by Midhun HP News | May 16, 2025 | Latest News, കേരളം
കൊച്ചി: ഹോട്ടല്‍ ജീവനക്കാരനായ യുവാവ് ഐവിന്‍ ജിജോയെ പ്രതികള്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത് അതിക്രൂരമായി. ഐവിനെ ഇടിച്ചു ബോണറ്റില്‍ വീഴ്ത്തിയ ഇവര്‍ ഒരു കിലോമീറ്ററോളം അതിവേഗത്തില്‍ സഞ്ചരിച്ചു. അതിന് ശേഷം സെന്റ് ജോണ്‍സ് ചാപ്പലിനും സെന്റ് സെബാസ്റ്റ്യന്‍സ് കപ്പേളയ്ക്കും ഇടയിലുള്ള കപ്പേള റോഡില്‍ വെച്ച് കാര്‍ സഡന്‍ ബ്രേക്ക് ചെയ്ത് നിലത്തു തള്ളിയിട്ട ശേഷം കാറുകൊണ്ട് ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ ഇടപെട്ട് കാര്‍ നിര്‍ത്തിച്ചെങ്കിലും ഐവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
ബുധനാഴ്ച രാത്രി പത്തു മണിയോടെയാണ് ഐവിന്റെ മരണത്തിന് കാരണമായ സംഭവവികാസങ്ങള്‍ ഉണ്ടായത്. നെടുമ്പാശേരിയില്‍ വിമാനക്കമ്പനികള്‍ക്കു ഭക്ഷണം തയാറാക്കി നല്‍കുന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഐവിന്‍, വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്കു പോവുകയായിരുന്നു. ഇതിനിടെയാണ് നെടുമ്പാശേരി നായത്തോട് ഭാഗത്തുവച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി കാറുകള്‍ ഉരസിയതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകുന്നത്. അതിന് ശേഷം അവിടെ നിന്ന് പോകാനായി ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ ഐവിനെ ഇടിച്ച് തെറിപ്പിച്ചത്.
അങ്കമാലി തുറവൂര്‍ ആരിശ്ശേരില്‍ ഐവിന്‍ ജിജോ (24) കൊല്ലപ്പെട്ടത് തലയ്‌ക്കേറ്റ പരുക്കിനെത്തുടര്‍ന്നാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. വാഹനം ഓടിച്ചിരുന്ന സിഐഎസ്എഫ് എസ്‌ഐ വിനയ് കുമാര്‍ ദാസ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റിയിട്ടുണ്ട്. നേരത്തേ വിനയ് കുമാര്‍ ദാസിന്റേയും മോഹന്‍ കുമാറിന്റേയും അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് തുറവൂര്‍ സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ ഐവിന്റെ സംസ്‌കാരം നടക്കും.
by Midhun HP News | May 16, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അടിവയറ്റിലെ കൊഴുപ്പു നീക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ വനിതാ സോഫ്റ്റ്വെയര്‍ എന്‍ജിനീയറിന്റെ ഒന്‍പത് വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ട്. കൊഴുപ്പു നീക്കല്‍ ശസ്ത്രകിയ നടത്താന്‍ കോസ്മറ്റിക് ക്ലിനിക്കിന് അനുമതിയില്ല. അതിനാല്‍ ക്ലിനിക്ക് ഈ വ്യവസ്ഥ ലംഘിച്ചുവെന്നും പൊലീസിനു നല്‍കിയ റിപ്പോര്‍ട്ടില്‍ ഡിഎംഒ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ത്വക്ക്, പല്ല്, ചികിത്സകള്‍ക്കു മാത്രമാണ് ഇവിടെ ശസ്ത്രക്രിയയ്ക്ക് അനുമതിയുള്ളത്. എന്നാല്‍ ഇതു കണക്കിലെടുക്കാതെ നടത്തിയ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയയ്ക്കിടെ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ എം എസ് നീതുവിന് ഹൃദയാഘാതം സംഭവിച്ചതും ഒന്‍പത് വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്നതും അതീവ ഗൗരവമുള്ള വിഷയമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ശസ്തക്രിയയില്‍ ഡോക്ടര്‍ക്കു പാളിച്ചയുണ്ടായി. ശസ്ത്രക്രിയ കഴിഞ്ഞ് 24 മണിക്കൂര്‍ തികയും മുന്‍പ് നീതുവിനെ ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട് രക്തസമ്മര്‍ദ്ദനില താളം തെറ്റിയ നിലയില്‍ എത്തിയ നീതുവിന് തുടര്‍ചികിത്സ നല്‍കുന്നതില്‍ കാലതാമസം ഉണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. നീതുവിന്റെ ഭര്‍ത്താവ് പത്മജിത്ത് നല്‍കിയ പരാതിയിലാണ് ഡിഎംഒ പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയത്.
by Midhun HP News | May 16, 2025 | Latest News, കേരളം
കൊച്ചി: ഇന്നലെ കനത്ത ഇടിവ് നേരിട്ട സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. പവന് 880 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 69,000ന് മുകളില്‍ എത്തി. 69,760 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 110 രൂപയാണ് വര്‍ധിച്ചത്. 8720 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നലെ ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70000ല്‍ താഴെയെത്തിയത്. പവന് 68,880 രൂപയായി താഴ്ന്ന് ഈ മാസത്തെ താഴ്ന്ന നിലവാരമാണ് ഇന്നലെ രേഖപ്പെടുത്തിയത്. തുടര്‍ന്ന് വില ഉയരുകയായിരുന്നു.
ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്. എന്നാല്‍ ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ് പ്രകടമായതോടെ നിക്ഷേപകര്‍ അവിടേയ്ക്ക് നീങ്ങിയതാണ് കഴിഞ്ഞദിവസം സ്വര്‍ണവില ഇടിയാന്‍ കാരണമായത്.
by Midhun HP News | May 16, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസിലെ പ്രതി ബെയ്ലിന്‍ ദാസ് കഴിഞ്ഞ രണ്ടു ദിവസം ഒളിവില്‍ കഴിഞ്ഞത് നഗരത്തില്‍ തന്നെയെന്ന് പൊലീസ്. പള്ളിത്തുറയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസം. പ്രതിക്കായി പൊലീസ് അദ്ദേഹത്തിന്റെ പൂന്തുറയിലെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും തിരച്ചില്‍ നടത്തിയിരുന്നു. വലിയതുറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രതി ചികിത്സ തേടിയതായി പൊലീസിനു വിവരവും ലഭിച്ചിരുന്നു. സഹോദരനെ ചോദ്യം ചെയ്തതാണു കേസില്‍ വഴിത്തിരിവായതെന്നും പൊലീസ് പറയുന്നു.
സ്വന്തം വാഹനം എവിടെയാണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ ബെയ്‌ലിന്‍ ദാസിന്റെ സഹോദരന് കഴിഞ്ഞില്ല. കാര്‍ ബെയ്‌ലിന്‍ ദാസ് കൊണ്ടു പോയെന്നു പിന്നീടു മൊഴി നല്‍കി. കാറിനായുള്ള തിരച്ചില്‍ തുടര്‍ന്ന പൊലീസ്, ബെയ്ലിന്‍ അമ്മയെ കാണാനായി ഒറ്റയ്ക്കു പൂന്തുറയിലെ വീട്ടിലെത്തിയതായി മനസ്സിലാക്കി. കാര്‍ കഴക്കൂട്ടം ഭാഗത്തു സഞ്ചരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തുമ്പ പൊലീസ് പരിശോധന ശക്തമാക്കിയതോടെ സ്റ്റേഷന്‍ കടവില്‍ വച്ചു പൊലീസ് സംഘത്തിനു മുന്നില്‍ ബെയ്‌ലിന്‍ പെടുകയായിരുന്നു.
ഇന്നലെ രാത്രി ഏഴരയോടെയാണ് പ്രതിയെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. മുടി പറ്റെ വെട്ടിയ നിലയിലായിരുന്നു. മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ ഞാന്‍ എല്ലാം കോടതിയില്‍ പറഞ്ഞോളാം’ എന്നായിരുന്നു പ്രതികരണം. അറസ്റ്റിനു ശേഷം തുമ്പ സ്റ്റേഷനിലെത്തിച്ച പ്രതിയെ അവിടെ നിന്നാണ് വഞ്ചിയൂരിലേക്കു കൊണ്ടു വന്നത്. ഒളിവില്‍ പോയ സമയത്ത് ഉപയോഗിച്ച കാറും പൊലീസ് സ്റ്റേഷനിലെത്തിച്ചു.
by Midhun HP News | May 16, 2025 | Latest News, കേരളം
കേരളത്തിൽ നിന്നുള്ള നഴ്സുമാർക്ക് ഏറ്റവും കൂടുതൽ ജോലി സാധ്യതയുള്ള രാജ്യങ്ങളിലൊന്നായിരുന്നു ഏതാനും വർഷം മുമ്പ് വരെ സൗദി അറേബ്യ. എന്നാൽ നിതാഖത്ത് എന്നറിയപ്പെടുന്ന സൗദിവൽക്കരണം എന്ന തൊഴിൽനയം രാജ്യം പ്രഖ്യാപിച്ച 2016 മുതൽ മറ്റെല്ലാജോലികളിലുമെന്നപോലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരെയും തൊഴിലന്വേഷകരെയും ബാധിച്ചു. സൗദി പൗരന്മാർക്ക് ജോലിയിൽ നിശ്ചിത ശതമാനം ഉറപ്പിക്കുന്ന നയമാണ് നിതാഖത്ത് എന്നതിലൂടെ അർത്ഥമാക്കുന്നത്. ഇത് ആരംഭിച്ച സമയത്ത് നഴ്‌സിങ് ജോലികളിൽ 38% സംവരണമാണ് ഏർപ്പെടുത്തിയത്.
നഴ്സിങ് മേഖലയിൽ ഇതിന്റെ തോത് 44 % ആയി ഉയർത്താൻ തീരുമാനിച്ചുവെന്നതാണ് മലയാളി നഴ്സുമാരുൾപ്പടെ ഇന്ത്യൻ നഴ്സിങ് മേഖലയിൽ പുതിയ ആശങ്കയ്ക്ക് കാരണമായത്.
എന്നാൽ, ഈ നയം നിലവിൽ ജോലി സാധ്യതകളെ ഉടനടി ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കോവിഡാന്തര ലോകത്ത് നഴ്‌സുമാർക്ക് കൂടുതൽ ആവശ്യകതയുണ്ടെന്ന് അവർ പറയുന്നു. “സൗദി ഏകദേശം 20 വർഷമായി തങ്ങളുടെ നയങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ
മലയാളി നഴ്‌സുമാർ മറ്റ് രാജ്യങ്ങളിലും അവസരങ്ങൾ തുറന്നുവന്നിട്ടുണ്ട്. കൂടാതെ, ഈ നയം നടപ്പിലാക്കാൻ കുറച്ച് സമയമെടുത്തേക്കാം എന്നതിനാൽ അവർ വിഷമിക്കേണ്ടതില്ല,” ഇന്ത്യയിലെ കുടിയേറ്റ പ്രവണതകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ഡെവലപ്‌മെന്റിന്റെ ചെയർപേഴ്‌സൺ ഡോ. ഇരുദയ രാജൻ അഭിപ്രായപ്പെട്ടു.
“സൗദിവൽക്കരണം ആരംഭിച്ചതുമുതൽ, എല്ലാ വർഷവും ചെറിയൊരു വിഭാഗം നഴ്‌സുമാരെ ഇത് ബാധിക്കുന്നുണ്ടായിരുന്നു. നഴ്സുമാരുടെ എണ്ണം നിയന്ത്രിക്കാനും നിലനിർത്താനും സർക്കാരിന് ഒരു സംവിധാനമുണ്ടെങ്കിലും, സൗദി അറേബ്യ നിലവിൽ നഴ്‌സുമാരുടെ കടുത്ത ക്ഷാമം നേരിടുന്നു. അതിനാൽ, പുതിയ നയം വലിയ സ്വാധീനം ചെലുത്തില്ല,” എന്ന് സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സായ സലീം പറഞ്ഞു.
സൗദി അറേബ്യ പുതിയ നയങ്ങളിലൂടെ ആരോഗ്യ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റ് നിർത്തിവച്ചിരിക്കുന്നതിനാൽ സൗദി മാനദണ്ഡങ്ങൾ പുതിയ അപേക്ഷകരെ ബാധിച്ചേക്കാമെന്ന് ഇന്ത്യൻ നഴ്‌സസ് അസോസിയേഷന്റെ കർണാടക യൂണിറ്റ് പ്രസിഡന്റ് രഞ്ജിത്ത് സ്കറിയ പറഞ്ഞു.
“സൗദി അറേബ്യ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിൽ നഴ്‌സുമാർ വീണ്ടും ജോലി അന്വേഷിക്കാൻ തുടങ്ങിയിരിക്കുന്നു. പുതിയ നയം പുതിയ അപേക്ഷകർക്കുള്ള തൊഴിലവസരങ്ങൾ കുറച്ചേക്കാം, പക്ഷേ നിലവിൽ സൗദിയിൽ ജോലി ചെയ്യുന്ന നഴ്‌സുമാരെ ഇത് ബാധിക്കില്ല. എന്നാൽ, നയപരമായ മാറ്റങ്ങൾ നഴ്‌സുമാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുകയും ശമ്പളം ചർച്ച ചെയ്യുകയും ചെയ്ത” തായി അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, ലോകമെമ്പാടുമുള്ള ആരോഗ്യ സംരക്ഷണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ തുറന്നിട്ടുണ്ട്, ഇത് യുവ നഴ്‌സുമാരുടെ പ്രതീക്ഷകൾ ഉയർത്തുന്നു.
“കുടിയേറ്റ പ്രവണത മാറിക്കൊണ്ടിരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള മാറ്റം സുഗമമാക്കാൻ ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്ന നിരവധി നഴ്‌സുമാർ സ്റ്റെപ്പ് മൈഗ്രേഷൻ ( ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനായി മറ്റിടങ്ങളിൽ ആദ്യ കുടിയേറ്റം നടത്തുന്ന രീതി) രീതി സ്വീകരിക്കുന്നുണ്ടെന്ന് ,” ഡോ. ഇരുദയ രാജൻ ചൂണ്ടിക്കാട്ടുന്നു.
യൂറോപ്യൻ രാജ്യങ്ങളിലേക്ക് മാറുന്ന നിരവധി നഴ്‌സുമാർക്ക് സൗദി അറേബ്യ ഒരു ഇടത്താവളം മാത്രമാണെന്ന് പറഞ്ഞുകൊണ്ട് സലിം ഇരുദയ രാജൻ ഉന്നയിച്ച വാദത്തെ അനുകൂലിച്ചു. “ആളുകൾ പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നു. പുതിയ നയം കേരളീയർക്ക് വലിയ ആശങ്കയുണ്ടാക്കില്ല. കോവിഡിന് ശേഷം നഴ്‌സുമാരുടെ ആവശ്യകത വളരെ കൂടുതലായതിനാൽ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തുടരും,” അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.
കാര്യങ്ങൾ നിലവിൽ അനുകൂലമായി നിൽക്കുകയാണെങ്കിലും നമ്മുടെ വിദ്യാഭ്യാസ നിലവാരം ഉയർന്ന നിലയിൽ നിലനിർത്തേണ്ടതിന് വളരെയധികം പ്രാധാന്യമുണ്ടെന്ന് ഇരുദയരാജൻ ചൂണ്ടിക്കാട്ടി. “നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ആരോഗ്യ സംരക്ഷണത്തിന്റെയും ആരോഗ്യ വിദ്യാഭ്യാസത്തിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതാണ്. സിലബസ് പതിവായി നവീകരിക്കുകയും ഗുണനിലവാരമുള്ള പരിശീലനം നൽകുകയും വേണം. നഴ്‌സുമാർക്ക് എല്ലായിടത്തും ആവശ്യക്കാരുണ്ട്,” അദ്ദേഹം പറഞ്ഞു.
Recent Comments