by Midhun HP News | May 13, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, കണ്ണൂര്‍ ജില്ലകൡലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴയാണ് പ്രവചിച്ചിരിക്കുന്നത്.
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ഇടുക്കി, പാലക്കാട്, മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ നാല് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുളളത്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്.
തെക്കന്‍ ആന്‍ഡമാന്‍ കടല്‍, വടക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് എന്നിവയുടെ ചില മേഖലകളില്‍ കാലവര്‍ഷം എത്തിച്ചേര്‍ന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇനിയുള്ള 3 മുതല്‍ 4 ദിവസത്തിനുള്ളില്‍, തെക്കന്‍ അറബിക്കടല്‍, മാലിദ്വീപ്, കൊമോറിന്‍ മേഖല, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ മുഴുവനായും, ആന്‍ഡമാന്‍ കടലിന്റെ ബാക്കി ഭാഗങ്ങള്‍, മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് കാലവര്‍ഷം വ്യാപിക്കാന്‍ സാധ്യത .
by Midhun HP News | May 13, 2025 | Latest News, കേരളം
കണ്ണൂര്‍: അവശനിലയില്‍ കണ്ട, അപൂര്‍വ്വമായി കണ്ടുവരുന്ന വെള്ള വയറന്‍ കടല്‍ പരുന്തിനെ ചികിത്സ നല്‍കി രക്ഷിച്ച് കണ്ണൂര്‍ ജില്ലാ വെറ്ററിനറി ആശുപത്രി. ജില്ലാ വെറ്റിനറി മെഡിക്കല്‍ ഓഫീസര്‍ ഡോ. പത്മരാജനാണ് പരുന്തിനെ ചികിത്സിച്ചത്. മൂന്ന് ദിവസത്തെ ചികിത്സയ്ക്കു ശേഷം പരുന്തിനെ തനത് ആവാസ വ്യവസ്ഥയിലേക്ക് തുറന്നു വിടും.
അതീവ വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന ഈ ഇനത്തില്‍പ്പെട്ട പരുന്തിനെ കഴിഞ്ഞ ദിവസം തലശേരി ഉസന്‍ മൊട്ടയിലെ ഒരു വീട്ടില്‍ നിന്നും പക്ഷിമൃഗസ്‌നേഹികളുടെ സംഘടനയായ മാര്‍ക്ക് പ്രവര്‍ത്തകരാണ് രക്ഷിച്ചത്. മാര്‍ക്ക് പ്രവര്‍ത്തകര്‍ ജില്ലാ മൃഗാശുപത്രിയില്‍ എത്തിച്ച കടല്‍ പരുന്തിന് വലത്തെ ചിറകിന് പരുക്കുള്ളതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വിദഗ്ദ്ധ ചികിത്സ നല്‍കിയത്. ഉയരം കൂടിയ മരങ്ങളില്‍ കൂട്ടുകൂടുന്ന പക്ഷിയാണിത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രം കണ്ടുവരുന്നതാണ് വെള്ള വയറന്‍ പരുന്തുകള്‍.
ഹലീറ്റുസ് ലെകൊഗെസര്‍ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇവയെ മുന്‍കാലങ്ങളില്‍ ധാരാളമായി കണ്ടിരുന്നുവെങ്കിലും ഇപ്പോള്‍ റെഡ് ലിസ്റ്റില്‍പ്പെട്ട വംശനാശം നേരിടുന്ന പക്ഷിയാണിത്. മാഹി മുതല്‍ ഗോവന്‍ തീരങ്ങള്‍ വരെയാണ് മുന്‍ കാലങ്ങളില്‍ വെള്ളവയറന്‍ പരുന്തുകളെ കണ്ടു വന്നിരുന്നത്. എന്നാല്‍ നിലവില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രം വിരലില്‍ എണ്ണാവുന്നത്രയും പക്ഷികളെ മാത്രമേ കണ്ടെത്തിയിട്ടുള്ളുവെന്ന് മാര്‍ക്ക് പ്രവര്‍ത്തകര്‍ പറഞ്ഞു. ഉയരമുള്ള മരങ്ങളില്‍ കൂടുകൂട്ടി താമസിക്കുന്ന ഇവയുടെ പ്രധാന ആഹാരം കടല്‍ പാമ്പുകളും കടല്‍ ആമകളുമാണ്. മറ്റു പരുന്തുകളെ അപേക്ഷിച്ച് പറക്കുമ്പോള്‍ പൂര്‍ണമായും വെള്ളനിറത്തിലാണ് ഇവയെ ദൃശ്യമാവുക. വയറും ചിറകിന്റെ ഉള്‍വശവും പൂര്‍ണമായും വെള്ളനിറത്തിലാണ്. ഉസന്‍ മൊട്ടയിലെ വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് മാര്‍ക്ക് പ്രവര്‍ത്തകര്‍ സംരക്ഷണമേറ്റെടുത്തത്.
by Midhun HP News | May 13, 2025 | Latest News, കേരളം
ദുബായ്: ദുബായില്‍ മലയാളി യുവതി മരിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്ത് പിടിയില്‍. തിരുവനന്തപുരം വിതുര ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡ (26) ആണ് മരിച്ചത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. കരാമയില്‍ ഈമാസം ആദ്യമായിരുന്നു സംഭവം.
അബുദാബിയിലെ ആശുപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായതെന്നാണ് വിവരം. നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെ ദുബായ് വിമാനത്താവളത്തില്‍ നിന്നാണ് പ്രതി പിടിയിലായത്. സാമൂഹികമാധ്യമത്തിലൂടെയാണ് ആനിമോളും ഈ യുവാവും പരിചയത്തിലായതെന്നും ആനിമോളെ യുഎഇയില്‍ എത്തിച്ചത് ഇയാളാണെന്നും സുഹൃത്തുക്കള്‍ പറയുന്നു.
ഒന്നരവര്‍ഷം മുമ്പ് യുഎഇയില്‍ എത്തിയ ആനിമോള്‍ ക്രെഡിറ്റ് സെയില്‍സ് സ്ഥാപനത്തില്‍ ജോലിചെയ്തുവരികയായിരുന്നു. കൊലപാതകം നടന്നതിന് തൊട്ടുമുമ്പുള്ള ദിവസം ആനിമോളെ കാണാന്‍ പ്രതി അബുദാബിയില്‍ നിന്ന് ദുബായില്‍ എത്തിയിരുന്നു. പിന്നാലെയാണ് മൃതദേഹം താമസസ്ഥലത്ത് കണ്ടെത്തുന്നത്. ഇവര്‍ക്കിടയിലെ അഭിപ്രായവ്യത്യാസവും തര്‍ക്കവും കൊലപാതകത്തിലേക്ക് നയിച്ചിരിക്കാം എന്നാണ് സുഹൃത്തുക്കള്‍ നല്‍കുന്ന വിവരം. കൊലപാതകത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നാണ് വിവരം. മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ആനിമോളുടെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.
by Midhun HP News | May 13, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. 15 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അമ്മാവന്‍ ജോസ് സുന്ദരത്തിന് നല്‍കണമെന്ന് കോടതി വിധിച്ചിട്ടുണ്ട്. നാലു വകുപ്പുകളിലായി പ്രതി ആകെ 26 വർഷം തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
പ്രതിക്ക് മാനസിക വൈകല്യമുണ്ടെന്നും, പ്രായം പരിഗണിക്കണമെന്നും ശിക്ഷയിന്മേലുള്ള വാദത്തിനിടെ പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാനസിക രോഗമുള്ള ഒരാള്‍ എങ്ങനെ മൂന്ന് പേരെ കത്തിച്ചു കൊല്ലുമെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു. ജന്മം നല്‍കിയ അമ്മയെയും കാഴ്ച ഇല്ലാത്ത വൃദ്ധയെയും എങ്ങനെ കൊല്ലാന്‍ സാധിച്ചു. പ്രതിക്ക് ഒരു മാനസാന്തരവുമില്ല. പ്രതി വീണ്ടും പുറത്തിറങ്ങിയാല്‍ വീണ്ടും ഇത്തരം പ്രവൃത്തി ചെയ്യില്ലെന്ന് എന്താണ് ഉറപ്പെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു.
മാതാപിതാക്കളും സഹോദരിയും അടക്കം നാലുപേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ആസ്ട്രല്‍ പ്രൊജക്ഷന്‍, സാത്താന്‍ ആരാധന തുടങ്ങിയവയെല്ലാം കെട്ടിച്ചമച്ച കഥയാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കുറ്റകൃത്യത്തിന്റെ സ്വഭാവം മനോരോഗമാണെന്ന് പറയാനാവില്ലെന്ന് കേഡലിനെ പരിശോധിച്ച മനോരോഗ വിദഗ്ധന്‍ ഡോ. മോഹന്‍ റോയിയും വെളിപ്പെടുത്തിയിരുന്നു.
2017 ഏപ്രില്‍ 9ന് പുലര്‍ച്ചെയാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടുകയായിരുന്നു.
തന്നെ നിരന്തരം അവഗണിച്ച പിതാവിനെ കൊലപ്പെടുത്താനാണ് ആദ്യം പദ്ധതിയിട്ടതെന്നും പിന്നീടു മറ്റുള്ളവരെയും കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് കണ്ടെത്തല്‍. 2024 നവംബർ 13നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 65 ദിവസത്തെ വിചാരണയ്ക്കിടെ 42 സാക്ഷികളെ വിസ്തരിച്ചു. ശാസ്ത്രീയ തെളിവ് ഉൾപ്പെടെ 120 രേഖയും 90 തൊണ്ടിമുതലും ഹാജരാക്കിയിരുന്നു. ആളുകളെ വെട്ടിക്കൊല്ലുന്നത് യൂട്യൂബിൽ കണ്ടതും മഴു ഓൺലൈനിൽ വാങ്ങിയതും പ്രധാന തെളിവായിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ, മാരകായുധം ഉപയോഗിച്ചു പരുക്കേൽപ്പിക്കുക, വീട് നശിപ്പിക്കൽ എന്നിവയ്‌ക്കെതിരായ വകുപ്പുകളാണ് കേഡലിനെതിരെ ചുമത്തിയിരുന്നത്.
by Midhun HP News | May 13, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസിന് പിന്നാലെ സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷാഫലവും പ്രഖ്യാപിച്ചു. 93.66 ശതമാനമാണ് വിജയശതമാനം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ 0.06 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായി സിബിഎസ്ഇ അറിയിച്ചു. cbse.gov.in , results.cbse.nic.in എന്നി വെബ്‌സൈറ്റുകള്‍ വഴി പരീക്ഷാഫലം അറിയാനുള്ള ക്രമീകരണമാണ് സിബിഎസ്ഇ ഒരുക്കിയിരിക്കുന്നത്. ആപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തീയതി എന്നി ലോഗിന്‍ വിവരങ്ങള്‍ നല്‍കി ഫലം നോക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം.
പന്ത്രണ്ടാം ക്ലാസിന് സമാനമായി പത്താം ക്ലാസിലും പെണ്‍കുട്ടികള്‍ തന്നെയാണ് തിളങ്ങിയത്. വിജയശതമാനത്തില്‍ 2.37 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 95 ശതമാനം പെണ്‍കുട്ടികളും പരീക്ഷയില്‍ വിജയം കണ്ടതായും സിബിഎസ്ഇ അറിയിച്ചു.
മേഖലാടിസ്ഥാനത്തില്‍ തിരുവനന്തപുരമാണ് മുന്നില്‍. 99.79 ശതമാനമാണ് വിജയം. വിജയവാഡയാണ് തൊട്ടുപിന്നില്‍. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ വിജയവാഡയായിരുന്നു ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരമാണ്.
Recent Comments