പല്ലുവേദനയ്ക്ക് സള്‍ഫസ് ഗുളിക നല്‍കി, യുവതി മരിച്ചു

പല്ലുവേദനയ്ക്ക് സള്‍ഫസ് ഗുളിക നല്‍കി, യുവതി മരിച്ചു

ഭോപ്പാല്‍: പല്ലുവേദനയ്ക്ക് വേദന സംഹാരിയാണെന്ന് പറഞ്ഞ് നല്‍കിയ സള്‍ഫസ് ഗുളിക കഴിച്ച് 32 കാരി മരിച്ചു. മെഡിക്കല്‍ സ്റ്റോറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.മധ്യപ്രദേശിലെ ജബുവ ജില്ലയിലാണ് സംഭവം. പല്ല് വേദനയ്ക്ക് ഗുളിക വാങ്ങാന്‍ ഫാര്‍മസിയിലെത്തിയ യുവതിക്ക് നല്‍കിയത് സള്‍ഫസ് ഗുളികയാണ്. ജില്ലാ ആസ്ഥാനത്തു നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ധരംപുരി ഗ്രാമത്തില്‍ നിന്നുള്ള രേഖ എന്ന സ്ത്രീയാണ് മരിച്ചത്. രാത്രി ഗുളിക കഴിക്കുകയും ആരോഗ്യം വഷളാവുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മദ്യപിച്ച് വാക്കുതർക്കം; തിരുവനന്തപുരത്ത് ബസ് ഡ്രൈവർ കണ്ടക്ടറെ കുത്തി

മദ്യപിച്ച് വാക്കുതർക്കം; തിരുവനന്തപുരത്ത് ബസ് ഡ്രൈവർ കണ്ടക്ടറെ കുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യബസ് കണ്ടക്ടർക്ക് കുത്തേറ്റു. കണ്ടക്ടർ ബിനോജിനെയാണ് ബസ് ഡ്രൈവർ ബാബുരാജ് കുത്തിയത്. മദ്യപിച്ചെത്തിയ ഡ്രൈവറെ വാഹമോടിക്കാൻ അനുവദിക്കാത്തതിനാണ് കുത്തിയത്. പ്രതി ബാബുരാജിനെ ഫോർട്ട് പൊലീസ് പിടികൂടി. ബസിൽ കയറിയാണ് ബാബുരാജ് ബിനോജിനെ കുത്തിയത്.

മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്‌പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി

മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്‌പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ക്യാപ്റ്റന്‍ ലയണല്‍ മെസിയും കേരളത്തിലേയ്ക്ക് വരാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കെന്ന് കായിക മന്ത്രി അബ്ദുറഹിമാന്‍. മെസിയെ കൊണ്ടുവരുന്നത് സര്‍ക്കാരല്ല, സ്‌പോണ്‍സറാണെന്നും മന്ത്രി.

മെസിയെ കൊണ്ടുവരുമെന്ന് സ്പോണ്‍സര്‍ഷിപ്പ് ഏറ്റ റിപ്പോര്‍ട്ടര്‍ ടിവിയുടെ എംഡി പറഞ്ഞിരുന്നതായും പുറത്തുവരുന്ന വാര്‍ത്തകളെക്കുറിച്ച് തനിക്ക് കൂടുതലായി അറിയില്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ കയ്യില്‍ ഇത്രയധികം പണമില്ല. സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറിയോയെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

കരാറുണ്ടാക്കിയത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുമായിട്ടാണെന്നും മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു.ഒക്ടോബറില്‍ മെസി കേരളത്തില്‍ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ സമയം അര്‍ജന്‍റീന ടീം ചൈനയില്‍ ആയിരിക്കുമെന്ന് സ്ഥിരീകരണം ആയിട്ടുണ്ട്. മന്ത്രിയോ സര്‍ക്കാറോ കഴിഞ്ഞ കുറെ നാളുകളായി ഈ വിഷയത്തില്‍ പ്രതികരിക്കാറില്ലായിരുന്നു.

‘ജീവന് ഭീഷണിയുണ്ട്’; സംരക്ഷണം വേണമെന്ന് നടി ​ഗൗതമി

‘ജീവന് ഭീഷണിയുണ്ട്’; സംരക്ഷണം വേണമെന്ന് നടി ​ഗൗതമി

ചെന്നൈ: ജീവനു ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ​ഗൗതമി പൊലീസിൽ പരാതി നൽകി. ചെന്നൈ പൊലീസ് കമ്മീഷണർക്കാണ് അവർ പരാതി നൽകിയത്. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് പല വ്യക്തികളിൽ നിന്നായി തനിക്കു ഭീഷണി വരുന്നുവെന്നു അവർ പരാതിയിൽ പറയുന്നു.

നേരത്തെ നീലങ്കരയിലെ തന്റെ ഒൻപത് കോടി വില വരുന്ന വസ്തു അഴകപ്പൻ എന്നയാൾ കൈവശപ്പെടുത്തിയെന്നു ആരോപിച്ച് ​​ഗൗതമി നേരത്തെ പരാതി നൽകിയിരുന്നു. കോടതി ഉത്തരവിനെ തുടർന്നു വസ്തു മു​ദ്ര വച്ചിരിക്കുകയാണ്.

പ്രദേശത്തെ അനധികൃത നിർമിതികൾ പൊളിച്ചു കളയുന്നതിനായി ചില ഉദ്യോ​ഗസ്ഥർ കൈക്കൂലി ചോദിക്കുന്നുണ്ട്. ചില അഭിഭാഷകർ ഭീഷണി മുഴക്കുന്നതായും ​ഗൗതമി പറയുന്നു. പ്രതിഷേധ പ്രകടനത്തിനു ചിലർ പദ്ധതിയിടുന്നുണ്ട്. അതു തന്നെ അപായപ്പെടുത്താനാണെന്നു സംശയിക്കുന്നതായും പരാതിയിലുണ്ട്.

ബിജെപി പ്രവർത്തകയായിരുന്നു ​ഗൗതമി. തന്റെ സ്വത്ത് തട്ടിയെടുത്തയാളെ പാർട്ടി നേതൃത്വം സംരക്ഷിക്കുന്നതായി ആരോപിച്ച് അവർ നേരത്തെ പാർട്ടി വിട്ടു. കഴിഞ്ഞ വർഷം അണ്ണാ ഡിഎംകെയിൽ ചേർന്നു. വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള ​ഗൗതമി ആന്ധ്ര, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ബിജെപിക്കായി പ്രചാരണത്തിനിറങ്ങിയിരുന്നു.

കോട്ടപ്പാറ വ്യൂ പോയിന്‍റില്‍ കാല്‍ വഴുതി, യുവാവ് 70 അടി താഴ്ചയിലേയ്ക്ക് വീണു; രക്ഷകരായി ഫയര്‍ഫോഴ്‌സ്

കോട്ടപ്പാറ വ്യൂ പോയിന്‍റില്‍ കാല്‍ വഴുതി, യുവാവ് 70 അടി താഴ്ചയിലേയ്ക്ക് വീണു; രക്ഷകരായി ഫയര്‍ഫോഴ്‌സ്

ഇടുക്കി: വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റില്‍ നിന്നും യുവാവ് കൊക്കയില്‍ വീണു. ചീങ്കല്‍ സിറ്റി സ്വദേശി സാംസണ്‍ ആണ് അപകടത്തില്‍പ്പെട്ടത്. തൊടുപുഴ ഫയര്‍ഫോഴ്‌സ് എത്തിയാണ് യുവാവിനെ രക്ഷപെടുത്തിയത്.പുലര്‍ച്ചെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം സാംസണ്‍ കോട്ടപ്പാറയിലെത്തിയത്. പാറയില്‍ നിന്ന് തെന്നി എഴുപത് അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവരാണ് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചത്. പരിക്കേറ്റ സാംസണെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.