by Midhun HP News | May 15, 2025 | Latest News, ദേശീയ വാർത്ത
ഡൽഹി: വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബിആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബഞ്ചാണ് ഹർജികൾ പരിഗണിക്കുക.
സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് നേരത്തെ കേസുകൾ കേട്ടിരുന്നത്. നിയമഭേദഗതി സ്റ്റേ ചെയ്യണമെന്ന അപേക്ഷയിൽ കൂടുതൽ വാദം കേൾക്കണമെന്നു ചൂണ്ടിക്കാട്ടി പുതിയ ചീഫ് ജസ്റ്റിസ് പരിഗണിക്കട്ടേയെന്നു സഞ്ജീവ് ഖന്ന നേരത്തെ നിശ്ചയിച്ചാണ് ഇന്നത്തേക്ക് വാദം മാറ്റിയത്.
തമിഴ്നാട്ടിലെ ഒരു ഗ്രാമം വഖഫ് ഭൂമിയാണെന്നു പ്രഖ്യാപിച്ചതിനെതിരെ പ്രദേശവാസി കക്ഷി ചേരാൻ നൽകിയ അപേക്ഷ ചീഫ് ജസ്റ്റിസിനു മുൻപാകെ എത്തും. തമിഴ്നാട്ടിലെ 300 ഏക്കറിലധികം വിസ്തൃതിയുള്ള തിരുച്ചെന്തുറൈ ഗ്രാമം മുഴുവൻ തങ്ങളുടെ സ്വത്താണെന്ന് അവകാശപ്പെട്ടാണ് വഖഫ് ബോർഡ് നേരത്തെ രംഗത്തെത്തിയത്. ജാമിയത്ത് നേതാവ് സമർപ്പിച്ച റിട്ട് ഹർജിയിൽ ഇടപെടൽ ആവശ്യപ്പെട്ടാണ് പ്രദേശവാസി അപേക്ഷ നൽകിയത്. വഖഫ് ഭൂമി മാറ്റരുത്, വഖഫ് കൗൺസിൽ, ബോർഡ് എന്നിവയിലേക്ക് നിയമനം നടത്തരുത് തുടങ്ങിയ നിർദ്ദേശങ്ങളും കോടതി നേരത്തെ നൽകിയിരുന്നു.
by Midhun HP News | May 15, 2025 | Latest News, ദേശീയ വാർത്ത
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. പുല്‍വാമ ജില്ലയിലെ ത്രാലില്‍ നാദിര്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ജയ്ഷ് ഇ മുഹമ്മദ് പ്രവര്‍ത്തകരായ, കശ്മീര്‍ സ്വദേശികളായ ആസിഫ് ഷെയ്ഖ്, അമീര്‍ നാസിര്‍ വാനി, യാവാര്‍ അഹമ്മദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ 48 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ തവണയാണ് ഭീകരരെ സൈന്യം വധിക്കുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്.
കഴിഞ്ഞ ചൊവ്വാഴ്ച കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് ലഷ്‌കര്‍ ഭീകരരെ കൊലപ്പെടുത്തിയിരുന്നു. ഇവരില്‍ നിന്നും ആയുധങ്ങളും പണവും അടക്കം പിടികൂടിയിരുന്നു. ഇതേത്തുടര്‍ന്ന് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടാകാം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിവരികയായിരുന്നു.
by Midhun HP News | May 15, 2025 | Latest News, കേരളം
മലപ്പുറം: മലപ്പുറം കാളികാവില്‍ യുവാവിനെ പുലി കടിച്ചുകൊന്നു. ടാപ്പിങ്ങിനിടെ ഉള്‍ക്കാട്ടിലേക്ക് കടിച്ചുകൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ടാപ്പിങ് തൊഴിലാളിയായ ഗഫൂറാണ് മരിച്ചത്.
പുലര്‍ച്ചെയാണ് ടാപ്പിങ് തൊഴിലാളികള്‍ക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായത്. ഗഫൂറിന്റെ കഴുത്തില്‍ കടിച്ച് പുലി ഉള്‍ക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. വനത്തോടു ചേര്‍ന്നുള്ള തോട്ടത്തില്‍ ടാപ്പിങ് നടത്തുന്നതിനിടെയായിരുന്നു പുലിയുടെ ആക്രമണം.
കരുവാരക്കുണ്ടുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് കാളിയാര്‍. ഇത് ഒരു ഉള്‍പ്രദേശമാണ്. റോഡില്‍ നിന്ന് അഞ്ചാറു കിലോമീറ്റര്‍ ഉള്ളിലുള്ള പ്രദേശമാണിത്. വാഹനസൗകര്യം ഉള്ള സ്ഥലമല്ല. പെട്ടെന്നായിരുന്നു പുലിയുടെ ആക്രമണം ഉണ്ടായത് എന്ന് മറ്റു ടാപ്പിങ് തൊഴിലാളികള്‍ പറയുന്നു. പുലിയുടെ ആക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ട മറ്റു തൊഴിലാളികളാണ് വിവരം അധികൃതരെ അറിയിച്ചത്.
പൊലീസും നാട്ടുകാരും ചേര്‍ന്ന് ഒന്നരമണിക്കൂറോളം നേരം തിരഞ്ഞ ശേഷം ഗഫൂറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വന്യജീവി ശല്യമുള്ള പ്രദേശമാണിത്. എന്നാല്‍ അടുത്തിടെ ഒരാളെ വന്യമൃഗം ആക്രമിച്ച് കൊലപ്പെടുത്തുന്നത് ഇതാദ്യമായാണ്.സംഭവത്തില്‍ നാട്ടുകാരുടെ ഭാഗത്ത് നിന്ന് വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പുലിയുടെ സാന്നിധ്യം സംബന്ധിച്ച് നിരവധി തവണ വനംവകുപ്പിനെ വിവരം അറിയിച്ചിരുന്നു. എന്നാല്‍ ഫലപ്രദമായ ഇടപെടല്‍ ഉണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
by Midhun HP News | May 15, 2025 | Latest News, കേരളം
തിരുവനന്തപുരം: ഇന്ത്യന്‍ സൈന്യത്തില്‍ നിന്നു കുതിരകളെ എത്തിക്കാനുള്ള കേരള പൊലീസിന്റെ ശ്രമങ്ങള്‍ ഒടുവില്‍ വിജയം കണ്ടു. രണ്ട് വര്‍ഷത്തെ കടലാസ് ജോലികളും രാഷ്ട്രപതിയുടെ അംഗീകാരം നേടല്‍ അടക്കമുള്ള വെല്ലുവിളികള്‍ക്കെല്ലാം ഒടുവിലാണ് ശ്രമം ഫലവാത്തായത്.
തിരുവനന്തപുരം സിറ്റി പോലീസിന് കീഴിലാണ് കേരള പൊലീസിലെ ഏക കുതിരസേനയുള്ളത്. സൈന്യത്തിന്റെ റീമൗണ്ട് വെറ്ററിനറി കോര്‍പ്‌സില്‍ (ആര്‍വിസി) നിന്ന് മൂന്ന് കുതിരകളെ രണ്ടാഴ്ചയ്ക്കുള്ളില്‍ ലഭിക്കും. ഇതാദ്യമായാണ് സൈന്യത്തില്‍ നിന്ന് നേരിട്ട് കുതിരകളെ ലഭിക്കുന്നത്. ഓരോ കുതിരയ്ക്കും 6 മുതല്‍ 8 ലക്ഷം രൂപ വരെയാണ് വില.
സൈന്യത്തില്‍ നിന്ന് എട്ട് കുതിരകളെ വാങ്ങാനായി പൊലീസ് തുടക്കത്തില്‍ 54 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഉയര്‍ന്ന ഡിമാന്‍ഡ് കാരണം മൂന്ന് മുതല്‍ നാല് വയസ് വരെ പ്രായമുള്ള മൂന്ന് കുതിരകളെ മാത്രം വില്‍ക്കാനാണ് സൈന്യം ഇപ്പോള്‍ അനുമതി നല്‍കിയിട്ടുള്ളത്.
ഉത്തര്‍പ്രദേശിലെ സഹാറന്‍പുരിലുള്ള റീമൗണ്ട് ഡിപ്പോ ആന്‍ഡ് ട്രെയിനിങ് സ്‌കൂളില്‍ പരിശീലനം നേടിയ കുതിരകളെയാണ് പുതിയതായി എത്തിക്കുന്നത്. അവയെ ട്രെയിന്‍ വഴിയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടു വരുന്നത്. പരിശീലനം ലഭിച്ച പൊലീസുകാരും ഒപ്പമുണ്ടാകും. കുതിരകള്‍ക്കു പുതിയ കാലാവസ്ഥയുമായി പൊരുത്തുപ്പെടാന്‍ കുറച്ചു ദിവസങ്ങള്‍ വേണ്ടി വരും. പരിശീലനത്തിനു ശേഷം ഔദ്യോഗികമായി സേനയുടെ ഭാഗമാക്കും. നിലവില്‍ സൈന്യത്തിന്റെ പരിശീലനം ലഭിച്ചവയാണ് എത്തുന്നതെങ്കിലും പെരുമാറ്റമടക്കം നിരീക്ഷിച്ച് പുതിയ ദൗത്യങ്ങള്‍ക്കായി വിനിയോഗിക്കും.
കൊളോണിയല്‍ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് പൊലീസിലെ കുതിരപ്പട. രാത്രി പട്രോളിങ്, പരേഡുകള്‍, മറ്റ് ചടങ്ങുകള്‍ എന്നിവയ്ക്കാണ് ഇവയെ പൊലീസ് സേന ഉപയോഗിക്കുന്നത്.
അടുത്ത ഏഴോ, എട്ടോ മാസത്തിനുള്ളില്‍ സൈന്യത്തില്‍ നിന്നുള്ള അടുത്ത ബാച്ച് ത്രോബെഡ് കുതിരകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സൈനിക കുതിരകള്‍ക്ക് ആവശ്യക്കാരേറെയാണ്. പല സംസ്ഥാനങ്ങളും അവയെ സ്വന്തമാക്കാനായി രംഗത്തുണ്ട്. കേരള പൊലീസിലേക്ക് പുതിയതായി ഇനി അഞ്ച് കുതിരകളെ കൂടി ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ സ്വകാര്യ കുതിരാലയങ്ങളില്‍ നിന്നു കൊണ്ടു വന്ന വിദേശ ഇനങ്ങളായ രണ്ട് ത്രോബെഡ് കുതിരകള്‍ക്കു പുറമെ കത്തിയവാരി, മാര്‍വാരി ഇനങ്ങളും യൂനിറ്റിലുണ്ട്. നിലവില്‍ 11 കുതിരകളാണ് സേനയിലുള്ളത്. 41 ജീവനക്കാരാണ് കുതിരകളെ സംരക്ഷിക്കാന്‍ വേണ്ടത്. അതില്‍ നിരവധി തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്.
by Midhun HP News | May 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: 2025-26 അധ്യയനവര്‍ഷത്തെ എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേയ്ക്ക് നടന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സ്‌കോര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്‌സൈറ്റില്‍ (www.cee.kerala.gov.in) സ്‌കോര്‍ ലഭ്യമാണ്.
ഏപ്രില്‍ 23 മുതല്‍ 29 വരെ കേരളത്തിലെ 134 പരീക്ഷാ കേന്ദ്രങ്ങളിലായി 192 വെന്യൂകളിലായാണ് പരീക്ഷ നടന്നത്.ഡല്‍ഹി, മുംബൈ,ചെന്നൈ,ബംഗളൂരു,ദുബായ് എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരുന്നു. കേരളത്തില്‍ നിന്ന് 85,296 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ദുബായില്‍ നിന്നുമായി 1105 പേരുമാണ് എന്‍ജിനിയറിങ് പ്രവേശന പരീക്ഷയെഴുതിയത്.
കേരളത്തില്‍ 33,304 പേരും മറ്റ് സ്ഥലങ്ങളില്‍ നിന്ന് 111 പേരും ഫാര്‍മസി കോഴ്‌സിനായുള്ള പരീക്ഷയെഴുതി. 2024 മുതലാണ് എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.
Recent Comments