സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്, പവന്‍ വീണ്ടും 1,20,000ന് മുകളില്‍

സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്, പവന്‍ വീണ്ടും 1,20,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ കുതിപ്പ്. പവന് 2320 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,20,800 രൂപ. ഗ്രാമിന് 290 രൂപ ഉയര്‍ന്ന് 15,100 ആയി.

ഏതാനും ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് പവന്‍ വില 1,20,000ന് മുകളില്‍ എത്തുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് പവന്‍ വിലയിലെ സംസ്ഥാനത്തെ റെക്കോര്‍ഡ്. ഡിസംബര്‍ 23ന് ആദ്യമായി ഒരു ലക്ഷം കടന്ന പവന്‍ വില പിന്നീടുള്ള ദിവസങ്ങളില്‍ കുതിക്കുകയായിരുന്നു.

ഏതാനും ആഴ്ചയായി സ്വര്‍ണ വിലയില്‍ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമാവുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് വിലയെ സ്വാധീനിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,17760 രൂപയായിരുന്നു വില.

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയിലെത്തും, ഗതാഗത നിയന്ത്രണം

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയിലെത്തും, ഗതാഗത നിയന്ത്രണം

കൊച്ചി: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കൊച്ചിയില്‍ എത്തും. ഉച്ചയ്ക്ക് 2.10- ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങുന്ന അദ്ദേഹത്തെ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ബഹുമതികളോടെ സ്വീകരിക്കും.

തുടര്‍ന്ന് ചങ്ങനാശ്ശേരിക്ക് പോകുന്ന അദ്ദേഹം എസ്.ബി. കോളജിന്റെ ശതാബ്ദിയാഘോഷ സമാപനച്ചടങ്ങില്‍ പങ്കെടുക്കും. രാത്രി കൊച്ചിയില്‍ തങ്ങുന്ന ഉപരാഷ്ട്രപതി ഞായറാഴ്ച 11-ന് തൃശ്ശൂരില്‍ നടത്തറ ഗാനാശ്രമത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കും. ഒന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് മടങ്ങിപ്പോകും.

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ ഗതാഗതനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ട് 5 മുതല്‍ 7 വരെയും ഞായറാഴ്ച രാവിലെ 8 മുതല്‍ 11 വരെയുമാണ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വാത്തുരുത്തി ജങ്ഷന്‍ മുതല്‍ ഹൈക്കോടതി ജങ്ഷന്‍ വരെയുള്ള വില്ലിങ്ടണ്‍ ഐലന്‍ഡ്, നേവല്‍ ബേസ്, തേവര,എം.ജി. റോഡ്, ബാനര്‍ജി റോഡ്, പാര്‍ക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ് ഭാഗങ്ങളിലാണ് ഗതാഗതനിയന്ത്രണവും ഡ്രോണ്‍ നിയന്ത്രണവും.

ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്ന് ഹൈക്കോടതി, കണ്ടെയ്‌നര്‍ റോഡ്, ഇടപ്പള്ളി എന്നീ ഭാഗങ്ങളിലേക്ക് വരുന്ന വാഹനങ്ങള്‍ തോപ്പുംപടി ബി.ഒ.ടി. പാലം, അലക്‌സാണ്ടര്‍ പറമ്പിത്തറ പാലം, കുണ്ടന്നൂര്‍ ജങ്ഷന്‍, വൈറ്റില, കടവന്ത്ര, കെ.കെ. റോഡ്, ഹൈക്കോടതി ജങ്ഷന്‍, ബോള്‍ഗാട്ടി ജങ്ഷന്‍ വഴി കണ്ടെയ്‌നര്‍ ഭാഗത്തേക്ക് പോകണം. അല്ലെങ്കില്‍ ഫോര്‍ട്ട്‌കൊച്ചി വൈപ്പിന്‍ ജങ്കാര്‍ സര്‍വീസ് ഉപയോഗിക്കണം. വൈപ്പിന്‍ ഭാഗത്തുനിന്ന് ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഹൈക്കോടതി ജങ്ഷനില്‍നിന്ന് കലൂര്‍, കടവന്ത്ര, വൈറ്റില, കുണ്ടന്നൂര്‍ വഴിപോകണം. അല്ലെങ്കില്‍ ഫോര്‍ട്ട്‌കൊച്ചി വൈപ്പിന്‍ ജങ്കാര്‍ ഉപയോഗിക്കണം.

തേവര ഫെറി ഭാഗത്തുനിന്ന് കലൂര്‍-ഇടപ്പള്ളി ഭാഗത്തേക്ക് വരുന്ന ചെറുവാഹനങ്ങള്‍ പണ്ഡിറ്റ് കറുപ്പന്‍ റോഡിലൂടെ മട്ടമ്മല്‍ ജങ്ഷന്‍, പനമ്പിള്ളി നഗര്‍, കെ.കെ. റോഡ്, കലൂര്‍ ജങ്ഷന്‍ വഴി പോകണം. വൈറ്റില ഭാഗത്തുനിന്നും ഇടപ്പള്ളി ഭാഗത്തുനിന്നും ഹൈക്കോര്‍ട്ട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ക്ക് വി.വി.ഐ.പി. യാത്ര നടക്കുന്ന സമയത്ത് ഹൈക്കോര്‍ട്ട് ജങ്ഷന്‍ വരെ മാത്രമേ പോകാന്‍ സാധിക്കൂ. എം.ജി. റോഡിലൂടെയുള്ള വാഹനഗതാഗതം ഭാഗികമായി നിയന്ത്രിക്കും.

കെകെ ശൈലജ, തോമസ് ഐസക്, ടിപി രാമകൃഷ്ണന്‍, എം സ്വരാജ്, എഎന്‍ ഷംസീര്‍ മത്സരിക്കുമോ?; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

കെകെ ശൈലജ, തോമസ് ഐസക്, ടിപി രാമകൃഷ്ണന്‍, എം സ്വരാജ്, എഎന്‍ ഷംസീര്‍ മത്സരിക്കുമോ?; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി സിപിഎം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം ഇന്ന് ചേരും. സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ ആരൊക്കെ മത്സരിക്കണമെന്നത് സംബന്ധിച്ചും ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാകും. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എല്ലാ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നിരുന്നു. സ്ഥാനാര്‍ഥികളുടെ പാനലില്‍ ഉള്‍പ്പെട്ട മുന്ന് ജില്ലാ സെക്രട്ടറിമാര്‍ മത്സരിക്കണമോയെന്നതും യോഗത്തില്‍ ചര്‍ച്ചയാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലാ സെക്രട്ടറിമാരാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ സെക്രട്ടറിമാര്‍ മത്സരിക്കേണ്ടതുണ്ടോയെന്ന അഭിപ്രായമാണ് മുന്നോട്ടുവച്ചത്.

എല്ലാ മണ്ഡലങ്ങളുടെയും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇന്ന് ഏകദേശ ധാരണയാകും. പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, കേന്ദ്രകമ്മിറ്റി അംഗം കെകെ ശൈലജ എന്നിവരുടെ പേരുകള്‍ അതാത് ജില്ലാ സെക്രട്ടറിയേറ്റുകള്‍ നല്‍കിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. അതിനാല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ആയിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. മട്ടന്നൂര്‍ സീറ്റ് ഇല്ലെങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്ന് നിലപാട് കെകെ ശൈലജ സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.

മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി രാജീവ്, സജി ചെറിയാന്‍, വി എന്‍ വാസവന്‍, പി എ മുഹമ്മദ് റിയാസ് എന്നിവര്‍ സെക്രട്ടേറിയറ്റില്‍ നിന്ന് മത്സരിക്കുമെന്ന് ഉറപ്പാണ്. ടിപി രാമകൃഷ്ണന്‍, തോമസ് ഐസക്, എം സ്വരാജ്, എംവി ജയരാജന്‍, പികെ ബിജു എന്നിവര്‍ മത്സരരംഗത്തുണ്ടാകുമോയെന്ന കാര്യവും ഇന്നറിയാം. സ്പീക്കര്‍ എംഎന്‍ ഷംസീറിന് ഇത്തവണ സീറ്റ് ലഭിക്കാന്‍ ഇടയില്ലെന്നാണ് വിവരം.

ഘടകകക്ഷികളുടെ സീറ്റുകള്‍ ഏറ്റെടുക്കുന്നതും യോഗത്തില്‍ ചര്‍ച്ചയാകും. ജില്ലാ സെക്രട്ടറിയേറ്റ് പാനലില്‍ തിരുത്തല്‍ വേണമെങ്കില്‍ അക്കാര്യം നിര്‍ദ്ദേശിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് തിരികെ കൈമാറും. അധികം വൈകാതെ നടക്കുന്ന സംസ്ഥാന കമ്മിറ്റിയോഗമാണ് സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കുക. രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ കണ്ണൂര്‍, എ കെ ശശീന്ദ്രന്റെ എലത്തൂര്‍ ,ആന്റണി രാജു അയോഗ്യനായ തിരുവനന്തപുരം , ആര്‍ജെഡി -ജെഡിഎസ് തര്‍ക്കമുള്ള കോവളം എന്നീ സീറ്റുകള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ഉണ്ടാവും.

മൂന്നാം ഭരണം തേടുന്ന എല്‍ഡിഎഫിനെ പിണറായി തന്നെ നയിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. മാര്‍ച്ച് ഏഴിന് മുന്‍പ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനുണ്ടാകുമെന്നും എംഎ ബേബി ഇന്നലെ പിബി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ജില്ലകളില്‍ നിന്നുള്ള പ്രാഥമിക സ്ഥാനാര്‍ഥി പട്ടികയില്‍ 90% സീറ്റുകളിലും ഒറ്റ പേരാണ് പരിഗണനക്ക് വന്നിട്ടുള്ളത്.

വയനാട്ടില്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച ആദ്യ ഘട്ടത്തിലെ വീടുകളുടെ കൈമാറ്റം ഇന്ന്

വയനാട്ടില്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച ആദ്യ ഘട്ടത്തിലെ വീടുകളുടെ കൈമാറ്റം ഇന്ന്

കല്‍പറ്റ: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നിര്‍മ്മിച്ച ആദ്യ ഘട്ട വീടുകളുടെ കൈമാറ്റം ഇന്ന്. 51 വീടുകളാണ് ദുരന്തബാധിതര്‍ക്ക് ഇന്ന് കൈമാറുക. മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ വൈകീട്ട് നാല് മണിക്ക് വീടുകളുടെ താക്കോല്‍ കൈമാറും. പ്രിയങ്ക ഗാന്ധി എംപിയാണ് മുഖ്യാതിഥി. മുസ്ലിം ലീഗ് ദേശീയ സംസ്ഥാനതല നേതാക്കളും യുഡിഎഫിന്റെ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.

മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെള്ളിത്തോട് പ്രദേശത്തെ 11.5 ഏക്കര്‍ സ്ഥലത്താണ് മുസ്ലിം ലീഗിന്റെ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്. എട്ട് സെന്റില്‍ 1060 സ്‌ക്വയര്‍ ഫീറ്റിലായി മൂന്ന് ബെഡ്റൂമുകള്‍, രണ്ട് ബാത്ത് റൂം, അടുക്കള, ഡ്രൈനിങ് ഹാള്‍, വര്‍ക്ക് ഏരിയ, സിറ്റൗട്ട് എന്നിവ ഉള്‍ക്കൊള്ളുന്നതാണ് വീട്.

മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെള്ളിത്തോട് പ്രദേശത്തെ 11.5 ഏക്കര്‍ സ്ഥലത്താണ് മുസ്ലിം ലീഗിന്റെ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്. എട്ട് സെന്റില്‍ 1060 സ്‌ക്വയര്‍ ഫീറ്റിലായി മൂന്ന് ബെഡ്റൂമുകള്‍, രണ്ട് ബാത്ത് റൂം, അടുക്കള, ഡ്രൈനിങ് ഹാള്‍, വര്‍ക്ക് ഏരിയ, സിറ്റൗട്ട് എന്നിവ ഉള്‍ക്കൊള്ളുന്നതാണ് വീട്.

ലോറിയിലേക്ക് കാര്‍ പാഞ്ഞു കയറി; ഫുട്പാത്തിലേക്ക് ബൈക്ക് ഇടിച്ചുകയറി; വാഹനാപകടങ്ങളില്‍ ഏഴ് മരണം

ലോറിയിലേക്ക് കാര്‍ പാഞ്ഞു കയറി; ഫുട്പാത്തിലേക്ക് ബൈക്ക് ഇടിച്ചുകയറി; വാഹനാപകടങ്ങളില്‍ ഏഴ് മരണം

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് ഇടങ്ങളിലായി പുലര്‍ച്ചയുണ്ടായ വാഹനാപകടത്തില്‍ ഏഴ് മരണം. കോഴിക്കോട് നല്ലളം മോഡേണ്‍ ബസാറില്‍ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. രാമനാട്ടുകര സ്വദേശികളായ ദിനില്‍, അജീഷ്, ഫറോക്ക് സ്വദേശി വിമല്‍ എന്നിവരാണ് മരിച്ചത്. മൊബൈല്‍ ടവര്‍ ജോലി കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ 5 പേരാണ് ഉണ്ടായിരുന്നത്. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു.

കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. പരിക്കേറ്റ രണ്ടുപേര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. തിരുവനന്തപുരം കരമനയില്‍ പുലര്‍ച്ച ഒന്നരയ്ക്കുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. ഹോട്ടല്‍ തൊഴിലാളികളായ നെയ്യാറ്റിന്‍കര സ്വദേശികളായ സജിന്‍, പ്രണവ്, ഇതരസംസ്ഥാന തൊഴിലാളിയായ ഋതിക് എന്നിവരാണ് മരിച്ചത്. മൂന്നുപേരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. തലയ്ക്ക് സാരമായി പരിക്കേറ്റ് രക്തം വാര്‍ന്നാണ് മരിച്ചത്. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.