സിബിഎസ്ഇ പത്താം ക്ലാസ് ഫലം പുറത്ത്, 93.66 ശതമാനം വിജയം; തിരുവനന്തപുരം മുന്നില്‍

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പുറത്ത്, 93.66 ശതമാനം വിജയം; തിരുവനന്തപുരം മുന്നില്‍

ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസിന് പിന്നാലെ സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷാഫലവും പ്രഖ്യാപിച്ചു. 93.66 ശതമാനമാണ് വിജയശതമാനം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ 0.06 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായി സിബിഎസ്ഇ അറിയിച്ചു. cbse.gov.in , results.cbse.nic.in എന്നി വെബ്‌സൈറ്റുകള്‍ വഴി പരീക്ഷാഫലം അറിയാനുള്ള ക്രമീകരണമാണ് സിബിഎസ്ഇ ഒരുക്കിയിരിക്കുന്നത്. ആപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തീയതി എന്നി ലോഗിന്‍ വിവരങ്ങള്‍ നല്‍കി ഫലം നോക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം.

പന്ത്രണ്ടാം ക്ലാസിന് സമാനമായി പത്താം ക്ലാസിലും പെണ്‍കുട്ടികള്‍ തന്നെയാണ് തിളങ്ങിയത്. വിജയശതമാനത്തില്‍ 2.37 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 95 ശതമാനം പെണ്‍കുട്ടികളും പരീക്ഷയില്‍ വിജയം കണ്ടതായും സിബിഎസ്ഇ അറിയിച്ചു.

മേഖലാടിസ്ഥാനത്തില്‍ തിരുവനന്തപുരമാണ് മുന്നില്‍. 99.79 ശതമാനമാണ് വിജയം. വിജയവാഡയാണ് തൊട്ടുപിന്നില്‍. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ വിജയവാഡയായിരുന്നു ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരമാണ്.

ആറ്റിങ്ങൽ സർഗ്ഗ ആർട്സ് & സ്പോർട്സ് സെൻ്ററും അമർ ആശുപത്രിയും സംയുക്തമായി ചെസ് മത്സരം സംഘടിപ്പിച്ചു

ആറ്റിങ്ങൽ സർഗ്ഗ ആർട്സ് & സ്പോർട്സ് സെൻ്ററും അമർ ആശുപത്രിയും സംയുക്തമായി ചെസ് മത്സരം സംഘടിപ്പിച്ചു

ആറ്റിങ്ങൽ സർഗ്ഗ ആർട്സ് & സ്പോർട്സ് സെൻ്ററും അമർ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ചെസ് മത്സരത്തിൻ്റെ സമാപന സമ്മേളനം ടൗൺ യു പി സ്കൂളിൽ വച്ച് ആറ്റിങ്ങൽ സബ് ഇൻസ്പെക്ടർ ജിഷ്ണു ഉദ്ഘാടനം ചെയ്തു.

സർഗ്ഗ സെക്രട്ടറി സുരേഷ് ബാബു കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ സർഗ്ഗ പ്രസിഡൻ്റ് ശശിധരൻ നായർ അധ്യക്ഷൻ ആയിരുന്നു. ആറ്റിങ്ങൽ അമർ ആശുപത്രി എം.ഡി ഡോ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ലോക കേഡറ്റ് ചെസ് ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ സ്വർണ്ണം നേടിയ ദിവി ബിജേഷ്, ഐ.എഫ് എസ് നേടിയ ബി.എൻ.നാഗരാജ്, ചെസ് മാസ്റ്റർ പി. ആർ. ജയചന്ദ്രൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ചെസ് മത്സരത്തിലെ സബ് ജൂനിയർ, ജൂനിയർ വിഭാഗത്തിലെ വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും നൽകി. ചടങ്ങിൽ എത്തിയവർക്ക് അപർണ്ണ നന്ദി പറഞ്ഞു.

പഞ്ചാബില്‍ വിഷമദ്യദുരന്തം: 14 പേര്‍ മരിച്ചു, നിരവധിപ്പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

പഞ്ചാബില്‍ വിഷമദ്യദുരന്തം: 14 പേര്‍ മരിച്ചു, നിരവധിപ്പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ചണ്ഡീഗഡ്: പഞ്ചാബില്‍ വിഷമദ്യദുരന്തത്തില്‍ 14 പേര്‍ മരിച്ചു. ആറുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്നതായി പഞ്ചാബ് അധികൃതര്‍ അറിയിച്ചു. മദ്യം നല്‍കിയ ആളടക്കം നാലുപേരെ പൊലീസ് പിടികൂടി. അമൃത്സറിലെ മജിതയിലാണ് സംഭവം. സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും നല്‍കുന്നതായും വിതരണക്കാരെ അറസ്റ്റ് ചെയ്തതായും അമൃത്സര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സാക്ഷി സാവ്‌നി പറഞ്ഞു.

‘മജിതയില്‍ ഒരു നിര്‍ഭാഗ്യകരമായ ദുരന്തം സംഭവിച്ചു. ഇന്നലെ രാത്രിയില്‍ 5 ഗ്രാമങ്ങളില്‍ നിന്ന് മദ്യം കഴിച്ചവരുടെ നില ഗുരുതരമാണെന്ന് ഞങ്ങള്‍ക്ക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ഞങ്ങള്‍ മെഡിക്കല്‍ ടീമുകളെ ഉടന്‍ തന്നെ അയച്ചു. ഞങ്ങളുടെ മെഡിക്കല്‍ ടീമുകള്‍ ഇപ്പോഴും വീടുതോറും കയറിയിറങ്ങുന്നുണ്ട്. ആളുകള്‍ക്ക് എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവരെ രക്ഷിക്കാന്‍ ഞങ്ങള്‍ അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. ഇതുവരെ 14 പേര്‍ മരിച്ചു. സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും നല്‍കുന്നു.വിതരണക്കാരെ ഞങ്ങള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്, കൂടുതല്‍ അന്വേഷണം നടക്കുന്നു’- സാക്ഷി സാവ്‌നി പറഞ്ഞു

ബിരുദ പരീക്ഷ കഴിഞ്ഞ് അടുത്ത പ്രവൃത്തി ദിവസം ഫലം വന്നു; റെക്കോര്‍ഡ് വേഗത്തില്‍ എംജി സര്‍വകലാശാല

ബിരുദ പരീക്ഷ കഴിഞ്ഞ് അടുത്ത പ്രവൃത്തി ദിവസം ഫലം വന്നു; റെക്കോര്‍ഡ് വേഗത്തില്‍ എംജി സര്‍വകലാശാല

കോട്ടയം: ബിരുദ പരീക്ഷ കഴിഞ്ഞ് തൊട്ടടുത്ത ദിവസം പ്രവൃത്തി ദിവസം ഫലം പ്രസിദ്ധീകരിച്ച് മഹാത്മാഗാന്ധി സര്‍വകലാശാല. ഏപ്രില്‍, മേയ് മാസങ്ങളില്‍ നടന്ന ആറാം സെമസ്റ്റര്‍ റെഗുലര്‍ ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബിടിടിഎം, ബിഎസ്എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ചത്.

ഈവര്‍ഷം സംസ്ഥാനത്ത് അവസാനവര്‍ഷ ബിരുദഫലം ആദ്യം പ്രസിദ്ധീകരിക്കുന്നത് എംജി സര്‍വകലാശാലയാണ്. ആറാം സെമസ്റ്റര്‍ വിജയശതമാനം 76.70 ആണ്. ഒന്‍പത് കേന്ദ്രങ്ങളിലായി നടന്ന മൂല്യനിര്‍ണയ ക്യാംപുകളില്‍ ഒന്നര ലക്ഷത്തോളം ഉത്തരക്കടലാസുകളുടെ പരിശോധന കഴിഞ്ഞ ഏഴാംതീയതി അവസാനിച്ചു.

ഒന്‍പതാം തീയതിയാണ് അവസാന സെമസ്റ്റര്‍ വൈവ വോസി പരീക്ഷകള്‍ പൂര്‍ത്തിയായത്.കൃത്യമായ ആസൂത്രണവും ചിട്ടയായ പ്രവര്‍ത്തനവുമാണ് റെക്കോഡ് വേഗത്തില്‍ ഫലപ്രഖ്യാപനം നടത്താന്‍ സഹായകമായതെന്ന് പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റി കണ്‍വീനര്‍ ഡോ. ജോജി അലക്‌സ് പറഞ്ഞു.

2023ല്‍ പരീക്ഷ കഴിഞ്ഞ് പതിനാലാം ദിവസവും 2024-ല്‍ പത്താംദിവസവും സര്‍വകലാശാല അവസാനവര്‍ഷ ബിരുദഫലം പ്രസിദ്ധീകരിച്ചിരുന്നു. അധ്യാപകരും ജീവനക്കാരും അവധിദിവസങ്ങളില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചാണ് ഈ കാലയളവ് വീണ്ടും മെച്ചപ്പെടുത്തിയത്. നാലുവര്‍ഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളുടെ ഒന്നാംസെമസ്റ്റര്‍ പരീക്ഷാഫലം മൂന്നാംദിവസം പ്രസിദ്ധീകരിച്ചിരുന്നു.ആറാംസെമസ്റ്റര്‍ പരീക്ഷയ്ക്ക് തൊട്ടുമുന്‍പുനടന്ന അനുബന്ധ സപ്ലിമെന്ററി പരീക്ഷാഫലങ്ങള്‍കൂടി ഉള്‍പ്പെടുത്തി സമഗ്രമായ ഫലമാണ് പ്രസിദ്ധീകരിച്ചതെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.എം. ശ്രീജിത്ത് അറിയിച്ചു.

മൂല്യനിര്‍ണയം ചിട്ടയോടെ പൂര്‍ത്തീകരിച്ച അധ്യാപകര്‍, ക്യാമ്പുകള്‍ക്ക് മേല്‍നോട്ടം വഹിച്ചവര്‍, ഏകോപനച്ചുമതല നിര്‍വഹിച്ച സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, പരീക്ഷാ കണ്‍ട്രോളര്‍, ഐ.ടി, പരീക്ഷാ വിഭാഗങ്ങളിലെ ജീവനക്കാര്‍ എന്നിവരെ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ അഭിനന്ദിച്ചു.പരീക്ഷാഫലം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ (www.mgu.ac.in) ലഭിക്കും.

മന്ത്രി ആര്‍ ബിന്ദുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷ പൂര്‍ത്തിയായി, തൊട്ടടുത്ത പ്രവൃത്തിദിവസം തന്നെ ഫലം പ്രസിദ്ധീകരിച്ച് മഹാത്മാഗാന്ധി സര്‍വ്വകലാശാല മാതൃക കാട്ടിയിരിക്കുകയാണ്.

ഈ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടന്ന ആറാം സെമസ്റ്റര്‍ റെഗുലര്‍ ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബിടിടിഎം, ബിഎസ്എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് മെയ് 12ന് സര്‍വ്വകലാശാല പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്ത് ഈ വര്‍ഷം അവസാന സെമസ്റ്റര്‍ ഫലം ഏറ്റവുമാദ്യം പ്രസിദ്ധീകരിക്കുന്ന സര്‍വ്വകലാശാലയായും എം.ജി മാറിയിരിക്കുന്നു. അഭിമാനകരമായ മികവ്.

ഒമ്പത് കേന്ദ്രങ്ങളിലായി നടന്ന മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായാണ് ഒന്നര ലക്ഷത്തോളം ഉത്തരക്കടലാസുകളുടെ പരിശോധന പൂര്‍ത്തിയാക്കിയത്. മെയ് ഏഴിന് മൂല്യനിര്‍ണ്ണയം അവസാനിച്ചു. മെയ് ഒമ്പതിന് അവസാന സെമസ്റ്റര്‍ വൈവ വോസി പരീക്ഷകളും പൂര്‍ത്തിയാക്കി. ആറാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് തൊട്ടു മുന്‍പു നടന്ന അനുബന്ധ സപ്ലിമെന്ററി പരീക്ഷാ ഫലങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സമഗ്രമായ ഫലമാണ് ഇപ്പോള്‍ സര്‍വ്വകലാശാല പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കൃത്യമായ ആസൂത്രണം, ചിട്ടയായ പ്രവര്‍ത്തനം – റെക്കോര്‍ഡ് വേഗത്തിലുള്ള ഫലപ്രഖ്യാപനത്തിലേക്ക് എത്തിച്ചത് ഇവ രണ്ടുമാണെന്ന് സര്‍വ്വകലാശാല വ്യക്തമാക്കിയിട്ടുണ്ട്. അനുകരണീയമായ മാതൃക.

2023ല്‍ പരീക്ഷ കഴിഞ്ഞ് പതിനാലും ദിവസവും 2024ല്‍ പത്താം ദിവസവും സര്‍വ്വകലാശാല അവസാന വര്‍ഷ ബിരുദഫലം പ്രസിദ്ധീകരിച്ചിരുന്നു. നാലുവര്‍ഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷാഫലം മൂന്നാം ദിവസം പ്രസിദ്ധീകരിച്ചും എം ജി സര്‍വ്വകലാശാല, ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്രപരിഷ്‌കരണ സംരംഭങ്ങളില്‍ തോളോടുതോള്‍ നിന്നിരുന്നു.

മൂല്യനിര്‍ണ്ണയ ജോലികള്‍ ചിട്ടയായി പൂര്‍ത്തിയാക്കിയ അധ്യാപകരെ, ക്യാമ്പുകള്‍ക്ക് മേല്‍നോട്ടം വഹിച്ചവരെ, ജീവനക്കാരെ, ഏകോപനച്ചുമതല നിര്‍വഹിച്ച സിന്‍ഡിക്കേറ്റ് അംഗങ്ങളെ, സര്‍വ്വകലാശാലാ നേതൃത്വത്തെയാകെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും സര്‍ക്കാരിന്റെയും അനുമോദനങ്ങള്‍ അറിയിക്കട്ടെ.

ഏവര്‍ക്കും സ്‌നേഹാശ്ലേഷം.

കൊച്ചി കായലില്‍ അന്ന് പാകിസ്ഥാന്റെ ബോംബ് വീണോ? 1965ലെ ആ കഥ ഓര്‍ത്തെടുത്ത് കൊച്ചിക്കാര്‍

കൊച്ചി കായലില്‍ അന്ന് പാകിസ്ഥാന്റെ ബോംബ് വീണോ? 1965ലെ ആ കഥ ഓര്‍ത്തെടുത്ത് കൊച്ചിക്കാര്‍

കൊച്ചി: 1965ലെ ഇന്ത്യാ പാകിസ്ഥാന്‍ യുദ്ധത്തിനിടെ കൊച്ചിയില്‍ ബോംബ് ആക്രമണമുണ്ടായോ? അങ്ങനെയൊരു കഥ കാലങ്ങളായി പ്രചരിക്കുന്നുണ്ട്. പല കൊച്ചിക്കാരുടെയും ഓര്‍മകളില്‍ ആ കഥയും കാലവുമുണ്ട്. ഇന്ത്യയും പാകിസ്ഥാനും പുതിയൊരു യുദ്ധത്തിന്‍റെ വക്കിലെത്തിയെന്നു തോന്നിപ്പിച്ച ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും ചര്‍ച്ചയായി, കൊച്ചിയിലെ ആ ബോംബ് കഥ. എന്താണ് അതിന്‍റെ വാസ്തവം?

കൊച്ചി കായലില്‍ പാകിസ്ഥാന്‍ ബോംബ് ഇട്ടത് നിങ്ങള്‍ക്ക് ഓര്‍മയുണ്ടോയെന്ന് പ്രസാധകന്‍ സിഐസിസി ജയചന്ദ്രന്‍ അടുത്തിടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പലരും അതിന് മറുപടി നല്‍കി. ചിലര്‍ സംഭവം നടന്നതായാണ് പറയുന്നത്. മറ്റ് ചിലര്‍ അത് സംഭവിക്കാന്‍ സാധ്യതയില്ലെന്നും പറഞ്ഞു.

എന്നാല്‍ 1965ല്‍ കൊച്ചിയില്‍ നടന്ന ബോംബ് ആക്രമണത്തിന്റെ പൊതു രേഖകളൊന്നുമില്ലെന്ന് അദ്ദേഹം സമ്മതിക്കുന്നു. ”അന്ന് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് ചിലപ്പോള്‍ ഒരു ബോംബ് ആയിരുന്നില്ലായിരിക്കാം. അതിന് പിന്നില്‍ പാകിസ്ഥാനും ആയിരിക്കില്ല. പക്ഷേ, അന്നത്തെ പരിഭ്രാന്തി, ഉച്ചത്തിലുള്ള സൈറണുകള്‍, നഗരത്തിലുടനീളം പായുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍…”, ഇതെല്ലാം ജയചന്ദ്രന്‍ ഓര്‍മിക്കുന്നു.

നാവിക കമാന്‍ഡ്, കൊച്ചി തുറമുഖം, പഴയ വിമാനത്താവളം എന്നിവ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ സ്ഥലമായ വില്ലിങ്ടണ്‍ ദ്വീപിലെ ഒരു ചതുപ്പില്‍ ഒരു പ്രൊജക്ടൈല്‍ പതിച്ചുവെന്നാണ് ഊഹാപോഹങ്ങളുളള്ളത്. ഈ ബോംബ് കഥ പലര്‍ക്കിടയിലും പ്രചരിച്ചുവെന്ന് ജയചന്ദ്രന്‍ പറയുന്നു. എന്‍ എസ് മാധവന്റെ ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍ എന്ന പുസ്തകത്തില്‍ ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.

ഇപ്പോള്‍ വീണ്ടും ഈ നിഗൂഢ ബോംബ് കഥ ചര്‍ച്ചയായിരിക്കുകയാണ്. അക്കാലത്തെ ആയുധങ്ങളുടെ പരിമിതി, പാകിസ്ഥാനും കൊച്ചിയും തമ്മിലുളള ദൂരം, ചരിത്ര രേഖകളുടെ അഭാവം എന്നിവയും ബോംബ് കഥയെ സാധൂകരിക്കുന്നതല്ലെന്ന് ചിലര്‍ പറയുന്നു.

എഴുത്തുകാരന്‍ പ്രൊഫ. എം കെ സാനുവും ഇതേക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുന്നുണ്ട്. കൊച്ചിയില്‍ ഒരു ബോംബ് വീണതായും അത് പൊട്ടിത്തെറിക്കാതെ നിര്‍വീര്യമായിപ്പോയെന്നും താന്‍ കേട്ടിട്ടുള്ളതായും സാനു മാഷും പറയുന്നു. എന്നാല്‍, അത് കേട്ട് കേള്‍വി മാത്രമാണെന്നും അതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും അദ്ദേഹം പറയുന്നു.

1965 ല്‍ പാകിസ്ഥാന്‍ ബോംബും രണ്ടാം ലോകമഹായുദ്ധ കാലത്ത് കൊച്ചിയില്‍ ഒരു ജാപ്പനീസ് ബോംബും വീണതായി കഥകളുണ്ടെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം കെ ദാസ് പറയുന്നു. എന്നാല്‍ രണ്ടിനും യാതൊരു തെളിവുകളുമില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ കൊച്ചി മേയറും ഇന്റാക്(ഇന്റര്‍നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ച് ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജ്) സംസ്ഥാന കണ്‍വീനറുമായ കെ സോഹന്‍ ആ ദിവസങ്ങളെ ഓര്‍ത്തെടുക്കുന്നതിങ്ങനെ, ”അത് ശരിക്കും ഭയാനകമായ ദിവസങ്ങളായിരുന്നു. ദാരിദ്ര്യത്തില്‍ വലഞ്ഞിരുന്ന കാലം. അന്ന് വില്ലിങ്ടണ്‍ ഐലന്റ് പ്രധാനപ്പെട്ട സ്ഥലമായിരുന്നു. ഗോതമ്പ് ഉള്‍പ്പെടെയുള്ള എല്ലാ ധാന്യങ്ങളും തുറമുഖം വഴിയാണ് എത്തിച്ചിരുന്നത്. തുടരെത്തുടരെ വൈദ്യുതി മുടങ്ങിയിരുന്നു. സൈറണുകള്‍ കേള്‍ക്കാമായിരുന്നു. വില്ലിങ്ടണ്‍ ഐലന്റില്‍ ബോംബ് വീണെന്നാണ് എല്ലാവരും കേള്‍ക്കുന്ന വാര്‍ത്ത. എല്ലാവരും ഭയന്നു. പല കുടുംബങ്ങളും പലായനം ചെയ്യാന്‍ തീരുമാനിച്ചു. പലരും പായ്ക്ക് ചെയ്ത് റെയില്‍വേ സ്റ്റേഷനിലേയ്ക്ക് ഓടി”, അദ്ദേഹം പറയുന്നു. എന്നാല്‍ അതൊരു ഭയം മാത്രമായിരുന്നോ എന്നാണ് സംശയം. കാരണം ഒരു സൈനിക ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരികരിച്ചിട്ടില്ല. അതിന് തെളിവുകളോ രേഖകളോ ഇല്ലെന്നും അദ്ദേഹം പറയുന്നു.