by Midhun HP News | Aug 19, 2026 | Latest News, കേരളം
തിരുവനന്തപുരം: ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. 59,00,472 ഗുണഭോക്താക്കള്‍ക്കുള്ള സാമൂഹിക സുരക്ഷ പെന്‍ഷന് സംസ്ഥാന വിഹിതമായി 951.40 കോടി രൂപയാണ് അനുവദിച്ചത്. ഈ മാസം 31 വരെ പെന്‍ഷന്‍ വിതരണം ചെയ്യും.

16 ക്ഷേമനിധി ബോര്‍ഡുകള്‍ വഴി 6.59 ലക്ഷം ഗുണഭോക്താക്കള്‍ക്കുള്ള പെന്‍ഷന്‍ വിതരണത്തിനായി 130.32 കോടി രൂപയും അനുവദിച്ചു. 8,46,456 പേര്‍ക്കുള്ള വാര്‍ധക്യ, ഭിന്നശേഷി, വിധവ പെന്‍ഷനുകളിലെ കേന്ദ്ര-സംസ്ഥാന വിഹിതമായി 24.76 കോടി രൂപയും അനുവദിച്ചു. ഇതും ഇന്നു മുതല്‍ വിതരണം ചെയ്യും. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1200 രൂപ നല്‍കും
സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ക്കായി 630.5 കോടിരൂപയും അങ്കണവാടി പെന്‍ഷന്‍കാരുടെ കുടിശിക തീര്‍ക്കാന്‍ നേരത്തെ അനുവദിച്ച 10 കോടിക്ക് പുറമെ 24കോടിയും അനുവദിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസും 20000 രൂപ ഓണം അഡ്വാന്‍സും അനുവദിച്ചിട്ടുണ്ട്. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 3000 രൂപ ഉത്സവബത്ത നല്‍കും.

പാര്‍ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍ക്ക് 6000 രൂപ അഡ്വാന്‍സ് അനുവദിക്കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് 1250 രൂപ ബോണസും ആശാ, അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് 1450 രൂപ ഉത്സവ ബത്തയും നല്‍കും. പിന്നാക്ക വിഭാഗ സ്‌കോളര്‍ഷിപ്പില്‍ മുന്‍സര്‍ക്കാര്‍ വരുത്തിയ കുടിശിക തീര്‍ക്കാന്‍ 310 കോടി അനുവദിച്ചു. കാസ്പ്, ആരോഗ്യ കിരണം പദ്ധതികളിലെ അടിയന്തിര ബാധ്യതകള്‍ തീര്‍ക്കാന്‍ 200 കോടി രൂപയും അനുവദിച്ചു.
സപ്ലൈകോക്ക് ഓണവിപണി സജീവമാക്കാന്‍ 53 കോടി രൂപ മുന്‍കൂറായി അനുവദിച്ചു. കണ്‍സ്യൂമര്‍ ഫെഡിന് 25 കോടിയും അനുവദിച്ചു. സപ്ലൈകോ വഴി 2026 ജൂലൈ 31 വരെയുള്ള നെല്ല് സംഭരണ പി.ആര്‍.എസ് കുടിശിക തീര്‍പ്പാക്കാന്‍ 150 കോടി അനുവദിച്ചു. ഇത് ഓണത്തിന് മുമ്പ് കൊടുത്തുതീര്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ വ്യക്തമാക്കി.

by Midhun HP News | Aug 19, 2026 | Latest News, കേരളം
ആറ്റിങ്ങൽ: ഊരുപൊയ്ക തരംഗിണി ലൈബ്രറി സ്വാതന്ത്ര്യ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് ആർ സന്തോഷ് കുമാർ പതാക ഉയർത്തി. തുടർന്ന് പ്രശ്നോത്തരി മത്സരവും മെറിറ്റ് ഈവനിങ്ങും ബ്രഹ്മ കുമാരീസ് ഊരുപൊയ്ക ശാഖ നടത്തിയ ലഹരി മുക്ത കേരളം എന്ന സെമിനാറും ചിറയിൻകീഴ് എം എൽ എ രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. മുദാക്കൽ പഞ്ചായത്ത് പ്രെഡിഡന്റ് ഷൈനി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് മെമ്പർ ലിഷ രാജ്, പഞ്ചായത്ത് മെമ്പർ ശ്രീക്കുട്ടി, താലൂക്ക് ലൈബ്രറി മെമ്പർ രമാഭയ് ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.




by Midhun HP News | Aug 19, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കന്യാകുമാരി കരുങ്കല്‍ ബെത്‌ലഹേം നഴ്സിങ് കോളജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി, നെയ്യാറ്റിന്‍കര സ്വദേശി ആന്‍സിജിയുടെ മരണത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് നടപടി. കോളജില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നുവെന്ന് ആരോപിച്ച് അധ്യാപിക മാനസികമായി പീഡിപ്പിച്ചെന്ന് കാട്ടി ആന്‍സിജി സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദസന്ദേശം നേരത്തെ പുറത്തുവന്നിരുന്നു.

കോളജിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ ആന്‍സിജി, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. നിയന്ത്രണം മറികടന്ന് കോളജില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നുവെന്ന് പറഞ്ഞ് അധ്യാപിക ആന്‍സിജിയെ പരസ്യമായി ശാസിച്ചിരുന്നു. സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ മാര്‍ത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മകള്‍ കോളജില്‍ ഫോണ്‍ കൊണ്ടുപോയിട്ടില്ലെന്ന് ആന്‍സിജിയുടെ പിതാവ് ബി അനില്‍ വ്യക്തമാക്കി. ബാഗ് പരിശോധിച്ചെങ്കിലും ഫോണ്‍ കണ്ടെത്തിയിരുന്നില്ല. കോളജ് ഹോസ്റ്റലില്‍ നിലവാരമില്ലാത്ത ഭക്ഷണം വിളമ്പിയതിനെതിരെ വിദ്യാര്‍ഥികള്‍ സമരം ചെയ്തിരുന്നു. ഈ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ പുറത്താക്കുകയും, വലിയ പിഴയൊടുക്കിയ ശേഷമാണ് തിരിച്ചെടുത്തതെന്നും പിതാവ് ആരോപിച്ചു. സമരം ചെയ്തതിന്റെ പേരില്‍ മാനേജ്മെന്റ് വിവിധ രീതിയില്‍ സമ്മര്‍ദം ചെലുത്തുകയും പ്രതികാര നടപടി സ്വീകരിക്കുകയും ചെയ്തുവെന്നാണ് മാതാപിതാക്കളുടെ പരാതി.
ആന്‍സിജിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കരുങ്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സഹപാഠികളുടെ മൊഴി രേഖപ്പെടുത്തി വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, വിദ്യാര്‍ഥിനിയുടെ മരണത്തില്‍ കോളജ് മാനേജ്മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056)


by Midhun HP News | Aug 19, 2026 | Latest News, ജില്ലാ വാർത്ത
ഗണേശോത്സവ സ്വാഗതസംഘ രൂപീകരണയോഗം ആറ്റിങ്ങൽ വ്യാപാര ഭവനിൽ നടന്നു. ഗണേശോത്സവ മുഖ്യകാര്യദർശി ഭുവനേന്ദ്രജി ഉദ്ഘാടനകർമ്മം നിർവഹിച്ചു. ശിവസേന സംസ്ഥാന അധ്യക്ഷൻ അഡ്വക്കേറ്റ് പേരൂർക്കട ഹരികുമാർ, ബാജി ഗോപിന്ത്, സംസ്ഥാന ട്രഷറർ ജയ ശേഖരൻ, ഉണ്ണി രാജേന്ദ്രൻ, ആറ്റുകാൽ സുനിൽ, കായിപ്പാടി രാജേഷ്, കുഞ്ഞുമോൻ കിളിമാനൂർ, വിവേക് കിളിമാനൂർ, പ്രശോഭ കുമാർ കിളിമാനൂർ, അനിൽകുമാർ കിളിമാനൂർ പങ്കെടുത്തു.


by Midhun HP News | Aug 19, 2026 | Latest News, കേരളം
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് പണമിടപാട് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ അന്വേഷണം മുന്‍ മന്ത്രി പിഎ മുഹമ്മദ് റിയാസിലേക്കും നീളുന്നു. റിയാസുമായി അടുപ്പമുള്ള കോഴിക്കോട്ടെ ചില സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലുമായി എട്ട് ഇടങ്ങളില്‍ ചൊവ്വാഴ്ച ഇഡി സംഘം റെയ്ഡ് നടത്തി. എക്‌സാലോജിക് സൊല്യൂഷന്‍സ് ഡയറക്ടറും റിയാസിന്റെ ഭാര്യയുമായ ടി വീണയുടെ മൊഴികളില്‍ നിന്നും, പിടിച്ചെടുത്ത ഡയറിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന.

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി നിഖില്‍, ഡിവൈഎഫ്‌ഐ നേതാവ് നന്ദുലാല്‍, റിയാസിന്റെ സഹപാഠികളായ പിപി ഷൈജല്‍, ഫെബിഷ് മുഹമ്മദ്, വാരിഷ് കളത്തിങ്ങല്‍, പ്രവാസി ഫൈജാസ് എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. പൊലീസിന്റെ സഹായമില്ലാതെ കേന്ദ്രസേനയുടെ സുരക്ഷയോടെയായിരുന്നു ഈ റെയ്ഡ്. ഇവരുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ സംഘം ശേഖരിക്കുകയും പ്രാഥമികമായി ചോദ്യം ചെയ്യുകയും ചെയ്തു. ഇവരില്‍ ചിലരുടെ സ്വത്തുക്കള്‍ മരവിപ്പിക്കുന്നതിനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
മെയ്യില്‍ തിരുവനന്തപുരത്തെ വീണയുടെ വസതിയില്‍ നടത്തിയ പരിശോധനയ്ക്കിടെ ഇഡി പിടിച്ചെടുത്ത ചുവന്ന കവറുള്ള ഡയറിയിലാണ് സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളുണ്ടായിരുന്നത്. എക്‌സാലോജിക് കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് നിഖില്‍, വാരിസ്, ഷൈജല്‍, ഫൈജാസ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായി ഇതില്‍ രേഖപ്പെടുത്തിയിരുന്നു. വീണയെ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ റിയാസിന്റെ സുഹൃത്തുക്കളാണെന്നും പണം കൈമാറിയത് തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കാണെന്നും വ്യക്തമാക്കുകയുണ്ടായി.
കൂടാതെ, ചോദ്യം ചെയ്യലിനിടെ ചില ചോദ്യങ്ങള്‍ക്ക് ഭര്‍ത്താവ് മുഹമ്മദ് റിയാസിന് മാത്രമേ അതുസംബന്ധിച്ചറിയൂ എന്നായിരുന്നു വീണയുടെ മറുപടി. ഇതിന്റെ അടിസ്ഥാനത്തില്‍ റിയാസിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് ഇഡി സംഘത്തിന്റെ നിലപാട്. റിയാസിന്റെ സുഹൃത്തുക്കളുമായുള്ള വീണയുടെ സാമ്പത്തിക ഇടപാടുകള്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണോ എന്ന് വ്യക്തത വരുത്താനാണ് അന്വേഷണം.


Recent Comments