പെണ്‍വരകള്‍ ചന്തം ചാര്‍ത്തി കേരള പാഠാവലി; നാലാം ക്ലാസില്‍ പുതു ചരിത്രം

പെണ്‍വരകള്‍ ചന്തം ചാര്‍ത്തി കേരള പാഠാവലി; നാലാം ക്ലാസില്‍ പുതു ചരിത്രം

തിരുവനന്തപുരം: ഇത്തവണ നാലാം ക്ലാസിലെ കേരള പാഠാവലി കുട്ടികള്‍ക്ക് മുമ്പിലെത്തുന്നത് ചരിത്രം രചിച്ചുകൊണ്ടാണ്. കാലങ്ങളായി പുരുഷാധിപത്യം നിലനിന്നിരുന്ന പാഠപുസ്തക ചിത്രരചനാ രംഗത്ത് പുതുചരിത്രം രചിച്ചുകൊണ്ടാണ് ഈ പാഠപുസ്തകം എത്തുന്നത്. ഇതിലെ എല്ലാ ചിത്രങ്ങളും വരച്ചിരിക്കുന്നത് സ്ത്രീകളും വിദ്യാര്‍ത്ഥിനികളും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.

പാഠപുസ്തകത്തിലെ ഓരോ ചിത്രവും കുട്ടികളുടെ ഭാവനയെ തൊട്ടുണര്‍ത്തുന്നതും അവരുടെ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. ചിത്രങ്ങളുടെ വൈവിധ്യം എടുത്തുപറയേണ്ടതാണെന്നും ഓരോ ആശയവും ഭംഗിയായി അവതരിപ്പിക്കാന്‍ വ്യത്യസ്ത ശൈലികളും വര്‍ണ്ണങ്ങളും ഉപയോഗിച്ചിരിക്കുന്നുവെന്നും മന്ത്രി പറയുന്നു.

ചിത്രീകരണങ്ങള്‍ കുട്ടികളുടെ പ്രായവും മാനസികാവസ്ഥയും പൂര്‍ണ്ണമായി പരിഗണിച്ചുകൊണ്ടാണ് തയ്യാറാക്കിയിട്ടുള്ളത്. ഇത് പഠനത്തെ കൂടുതല്‍ ആസ്വാദ്യകരവും ലളിതവുമാക്കാന്‍ സഹായിക്കുമെന്ന് കരുതുന്നു. ചിത്രമെഴുതിയ പ്രതിഭകളെയും, ഈ ചരിത്രപരമായ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും, പാഠപുസ്തക നിര്‍മ്മാണ സമിതി അംഗങ്ങളെയും ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. സ്ത്രീ മുന്നേറ്റത്തിന്റെയും തുല്യതയുടെയും പാതയില്‍ ഇതൊരു നാഴികക്കല്ലാണ്, വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഒന്ന് മയങ്ങിപ്പോയി, അത്രയല്ലേ ചെയ്തുള്ളൂ!; യാത്രക്കാരുടെ ക്ഷമ പരീക്ഷിച്ച് ഗേറ്റ്മാന്‍

ഒന്ന് മയങ്ങിപ്പോയി, അത്രയല്ലേ ചെയ്തുള്ളൂ!; യാത്രക്കാരുടെ ക്ഷമ പരീക്ഷിച്ച് ഗേറ്റ്മാന്‍

കാസര്‍കോട്: തൃക്കരിപ്പൂരില്‍ ഗേറ്റ്മാന്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു. തീവണ്ടി കടന്നുപോയി അരമണിക്കൂര്‍ കഴിഞ്ഞിട്ടും ഗേറ്റ് തുറക്കാഞ്ഞതോടെ യാത്രക്കാര്‍ ചെന്നുനോക്കിയപ്പോഴാണ് ഗേറ്റ്മാന്‍ ഉറങ്ങുന്നത് കണ്ടത്. വിളിച്ചുണര്‍ത്തി ഗേറ്റ് തുറന്നതോടെയാണ് ഗതാഗതക്കുരുക്ക് ഒഴിഞ്ഞത്.

ഗേറ്റ്മാനെ കാണാതെ വാഹനങ്ങള്‍ തുടരെത്തുടരെ ഹോണ്‍ മുഴക്കി. ഒടുവില്‍ ക്ഷമനശിച്ച യാത്രക്കാര്‍ ഗേറ്റ് കാബിനില്‍ ചെന്നുനോക്കിയപ്പോഴാണ് സുഖമായി ഉറങ്ങുന്ന ഗേറ്റ്മാനെ കണ്ടത്. തൃക്കരിപ്പൂര്‍ ബീരിച്ചേരി റെയില്‍വേ ഗേറ്റില്‍ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് യാത്രക്കാരുടെ ക്ഷമ പരീക്ഷിച്ച സംഭവം. മംഗളൂരുവില്‍ നിന്ന് കാച്ചിഗുഡെയിലേക്കുള്ള എക്‌സ്പ്രസ് തീവണ്ടി പോകാനാണ് രാത്രി 9.35 ഓടേ ബീരിച്ചേരി ഗേറ്റ് അടച്ചത്. തീവണ്ടി കടന്നുപോയിട്ടും ഗേറ്റ് തുറന്നില്ല. വീണ്ടും തീവണ്ടി പോകാനുണ്ടെന്ന് കരുതി യാത്രക്കാരും കാത്തിരുന്നു. എന്നാല്‍ കാത്തിരിപ്പ് നീണ്ടു. ഗേറ്റിനിരുവശവും വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. കാത്തിരിപ്പ് അരമണിക്കൂര്‍ നീണ്ടു.

എസി ബസ് ബുക്ക് ചെയ്തു, വന്നത് നോണ്‍ എസി; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മന്ത്രിക്ക് പരാതി

എസി ബസ് ബുക്ക് ചെയ്തു, വന്നത് നോണ്‍ എസി; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മന്ത്രിക്ക് പരാതി

തൃശൂര്‍: എസി ബസ് ബുക്ക് ചെയ്തപ്പോള്‍ വന്നത് നോണ്‍ എസി. സ്വിഫ്റ്റ് എയര്‍ബസ് ബുക്ക് ചെയ്തപ്പോള്‍ ഫാസ്റ്റ് പാസഞ്ചറും. 2 സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തെ രണ്ടുതവണയായി പാതിരാത്രിക്ക് കെഎസ്ആര്‍ടിസി കാത്ത് നിര്‍ത്തിയത് നാലര മണിക്കൂറോളം.

ചാലക്കുടി കൂടപ്പുഴ ചേനോത്തുപറമ്പില്‍ ഷെയ്ഖ് സാഹിലും ഭാര്യയും സഹോദരന്റെ മകളും അടങ്ങിയ കുടുംബത്തെയാണ് വയനാട്ടിലേക്കും തിരികെയുമുള്ള യാത്രയില്‍ കെഎസ്ആര്‍ടിസി വലച്ചത്. രണ്ടുതവണയും പാതിരാത്രിക്കു മണിക്കൂറോളം കാത്തുനിര്‍ത്തി. ബുക്ക് ചെയ്ത ബസിന്റെ ചാര്‍ജ് മടക്കിത്തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ നേരിട്ടു നല്‍കാന്‍ നിവൃത്തിയില്ലെന്നും അക്കൗണ്ടിലേക്കു വരുന്നതുവരെ കാത്തിരിക്കാനുമാണ് കണ്ടക്ടര്‍മാരുടെ മറുപടി.

സഹോദരന്റെ മകളെ വയനാട്ടിലെ വീട്ടിലേക്കു കൊണ്ടുപോകാന്‍ സുഖമില്ലാത്ത ഭാര്യയെയും കൂട്ടി 8നു രാത്രി 11നാണ് ചാലക്കുടിയില്‍ ബസ് കാത്തുനിന്നത്. എസി ബസിന് 1736 രൂപ ബുക്കിങ് ചാര്‍ജ് അടച്ചു. ചാലക്കുടിയില്‍ എത്തിയതാകട്ടെ നോണ്‍ എസി ബസ്. അതും 3 മണിക്കൂര്‍ വൈകി പുലര്‍ച്ചെ 2ന്. തിരികെ കല്‍പറ്റയില്‍നിന്ന് ചാലക്കുടിയിലേക്കു 12നു രാത്രി 9.15നു ബുക്ക് ചെയ്ത സ്വിഫ്റ്റ് എയര്‍ ബസിനു പകരം വന്നത് ഫാസ്റ്റ് പാസഞ്ചറും. ഒന്നര മണിക്കൂര്‍ കഴിഞ്ഞ് രാത്രി 10.45ന് ആണ് ബസ് എത്തിയത്.

ബുക്ക് ചെയ്ത ബസ് മാറിയതിനെക്കുറിച്ച് കണ്ടക്ടറോട് പരാതി അറിയിച്ചപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടു പറഞ്ഞ് പരിഹരിക്കാനായിരുന്നു മറുപടി. വളരെ മോശമായിട്ടായിരുന്നു ജീവനക്കാരുടെ പെരുമാറ്റമെന്ന് ഷെയ്ഖ് സാഹില്‍ പറഞ്ഞു. സംഭവത്തില്‍ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് മന്ത്രി കെ ബി ഗണേഷ്‌കുമാറിനും മാനേജിങ് ഡയറക്ടര്‍ക്കും പരാതി കൊടുത്തിരിക്കുകയാണ് ഷെയ്ഖ് സാഹില്‍.

മുന്‍ ബിഗ് ബോസ് താരം സിബിന്‍റേയും ആര്യയുടേയും വിവാഹം ഉടന്‍

മുന്‍ ബിഗ് ബോസ് താരം സിബിന്‍റേയും ആര്യയുടേയും വിവാഹം ഉടന്‍

മലയാളികൾക്ക് ഏറെ സുപരിചിതരായ രണ്ട് പേരാണ് ആര്യ ബഡായിയും സിബിൻ ബഞ്ചമിനും. നടിയും അവതരാകയും ഒക്കെയായ ആര്യയെ സ്വന്തം വീട്ടിലെ ആളേ പോലെയാണ് മലയാളികൾ കാണുന്നതും. കഴിഞ്ഞ ബി​ഗ് ബോസിൽ മത്സരാർത്ഥിയായി എത്തി ഒരു കൂട്ടം ആരാധകരെ സ്വന്തമാക്കിയ ആളാണ് ഡിജെ കൂടിയായ സിബിൻ. വിജയിക്കുമെന്ന് ഏവരും വിധിയെഴുതിയ സിബിൻ പകുതിയിൽ വച്ച് ഷോ അവസാനിപ്പിക്കുകയായിരുന്നു.

ആര്യയും മുൻ ബി​ഗ് ബോസ് മത്സരാർത്ഥിയാണ്. കഴിഞ്ഞ ദിവമാണ് സിബിനും ആര്യയും വിവാഹിതരാകാൻ പോകുന്നുവെന്ന വിവരം പുറത്തുവന്നത്. നിശ്ചയം കഴിഞ്ഞ വിവരം ഇരുവരും സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. സിബിൻേയും ആര്യയുടേയും രണ്ടാം വിവാഹം കൂടിയാണ്. സിബിന് റയാൻ എന്ന മകനും ആര്യയ്ക്ക് ഖുഷി എന്ന മകളുമുണ്ട്. വിവാഹ നിശ്ചയ വിവരം പുറത്തുവന്നതിന് പിന്നാലെ മകൾ ഈ ബന്ധത്തിൽ സന്തുഷ്ടയാണോ എന്ന് ചോ​ദ്യത്തിന് ആര്യ നൽകിയ മറുപടി ശ്രദ്ധനേടുകയാണ്.

ക്യു ആൻഡ് എ സെക്ഷനിൽ ആയിരുന്നു ആര്യയുടെ പ്രതികരണം. ‘ഖുഷിക്ക് സുഖമാണോ? നിങ്ങളുടെ ബന്ധത്തിൽ അവൾ സന്തുഷ്ടയാണോ?’, എന്നായിരുന്നു ഒരാളുടെ ചോ​ദ്യം. ഇതിന് സിബിനും മകൾക്കുമൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് ആര്യ മറുപടി നൽകിയത്. ഒപ്പം നിങ്ങൾക്ക് എന്ത് തോന്നുന്നു എന്നും ആര്യ ചോ​ദിക്കുന്നു. അതേസമയം, ആര്യയുടെയും സിബിന്റേയും രജിസ്റ്റർ മാര്യേജിന്റെ അപേക്ഷ ഫോം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇരുവരും തമ്മിൽ ഒരു വയസിന്റെ വ്യത്യാസമുണ്ട്. ആര്യയ്ക്ക് 34ഉം സിബിന് 33ഉം ആണ് പ്രായം. കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിലാണ് വിവാഹം ന‍ടക്കുക. വിവാഹം ഉടനുണ്ടെന്ന് ആര്യ കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു.

അഖിലേന്ത്യാ പണിമുടക്ക് ജൂലൈ ഒമ്പതിലേയ്ക്ക് മാറ്റി

അഖിലേന്ത്യാ പണിമുടക്ക് ജൂലൈ ഒമ്പതിലേയ്ക്ക് മാറ്റി

ന്യൂഡല്‍ഹി: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ 20ന് നടത്താന്‍ തീരുമാനിച്ച അഖിലേന്ത്യാ പണിമുടക്ക് മാറ്റിവെച്ചു. ജൂലൈ ഒമ്പതിലേക്കാണ് പണിമുടക്ക് മാറ്റിവച്ചത്. രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം എന്ന്‌ സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയായിരുന്നു സംയുക്ത ട്രേഡ് യൂണിയനുകള്‍ അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചത്.

14 ദേശീയ ട്രേഡ് യൂണിയനുകളും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളും, ബാങ്ക് ഇന്‍ഷുറന്‍സ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകളും ചേര്‍ന്നാണ്, ദേശീയ പണിമുടക്കിനാഹ്വാനം നല്‍കിയിരിക്കുന്നത്. രാജ്യം ഗുരുതരമായ സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോഴുംപിന്തിരിപ്പന്‍ തൊഴില്‍ കോഡുകള്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് സിഐടിയു ചൂണ്ടിക്കാട്ടി.