by Midhun HP News | May 20, 2025 | Latest News, ദേശീയ വാർത്ത
സിംഗപ്പൂരിലെയും ഹോങ്കോങ്ങിലെയും കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട
സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ നിലവിലെ കൊവിഡ്-19 സ്ഥിതി നിയന്ത്രണവിധേയമാണെന്നും രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറവാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവിൽ 257 ആക്ടീവ് കേസുകളാണ് ഇന്ത്യയിൽ ഉള്ളത്. ഇന്ത്യയിലെ കേസുകളിൽ ഭൂരിഭാഗവും നേരിയ രോഗ ലക്ഷണങ്ങൾ മാത്രമാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലെന്നുമാണ് വിലയിരുത്തൽ.
പുതിയ ഒമിക്‌റോൺ ഉപ വകഭേദങ്ങളുടെ വ്യാപനമാണ് സിംഗപ്പൂരിലും ഹോങ്കോങ്ങിലും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് ബാധിച്ച് സിംഗപ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 30 ശതമാനം വർദ്ധിച്ചെന്നാണ് റിപ്പോർട്ട്. ഹോങ്കോങ്ങിലും കൊവിഡ് കേസുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. മേയ് 10 ന് കേസുകളിൽ 13.66 ശതമാനം വർധന രേഖപ്പെടുത്തി. നാല് ആഴ്ച മുമ്പ് ഇത് 6.21 ശതമാനമായിരുന്നു. കൃത്യമായി രോഗബാധിതരുടെ എണ്ണം ഹോങ്കോങ് പുറത്തുവിട്ടിട്ടില്ല.
by Midhun HP News | May 20, 2025 | Latest News, കേരളം
ബിരിയാണിക്ക് ഒപ്പം സാലഡ് കിട്ടിയില്ല എന്നതിനെ ചൊല്ലി കൊല്ലത്ത് വിവാഹ വീട്ടില്‍ കൂട്ടത്തല്ല്. കാറ്ററിങ് തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ഇന്നലെ തട്ടാമലയ്ക്ക് സമീപമാണ് സംഭവം. വിവാഹത്തിനെത്തിയ പലര്‍ക്കും ബിരിയാണിക്കൊപ്പം സാലഡ് വിളമ്പിയില്ലെന്ന് ആരോപിച്ചാണ് കാറ്ററിങ് തൊഴിലാളികളും പാചകം ചെയ്തവരും തമ്മില്‍ തര്‍ക്കമുണ്ടായത്. പാത്രങ്ങള്‍ കൊണ്ടാണ് തലയ്ക്ക് അടിച്ചത്.
ഇന്നലെ ഉച്ചയോടെ തട്ടാമല പിണയ്ക്കല്‍ ഭാഗത്തെ രാജധാനി ഓഡിറ്റോറിയത്തിലാണ് അക്രമം നടന്നത്. സംഘട്ടനത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. എല്ലാവര്‍ക്കും തലയ്ക്കാണു പരുക്ക്. വിഷയത്തില്‍ ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം എല്ലാവരും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
അടുത്തിടെ കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചിരുന്നുു.കൊല്ലം കിളികൊല്ലൂര്‍ മങ്ങാട് സംഘം മുക്കിലായിരുന്നു ഈ സംഭവം. കട അടയ്ക്കുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് പൊറോട്ട ആവശ്യപ്പെട്ടു. കട അടച്ചെന്നും പൊറോട്ട ഇല്ലെന്നും കടയുടമ അമല്‍ കുമാര്‍ പറഞ്ഞു.ഇതോടെ ഭീഷണിയായി. കടയുടമയെ അടിച്ച ശേഷം ബൈക്കില്‍ കയറി പോയ യുവാവ് ഏറെ നേരത്തിന് ശേഷം സുഹൃത്തുമായി മടങ്ങിയെത്തിശേഷം കൈയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് കടയുടമയുടെ തല അടിച്ച് പൊട്ടിക്കുകയായിരുന്നു.
by Midhun HP News | May 20, 2025 | Latest News, കേരളം
കൊച്ചി: അപകടത്തില്‍ വലതു കൈ നഷ്ടമായിട്ടും പതറാതെ, പഠനത്തില്‍ മികവോടെ മുന്നേറി ഐഎഎസ് കൈപ്പിടിയിലൊതുക്കിയ പാര്‍വതി ഗോപകുമാര്‍ എറണാകുളം അസിസ്റ്റന്റ് കലക്ടര്‍. തിങ്കളാഴ്ച രാവിലെ കലക്ടര്‍ എന്‍ എസ്‌കെ ഉമേഷിനെ കണ്ടശേഷമാണ് പാര്‍വതി ചുമതലയേറ്റത്. അമ്പലപ്പുഴ സ്വദേശിനിയായ പാര്‍വതി 2024-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 282-ാം റാങ്കോടെയാണ് ഐഎഎസ് സ്വന്തമാക്കിയത്.
ആലപ്പുഴ കലക്ടറേറ്റിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ അമ്പലപ്പുഴ കോമന അമ്പാടിയില്‍ കെ എസ് ഗോപകുമാറിന്റെയും കാക്കാഴം ഹൈസ്‌കൂള്‍ അധ്യാപിക ശ്രീകല എസ് നായരുടെയും മകളാണ് പാര്‍വതി. ഏഴാ ക്ലാസില്‍ പഠിക്കുമ്പോള്‍ പിതാവ് ഗോപകുമാറിനൊപ്പം ഇരുചക്രവാഹനത്തില്‍ ആലപ്പുഴ ചിറപ്പ് ഉത്സവം കാണാന്‍ പോകുമ്പോഴാണ് വാഹനാപകടത്തില്‍പ്പെട്ട് പാര്‍വതിയുടെ വലതുകൈ അറ്റത്.
മുട്ടിനു താഴെ വെച്ച് വലതുകൈ മുറിച്ചു മാറ്റേണ്ടി വന്നതിനെത്തുടര്‍ന്ന്, കൃത്രിമക്കൈയുടെ സഹായത്തോടെയാണ് പിന്നീട് പഠനം തുടര്‍ന്നത്. നഷ്ടപ്പെട്ടതിനെക്കുറിച്ച് ഓര്‍ത്ത് നിരാശപ്പെടാതെ ഇടതുകൈ കൊണ്ട് എഴുതാനും മറ്റും പഠിച്ചു. പ്ലസ്ടു ഹ്യുമാനിറ്റീസില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങി ജയിച്ച പാര്‍വതി, ബംഗളൂരു നാഷണല്‍ ലോ സ്‌കൂളില്‍നിന്നാണ് 2021ല്‍ നിയമബിരുദം നേടിയത്. ആലപ്പുഴ കലക്ടര്‍ എസ് സുഹാസ്, സബ് കലക്ടര്‍ കൃഷ്ണ തേജ എന്നിവരുടെ ഓഫീസില്‍ ഇന്റേണ്‍ഷിപ്പിന് അവസരം ലഭിച്ചതോടെയാണ് പാര്‍വതിക്ക് ഐഎഎസ് മോഹം പൂവിട്ടത്.
രണ്ടാം ശ്രമത്തില്‍ ഐഎഎസ് പാര്‍വതിയുടെ കൂടെപ്പോന്നു. മസൂറിയിലെ പരീശീലനം പൂര്‍ത്തിയാക്കിയ പാര്‍വതിയെ കഴിഞ്ഞയാഴ്ചയാണ് എറണാകുളം അസിസ്റ്റന്റ് കലക്ടറായി നിയമിച്ചത്. പാര്‍വതി ചുമതലയേല്‍ക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ കുടുംബാംഗങ്ങളും കലക്ടറേറ്റില്‍ എത്തിയിരുന്നു. അച്ഛന്‍ ഡെപ്യൂട്ടി തഹസില്‍ദാറായി ജോലി ചെയ്യുന്ന ആലപ്പുഴ കലക്ടറേറ്റില്‍അസിസ്റ്റന്റ് കലക്ടറായി ചുമതലയേല്‍ക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ മാതൃജില്ല ലഭിക്കില്ലല്ലോ എന്നായിരുന്നു പാര്‍വതിയുടെ പ്രതികരണം. ആനുകാലികങ്ങളില്‍ ചില ചെറുകഥകളും എഴുതിയിട്ടുണ്ട്.
by Midhun HP News | May 20, 2025 | Latest News, കേരളം
കൊച്ചി: കേസ് ഒതുക്കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ കൈക്കൂലി ചോദിച്ചെന്ന ആരോപണം നിഷേധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പരാതിക്കാരനായ വ്യവസായി അനീഷ് ബാബു ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണ്. അനീഷിനെതിരെ അഞ്ച് ക്രൈംബ്രാഞ്ച് കേസുകളുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് അനീഷിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും ഇഡി പറഞ്ഞു.
ഇഡി അസിസ്റ്റന്റ് ഡയറക്ടറായ ശേഖര്‍ കുമാര്‍ മുഖ്യപ്രതിയായ കേസില്‍ മറ്റ് മൂന്നുപേരെ അറസ്റ്റുചെയ്ത് നടപടിക്രമങ്ങളുമായി വിജിലന്‍സ് മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് ഇ ഡിയുടെ വിശദീകരണം. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ഇ ഡി വ്യക്തമാക്കി. ആരോപണം ഉന്നയിച്ച അനീഷ് ബാബുവിനെതിരായ കേസിന്റെ വിശദാംശങ്ങളും ഇഡി ഇതോടൊപ്പം പുറത്തു വിട്ടിട്ടുണ്ട്.
അനീഷിനെതിരെ കൊട്ടാരക്കര പൊലീസിലും ക്രൈംബ്രാഞ്ചിലുമായി അഞ്ച് കേസുകള്‍ നിലവിലുണ്ട്. 24 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും ഇഡി വ്യക്തമാക്കി. അനീഷിന് മൂന്ന് സമന്‍സുകള്‍ നല്‍കിയിരുന്നു. അതില്‍ ആദ്യ രണ്ടിനും ഇയാള്‍ ഹാജരായിരുന്നില്ല. മൂന്നാംതവണയാണ് ഹാജരായത്.
ഹാജരായ ഘട്ടത്തില്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്നു എന്നുപറഞ്ഞ് പുറത്തുപോയ അനീഷ് പിന്നീട് തിരിച്ചുവന്നില്ല. പിന്നീട് ഇയാള്‍ ഒളിവില്‍ പോയി. അന്വേഷണവുമായി അനീഷ് ഒരുവിധത്തിലും സഹകരിച്ചിരുന്നില്ല. പിഎംഎല്‍എ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് അടക്കം അനീഷ് ശ്രമിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയും സുപ്രീംകോടതിയും അനീഷിന്റെ അപേക്ഷ തള്ളുകയായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഈ സംഭവങ്ങളെന്നും ഇഡി വ്യക്തമാക്കി.
by Midhun HP News | May 20, 2025 | Latest News, ജില്ലാ വാർത്ത
കടയ്ക്കാവൂർ: കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷന് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന യാത്രക്കാരുടെ ആവശ്യത്തോട് മുഖംതിരിച്ച് അധികൃതർ. നിരവധിപേർ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷൻ പരിസരത്ത് ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാൽ യാത്രക്കാർ വലയുകയാണ്. ട്രെയിൻ വന്നിറങ്ങുന്ന യാത്രക്കാർ വിവിധ സ്ഥലങ്ങളിലെത്താൻ കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാൽ വെയിലും മഴയും സഹിച്ചാണ് ഇവിടെ നിൽക്കുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രം വരുന്നതോടെ റെയിൽവേ യാത്രക്കാരുൾപ്പെടെയുള്ളവർക്കും സമീപവാസികൾക്കും പ്രയോജനകരമാകും.
ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരും നാട്ടുകാരും റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനും റെയിൽവേ അധികൃതർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ അധികൃതരിൽ നിന്നും യാതൊരുവിധ നടപടിയുമുണ്ടായില്ലെന്ന് യാത്രക്കാർ പറഞ്ഞു.
ബസ് കാത്തിരിപ്പ് കേന്ദ്രമെന്നത് യാത്രക്കാർക്കൊപ്പം റെയിൽവേയുടെയും ആവശ്യമാണെന്നിരിക്കെ, ബസ് സ്റ്റോപ്പിന് വാടക വേണമെന്ന റെയിൽവേയുടെ നിർദ്ദേശം എന്തുകൊണ്ടെന്നറിയാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. എം.പിക്കും എം.എൽ.എയ്ക്കും നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. വി.ശശി എം.എൽ.എ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കാമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകുകയും എം.എൽ.എ ഫണ്ടിൽ നിന്ന് പണം അനുവദിക്കുകയും ചെയ്തിരുന്നു.
കാത്തിരിപ്പ് കേന്ദ്രം റെയിൽവേ പരിധിയിലുള്ള സ്ഥലത്ത് നിർമ്മിക്കേണ്ടതിനാൽ റെയിൽവേ അധികൃതർക്ക് എം.എൽ.എ അപേക്ഷ നൽകുകയായിരുന്നു. കാത്തിരിപ്പ് കേന്ദ്രത്തിന് അനുകൂല മറുപടി കിട്ടിയെങ്കിലും സ്ഥലത്തിന്റെ അനവധി വർഷത്തെ വാടക ഒന്നിച്ച് അടയ്ക്കണമെന്നാണ് റെയിൽവേയുടെ നിർദ്ദേശം. അടിയന്തരമായി റെയിൽവേയും എം.എൽ.എയും നടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Recent Comments