: മട്ടന്നൂരിനടുത്ത് കൂടാളി കുംഭത്ത് നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് നാലുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വിവാഹത്തില്‍ പങ്കെടുക്കാന്‍ ബംഗളൂരുവില്‍ നിന്നു വരുന്നതിനിടെയാണ് അപകടം.

ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. അഞ്ചുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഒരാള്‍ അലവില്‍ സ്വദേശിയും നാലുപേര്‍ ബംഗളൂരു സ്വദേശികളുമാണെന്നാണ് വിവരം. അലവില്‍ സ്വദേശി ഷാന്‍ സുഹൃത്തുക്കളോടൊപ്പം വിവാഹത്തില്‍ പങ്കെടുക്കാന്‍ ബംഗളൂരുവില്‍ നിന്നു വരുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. ഒരാള്‍ അപകടസ്ഥലത്ത് വച്ചു തന്നെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മൂന്നുപേരെ ചാലയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകടകാരണമെന്നു സംശയിക്കുന്നു.

വഴിയരികിലെ തണല്‍മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറില്‍ അകപ്പെട്ട യാത്രക്കാരെ ഏറെ പ്രയത്‌നിച്ചാണ് പുറത്തെടുത്തത്. അപകടശബ്ദം കേട്ടെത്തിയ പരിസരവാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. മട്ടന്നൂര്‍ പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.

ഇ20 പെട്രോള്‍ മൈലേജ് കുറയ്ക്കും; ഒടുവില്‍ സമ്മതിച്ച് കേന്ദ്രം

ഇ20 പെട്രോള്‍ മൈലേജ് കുറയ്ക്കും; ഒടുവില്‍ സമ്മതിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യമൊട്ടാകെ വിതരണം ചെയ്യുന്ന 20 ശതമാനം എഥനോള്‍ ചേര്‍ത്ത ‘ഇ20’ പെട്രോള്‍ വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചു. എഥനോള്‍ മിശ്രിത ഇന്ധനവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്കിടയില്‍ ഉയരുന്ന ആശങ്കകള്‍ പരിഹരിക്കുന്നതിനായി കേന്ദ്ര പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ വിശദീകരണ കുറിപ്പിലാണ് ഈ തുറന്നുപറച്ചില്‍. ചില വാഹനങ്ങളില്‍ ഇ20 ഇന്ധനം ഉപയോഗിക്കുമ്പോള്‍ മൈലേജില്‍ 3 മുതല്‍ 5 ശതമാനം വരെ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്. എന്നാല്‍ ഒരു ഇന്ധനത്തിന്റെ ഗുണനിലവാരം നിശ്ചയിക്കുന്നതില്‍ മൈലേജ് എന്നത് ഒരു ഘടകം മാത്രമാണെന്നും സര്‍ക്കാര്‍ ന്യായീകരിക്കുന്നു.

വിഷയത്തില്‍ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയും നിലപാട് വ്യക്തമാക്കി. പെട്രോളുമായി താരതമ്യം ചെയ്യുമ്പോള്‍ എഥനോളിന്റെ കലോറി മൂല്യം കുറവാണെന്നത് വസ്തുതയാണെന്നും, അതിനാല്‍ എഥനോളിന്റെ അളവ് കൂടുമ്പോള്‍ മൈലേജില്‍ നേരിയ വ്യത്യാസം ഉണ്ടായേക്കാമെന്നും അദ്ദേഹം സമ്മതിച്ചു. എങ്കിലും നഗരങ്ങളിലെ ഗതാഗതക്കുരുക്കും ഡ്രൈവിങ് രീതികളും മൈലേജിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണെന്നും ഫ്‌ളെക്‌സ്-ഫ്യുവല്‍ എന്‍ജിന്‍ സാങ്കേതികവിദ്യയിലേക്ക് രാജ്യം മാറുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇ20 ഇന്ധനം ഉപയോഗിക്കുന്നത് വഴി എന്‍ജിന്‍ കേടുവരുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. പുണെയിലെ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയും വാഹന നിര്‍മ്മാതാക്കളും നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് ഇ20 ഇന്ധനം രാജ്യത്ത് നിര്‍ബന്ധമാക്കിയത്. ചില പഴയ വാഹനങ്ങളില്‍ ഇന്ധന ചോര്‍ച്ച തടയാന്‍ ഉപയോഗിക്കുന്ന വാഷറുകള്‍ മെറ്റലിന് പകരം റബ്ബര്‍ ആക്കി മാറ്റേണ്ടതുണ്ട്. ഇതിനായി വാഹനങ്ങള്‍ സര്‍വീസിന് എത്തിക്കുമ്പോള്‍ ഉപഭോക്താക്കളില്‍ നിന്ന് അധിക തുക ഈടാക്കാതെ ഈ ഭാഗങ്ങള്‍ മാറ്റിനല്‍കാന്‍ നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പെട്രോളില്‍ എഥനോള്‍ ചേര്‍ത്തിട്ടും ഇ20 ഇന്ധനത്തിന് സാധാരണ പെട്രോളിന്റെ അതേ വില ഈടാക്കുന്നതിനെക്കുറിച്ചും മന്ത്രാലയം വിശദീകരണം നല്‍കി. കര്‍ഷകരെ സഹായിക്കുന്നതിനായി എഥനോളിന് സര്‍ക്കാര്‍ നിശ്ചിതവും ലാഭകരവുമായ വിലയാണ് നല്‍കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞുനില്‍ക്കുന്ന സമയങ്ങളില്‍ പെട്രോളിനേക്കാള്‍ വില എഥനോളിന് വരാറുണ്ട്. അതുകൊണ്ട് തന്നെ ഇ20 പെട്രോളിന് സാധാരണ പെട്രോളിനേക്കാള്‍ വില കുറവായിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ഇന്ധന ഇറക്കുമതി കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം തടയാനും എഥനോള്‍ മിശ്രിതം അനിവാര്യമാണെന്ന നിലപാടില്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍.

സ്റ്റിച്ച് ഇടുന്നതിനായി അനസ്‌തേഷ്യ നല്‍കി; കണ്ണൂരില്‍ ചികിത്സയിലായിരുന്ന ഒരുവയസുകാരന്‍ മരിച്ചു

സ്റ്റിച്ച് ഇടുന്നതിനായി അനസ്‌തേഷ്യ നല്‍കി; കണ്ണൂരില്‍ ചികിത്സയിലായിരുന്ന ഒരുവയസുകാരന്‍ മരിച്ചു

കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു. എരമം സ്വദേശികളായ ദമ്പതികളുടെ മകന്‍ ദേവാന്‍ഷ് ശൗര്യയാണ് മരിച്ചത്. സൂരജ് വിജിഷ ദമ്പതികളുടെ ഏകമകനാണ് ദേവാന്‍ഷ്

ഒരു വയസുകാരന് അനസ്‌തേഷ്യ നല്‍കിയതില്‍ ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് ആരോപിച്ച് കുടുംബം ആശുപത്രിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. അനസ്‌തേഷ്യ നല്‍കിയതോടെയാണ് കുട്ടി ഗുരുരാവസ്ഥയിലായത്. മുഖത്തെ മുറിവിന് സ്റ്റിച്ച് ഇടാന്‍ വേണ്ടിയാണ് കുട്ടിക്ക് അനസ്‌തേഷ്യ നല്‍കിയത്. അനസ്‌തേഷ്യ നല്‍കിയപ്പോള്‍ കുട്ടിക്ക് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായെന്നാണ് ആശുപത്രിയുടെ വിശദീകരണം. കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

സംഭവത്തിന് പിന്നാലെ ആശുപത്രിയില്‍ യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കുടുംബം പരാതി നല്‍കിയതിന് പിന്നാലെ അനസ്തീഷ്യ നല്‍കിയ ഡോക്ടര്‍ അഞ്ജലി പൊതുവാളിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഡോക്ടറുടെ അശ്രദ്ധ കാരണം കുട്ടിക്ക് ബ്രെയിന്‍ ഡാമേജ് സംഭവിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.