by Midhun HP News | Jul 10, 2026 | Latest News, കേരളം
ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു. ചടയമംഗലം കുരിയോട് ഭാഗത്ത് വെച്ചാണ് ബസിന് തീ പിടിച്ചത്. പുനലൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസിന്റെ മുന്‍ ടയറാണ് യാത്രയ്ക്കിടെ കത്തിയത്.കടക്കല്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. യാത്രക്കാര്‍ സുരക്ഷിതരാണ്.
ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. അപകട സമയം എട്ട് യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. മുന്നിലൂടെ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഉടന്‍ തന്നെ വാഹനം റോഡരികില്‍ നിര്‍ത്തുകയും യാത്രക്കാരെ പുറത്തിറക്കുകയുമായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി തീ പൂര്‍ണമായും അണച്ചിട്ടുണ്ട്.

by Midhun HP News | Jul 10, 2026 | Latest News, ദേശീയ വാർത്ത
കൊച്ചി: സന്നിധാനത്ത് തിരക്ക് കൂടുതലായതിനാല്‍ ശബരിമലയിലേക്കുള്ള യാത്ര ഏതാനും മണിക്കൂറുകള്‍ വൈകിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് ഒരു സന്ദേശം വരുന്നു; അല്ലെങ്കില്‍ കിലോമീറ്ററുകള്‍ നീളുന്ന വരിയില്‍ നില്‍ക്കാതെ, ഒരു കൗണ്ടറിലെത്തി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് നിമിഷങ്ങള്‍ക്കകം അരവണ പ്രസാദം വാങ്ങി മടങ്ങുന്നു- ഈ കാഴ്ചകള്‍ ഉടന്‍ തന്നെ യാഥാര്‍ഥ്യമാക്കാന്‍ ഒരുങ്ങുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ നവീകരണത്തിനാണ് ദേവസ്വം ബോര്‍ഡ് തുടക്കം കുറിച്ചിരിക്കുന്നത്.
റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. സന്തോഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര ‘പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്’ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ശബരിമല ഉള്‍പ്പെടെ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള 1,250 ഓളം ക്ഷേത്രങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം പുതിയ ഡിജിറ്റല്‍ ശൃംഖലയുടെ കീഴിലേക്ക് വരും. ഭക്തരുടെ ബുദ്ധിമുട്ടുകള്‍ പൂര്‍ണമായും ഒഴിവാക്കി എല്ലാ സേവനങ്ങളും സുഗമമാക്കുകയാണ് ലക്ഷ്യമെന്ന് ഡോ. സന്തോഷ് ബാബു ‘ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസി’നോട് പറഞ്ഞു.
താമസം ബുക്ക് ചെയ്യല്‍, വഴിപാടുകള്‍, ബില്ലിങ്, സ്റ്റോക്ക് വിവരങ്ങള്‍, പര്‍ച്ചേസ്, ഫിനാന്‍സ് എന്നിവയെല്ലാം ഇനി ഒരൊറ്റ പ്ലാറ്റ്ഫോമിന് കീഴില്‍ വരും. ആദ്യഘട്ടത്തില്‍ ശബരിമലയ്ക്കാണ് മുന്‍ഗണന. ‘നിലവില്‍ തീര്‍ത്ഥാടകര്‍ പലപ്പോഴും ദര്‍ശന സമയത്തിന് 6 മുതല്‍ 8 മണിക്കൂര്‍ മുന്‍പ് തന്നെ യാത്ര തിരിക്കാറുണ്ട്. ഇത് വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിനും തിരക്കിനും കാരണമാകുന്നു. ഇനി മുതല്‍ ഭക്തര്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നത് മുതല്‍ അവരുടെ യാത്ര നിയന്ത്രിക്കാന്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സാധിക്കും. സന്നിധാനത്തെ തിരക്ക് അനുസരിച്ച്, യാത്ര അല്പം വൈകിപ്പിക്കാന്‍ ഭക്തര്‍ക്ക് നിര്‍ദ്ദേശം നല്‍കാനാകും.’ -ഡോ. സന്തോഷ് ബാബു വ്യക്തമാക്കി. വിമാനത്താവളങ്ങളിലെ ‘ഡിജി യാത്ര’ സംവിധാനത്തിന് സമാനമായി ഭക്തര്‍ക്ക് തടസ്സമില്ലാത്ത ദര്‍ശനാനുഭവം ശബരിമലയില്‍ ഒരുക്കുകയാണ് തന്റെ സ്വപ്നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വഴിപാട് ബില്ലുകള്‍ക്കായി ഇനി വരി നില്‍ക്കേണ്ടി വരില്ല. ഓണ്‍ലൈനായി പണമടച്ച ശേഷം ലഭിക്കുന്ന ക്യുആര്‍ കോഡ് കൗണ്ടറില്‍ കാണിച്ച് പ്രസാദം വാങ്ങാം. പണം, യുപിഐ ഉള്‍പ്പെടെ എല്ലാത്തരം ഡിജിറ്റല്‍ പേയ്മെന്റുകളും ഇതിനായി ഉപയോഗിക്കാം. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് അരവണയും അപ്പവും വേഗത്തില്‍ വിതരണം ചെയ്യുന്നതിനായി എടിഎം മാതൃകയിലുള്ള ‘ഓട്ടോമേറ്റഡ് വെന്‍ഡിങ് മെഷീനുകള്‍’ സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലാണ്.
തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ മാത്രമല്ല, ദേവസ്വം ബോര്‍ഡിന്റെ ആഭ്യന്തര കാര്യങ്ങളും പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്യും. ശര്‍ക്കര, നെയ്യ് തുടങ്ങിയ സാധനങ്ങള്‍ വാങ്ങുന്നതും, അക്കൗണ്ട്‌സ്, ജീവനക്കാരുടെ വിവരങ്ങള്‍, ലേല നടപടികള്‍, നിയമപരമായ രേഖകള്‍ എന്നിവയെല്ലാം കമ്പ്യൂട്ടര്‍വല്‍ക്കരിക്കും. ഇത് ഭരണത്തില്‍ സുതാര്യത കൊണ്ടുവരുകയും അഴിമതിക്കുള്ള സാധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്യും.
കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം രൂപീകരിച്ച പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ കോടതി നേരിട്ടാണ് നിരീക്ഷിക്കുന്നത്. 24 മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്ക് ആദ്യവര്‍ഷം 33.25 കോടി രൂപയും, ആകെ ചിലവ് 70 കോടി രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. മാറ്റങ്ങളെ എല്ലാവരും പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ മടിക്കുന്നത് ഒരു വെല്ലുവിളിയാണെങ്കിലും, ഈ പദ്ധതിക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ നല്‍കുന്ന പിന്തുണ വലിയ കരുത്താണെന്ന് സന്തോഷ് ബാബു പറഞ്ഞു. വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് മുന്‍പായി ശബരിമലയിലെ പ്രധാന ഡിജിറ്റല്‍ മാറ്റങ്ങള്‍ നടപ്പാക്കാനാണ് ടീമിന്റെ ശ്രമം.
by Midhun HP News | Jul 10, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: ബാങ്ക് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന നിര്‍ദേശവുമായി റിസര്‍വ് ബാങ്ക് രംഗത്ത്. റെഗുലറേറ്ററി ആവശ്യങ്ങള്‍ക്കും ഉപഭോക്തൃ ബോധവല്‍ക്കരണത്തിനും പരസ്യങ്ങള്‍ക്കുമായി അയക്കുന്ന എസ്എംഎസ് അലര്‍ട്ടുകള്‍ക്ക് ഇനി മുതല്‍ ഉപഭോക്താക്കളില്‍ നിന്ന് യാതൊരു ചാര്‍ജും ഈടാക്കാന്‍ പാടില്ലെന്നാണ് ആര്‍ബിഐ ഉത്തരവ്.
നേരത്തെ ഇത്തരം സന്ദേശങ്ങള്‍ക്കായി ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്ന് ഓരോ പാദത്തിലും (മൂന്ന് മാസം) 15 മുതല്‍ 18 രൂപ വരെ ഈടാക്കിയിരുന്നു. 500 രൂപയോ അതില്‍ താഴെയോ ഉള്ള ചെറിയ ഇടപാടുകള്‍ക്ക് ഉപഭോക്താക്കള്‍ക്ക് നിര്‍ബന്ധമായി എസ്എംഎസ് അലര്‍ട്ടുകള്‍ അയക്കണം എന്ന വ്യവസ്ഥയും ആര്‍ബിഐ ഒഴിവാക്കി.
കൂടാതെ, 500 രൂപയ്ക്ക് താഴെയുള്ള ഇടപാടുകള്‍ക്ക് എസ്എംഎസിന് പകരം വാട്‌സ്ആപ്പ് , ഇന്‍-ആപ്പ് പുഷ് നോട്ടിഫിക്കേഷനുകള്‍ എന്നിവ ഉപയോഗിക്കാനും ആര്‍ബിഐ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇത് ബാങ്കുകള്‍ക്ക് തങ്ങളുടെ മെസ്സേജിങ് ചെലവ് കുറയ്ക്കാന്‍ സഹായിക്കും. എങ്കിലും എച്ച്ഡിഎഫ്‌സി, ഐസിഐസിഐ തുടങ്ങിയ പ്രമുഖ സ്വകാര്യ ബാങ്കുകള്‍ ഉപഭോക്തൃ സേവന നിലവാരം നിലനിര്‍ത്തുന്നതിനും തട്ടിപ്പുകള്‍ തടയുന്നതിനുമായി ചെറിയ ഇടപാടുകള്‍ക്കും എസ്എംഎസ് അലര്‍ട്ടുകള്‍ തുടരാനാണ് സാധ്യത.
പുതിയ ഉത്തരവോടെ രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ ഫീസ് ഇനത്തിലുള്ള വാര്‍ഷിക വരുമാനത്തില്‍ 300 കോടി രൂപയുടെ വരെ ഇടിവ് ഉണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഏകദേശം 5 കോടിയിലധികം അക്കൗണ്ട് ഉടമകളുള്ള ഒരു വലിയ ബാങ്കിന് മാത്രം പ്രതിവര്‍ഷം 360 കോടി രൂപയോളം വരുമാന നഷ്ടം നേരിടേണ്ടി വന്നേക്കാം.
എസ്എംഎസ് ചാര്‍ജ് ഈടാക്കാന്‍ കഴിയില്ലെങ്കിലും, ഈ ചെലവ് മറ്റ് വഴികളിലൂടെ ഈടാക്കാന്‍ ബാങ്കുകള്‍ ശ്രമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിനായി അക്കൗണ്ട് മെയിന്റനന്‍സ് ചാര്‍ജുകള്‍ വര്‍ധിപ്പിക്കുക, മിനിമം ബാലന്‍സ് പരിധി കൂട്ടുക, മറ്റ് ഇടപാടുകളുടെ ഫീസുകളില്‍ നേരിയ വര്‍ധന വരുത്തുക തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്.

by Midhun HP News | Jul 10, 2026 | Latest News, ദേശീയ വാർത്ത
ലണ്ടൻ: മൊറോക്കോയുടെ ഫിഫ ലോകകപ്പ് സ്വപ്നങ്ങൾ ഫ്രാൻസിന് മുന്നിൽ വീണ്ടും തകർന്നടിഞ്ഞു. എന്നാൽ കളിയിലെ തോൽവിയേക്കാൾ വേഗത്തിൽ ആഗോള ശ്രദ്ധ നേടിയത് ലണ്ടൻ തെരുവുകളിൽ മൊറോക്കൻ ആരാധകരും പൊലീസും തമ്മിൽ ഉണ്ടായ നാടകീയമായ സംഘർഷങ്ങളാണ്. വലിയ തോതിലുള്ള അക്രമങ്ങൾ ഉണ്ടായേക്കാമെന്ന ഭീതി നിലനിന്നിരുന്നെങ്കിലും മൊറോക്കോ കുടിയേറ്റ ജനത ഏറെയുള്ള ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസ് വളരെ ശാന്തമായിരുന്നു. ആക്രമണം ഭയന്ന് മത്സരത്തിനു മുൻപ് തന്നെ പാരിസിൽ സുരക്ഷ ശക്തമാക്കിയിരുന്നു. എന്നാൽ അടി പൊട്ടിയത് ലണ്ടനിലായിരുന്നു.
ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മൊറോക്കോയെ 2-0 ന് പരാജയപ്പെടുത്തിയാണ് ഫ്രാൻസ് സെമിഫൈനലിലേക്ക് മുന്നേറിയത്. ഇതോടെ തുടർച്ചയായ രണ്ടാം ലോകകപ്പിലും മൊറോക്കോയെ ടൂർണമെന്റിൽ നിന്ന് പുറത്താക്കാൻ ഫ്രാൻസിന് കഴിഞ്ഞു. നേരത്തെ 2022 ലോകകപ്പ് സെമി ഫൈനലിലും മൊറോക്കോയുടെ സ്വപ്നക്കുതിപ്പ് അവസാനിപ്പിച്ചത് ഫ്രാൻസ് ആയിരുന്നു.
മത്സരത്തിന് പിന്നാലെ വിജയാഹ്ലാദവും തോൽവിയുടെ നിരാശയും തെരുവുകളിലേക്ക് പടർന്നതോടെ ലണ്ടനിലെ എഡ്ജ്‌വെയർ റോഡ് സംഘർഷഭരിതമായി. ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി വൻതോതിൽ കലാപ വിരുദ്ധ പൊലീസ് സേനയെ തന്നെ വിന്യസിക്കേണ്ടി വന്നു. പലയിടങ്ങളിലും മൊറോക്കൻ പതാകകൾ വീശിയും വാഹനങ്ങൾക്ക് മുകളിൽ കയറിയും ആരാധകർ തടിച്ചുകൂടിയതോടെ ഗതാഗതം പൂർണമായും തടസപ്പെട്ടു.
കലാപം വലിയ തോതിൽ അരങ്ങേറിയതോടെ പുകപടലങ്ങൾ നിറഞ്ഞ തെരുവുകളിലൂടെ പ്രതിരോധ കവചങ്ങൾ ധരിച്ച പൊലീസ് ഉദ്യോഗസ്ഥർ മുന്നേറുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൊലീസിന് നേരെ ആരാധകർ ഫ്ലെയറുകളും പടക്കങ്ങളും കുപ്പികളും എറിയുന്നതും ദൃശ്യങ്ങളിൽ കാണാം. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടയിൽ പരിക്കേറ്റ ഒരു പൊലീസ് ഉദ്യോഗസ്ഥൻ റോഡിൽ കിടക്കുന്നതും മറ്റ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ സഹായിക്കുന്നതുമായ ദൃശ്യങ്ങളും പുറത്തുവന്നു.
ഇംഗ്ലീഷ് ചാനലിന് അപ്പുറത്തുള്ള ഫ്രാൻസിന്റെ അന്തരീക്ഷം തികച്ചും വ്യത്യസ്തമായിരുന്നു. ഈ വർഷം ആദ്യം പാരിസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) ചാംപ്യൻസ് ലീഗ് കിരീടം നിലനിർത്തിയതിനു പിന്നാലെ നടന്ന വിജയാഘോഷം തെരുവിൽ വൻ തോതിലുള്ള അക്രമങ്ങളിലാണ് കലാശിച്ചത്. ഇത് ആവർത്തിച്ചേക്കുമെന്ന ആശങ്കയെ തുടർന്ന് ഫ്രഞ്ച് അധികൃതർ പാരിസിലുടനീളം 8,000ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.

എന്നാൽ ആശങ്കകളെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് ഫ്രാൻസിന്റെയും മൊറോക്കോയുടെയും ആരാധകർ പ്രശസ്തമായ ഷാംപ്സ് എലിസെ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സമാധാനപരമായി ഒത്തുചേർന്നു. ഗതാഗത തടസങ്ങൾ ഉണ്ടായെങ്കിലും മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല.
ഫ്രഞ്ച്, മൊറോക്കൻ പതാകകൾ ഏന്തിയ കാറുകൾ ഹോൺ മുഴക്കി ആരാധകർ ഒന്നിച്ച് ആഘോഷിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ പ്രതീകമായി മാറി. ലോകത്തിലെ ഏറ്റവും വലിയ മൊറോക്കൻ പ്രവാസി സമൂഹങ്ങമുള്ളത് ഫ്രാൻസിലാണ്.
അതേസമയം, മൊറോക്കോയുടെ തലസ്ഥാനമായ റബാത്തിൽ കളിക്ക് മുൻപുണ്ടായിരുന്ന ശുഭപ്രതീക്ഷ തോൽവിക്ക് ശേഷം വലിയ നിരാശയ്ക്ക് വഴിമാറി. ഈ ടൂർണമെന്റിൽ അവശേഷിച്ച ഏക ആഫ്രിക്കൻ രാജ്യമായിരുന്നു മൊറോക്കോ. എങ്കിലും, ഒന്നിലധികം ലോകകപ്പുകളിൽ ക്വാർട്ടർ ഫൈനലിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന ചരിത്ര നേട്ടത്തോടെയാണ് മൊറോക്കോ ഇത്തവണ മടങ്ങുന്നത്. 2022ൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്ന് സെമി ഫൈനലിൽ എത്തുന്ന ആദ്യ ടീമെന്ന റെക്കോർഡും അവർ സ്വന്തമാക്കിയിരുന്നു.
by Midhun HP News | Jul 10, 2026 | Latest News, കേരളം
ഇടുക്കി: അഞ്ചുവർഷം മുൻപ് വനം വകുപ്പ് പിടിച്ചെടുത്ത ജെസിബി വിട്ടുകിട്ടാത്തതിൽ പ്രതിഷേധിച്ച് നേര്യമംഗലം ചെമ്പൻകുഴി ഫോറസ്റ്റ് ഓഫീസിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി. ജെസിബിക്ക് ഉള്ളിൽ കയറി ശരീരത്തിൽ പെട്രോൾ ഒഴിച്ച് ജീവനൊടുക്കുമെന്നാണ് യുവാവ് ഭീഷണി മുഴക്കിയത്. ഇടുക്കി കഞ്ഞിക്കുഴി വരിക്കമുത്തൻ സ്വദേശിയായ അജീഷാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അവഗണനയിൽ മനംനൊന്ത് അതീവ ഗുരുതരമായ ഈ വേറിട്ട പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
വീട് നിർമ്മാണത്തിനിടെ പിടിച്ചെടുത്തു; വനഭൂമി കൈയേറിയെന്ന് ആരോപണം
തന്റെ സ്വന്തം സ്ഥലത്ത് വീട് നിർമ്മാണത്തിനായി മണ്ണ് മാറ്റുന്നതിനിടെയാണ് അജീഷിന്റെ ജെസിബി വനംവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുക്കുന്നത്. വനം വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് അതിക്രമിച്ചു കയറി മണ്ണുമാറ്റി എന്ന ഗുരുതരമായ ആരോപണമാണ് ഇയാൾക്കെതിരെ വനംവകുപ്പ് ഉന്നയിച്ചിട്ടുള്ളത്.
നഗരംപാറ റെയിഞ്ച് ഓഫീസറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് 2020-ൽ കഞ്ഞിക്കുഴി വരിക്കമുത്തനിൽ നിന്നും ഈ ജെസിബി വനംവകുപ്പ് പിടിച്ചെടുക്കുന്നത്.
കസ്റ്റഡിയിലെടുത്ത വാഹനം പിന്നീട് നേര്യമംഗലം ചെമ്പൻകുഴി ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റുകയും കഴിഞ്ഞ അഞ്ച് വർഷമായി അവിടെത്തന്നെ സൂക്ഷിച്ചുവരികയുമായിരുന്നു. വർഷങ്ങളായി കിടക്കുന്നതിനാൽ ലക്ഷക്കണക്കിന് രൂപ വിലവരുന്ന വാഹനം തുരുമ്പെടുത്തു നശിക്കുന്ന അവസ്ഥയിലാണ്.
പെട്രോളുമായി ജെസിബിക്ക് മുകളിൽ; ഫോറസ്റ്റ് ഓഫീസിൽ വൻ പരക്കംപാച്ചിൽ
തന്റെ ഏക ജീവിതമാർഗ്ഗമായ വാഹനം വിട്ടുകിട്ടുന്നതിനായി കഴിഞ്ഞ അഞ്ചുവർഷമായി അജീഷ് നിരന്തരം ഓഫീസുകൾ കയറിയിറങ്ങുകയായിരുന്നു. എന്നാൽ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ അനുകൂല നിലപാടും ഉണ്ടാകാത്തതിനെ തുടർന്നാണ് ഇന്ന് രാവിലെ 10 മണിയോടെ ഇയാൾ പ്രതിഷേധവുമായി ചെമ്പൻകുഴിയിലെത്തിയത്.ഓഫീസ് പരിസരത്ത് നിർത്തിയിട്ടിരുന്ന തന്റെ ജെസിബിക്കുള്ളിലേക്ക് പെട്ടെന്ന് കയറിയ അജീഷ്, കയ്യിൽ കരുതിയിരുന്ന പെട്രോൾ ശരീരത്തിലും വാഹനത്തിലും ഒഴിക്കുകയായിരുന്നു. വാഹനം വിട്ടുകിട്ടിയില്ലെങ്കിൽ തീക്കൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഇയാൾ വിളിച്ചുപറഞ്ഞതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും പരിഭ്രാന്തിയിലായി. വിവരമറിഞ്ഞ് കരിമണൽ പൊലീസും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. യുവാവിനെ അനുനയിപ്പിച്ച് വാഹനത്തിൽ നിന്നും താഴെയിറക്കാനുള്ള ചർച്ചകളും ശ്രമങ്ങളും പുരോഗമിക്കുകയാണ്.

Recent Comments