മഴ തുടരും; ഇന്ന് 2 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും സാധ്യത

മഴ തുടരും; ഇന്ന് 2 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. മറ്റു ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഇടിമിന്നൽ ജാ​ഗ്രതാ നിർദ്ദേശം

ഈ മാസം 20 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

സിനിമാ നടനെന്ന് ധരിപ്പിച്ച് മുക്കുപണ്ട തട്ടിപ്പ് നടത്തി, പിടിയിലാകാതിരിക്കാന്‍ മരിച്ചെന്ന് സ്വയം പത്രവാര്‍ത്ത നല്‍കി; പ്രതി പിടിയില്‍

സിനിമാ നടനെന്ന് ധരിപ്പിച്ച് മുക്കുപണ്ട തട്ടിപ്പ് നടത്തി, പിടിയിലാകാതിരിക്കാന്‍ മരിച്ചെന്ന് സ്വയം പത്രവാര്‍ത്ത നല്‍കി; പ്രതി പിടിയില്‍

കോട്ടയം: മുക്കുപണ്ടം പണയംവച്ചു തട്ടിപ്പു നടത്തിയശേഷം, താന്‍ മരിച്ചെന്നു സ്വയം വാര്‍ത്ത നല്‍കിയ യുവാവിനെ പൊലീസ് പിടികൂടി. കൊടൈക്കനാലില്‍ ഒളിവില്‍ കഴിയവേയാണു പ്രതി ഗാന്ധിനഗര്‍ പൊലീസിന്റെ പിടിയിലായത്. കുമാരനല്ലൂരില്‍ വാടകയ്ക്കു താമസിച്ചിരുന്ന കൊച്ചി സ്വദേശിയാണ് (41) പിടിയിലായത്. ആധാര്‍ കാര്‍ഡില്‍ എം ആര്‍ സജീവ് എന്നാണ് പേര്. എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലെ വിലാസവുമാണ് നല്‍കിയത്. എന്നാല്‍ വോട്ടര്‍ ഐഡി കാര്‍ഡില്‍ കുമാരനല്ലൂരിലെ വിലാസവും.

2023ല്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പനമ്പാലം, കുടമാളൂര്‍ ശാഖകളില്‍നിന്ന് 5 ലക്ഷം രൂപയാണ് ഇയാള്‍ മുക്കുപണ്ടം പണയംവച്ചു തട്ടിയെടുത്തതെന്നു പൊലീസ് പറയുന്നു. അന്വേഷിച്ചപ്പോള്‍ ഇയാള്‍ ചെന്നൈയില്‍ മരിച്ചെന്നു വിവരം ലഭിച്ചു. തുടര്‍ന്നാണ് ധനകാര്യസ്ഥാപനം പൊലീസില്‍ പരാതിപ്പെട്ടത്. പത്രത്തില്‍ ചരമവാര്‍ത്തകളുടെ പേജില്‍ ഇയാളുടെ ഫോട്ടോ അടക്കം വാര്‍ത്ത വന്നതായി കണ്ടെത്തി. ചെന്നൈ അഡയാറില്‍ സംസ്‌കാരം നടക്കുമെന്നും വാര്‍ത്തയിലുണ്ട്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണു മരണവാര്‍ത്തയെന്ന് സംശയം തോന്നി. തുടര്‍ന്നാണ് കൊടൈക്കനാല്‍ ഉള്‍പ്പെടെ മറ്റു സ്ഥലങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.

പലയിടങ്ങളിലും ഇയാള്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിലും ആരും പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. കുമാരനല്ലൂരിലെ ഒരു ഫ്‌ളാറ്റിലാണ് ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. സിനിമാ നടനാണെന്നാണ് ഇയാള്‍ സമീപവാസികളെ ധരിപ്പിച്ചിരുന്നത്.

ഐപിഎല്‍ റീ ലോഡഡ്! ടി20 ആവേശം വീണ്ടും ക്രീസിലേക്ക്

ഐപിഎല്‍ റീ ലോഡഡ്! ടി20 ആവേശം വീണ്ടും ക്രീസിലേക്ക്

ബംഗളൂരു: ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്നു നിര്‍ത്തി വച്ച ഐപിഎല്‍ പോരാട്ടങ്ങള്‍ ഇന്ന് വീണ്ടും തുടങ്ങുന്നു. പത്ത് ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഐപിഎല്‍ ആവേശം ക്രീസിലേക്ക് മടങ്ങിയെത്തുന്നത്. ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു- കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പോരാട്ടത്തോടെയാണ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നത്. രാത്രി 7.30നു ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.

ഇന്നത്തെ മത്സരം ജയിച്ചാല്‍ ആര്‍സിബിക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. പരിക്കേറ്റ് പുറത്തായ ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ്, മിന്നും ഫോമിലുള്ള ദേവ്ദത്ത് പടിക്കല്‍ എന്നിവരുടെ അഭാവം ടീമിനെ ബാധിക്കും. ദേവ്ദത്തിനു പകരം മായങ്ക് അഗര്‍വാള്‍ ആര്‍സിബി ക്യാംപിലെത്തി. പരിക്കു മാറി രജത് പടിദാര്‍ ഇന്ന് കളിക്കാനിറങ്ങും.

സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി കത്തും ഫോമില്‍ നില്‍ക്കുന്നതാണ് ആര്‍സിബിയുടെ പ്ലസ് പോയിന്റ്. ഇതുവരെയായി താരം 505 റണ്‍സാണ് അടിച്ചുകൂട്ടിയത്.

നേരിയ പ്രതീക്ഷയുടെ പാലത്തില്‍ നിന്നാണ് കെകെആര്‍ ഇന്ന് ഇറങ്ങുന്നത്. വിദേശ താരങ്ങള്‍ ഭൂരിഭാഗവും ടീമിനൊപ്പമുണ്ട് എന്നത് അവര്‍ക്ക് ആശ്വാസം നല്‍കുന്നു. 11 പോയിന്റുമായി അവര്‍ ആറാം സ്ഥാനത്താണ്. ഇന്ന് മികച്ച വിജയത്തിലൂടെ നെറ്റ് റണ്‍റേറ്റ് കയറ്റി ജയം പിടിച്ച് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തുക എന്ന വലിയ കടമ്പയാണ് അവര്‍ക്ക് മുന്നിലുള്ളത്. സ്വന്തം മണ്ണിലെ തോല്‍വിക്ക് ഇന്ന് എതിരാളിയുടെ ഗ്രൗണ്ടില്‍ മറുപടി പറയാനുള്ള ആവേശവും ടീമിനുണ്ട്.

ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, അംഗ്കൃഷ് രഘുവംശി, റിങ്കു സിങ് അടക്കമുള്ള ബാറ്റിങ് നിരയാണ് പ്രതീക്ഷ. അവസാന മത്സരങ്ങളില്‍ ബാറ്റിങ് മികവിലേക്ക് മടങ്ങിയെത്തിയ ആന്ദ്രെ റസ്സലിന്റെ ഫോമും നിര്‍ണായകമാണ്. വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ എന്നിവരുടെ സ്പിന്നും ഫലം കണ്ടിട്ടുണ്ട്. അതേസമയം ഇംഗ്ലീഷ് സ്പിന്നര്‍ മോയിന്‍ അലി ടീമില്‍ ഇല്ലാത്തത് തിരിച്ചടിയാണ്.

ഇഡി ഏജന്റ് ചമഞ്ഞ് തട്ടിപ്പ്, കൈക്കൂലിയായി ആവശ്യപ്പെട്ടത് രണ്ട് കോടി; രണ്ട് പേര്‍ അറസ്റ്റില്‍

ഇഡി ഏജന്റ് ചമഞ്ഞ് തട്ടിപ്പ്, കൈക്കൂലിയായി ആവശ്യപ്പെട്ടത് രണ്ട് കോടി; രണ്ട് പേര്‍ അറസ്റ്റില്‍

കൊച്ചി: കൊട്ടാരക്കരയിലെ കശുവണ്ടിവ്യവസായിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എടുത്ത കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട രണ്ടുപേരെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഇഡിയുടെ ഏജന്റുമാരെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടാന്‍ ശ്രമിച്ചത്. എറണാകുളം തമ്മനം സ്വദേശി വില്‍സണ്‍, രാജസ്ഥാന്‍ സ്വദേശി മുരളി മുകേഷ് എന്നിവരാണ് അറസ്റ്റിലായത്.

വ്യാഴാഴ്ച വൈകുന്നരം മൂന്ന് മണിക്ക് എറണാകുളം പനമ്പിള്ളി നഗറില്‍ രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വില്‍സണെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് മുരളി മുകേഷിന്റെ പങ്ക് വ്യക്തമായത്. തുടര്‍ന്ന് ഇയാളെയും അറസ്റ്റ് ചെയ്തു.

കശുവണ്ടി വ്യവസായിയുടെ സ്ഥാപനത്തിന് വിറ്റുവരവ് കൂടുതലാണെന്നും വ്യാജരേഖയുണ്ടാക്കി പണം കൂടുതലും വിദേശത്താണ് വിനിയോഗിക്കുന്നതെന്നും കാണിച്ച് കൊച്ചിയിലെ ഇഡി ഡയറക്ടറേറ്റില്‍നിന്ന് 2024-ല്‍ സമന്‍സ് ലഭിച്ചിരുന്നു. ഇതുപ്രകാരം ഇഡി ഓഫീസില്‍ ഹാജരായ പരാതിക്കാരനോട് വര്‍ഷങ്ങള്‍ക്കുമുമ്പുള്ള കണക്കും രേഖകളും ആവശ്യപ്പെട്ടു. ഇത് നല്‍കാത്തപക്ഷം കേസെടുക്കുമെന്നും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇഡി ഏജന്റാണെന്ന് പറഞ്ഞ് വില്‍സണ്‍ വ്യവസായിയെ ബന്ധപ്പെട്ടത്. ഇഡി ഓഫീസുമായുള്ള തന്റെ ബന്ധം തെളിയിക്കാന്‍ വീണ്ടും സമന്‍സ് അയപ്പിക്കാമെന്നും പറഞ്ഞു.

മെയ് 14ന് പരാതിക്കാരന് സമന്‍സ് ലഭിച്ചതായി വിജിലന്‍സ് പറഞ്ഞു. തുടര്‍ന്ന് വില്‍സണും പരാതിക്കാരനും ഇഡി ഓഫീസിനടുത്തുള്ള റോഡില്‍ നേരില്‍ കണ്ടു. 50 ലക്ഷം രൂപവീതം നാലുതവണകളായി രണ്ടുകോടി രൂപ ആക്‌സിസ് ബാങ്കിന്റെ മുംബൈയിലെ അക്കൗണ്ടില്‍ നല്‍കാനും രണ്ടുലക്ഷം രൂപ നേരിട്ട് തന്നെ ഏല്‍പ്പിക്കാനും വില്‍സണ്‍ നിര്‍ദേശിച്ചു. 50,000 രൂപകൂടി അധികമായി നല്‍കണമെന്നും പറഞ്ഞു. അക്കൗണ്ട് നമ്പറും നല്‍കി. ഇതിനുപിന്നാലെയാണ് വ്യവസായി വിജിലന്‍സിനെ സമീപിച്ചത്. എറണാകുളം വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായും ഇഡി കേസിന്റെ വിവരങ്ങള്‍ പ്രതികള്‍ക്ക് ലഭിച്ചത് എങ്ങനെയെന്നും പരിശോധിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

മുതലപ്പൊഴിയിൽ സംഘർഷം; പിരിഞ്ഞു പോകാതെ നാട്ടുകാർ

മുതലപ്പൊഴിയിൽ സംഘർഷം; പിരിഞ്ഞു പോകാതെ നാട്ടുകാർ

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികളും പൊലീസും തമ്മിൽ വീണ്ടും സംഘർഷം. സമരക്കാർ തടഞ്ഞുവച്ച ഉദ്യോ​ഗസ്ഥരെ പൊലീസ് വാഹനത്തിൽ കയറ്റി കൊണ്ടു പോയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവൻ ആളുകളെയും പൊലീസ് സംരക്ഷണത്തിൽ പുറത്തെത്തിച്ചു. സ്ഥലത്ത് വീണ്ടും സംഘർഷ സാധ്യത കണക്കിലെടുത്ത് സമരക്കാരോട് പിരിഞ്ഞു പോകാൻ പൊലീസ് ആവശ്യപ്പെട്ടു.

എന്നാൽ പിരിഞ്ഞു പോകാൻ സമരക്കാർ തയാറായിട്ടില്ല. ജനൽ തകർത്ത കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത മുജീബിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് സമരക്കാർ. ഇന്ന് രാവിലെ തീരദേശ റോഡ് ഉപരോധിച്ചു കൊണ്ടുള്ള സമരത്തിലേക്കാണ് ആദ്യം മത്സ്യത്തൊഴിലാളികൾ കടന്നത്. ഉച്ചയോട് കൂടി അസിസ്റ്റൻ്റ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് മത്സ്യത്തൊഴിലാളികൾ മാർച്ച് നടത്തി.

സമരസമിതിയും എക്‌സിക്യൂട്ടീവ് എഞ്ചിനീയറും തമ്മിൽ ചർച്ച നടത്തി മണൽ നീക്കവുമായി ബന്ധപ്പെട്ട സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചിരുന്നു. ഇത് രേഖാമൂലം ഒപ്പിട്ടു നൽകിയതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച വരെ കാത്തിരിക്കുമെന്നും അതിന് ശേഷം ഉറപ്പു പാലിച്ചില്ലെങ്കിൽ പൊഴി മൂടുന്ന സമരത്തിലേക്ക് പോകുമെന്നും സമരസമിതി അറിയിച്ചിരുന്നു.

അഴിമുഖത്ത് വ്യാപകമായി അടിഞ്ഞു കൂടിയിരിക്കുന്ന മണൽ നീക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യം. മൂന്ന് ദിവസമായി ഡ്രഡ്ജർ പ്രവർത്തിക്കുന്നില്ല. ഇങ്ങനെ കാലതാമസം വരുത്തുന്നതിനാൽ പൊഴി മൂടിക്കൊണ്ടുള്ള സമരത്തിലേക്ക് കടക്കുമെന്നാണ് സമരക്കാർ മുന്നറിയിപ്പ് നൽകിയത്. ചന്ദ്രഗിരി ഡ്രഡ്ജർ ഇന്ന് മുതൽ 10 മണിക്കൂർ പ്രവർത്തിച്ച് തുടങ്ങുമെന്നും അടുത്ത ആഴ്ച മുതൽ സമയം വർധിപ്പിക്കുമെന്നും ചർച്ചയിൽ തീരുമാനിച്ചു.

ഇരുപത് മണിക്കൂർ പ്രവർത്തിപ്പിക്കണമെന്നായിരുന്നു സമരസമിതിയുടെ ആവശ്യം. ചാനലിൽ കിടക്കുന്ന ടെട്രാപ്പോഡുകൾ ചൊവ്വാഴ്ച മെഷീനറി എത്തിച്ച് ബുധനാഴ്ച മുതൽ മാറ്റിത്തുടങ്ങുമെന്നും എക്‌സവേറ്ററുകൾ ഇന്ന് മുതൽ പ്രവർത്തിച്ച് മണ്ണ് മാറ്റുമെന്നും ഉറപ്പു നൽകി. മണൽ നിക്ഷേപിക്കുന്ന വടക്ക് ഭാഗത്ത് ബണ്ട് നിർമ്മിക്കുമെന്ന് എഞ്ചിനീയർ പറഞ്ഞതായും സമരസമിതി അംഗം സജീവ് പറഞ്ഞു.