ഇതാണോ മാപ്പപേക്ഷ ?, കോടതിയോട് മുട്ടിയാല്‍ സര്‍ക്കാരിന് രക്ഷിക്കാനാകില്ല; കെ ബിജുവിന് ഹൈക്കോടതിയുടെ താക്കീത്

ഇതാണോ മാപ്പപേക്ഷ ?, കോടതിയോട് മുട്ടിയാല്‍ സര്‍ക്കാരിന് രക്ഷിക്കാനാകില്ല; കെ ബിജുവിന് ഹൈക്കോടതിയുടെ താക്കീത്

കൊച്ചി: കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിയില്‍ വകുപ്പ് സെക്രട്ടറി കെ ബിജു ഐഎഎസിന്റെ മാപ്പപേക്ഷ തള്ളി ഹൈക്കോടതി. ഇതാണോ നിരുപാധിക മാപ്പപേക്ഷയെന്ന് കോടതി ചോദിച്ചു. വകുപ്പ് സെക്രട്ടറിയുടെ സത്യവാങ്മൂലം തള്ളിയ കോടതി, പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. കോടതിയോട് ഏറ്റുമുട്ടിയാല്‍ സര്‍ക്കാരിന് രക്ഷിക്കാനാകില്ല. എങ്ങനെ നേരിടണമെന്ന് കോടതിക്ക് അറിയാമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

മുന്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിനെയും കോടതി വിമര്‍ശിച്ചു. ഐഎഎസ് ഉദ്യോഗസ്ഥര്‍ സേവിക്കേണ്ടത് ജനങ്ങളെയാണ്, അല്ലാതെ സര്‍ക്കാരിനെയല്ല. ഉത്തരവ് ഇറക്കുമ്പോള്‍ അക്കാര്യം മനസ്സില്‍ കരുതണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണം. ഭീഷണിക്ക് മുന്നില്‍ ഉദ്യോഗസ്ഥര്‍ വഴങ്ങരുത്. ധീരനു മരണം ഒരിക്കലേയുള്ളൂവെന്നും കോടതി ഓര്‍മ്മിപ്പിച്ചു. അടുത്ത ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ പുതിയ സത്യവാങ്മൂലം കെ ബിജു സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസിലെ വിവാദ പ്രോസിക്യൂഷന്‍ ഉത്തരവില്‍ നിരുപാധികം മാപ്പ് ചോദിച്ച് കെ ബിജു ഐഎഎസ് ഇന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കോടതിയലക്ഷ്യ കേസില്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായാണ് മാപ്പപേക്ഷ നല്‍കിയത്. പ്രോസിക്യൂഷന്‍ അനുമതി ഉത്തരവിലെ പരാമര്‍ശം അനുചിതമായിപ്പോയെന്നും എല്ലാ പദപ്രയോഗങ്ങളും പിന്‍വലിക്കുന്നതായും ബിജു അറിയിച്ചു. ഉത്തരവിലെ പരാമര്‍ശങ്ങള്‍ കോടതിക്കെതിരായതില്‍ ഖേദമുണ്ട്. ഉത്തരവില്‍ പിഴവ് ബോധ്യപ്പെട്ടതോടെ അത് പിന്‍വലിക്കുകയും പുതിയ ഉത്തരവിറക്കുകയും ചെയ്തുവെന്നും കെ ബിജു അറിയിച്ചു.

പണം ഓഹരി വിപണിയില്‍ നിക്ഷേപിച്ചു, പലിശയ്ക്കും കൊടുത്തു; രാമക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പണം ഓഹരി വിപണിയില്‍ നിക്ഷേപിച്ചു, പലിശയ്ക്കും കൊടുത്തു; രാമക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പ് കേസ് പ്രതികള്‍ പണം ഓഹരി വിപണിയില്‍ നിക്ഷേപിച്ചതായി പൊലീസ് കണ്ടെത്തി. മോഷ്ടിച്ച പണത്തിന്റെ ഉറവിടം മറച്ചുവെക്കാനും അതിലൂടെ ലാഭമുണ്ടാക്കാനുമാണ് പ്രതികള്‍ ഓഹരി വിപണിയിലും മറ്റ് സാമ്പത്തിക മേഖലകളിലും നിക്ഷേപം നടത്തിയെന്നാണ് അന്വേണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

പ്രതികളുടേയും അവരുടെ ബന്ധുക്കളുടേയും പേരിലുള്ള 30 ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചു. സംഭാവനകള്‍ എണ്ണുന്ന സമയത്ത് ആരുടേയും ശ്രദ്ധയില്‍പ്പെടാത്ത രീതിയില്‍ ചെറിയ തുകകളായിട്ടാണ് പ്രതികള്‍ പണം മാറ്റിയത്. മോഷ്ടിച്ച പണം ഉടന്‍ ചിലവാക്കുന്നതിന് പകരം ഓഹരി വിപണിയില്‍ നിക്ഷേപിക്കുകയും പലിശയ്ക്ക് പണം നല്‍കുകയുമാണ് ചെയ്തിരുന്നത്. തട്ടിപ്പിനായി ഇവര്‍ വ്യാജ സംഭാവന രസീതുകളും ഉപയോഗിച്ചിരുന്നു. പണം എവിടെ നിന്നാണെന്ന് കണ്ടെത്താതിരിക്കാന്‍ പ്രതികള്‍ ഈ തുക ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് മാറ്റി. പിന്നീട് സ്വന്തം അക്കൗണ്ടുകളിലേയ്ക്ക് തന്നെ തിരിച്ചിടുകയും ചെയ്തു.

കേസിലെ പ്രതികളായ അനുകല്‍പ് മിശ്ര, അവിനാഷ് ശുക്ല, ലവ്കുഷ് മിശ്ര, കരുണേഷ് പാണ്ഡെ എന്നിവരുടെ വീടുകളില്‍ പൊലീസ് വീണ്ടും പരിശോധന നടത്തി. പ്രതികളെ കോടതി 40 മണിക്കൂര്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇവരെയും കൂട്ടി ഫോറന്‍സിക് വിദഗ്ധരുടെയും സ്വതന്ത്ര സാക്ഷികളുടെയും സാന്നിധ്യത്തിലാണ് പരിശോധനകള്‍ നടക്കുന്നത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികള്‍ മറ്റ് സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടോ എന്നും ആര്‍ക്കൊക്കെ ഈ തട്ടിപ്പിലൂടെ ലാഭമുണ്ടായി എന്നും കണ്ടെത്താനായി സാമ്പത്തിക വിദഗ്ധരുടെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനായി പ്രതികളുടെ ട്രേഡിംഗ് സ്റ്റേറ്റ്‌മെന്റുകളും ഡിജിറ്റല്‍ പേയ്‌മെന്റ് രേഖകളും പൊലീസ് പരിശോധിച്ചു വരികയാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ എന്ത് ലോകകപ്പ്? ആർക്ക് വേണം ടിക്കറ്റ്!

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ എന്ത് ലോകകപ്പ്? ആർക്ക് വേണം ടിക്കറ്റ്!

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് പോരാട്ടങ്ങൾ ക്വാർട്ടർ ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. ടൂർണമെന്റിൽ വിവാദങ്ങൾക്കും പഞ്ഞമില്ല. തുടക്കം മുതൽ ടിക്കറ്റ് നിരക്കിലെ ഭീമൻ വർധന മുതൽക്ക് പല മത്സരങ്ങളും ഫിഫയുടെ തിരക്കഥയ്ക്ക് അനുസരിച്ചാണ് നടക്കുന്നതെന്ന വാ​ദങ്ങൾ വരെ ഉയർന്നു. അതിനിടെയാണ് കിരീട പ്രതീക്ഷയുമായി എത്തിയ പോർച്ചു​ഗലിന്റെ പുറത്താകൽ. പ്രീ ക്വാർട്ടറിൽ സ്പെയിനിനോടു പരാജയപ്പെട്ട് പോർച്ചു​ഗൽ മടങ്ങിയതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഐതിഹാസിക ലോകകപ്പ് യാത്രയ്ക്കും വിരമാമായിരുന്നു. പിന്നാലെയിതാ ലോകകപ്പിലെ ടിക്കറ്റ് വിൽപ്പനയിലും വൻ ഇടിവ് വന്നതായി റിപ്പോർട്ടുകൾ വരുന്നു. ഇതോടെ ഫിഫ പല മത്സരങ്ങളുടേയും ടിക്കറ്റ് നിരക്കിൽ വലിയ കറവു വരുത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു.

പോർച്ചു​ഗലിനൊപ്പം ആതിഥേയരായ യുഎസ്എയും ടൂർണമെന്റിൽ നിന്ന് പുറത്തായതാണ് വലിയ തിരിച്ചടിയെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്. ഏറ്റവും വലിയ നോക്കൗട്ട് മത്സരങ്ങളിലൊന്നിന്റെ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഇടിഞ്ഞു. ടിക്കറ്റ് വിൽപനക്കാരായ ‘ടിക്പിക്ക്’ നൽകുന്ന വിവരങ്ങൾ പ്രകാരം വെള്ളിയാഴ്ച നടക്കുന്ന സ്പെയിൻ- ബെൽജിയം ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ചൊവ്വാഴ്ച ഉച്ചയോടെ 2,950 ഡോളറിൽ (ഏകദേശം 2.45 ലക്ഷം രൂപ) നിന്ന് 1,200 ഡോളറായി (ഏകദേശം 1 ലക്ഷം രൂപ) കുറഞ്ഞുവെന്നാണ് വിവരം.

പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ബെൽജിയത്തിനോട് 4-1 ന് പരാജയപ്പെട്ട് ആതിഥേയരായ യുഎസ് പുറത്തായതാണ് ടിക്കറ്റ് നിരക്കുകൾ പെട്ടെന്ന് കുറയാൻ പ്രധാന കാരണം. ആതിഥേയ രാജ്യം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിരുന്നെങ്കിൽ ടിക്കറ്റുകൾക്കായി ആരാധകർക്കിടയിൽ ഇതിലും വലിയ ഡിമാൻഡ് ഉണ്ടാകുമായിരുന്നു.

പോർച്ചുഗലിന്റെ പുറത്താകലും ടിക്കറ്റ് നിരക്കുകൾ താഴേക്ക് വരാൻ കാരണമായി. കഴിഞ്ഞ മത്സരത്തിൽ പോർച്ചുഗലിനെ 1-0 ന് സ്പെയിൻ പരാജയപ്പെടുത്തിയതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് കരിയറിന് അവസാനമാവുകയും ടൂർണമെന്റിലെ ഏറ്റവും വലിയ ആഗോള ആകർഷണം നോക്കൗട്ട് ഘട്ടത്തിൽ നിന്ന് നഷ്ടമാവുകയും ചെയ്തു.

യുഎസ്എയും പോർച്ചുഗലും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടമാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. റൊണാൾഡോയുടെ സാന്നിധ്യവും ആതിഥേയ രാജ്യത്തിന്റെ പിന്തുണയും ടിക്കറ്റ് ആവശ്യകത ഇനിയും ഉയർത്തുമെന്നായിരുന്നു ഫിഫ വിലയിരുത്തൽ. എന്നാൽ രണ്ട് കണക്കുകൂട്ടലുകളും അസ്ഥാനത്തായി.

കഴിഞ്ഞ ദിവസം നടന്ന ഫ്രാൻസ്- മൊറോക്കോ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിനാണ് നിലവിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ വിറ്റുപോയത്. ടിക്പിക്ക് പ്രകാരം 989 ഡോളർ മുതൽ (ഏതാണ്ട് 82,000 ഇന്ത്യൻ രൂപയ്ക്ക് മുകളിൽ) ഈ മത്സരത്തിന്റെ ടിക്കറ്റുകൾ ലഭ്യമായിരുന്നു.

ക്വാർട്ടറിലെ ഇനിയുള്ള മത്സരങ്ങൾ

സ്പെയിൻ vs ബെൽജിയം

അമേരിക്കയെ 4-1 ന് തകർത്താണ് ബെൽജിയം എത്തുന്നത്. മറുഭാഗത്ത് ഈ ലോകകപ്പിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാത്ത ഏക ടീമെന്ന കരുത്തുമായാണ് സ്പെയിൻ ഇറങ്ങുന്നത്.

നോർവേ vs ഇംഗ്ലണ്ട്

ഏർലിങ് ഹാളണ്ടിന്റെ നോർവേയും ഹാരി കെയ്ൻ നയിക്കുന്ന ഇംഗ്ലണ്ടും തമ്മിലാണ് പോരാട്ടം.

അർജന്റീന vs സ്വിറ്റ്സർലൻഡ്

നിലവിലെ ലോക ചാംപ്യന്മാരായ അർജന്റീന അവസാന ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ നേരിടും.

പഴകിയ ഷവായി, മന്തി റൈസ്, കോളിഫ്ളവര്‍…; ആരോഗ്യ വകുപ്പിന്റെ മിന്നല്‍ റെയ്ഡ്, ഹോട്ടലുകള്‍ക്ക് നോട്ടീസ്

പഴകിയ ഷവായി, മന്തി റൈസ്, കോളിഫ്ളവര്‍…; ആരോഗ്യ വകുപ്പിന്റെ മിന്നല്‍ റെയ്ഡ്, ഹോട്ടലുകള്‍ക്ക് നോട്ടീസ്

കണ്ണൂര്‍: തളിപ്പറമ്പ് നഗരസഭയിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യവിഭാഗം വ്യാപക റെയ്ഡ് നടത്തി. വെള്ളിയാഴ്ച രാവിലെ ആറുമണി മുതല്‍ നടത്തിയ മിന്നല്‍ പരിശോധയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ അന്നപൂര്‍ണ ഹോട്ടലില്‍ നിന്നും പഴകിയ കുറുമക്കറി, ചപ്പാത്തി, കോളിഫ്ളവര്‍, നൂഡില്‍സ് എന്നിവയും കപ്പാലം ജങ്ഷനിലെ ഹോട്ടല്‍ വസന്തവിഹാറില്‍ നിന്ന് പഴകിയ പൊറോട്ടമാവും വസന്തവിഹാറിന്റെ തന്നെ മന്തി മഹലില്‍ നിന്ന് പഴകിയ കുക്ക്ഡ് ഷവായി, വേവിച്ച ചിക്കന്‍, മന്തി റൈസ് എന്നിവയും പിടിച്ചെടുത്തു.

ഹൈവേയിലെ ഈറ്റ് ആന്റ് ഡ്രിങ്ക് റസ്റ്റോറന്റില്‍ നിന്ന് പഴകിയ ചപ്പാത്തി പിടിച്ചെടുത്തു. ഹോട്ടല്‍ പാഥേയം, ചിറവക്കിലെ കെഎഫ്‌സി ഔട്ട്ലെറ്റ്, മന്നയിലെ റോയല്‍ ടീസ്റ്റാള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി. വൃത്തിഹീനമായി പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. നേരത്തെ മഞ്ഞപിത്ത ബാധിതമായ നഗരങ്ങളിലൊന്നാണ് തളിപ്പറമ്പ്. സിസിഎം രഞ്ജിത്ത് കുമാര്‍, സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ ദിലീപ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി രതീഷ്, കെപി പ്രിയിഷ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് 1,06,000 രൂപ കടന്നു

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് 1,06,000 രൂപ കടന്നു

കൊച്ചി: പശ്ചിമേഷ്യയിലെ സംഘര്‍ഷം കനത്തതോടെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണവില ഉയരുന്നത്. വെള്ളിയാഴ്ച രാവിലെ 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 13,275 രൂപയായും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,06,200 രൂപയായും ഉയര്‍ന്നു.

വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് സ്വര്‍ണവിലയില്‍ വലിയ കുതിച്ചുചാട്ടം രേഖപ്പെടുത്തിയിരുന്നു. രണ്ട് തവണയായി പവന് 960 രൂപയോളമാണ് വര്‍ധിച്ചത്. ഇന്നലെ വൈകിട്ട് വിപണി ക്ലോസ് ചെയ്യുമ്പോള്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 1,05,920 രൂപയും ഗ്രാമിന് 13,240 രൂപയുമായിരുന്നു നിരക്ക്. ഈ കുതിപ്പ് തുടര്‍ന്നുകൊണ്ടാണ് ഇന്ന് വിപണി വീണ്ടും ഉയര്‍ന്ന നിരക്കില്‍ വ്യാപാരം ആരംഭിച്ചത്.

പശ്ചിമേഷ്യയില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും കനത്തതാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ തിരിയാന്‍ കാരണം. എന്നാല്‍ രാജ്യാന്തര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് നിരക്കില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ട്രോയ് ഔണ്‍സിന് 11.80 ഡോളര്‍ (0.29%) കുറഞ്ഞ് 4,120.1 ഡോളറിലാണ് അന്താരാഷ്ട്ര വ്യാപാരം നടക്കുന്നത്.

കേരളത്തിലെ സ്വര്‍ണവിലയുടെ ചരിത്രത്തില്‍ ഇക്കഴിഞ്ഞ ജനുവരി 29നാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 1,31,160 രൂപയായിരുന്നു വില.

വെള്ളിവിലയും തിരിച്ചുകയറുന്നു

ഇന്നലെ വിലയില്‍ വന്‍ ഇടിവ് നേരിട്ട വെള്ളി വിപണിയും ഇന്ന് നേട്ടത്തിലാണ്. ഒരു ഗ്രാം വെള്ളിയുടെ വില ഇന്ന് 5 രൂപ വര്‍ധിച്ച് 240 രൂപയായി. 10 ഗ്രാം വെള്ളിക്ക് 2,400 രൂപ എന്ന നിരക്കിലാണ് നിലവില്‍ സംസ്ഥാനത്ത് വ്യാപാരം നടക്കുന്നത്. ഇന്നലെ വെള്ളിവിലയില്‍ ഗ്രാമിന് 10 രൂപയുടെയും കിലോയ്ക്ക് 10,000 രൂപയുടെയും കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതിനു വിപരീതമാണ് ഇന്നത്തെ ട്രെന്‍ഡ്.