പ്ലസ് ടു പരീക്ഷാഫലം ഇന്നറിയാം; റിസൾട്ട് അറിയാവുന്ന സൈറ്റുകൾ ഇവ

പ്ലസ് ടു പരീക്ഷാഫലം ഇന്നറിയാം; റിസൾട്ട് അറിയാവുന്ന സൈറ്റുകൾ ഇവ

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി രണ്ടാം വർഷ പരീക്ഷാഫലങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. വൈകീട്ട് മൂന്നര മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും.

www.results.hse.kerala.gov.in,
www.prd.kerala.gov.in,
results.digilocker.gov.in,
www.results.kite.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. SAPHALAM 2025, iExaMS-Kerala, PRD Live തുടങ്ങിയ മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും.

നാല് ലക്ഷത്തി നാൽപ്പത്തിനാലായിരത്തി എഴുന്നൂറ്റി ഏഴു പേരാണ് രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷയെഴുതിയത്. 26,178 പേർ വി എച്ച് എസ് ഇ പരീക്ഷയും എഴുതി. കഴിഞ്ഞ വർഷം ഹയർസെക്കണ്ടറി പരീക്ഷയിൽ 78.69 ശതമാനമായിരുന്നു വിജയം. 2012ലെ 88.08 ശതമാനമാണ് ഇതുവരെയുള്ള ഉയർന്ന വിജയശതമാനം.

കാലവർഷം മൂന്നുദിവസത്തിനകം, അറബിക്കടലിൽ ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ തുടരും

കാലവർഷം മൂന്നുദിവസത്തിനകം, അറബിക്കടലിൽ ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു നാലു ദിവസത്തിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ഇത് ന്യൂനമർദ്ദമായും തുടർന്ന് വടക്കോട്ടു നീങ്ങി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലിനും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് അതിശക്തമായ മഴ മുന്നറിയിപ്പുള്ളത്.

നാളെ മുതൽ സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാളെ നാലു ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പും, ആറു ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പുമുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. ശനി, ഞായർ ദിവസങ്ങളിലും അതിശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം.

കള്ളക്കടൽ ജാഗ്രതാ നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് വെള്ളിയാഴ്ച രാത്രി 08.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത്‌ നാളെ രാത്രി 08.30 വരെ 1.0 മുതൽ 1.1 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

വീണ്ടും കാട്ടാന ആക്രമണം; 75 കാരി കൊല്ലപ്പെട്ടു

വീണ്ടും കാട്ടാന ആക്രമണം; 75 കാരി കൊല്ലപ്പെട്ടു

തൃശൂര്‍: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. മലക്കപ്പാറയില്‍ തമിഴ്‌നാട് ചെക്ക്‌പോസ്റ്റിന് സമീപം ഇന്നു പുലര്‍ച്ചെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. 75 കാരിയായ മേരിയാണ് മരിച്ചത്.

മലക്കപ്പാറ ചെക്‌പോസ്റ്റിന് സമീപം താമസിക്കുന്ന മേരിയുടെ വീട് പുലര്‍ച്ചെ ഒരുമണിയോടെ കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തെത്തുടര്‍ന്ന് വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മേരി ഇറങ്ങി പുറത്തേക്ക് ഓടി.

ഇതിനിടെ പിന്തുടര്‍ന്നെത്തിയ കാട്ടാന മേരിയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മേരിയും മകളും മാത്രമാണ് കാട്ടാന ആക്രമിക്കുന്ന സമയത്ത് വീട്ടിലുണ്ടായിരുന്നത്.

സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നു; രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാസ്‌ക് ധരിക്കണമെന്ന് ആരോ​ഗ്യ മന്ത്രി

സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നു; രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാസ്‌ക് ധരിക്കണമെന്ന് ആരോ​ഗ്യ മന്ത്രി

തിരുവനന്തപുരം : ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് രോ​ഗബാധ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, കേരളത്തിലും ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഈ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേരളത്തിലും കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിനാൽ ജാ​ഗ്രത തുടരണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോ​ഗ്യ മന്ത്രി നിർദേശിച്ചു.

പ്രായമായവരും, ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. എവിടെയാണോ ചികിത്സിക്കുന്നത് ആ ആശുപത്രിയില്‍ തന്നെ പ്രോട്ടോകോള്‍ പാലിച്ച് ചികിത്സ ഉറപ്പാക്കണം. ചില സ്വകാര്യ ആശുപത്രികള്‍ കോവിഡ് സ്ഥിരീകരിച്ചാൽ റഫര്‍ ചെയ്യുന്ന നടപടിയുണ്ട്. ഇതു ശരിയല്ലെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മെയിൽ 182 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയില്‍ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തിയിട്ടുണ്ട്.

ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എന്‍ബി 1.8 എന്നിവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണ്. എന്നാല്‍ തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധം പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. മഴക്കാലം വരുന്നതിനാല്‍ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധ പുലർത്തണണെന്നും ആരോ​ഗ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.

വീണ്ടും കുതിച്ച് സ്വര്‍ണവില, 72,000ലേക്ക്; ഏഴുദിവസത്തിനിടെ 3000 രൂപയുടെ വര്‍ധന

വീണ്ടും കുതിച്ച് സ്വര്‍ണവില, 72,000ലേക്ക്; ഏഴുദിവസത്തിനിടെ 3000 രൂപയുടെ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്നലെ പവന് 1760 രൂപ കൂടിയതിന് പിന്നാലെ ഇന്ന് 360 രൂപ കൂടി വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,800 രൂപയായി. ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. 8975 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം 15ന് 68,880 ലേക്ക് കൂപ്പ് കുത്തിയ സ്വര്‍ണവില പിന്നീട് കരകയറുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയത്. ഏഴുദിവസത്തിനിടെ ഏകദേശം ഏഴായിരം രൂപയാണ് വര്‍ധിച്ചത്.

ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്. എന്നാല്‍ ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ് പ്രകടമായതോടെ നിക്ഷേപകര്‍ അവിടേയ്ക്ക് നീങ്ങിയതാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവില ഇടിയാന്‍ കാരണമായത്.